Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐസിസിന്റെ അടുത്ത ലക്ഷ്യം ബ്രിട്ടൻ തന്നെ; അഞ്ചു ബ്രിട്ടീഷ് ചാരന്മാരെ വക വരുത്തുന്ന വീഡിയോയിൽ മുന്നറിയിപ്പ് ഇറക്കിയത് അഞ്ചു വയസുള്ള ബ്രിട്ടീഷ് പൗരത്വമുള്ള ബാലൻ

ഐസിസിന്റെ അടുത്ത ലക്ഷ്യം ബ്രിട്ടൻ തന്നെ; അഞ്ചു ബ്രിട്ടീഷ് ചാരന്മാരെ വക വരുത്തുന്ന വീഡിയോയിൽ മുന്നറിയിപ്പ് ഇറക്കിയത് അഞ്ചു വയസുള്ള ബ്രിട്ടീഷ് പൗരത്വമുള്ള ബാലൻ

പാരീസാക്രമണത്തിന് ശേഷം തങ്ങളുടെ അടുത്ത ലക്ഷ്യം ബ്രിട്ടനാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആവർത്തിച്ച് ഭീഷണി മുഴക്കുന്നുണ്ട്. തുടർന്ന് ബ്രിട്ടൻ സിറിയിയിൽ ഐസിസിനെതിരെ വ്യോമാക്രണം ആരംഭിച്ചതിനെ തുടർന്ന് ഐസിസ് ബ്രിട്ടന് നേർക്കുള്ള ഭീഷണി വർധിപ്പിക്കുകയും ചെയ്തിരുന്നു. തന്ത്രപരമായ ചില നീക്കങ്ങളിലൂടെ ബ്രിട്ടീഷ് ഇന്റലിജൻസ് രാജ്യത്തിന് നേരെ ഭീകരർ നടത്താനൊരുങ്ങിയ ചില ഭീകരാക്രമണങ്ങളെ അട്ടിമറിക്കുകയും ചെയ്തിരുന്നു. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കിടെ ബ്രിട്ടനിലെ തെരുവുകളിലും ഷോപ്പിങ് സെന്ററുകളിലും കടുത്ത ആക്രമണങ്ങൾ നടത്തുമെന്നായിരുന്നു തുടർന്ന് ഐസിസ് ഭീഷണി മുഴക്കിയിരുന്നത്. എന്നാൽ ഒന്നും സംഭവിക്കാതെ ഇരു ആഘോഷങ്ങളും കടന്ന് പോയപ്പോൾ ബ്രിട്ടീഷുകാർ ഇപ്പോൾ ആശ്വാസത്തോടെ ദീർഘനിശ്വാസം ചെയ്യുന്നുമുണ്ട്. ഐസിസ് ചുമ്മാ പേടിപ്പിക്കുകയാണെന്നും അവർക്കീ മണ്ണിൽ ഒന്നും ചെയ്യാനാവില്ലെന്നും അഹങ്കരിക്കുന്ന ചില സായിപ്പന്മാരെയും കാണാം. എന്നാൽ തങ്ങൾ വിടുവായത്തരം പറഞ്ഞതല്ലെന്നും തീർച്ചയായും അടുത്ത ലക്ഷ്യം ബ്രിട്ടനാണെന്നും വ്യക്തമായ സൂചന നൽകുന്ന വീഡിയോ പുറത്തിറക്കി കൊണ്ടാണ് ഐസിസ് ഇപ്പോൾ കാമറോണിനെ വെല്ലുവിളിച്ചിരിക്കുന്നത്.

അഞ്ചു ബ്രിട്ടീഷ് ചാരന്മാരെ അഞ്ച് ജിഹാദികൾ വെടിവച്ച് കൊല്ലുന്ന ക്രൂരമായ വീഡിയോയാണ് ബ്രിട്ടനെ വെല്ലുവിളിച്ച് കൊണ്ട് ഇപ്പോൾ ഐസിസ് പുറത്ത് വിട്ടിരിക്കുന്നത്. ഇവരെ വകവരുത്തുന്നതിന് മുമ്പ് ബ്രിട്ടീഷ് പൗരത്വമുള്ള അഞ്ചു വയസുകാരനായ ബാലൻ ബ്രിട്ടീഷ് ആക്‌സെന്റിലുള്ള ഇംഗ്ലീഷിലാണ് മാതൃരാജ്യത്തെ വെല്ലുവിളിച്ചിരിക്കുന്നത്.മിലിട്ടറി ഡ്രസണിഞ്ഞ ബാലന്റെ നെറ്റിയിൽ ഐസിസിന്റെ മുദ്രയുള്ള തലയിൽ കെട്ടും കാണാം. തങ്ങൾ അവിടെയുള്ള അമുസ്ലീങ്ങളെയെല്ലാം കൊല്ലുമെന്നാണീ ബാലന്റെ ഭീഷണി. 10 മിനുറ്റ് ദൈർഘ്യമുള്ള പ്രൊപ്പഗാൻഡ വീഡിയോയിൽ വധിക്കാൻ വേണ്ടി നിരത്തി നിർത്തിയ അഞ്ച് ബ്രിട്ടീഷ് ചാരന്മാരെയും കാണാം. ഇവരെ ഓറഞ്ച് ജംപ്‌സ്യൂട്ടാണ് ധരിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ചാരന്മാരെ വധിക്കുന്നതിന് മുമ്പ് മുഖം മറച്ച ഒരു കൊലയാളി ബ്രിട്ടീഷ് ആക്‌സന്റിൽ പ്രധാമന്ത്രി ഡേവിഡ് കാമറോണിനെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. തങ്ങൾ കുറ്റം ചെയ്തുവെന്ന് സമ്മതിക്കാൻ ഐസിസ് അഞ്ച് ബ്രിട്ടീഷുകാരെയും നിർബന്ധിക്കുന്നുണ്ട്. മരുപ്രദേശത്തേക്ക് കൊണ്ടു വരുന്ന ഇവരെ മുട്ടു കുത്തി നിർത്തുകയും വെടിവച്ച് കൊല്ലുകയുമായിരുന്നു.

ഇംഗ്ലീഷ് സംസാരിക്കുന്ന ഈ ജിഹാദി കൊല നടത്തുന്നതിന് മുമ്പ് അല്ലാഹു അക്‌ബർ എന്ന് പറയുന്നത് കേൾക്കാം. ഓരോ ചാരന്മാരെയും ഓരോ ജിഹാദികളാണ് ഒരേ സമയം വെടിവച്ച് കൊന്നിരിക്കുന്നത്. പോയിന്റെ ബ്ലാങ്ക് റേഞ്ചിൽ വച്ചായിരുന്നു ഈ അരും കൊല. ഇതിനോടനുബന്ധിച്ച് മറ്റൊരു വീഡിയോയും ഐസിസ് പുറത്ത് വിട്ടിരുന്നു. ഇതിൽ മറ്റൊരു കൊലപാതകമാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രസ്തുത കൊല നടത്തുന്നതിന് മുമ്പ് കറുത്ത നിറമുള്ള ഒരു ആൺകുട്ടി ബ്രിട്ടനിൽ ഭീകരാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നടത്തുന്നത് കാണാം. ഏകദേശം അഞ്ച് വയസ് പ്രായമേ ഈ കുട്ടിജിഹാദിക്കുമുള്ളൂ.കൊല നടത്തുന്നതിന് മുമ്പ് ബ്രിട്ടീഷ് ജിഹാദി കാമറോണിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇത് കാമറോണിനുള്ള സന്ദേശമാണെന്നും അയാൾ വൈറ്റ് ഹൗസിന്റെ അടിമയാണെന്നും ഈ ജിഹാദി ആരോപിക്കുന്നുണ്ട്. സിറിയയിൽ ബ്രിട്ടൻ നടത്തുന്ന ആക്രമണത്തിനുള്ള വില നിങ്ങളുടെ കുട്ടികൾ നൽകേണ്ടി വരുമെന്നാണ് ഈ ജിഹാദി കാമറോണിനെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

ചെറിയൊരു ദ്വീപിന്റെ നേതാവായ കാമറോൺ വിശാലവും ശക്തവുമായ ഇസ്ലാമിക്‌സ്‌റ്റേറ്റിനെ കുറച്ച് വിമാനങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നത് തീർത്തും അപഹാസ്യമാണെന്നും ജിഹാദി കാമറോണിന് മുന്നറിയിപ്പേകുന്നു. അല്ലാഹുവിന്റെ നിയമത്തിനനുസരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രദേശത്തിന് നേരെ യുദ്ധം ചെയ്യാൻ പുറപ്പെട്ട കാമറോൺ ഒരു വിഡ്ഢിയാണെന്നും ഇവിടെ ജനങ്ങൾ ഷരിയ നിയമത്തിന്റെ നീതിയിലും സുരക്ഷയിലുമാണ് ജനങ്ങൾ ജീവിക്കുന്നതെന്നും ജിഹാദി വ്യക്തമാക്കുന്നു. ഈ വീഡിയോയിലെ ഉള്ളടക്കത്തെക്കുറിച്ച് തങ്ങൾ ബോധവാന്മാരാണെന്നും ഇത് സൂക്ഷ്മമായി പരിശോധിച്ച് വരുകയാണെന്നുമാണ് ഫോറിൻ ഓഫീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ജിഹാദി ഭീകരനായ ജിഹാദി ജോണിനെ അനുകരിച്ച് കൊണ്ടുള്ള മാനറിസങ്ങളാണ് ഈ ജിഹാദി പ്രസ്തുത വീഡിയോയിൽ പ്രദർശിപ്പിക്കുന്നതെന്ന് കാണാം. മുഹമ്മദ് എംവാസി എന്നറിയപ്പെടുന്ന ജിഹാദി ജോൺ ബ്രിട്ടീഷ് എയ്ഡ് വർക്കർമാരായ ഡേവിഡ് ഹെയിൻസ്, അലൻ ഹെന്നിങ്, അമേരിക്കൻ ജേർണലിസ്റ്റുകളായ സ്റ്റീവൻ സോട്‌ലോഫ്, ജെയിംസ് ഫോലെ , അമേരിക്കൻ എയ്ഡ് വർക്കറായ പീറ്റർ കാസിഗ്, ജപ്പാനീസ് ജേർണലിസ്റ്റായ കെൻജി ഗോട്ടോ എന്നിവരെ വധിക്കുന്ന വീഡിയോകൾ ഐസിസ് മുമ്പ് പുറത്ത് വിട്ടിരുന്നു.നവംബറിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ റാഖയിൽ വച്ച് ജോൺ കൊല്ലപ്പെട്ടിരുന്നു.ബ്രിട്ടീഷ് വ്യോമാക്രമണം ഐസിസ് താവളങ്ങളിൽ കനത്ത നാശം വിതച്ചതിന്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ഈ വീഡിയോയ്ക്ക് ഗൗരവമേറെയുണ്ടെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP