Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിക വൈറസ് ലാറ്റിനമേരിക്കയിൽ നിന്നു യൂറോപ്പിലും എത്തിക്കഴിഞ്ഞു; അയർലണ്ടിൽ രണ്ട് പേർ രോഗബാധിതർ; കൊതുക് വഴി മാത്രമല്ല ലൈംഗിക ബന്ധം വഴിയും പടരുമെന്ന് ആശങ്ക

സിക വൈറസ് ലാറ്റിനമേരിക്കയിൽ നിന്നു യൂറോപ്പിലും എത്തിക്കഴിഞ്ഞു; അയർലണ്ടിൽ രണ്ട് പേർ രോഗബാധിതർ; കൊതുക് വഴി മാത്രമല്ല ലൈംഗിക ബന്ധം വഴിയും പടരുമെന്ന് ആശങ്ക

ഡബ്ലിൻ: സിക എന്ന മരുന്നില്ലാ വൈറസ് രോഗം പടർന്ന് പിടിക്കുന്നുവെന്ന കേൾക്കുമ്പോൾ ഓ അതങ്ങ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലല്ലേ എന്നായിരുന്നു യൂറോപ്യന്മാർ ഇതുവരെ ആശ്വസിച്ചിരുന്നത്. എന്നാൽ, ആ ആശ്വാസം വെറുതേയായിരിക്കയാണ്. യൂറോപ്പിനെ ആശങ്കയിലാക്കി അയർലണ്ടിനും രണ്ട് പേർക്ക് സിക വൈറസ് ബാധിച്ചുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇവിടെ രണ്ട് പേർ സിക ബാധിതരായിട്ടുണ്ടെന്നാണ് സൂചന. ഇത്രയും നാളും കൊതുകു വഴി മാത്രമാണീ രോഗം ബാധിക്കുകയെന്നായിരുന്നു ധാരണ.

എന്നാൽ അതിന് പുറമെ ലൈംഗിക ബന്ധത്തിലൂടെയും സിക പകരുമെന്ന ആശങ്ക ഇപ്പോൾ ശക്തമായി വരുകയുമാണ്. അയർലണ്ടിൽ രണ്ടു പേർക്ക് സിക ബാധിച്ചതായി ഇവിടുത്തെ ഹെൽത്ത് ചീഫുമാരാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഈ രോഗമെത്തിയിരിക്കുന്നതെന്നത് കടുത്ത ആശങ്കയാണ് ജനിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ രോഗം ബാധിച്ചവർക്ക് പരസ്പര ബന്ധമില്ലെന്നും ഇവർ ഇപ്പോൾ പൂർണമായും സുഖം പ്രാപിച്ചുവെന്നുമാണ് റിപ്പോർട്ട്. രണ്ടു പേരും സിക ബാധിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിരുന്നുവെന്നും അയർലണ്ടിലെ ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് (എച്ച്എസ്ഇ)സ്ഥിരീകരിച്ചിട്ടുണ്ട്.

അയർലണ്ടിൽ സികയുടെ സാന്നിധ്യമുണ്ടായത് തികച്ചും അപ്രതീക്ഷിതമായ സംഭവമൊന്നുമല്ലെന്നും രോഗം ബാധിച്ച രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് ചില യൂറോപ്യൻ രാജ്യങ്ങളിലുള്ളവർക്കെല്ലാം ഇത് ബാധിച്ചിട്ടുണ്ടെന്നുമാണ് എച്ച്എസ്ഇ പറയുന്നത്. രോഗം ബാധിച്ച രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തി രണ്ടാഴ്ചക്കകം സികയുണ്ടായവർ വൈദ്യസഹായം തേടണമെന്നാണ് ഹെൽത്ത് ചീഫുമാർ അയർലണ്ടുകാരോട് നിർദ്ദേശിച്ചിരിക്കുന്നത്. സിക രോഗം ലൈംഗിക ബന്ധത്തിലൂടെ പകർന്ന സംഭവം യുഎസിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സിക ബാധിച്ച രാജ്യത്ത് നിന്നും തിരിച്ച് വന്നയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ടെക്‌സാസിലെ ഒരു വ്യക്തിക്ക് സിക ബാധിച്ചുവെന്നാണ് യുഎസ് സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ പറയുന്നത്. കൊതുകുകൾ കടിക്കുന്നതിലൂടെയാണ് സിക കൂടുതലായും പകരുന്നതെന്ന് നേരത്തെ തെളിഞ്ഞ കാര്യമാണ്. സിക ബാധിച്ച താഹിതിയിലെ ഒരാൾ ഭാര്യയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് അവർക്കും സികയുണ്ടായിരുന്നുവെന്ന് കൊളറാഡോയിലെ ഒരു ഗവേഷകന്റെ റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടുണ്ട്. 2008ലായിരുന്നു സംഭവം.

സിക ബാധിച്ച 23 രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തിയവർ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഒരു മാസത്തോളം ഗർഭനിരോധന ഉറകൾ ഉപയോഗിക്കാൻ പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട് കഴിഞ്ഞയാഴ്ച മുന്നറിയിപ്പേകിയിരുന്നു. പരിമിതമായ കേസുകളിൽ ലൈംഗികബന്ധത്തിലൂടെ സിക പകരുമെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അതിനാൽ ഭാര്യ ഗർഭിണിയാകാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലോ ഗർഭിണിയാണെങ്കിലോ അവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ സിക ബാധിച്ച രാജ്യങ്ങളിൽ നിന്നെത്തുന്ന പങ്കാളി കോൻഡം ഉപയോഗിക്കേണ്ടതാണെന്നുമാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ കൊതുകജന്യരോഗമായ സിക ബ്രിട്ടനിൽ പടരാൻ സാധ്യത കുറവാണെന്നാണ് മന്ത്രിമാർ പറയുന്നത്. ബ്രസീലിലും അമേരിക്കൻ ഭൂഖണ്ഡങ്ങളിലും സിക പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ഇന്റർനാഷണൽ എമർജൻസി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്രാവശ്യം ഇതുവരെയായി 40 ലക്ഷം പേർക്ക് സിക ബാധിച്ചിട്ടുണ്ടെന്നും 23 രാജ്യങ്ങളിലായി ഇത് പടർന്ന് പിടിച്ചിട്ടുണ്ടെന്നുമാണ് വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്.ഏറ്റവും കൂടുതൽ സിക ഭീഷണി ശക്തമായ രാജ്യമാണ് ബ്രസീൽ.കഴിഞ്ഞ ഒക്ടോബറിൽ തന്നെ ഈ രോഗം ബ്രസിലിൽ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് മുതൽ ഇവിടെ 270 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ 3448 പേർക്ക് രോഗബാധയുള്ളതായി സംശയിക്കുന്നുമുണ്ട്. എന്നാൽ 2014ൽ ഇവിടെ 147 പേർക്കായിരുന്നു രോഗം ബാധിച്ചിരുന്നത്.

മഞ്ഞപ്പനിയെ കുറിച്ച് ഉഗാണ്ടയിൽ ഗവേഷണം നടത്തികൊണ്ടിരുന്ന ശാസ്ത്രജ്ഞരാണ് 1947 ൽ ഇതിനെ കണ്ടെത്തിയത്. അതിന് ശേഷം ആഫ്രിക്കയിലും തെക്കൻ ഏഷ്യയിലും ഇടയ്ക്കിടക്ക് സിക്കാ വൈറസ് പൊട്ടിപുറപ്പെട്ടുവെങ്കിലും അവയുടെ രൂക്ഷത ഇപ്പോഴുള്ളത് പോലെ ശക്തമായിരുന്നില്ല.

എയ്ഡിസ് എയ്ജിപ്പ്റ്റി എന്ന തരം കൊതുക് വഴിയാണ് സിക വൈറസ് പരക്കുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിൻ കണ്ടുപിടിക്കാൻ ഒരു ദശാബ്ദമെങ്കിലും വേണ്ടി വരുമെന്നാണ് ഗവേഷകർ പറയുന്നത്. ഗർഭിണികളെയും ഗർഭസ്ഥ ശിശുക്കളെയും ബാധിക്കുന്ന ഈ രോഗം മൂലം കുഞ്ഞുങ്ങൾ പലവിധ ജനിതക വൈകല്യങ്ങൾ മൂലം പിറക്കാൻ കാരണമായി വർത്തിക്കുന്നു. രോഗം ബാധിക്കുന്ന ഗർഭസ്ഥ ശിശുക്കളുടെ മസ്തിഷ്‌കത്തിന്റെ വളർച്ച മന്ദീഭവിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് ഇവർ താരതമ്യേന ചെറിയതലയോടു കൂടിയാണ് പിറന്നു വീഴുന്നത്. അസാധാരണമാംവിധം ചെറിയ തലയും തലച്ചോറിൽ വൈകല്യങ്ങളുമായി കുട്ടികൾ ജനിക്കുന്ന ഈ അവസ്ഥയെ വൈദ്യശാസ്ത്രത്തിൽ മൈക്രോസഫാലി എന്നാണറിയപ്പെടുന്നത്.

ഈ വൈറസ് സാധാരണയായി ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ, എന്നിവിടങ്ങളിലാണ് കാണപ്പെട്ടിരുന്നത്. തുടർന്ന് ഇത് ഫ്രഞ്ച് പോളിനേഷ്യയിലൂടെ കഴിഞ്ഞ വർഷം ലാറ്റിൻ അമേരിക്കയിലെത്തുകയായിരുന്നു. കഴിഞ്ഞ വർഷം 1.5 മില്യൺ സൗത്ത് അമേരിക്കൻസിനാണീ രോഗം പിടിപെട്ടിരുന്നത്. തുടർന്ന് ഇത് കരീബിയ, മെക്‌സിക്കോ, ടെക്‌സാസ് എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ വർഷം അവസാനത്തോടെ എത്തിച്ചേരുകയായിരുന്നു. ബ്രസീലിൽ രോഗം ഭീകരമായ സാഹചര്യത്തിൽ അതിനെ നേരിടാനുള്ള പ്രവർത്തനങ്ങളും മരുന്ന് കണ്ടുപിടിക്കാനുള്ള ഗവേഷണങ്ങളും ത്വരിതപ്പെടുത്താനായി എമോറി യൂണിവേഴ്‌സിറ്റിയിലെ പ്രഫ.യുറേൽ കിട്രോൻ ബ്രസീലിലെ സ്‌റ്റേറ്റായ ബഹിയയുടെ സാൽവദോറിലെത്തിയിട്ടുണ്ട്. കൊതുകുജന്യ രോഗങ്ങളിൽ നടത്തുന്ന ഗവേഷണങ്ങളിൽ വിദഗ്ധനാണ് അദ്ദേഹം. ഇപ്പോൾ സംജാതമായിരിക്കുന്ന സിക രോഗം വളരെ ഗൗരവകരവും ആപത്കരവുമായ പ്രശ്‌നമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.


കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈഡിസ് ഈജിപ്റ്റി തന്നെ പരത്തുന്ന ഡെങ്കി വൈറസിനെക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ബ്രസീലിയൻ ശാസ്ത്രജ്ഞന്മാരുമായി ചേർന്ന് ഗവേഷണം നടത്തുകയാണ് പ്രഫ. കിട്രോൺ. ഇപ്പോൾ അവർ സികയിലേക്കാണ് ശ്രദ്ധ തിരിച്ചിരിക്കുന്നത്. ബ്രസീലിൽ രോഗം മൂർധന്യാവസ്ഥയിലെത്തിയ സാഹചര്യത്തിൽ വരുന്ന ഓഗസ്റ്റിൽ ഇവിടുത്തെ റിയോയിൽ വച്ച് നടക്കുന്ന ഒളിമ്പിക്‌സിനെ ഇത് ബാധിക്കുമോയെന്ന ആശങ്കകളും ശക്തമാകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP