Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജപ്പാൻ ഇനി മുതൽ റെയ്വ സാമ്രാജ്യം: മൂന്നു പതിറ്റാണ്ടു നീണ്ട ഹെയ്‌സെയ് സാമ്രാജ്യത്തിന് അവസാനമായി അകിഹിതേ ചക്രവർത്തി സ്ഥാനത്യാഗം ചെയ്തു; മൂത്തമകൻ നരുഹിതോയുടെ സ്ഥാനാരോഹണ ചടങ്ങുകളും പുരോഗമിക്കുന്നു

ജപ്പാൻ ഇനി മുതൽ റെയ്വ സാമ്രാജ്യം: മൂന്നു പതിറ്റാണ്ടു നീണ്ട ഹെയ്‌സെയ് സാമ്രാജ്യത്തിന് അവസാനമായി അകിഹിതേ ചക്രവർത്തി സ്ഥാനത്യാഗം ചെയ്തു; മൂത്തമകൻ നരുഹിതോയുടെ സ്ഥാനാരോഹണ ചടങ്ങുകളും പുരോഗമിക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ടോക്കിയോ: ജപ്പാൻ ചക്രവർത്തി അകിഹിതോയുടെ സ്ഥാനത്യാഗ ചടങ്ങുകൾക്കു തുടക്കമായി. പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും പരിഗണിച്ചാണ് എൺപത്തിയഞ്ചുകാരനായ ചക്രവർത്തി സ്ഥാനമൊഴിയുന്നത്. ഇതോടൊപ്പം അകിഹിതോയുടെ മൂത്ത മകൻ നരുഹിതോ 'ഉദയസൂര്യന്റെ നാട്' എന്നറിയപ്പെടുന്ന ജപ്പാന്റെ നൂറ്റിയിരുപത്തിയാറാമത് ചക്രവർത്തിയായി സ്ഥാനാരോഹണം ചെയ്യുന്ന ചടങ്ങുകൾക്കും തുടക്കമായി.

ചക്രവർത്തിയായി 30 വർഷം പൂർത്തിയാക്കിയ ശേഷമാണ് അകിഹിതോ സ്ഥാനത്യാഗം ചെയ്യുന്നത്. 59-കാരനായ രാജകുമാരൻ നരുഹിതോയാണ് അകിഹിതോയുടെ പിൻഗാമി. 85-കാരനായ അകിഹിതോയുടെ പിതാവ് ഹിരോഹിതോ രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാനെ നയിച്ചയാളാണ്.

200 വർഷത്തെ ജപ്പാന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ചക്രവർത്തി സ്വമേധയാ സ്ഥാനം ഒഴിയുന്നത്. 1817-ലാണ് ഇതിനുമുൻപ് ഒരു ചക്രവർത്തി സ്ഥാനമൊഴിഞ്ഞത്. ചക്രവർത്തിപദവി ആജീവനാന്തമുള്ളതാണെന്നാണ് ജാപ്പനീസ് ജനതയുടെ വിശ്വാസം. പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും പരിഗണിച്ചാണ് എൺപത്തിയഞ്ചുകാരനായ ചക്രവർത്തി സ്ഥാനമൊഴിയുന്നത്. ചക്രവർത്തിയായി 30 വർഷം പൂർത്തിയാക്കിയ ശേഷമാണ് അകിഹിതോ സ്ഥാനത്യാഗം ചെയ്യുന്നത്.

പാരമ്പര്യ വേഷം ധരിച്ച് അകിഹിതോ കഷികൊഡൊകൊറോ ശ്രീകോവിലിൽ പ്രവേശിച്ച് ദേവപ്രതിഷ്ഠയ്ക്ക് മുന്നിലെത്തിയാണ് താൻ അധികാരത്തിൽ നിന്ന് ഒഴിയുന്നതായി അറിയിച്ചത്. കൊട്ടാരത്തിലെ ചടങ്ങുകൾക്ക് ശേഷം രാജകുടുംബാംഗങ്ങൾക്കും സർക്കാർ ഉന്നതാധികാരികൾക്കും മുമ്പാകെ വിരമിക്കൽ പ്രഖ്യാപിക്കും. ഇന്ന് അർധരാത്രിയോടെ അകിഹിതോയുടെ കാലഘട്ടം അവസാനിക്കുകയും നാറുഹിതോയുടെ കാലം ആരംഭിക്കുകയും ചെയ്യും. ചടങ്ങുകളുടെ ഭാഗമായി വാൾ, ആഭരണങ്ങൾ, രാജമുദ്രകൾ എന്നിവ കൈമാറും. സ്ഥാനത്യാഗ ചടങ്ങിൽ പങ്കെടുക്കാൻ കടുത്ത തണുപ്പിനിടയിലും നിരവധി ആൾക്കാർ കൊട്ടാരവളപ്പിലെത്തിയിരുന്നു എങ്കിലും ആർക്കും അകത്തേക്കു പ്രവേശനമുണ്ടായിരുന്നില്ല.

അകിഹിതോ ചക്രവർത്തിയുടെ അനാരോഗ്യംമൂലം കുറേ വർഷങ്ങളായി നരുഹിതോ രാജകുമാരനാണ് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നത്. മരണംവരെ ചക്രവർത്തി ആ പദവിയിൽ തുടരുന്നതാണു ജപ്പാനിലെ പാരമ്പര്യം. എന്നാൽ, അനാരോഗ്യത്തിലായ താൻ സ്ഥാനത്യാഗം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് 2016ൽ തന്നെ അകിഹിതോ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ചക്രവർത്തിയുടെ സ്ഥാനത്യാഗത്തിന് ജപ്പാനിൽ നിയമം ഉണ്ടായിരുന്നില്ല. ഒടുവിൽ പാർലമെന്റ് പുതിയ നിയമം നിർമ്മിച്ചാണ് ഇതിന് അവസരമൊരുക്കിയത്. ഇതിനു പിന്നാലെ 2017 ഡിസംബറിൽ ഇംപീരിയൽ കൗൺസിൽ യോഗം ചേർന്ന് അന്തിമ തീരുമാനമെടുത്തു.

പാർലമെന്റിന്റെ അനുമതി ലഭിച്ച് മൂന്നുവർഷത്തിനകമാണു സ്ഥാനമൊഴിയാൻ അവസരമുള്ളത്. ചക്രവർത്തിയുടെ സ്ഥാനത്യാഗം ജപ്പാന്റെ ചരിത്രത്തിൽ അസാധാരണ പ്രവൃത്തിയായതിനാലാണ് ബിൽ വേണ്ടിവന്നത്. എന്നാൽ ഈ നിയമം അകിഹിതോയുടെ കാര്യത്തിൽ മാത്രമേ ബാധകമാവൂ. പിൻഗാമികളുടെ കാര്യത്തിൽ ബാധകമല്ല. ഇനി പിൻഗാമിക്ക് സ്ഥാനത്യാഗം ചെയ്യേമ്ടി വന്നാൽ വീണ്ടും നിയമനിർമ്മാണം നടത്തേണ്ടി വരും. ഒരു തുടർ ഭരണം ഉണ്ടാകണമെന്നും രണ്ടാം ലോക മഹായുദ്ധം അവശേഷിപ്പിച്ച മുറിവുകൾ വേഗം ഉണങ്ങണമെന്നും ഷിന്റോ ദേവതയായ സൂര്യനോട് പ്രാർത്ഥിച്ചുകൊണ്ടാണ് അകിഹിറ്റോ സ്ഥാനമൊഴിയാൻ തയ്യാറെടുക്കുന്നത്.

ലോകത്തിലെ ഏറ്റവും പുരാതനമായ രാജകുടുംബങ്ങളിലൊന്നാണു ജപ്പാനിലേത്. 2600 വർഷം പാരമ്പര്യമുള്ള രാജകുടുംബത്തിൽ അവസാന സ്ഥാനത്യാഗം നടന്നത് ഇരുനൂറിലേറെ വർഷം മുൻപാണ്. ദൈവികാധികാരമുള്ള രാജവംശപരമ്പരയിലെ 125ാമത്തെ ചക്രവർത്തിയാണ് അകിഹിതോ. രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്റെ അമരത്തുണ്ടായിരുന്ന ഹിരോഹിതോ ചക്രവർത്തിയുടെ മകനാണ് ഇദ്ദേഹം.1989 ജനുവരി ഏഴിനാണ് അകിഹിതോ സിംഹാസനത്തിലെത്തിയത്. വിരമിക്കലിന് ശേഷം വിനോദത്തിനും പഠനത്തിനുമായി അദ്ദേഹം സമയം ചെലവഴിക്കും എന്നാണ് റിപ്പോർട്ടുകൾ.

ഇനിമുതൽ റെയ്വ സാമ്രാജ്യം

ജപ്പാനിൽ ഓരോ ചക്രവർത്തിമാരുടെയും കാലഘട്ടം പ്രത്യേക പേരിലാണ് അറിയപ്പെടുക. അകിഹിതോ ചക്രവർത്തിയുടെ കാലം അവസാനിക്കുന്നതോടെ ഹെയ്‌സെയ് സാമ്രാജ്യത്തിനു വിരാമമാകും. ക്രമവും ലയവും എന്നർഥം വരുന്ന റെയ്വ എന്നാണ് ഇനിമുതൽ ജപ്പാൻ സാമ്രാജ്യം അറിയപ്പെടുക. ക്രമം, നല്ലത് എന്നീ അർഥങ്ങളുള്ള റെയ്, ലയം എന്നർഥമുള്ള വ എന്നീ വാക്കുകൾ ചേർത്ത് പ്രധാനമന്ത്രി ഷിൻസോ ആബെയാണു പുതിയ പേരു പ്രഖ്യാപിച്ചത്. ആധുനിക ജപ്പാനിൽ മെയ്ജി, തയ്ഷോ, ഷോവ, ഹെയ്‌സെയ് എന്നീ നാലു സാമ്രാജ്യങ്ങളാണ് ഇതുവരെയുണ്ടായിരുന്നത്.

പുതിയചക്രവർത്തിക്ക് ഒരു മകൾ മാത്രമാണ് ഉള്ളത്. രാജകുമാരിയായ ഐകോ. എന്നാൽ ജപ്പാനിലെ നിയമമനുസരിച്ച് സ്ത്രീകൾക്ക് ചക്രവർത്തിയാകാൻ കഴിയില്ല. അതിനാൽ നരുഹിതേയുടെ കാലശേഷം ജപ്പാനിൽ ചക്രവർത്തിയാകുക നരുഹിതോയുടെ അനുജൻ ഫുമിഹിതോ ആയിരിക്കും. അതിന് ശേഷം അദ്ദേഹത്തിന്റെ മകനായ ഹിസാഹിതോയിലേക്ക് അധികാരം കൈമാറ്റം ചെയ്യപ്പെടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP