Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറാൻ വികസിപ്പിച്ച പുതിയ ആയുധത്തിന് ഒരേസമയം ഭേദിക്കാനാകുക ആറു ലക്ഷ്യങ്ങളെ; 150 കിലോമീറ്റർ പരിധിയിൽ നീരീക്ഷണം സാധ്യമാകുന്ന ഖൊർദാദ് 15ന് തകർക്കാനാകുക 120 കിലോമീറ്റർ പരിധിയിലുള്ള വസ്തുക്കളെ; റഡാറിനെ മറികടന്നെത്തുന്ന പോർവിമാനങ്ങളെ പോലും ഇറാന് തകർക്കാൻ വേണ്ടി വരിക വെറും അഞ്ചു മിനിറ്റ് മാത്രം; ഇറാൻ പുതിയ ആയുധത്തിന്റെ ചിത്രവും വീഡിയോയും പുറത്തുവിട്ടത് ആണവ കരാറിന്റെ പേരിൽ അമേരിക്കയുമായി തർക്കം തുടരുന്നതിനിടെ

ഇറാൻ വികസിപ്പിച്ച പുതിയ ആയുധത്തിന് ഒരേസമയം ഭേദിക്കാനാകുക ആറു ലക്ഷ്യങ്ങളെ; 150 കിലോമീറ്റർ പരിധിയിൽ നീരീക്ഷണം സാധ്യമാകുന്ന ഖൊർദാദ് 15ന് തകർക്കാനാകുക 120 കിലോമീറ്റർ പരിധിയിലുള്ള വസ്തുക്കളെ; റഡാറിനെ മറികടന്നെത്തുന്ന പോർവിമാനങ്ങളെ പോലും ഇറാന് തകർക്കാൻ വേണ്ടി വരിക വെറും അഞ്ചു മിനിറ്റ് മാത്രം; ഇറാൻ പുതിയ ആയുധത്തിന്റെ ചിത്രവും വീഡിയോയും പുറത്തുവിട്ടത് ആണവ കരാറിന്റെ പേരിൽ അമേരിക്കയുമായി തർക്കം തുടരുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: ആണവായുധ കരാറിന്റെ പേരിൽ അമേരിക്കയുമായി സംഘർഷം തുടരുന്നതിനിടെ പുതിയ ആയുധങ്ങളുടെ ചിത്രവും വിഡിയോയും പുറത്തുവിട്ട് ഇറാൻ. രാജ്യം സ്വന്തമായി നിർമ്മിച്ച വ്യോമപ്രതിരോധ സംവിധാനത്തിന്റെ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഖൊർദാദ് 15 എന്ന പേരിൽ അവതരിപ്പിച്ച എയർ ഡിഫൻസ് സിസ്റ്റത്തിന്റെ സഹായത്തോടെ ഒരേസമയം ആറു ലക്ഷ്യങ്ങളെ ആക്രമിക്കാൻ സാധിക്കും. പോർവിമാനങ്ങൾ, ബോംബറുകൾ, ഡ്രോണുകൾ എന്നിവയെല്ലാം മിസൈലുകളുടെ സഹായത്തോടെ തകർക്കാൻ ശേഷിയുള്ളതാണ് ഇറാന്റെ പുതിയ ആയുധമെന്നാണ് പ്രതിരോധ വിദഗ്ദ്ധർ പറയുന്നത്. അമേരിക്കയുടെ താഡ്, റഷ്യയുടെ എസ്400 എന്നിവയ്ക്ക് സമാനമായുള്ള പ്രതിരോധ സംവിധാനമാണ് ഇറാനും വികസിപ്പിച്ചെടുത്തിരിക്കുന്നത്.

സ്വന്തമായി ബാലസ്റ്റിക് മിസൈലുകൾ വികസിപ്പിച്ചെടുത്തിട്ടുള്ള ഇറാന്റെ പുതിയ ആയുധവും അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് വൻ വെല്ലുവിളിയാണ്. റഡാറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഖൊർദാദ് 15 സംവിധാനത്തിനു 150 കിലോമീറ്റർ പരിധിയിലുള്ള വസ്തുക്കളെ വരെ നിരീക്ഷിക്കാനും 120 കിലോമീറ്റർ പരിധിയിലുള്ളതിനെ തകർക്കാനും ശേഷിയുണ്ട്.

സ്റ്റെൽത്ത് ശേഷിയുള്ള (റഡാറിനെ മറികടക്കാൻ ശേഷിയുള്ള) പോർവിമാനങ്ങളെ 85 കിലോമീറ്റർ പരിധിയിൽ നിരീക്ഷിക്കാനും 45 കിലോമീറ്റർ പരിധിയിൽ ആക്രമിക്കാനും ഇറാന്റെ പുതിയ ആയുധ സംവിധാനത്തിനും കഴിയും. ഒരു വസ്തുവിനെ കണ്ടെത്തിയാൽ അഞ്ചു മിനിറ്റിനകം പിന്തുടർന്ന് ആക്രമിച്ച് തകർക്കാൻ കഴിയുമെന്നാണ് ഇറാന്റെ വാദം. ഇറാൻ തന്നെ വികസിപ്പിച്ചെടുത്ത ഹോക്ക് മിസൈലുകളാണ് ഇതിൽ ഉപയോഗിക്കുന്നത്.

എസ്400 നൽകാനാകില്ലെന്ന് റഷ്യ അറിയിച്ചതോടെയാണ് ഇറാൻ പുതിയ ആയുധം വികസിപ്പിച്ചെടുത്തിരിക്കുന്നത്. സൈനിക ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആയുധങ്ങൾ നിർമ്മിക്കുന്നതെന്നും ഇതിനു മറ്റു രാജ്യങ്ങളുടെ അനുമതി വേണ്ടതില്ലെന്നും ഇറാൻ പ്രതിരോധ മന്ത്രി ആമിർ ഹതാമി പറഞ്ഞു.

ഇറാന്റെ ബാലിസ്റ്റിക് സാങ്കേതികത ആണവ കരാറിന്റെ ഭാഗമാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് 2015ലെ കരാറിൽ നിന്ന് ട്രംപ് ഭരണകൂടം പിൻവാങ്ങിയത്. 2015ലെ ആണവ കരാർ മതിയെന്നും ഇതിൽ മാറ്റങ്ങൾ വേണ്ടെന്നുമാണ് ഇറാന്റെ നിലപാട്. മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യം ഇല്ലാതാക്കാൻ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമായി ചർച്ചക്ക് തയാറാണെന്ന ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം, ബാലിസ്റ്റിക് മിസൈലുകൾ നിർമ്മിക്കുന്നത് ആണവായുധം പ്രയോഗിക്കാൻ ലക്ഷ്യമിട്ടല്ലെന്ന് ഇറാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആണവായുധം പ്രയോഗിക്കൽ ഇറാന്റെ ലക്ഷ്യമല്ലെന്നും ഇതിനായി മിസൈലുകൾ നിർമ്മിക്കുന്നില്ലെന്നും ഇറാൻ അമേരിക്കയെ അറിയിച്ചു.

ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കാൻ ഇറാനെ അനുവദിക്കരുതെന്നാണ് ഫ്രാൻസും വാദിക്കുന്നത്. പുതിയ ആവശ്യങ്ങളുമായി രംഗത്തു വരുന്ന അമേരിക്കയുടെയും മറ്റു വൻ ശക്തികളുടെയും നിലപാട് അവരെ കുറിച്ചുള്ള വിശ്വാസ്യതതയാണ് ഇല്ലാതാക്കുന്നതെന്ന് ഇറാൻ വിദേശകാര്യ വക്താവ് അബ്ബാസ് മൂസവി തിരിച്ചടിച്ചു. നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ചക്ക് തയാറാണെന്ന അമേരിക്ക ഉൾപ്പെടെ വൻശക്തി രാജ്യങ്ങളുടെ വാഗ്ദാനവും ഇറാൻ നിരസിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP