Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഇന്ത്യയിലെ തെരുവുനായ്ക്കളെ രക്ഷിക്കുവാൻ മുന്നിട്ടിറങ്ങിയ അമേരിക്കൻ യുവതി; 26 കാരിയായ ജെസീക്ക ഹാട്ട്‌സ്മാൻ ഒൻപത് മാസത്തിനിടെ പുതു ജീവിതം നൽകിയത് 41 നായകൾക്ക്; തെരുവുനായ്ക്കളെ ദത്തെടുത്തയക്കുന്നത് ആയിരക്കണക്കിന് മൈലുകൾക്കപ്പുറമുള്ള സുരക്ഷിതത്വത്തിലേക്ക്

ഇന്ത്യയിലെ തെരുവുനായ്ക്കളെ രക്ഷിക്കുവാൻ മുന്നിട്ടിറങ്ങിയ അമേരിക്കൻ യുവതി; 26 കാരിയായ ജെസീക്ക ഹാട്ട്‌സ്മാൻ ഒൻപത് മാസത്തിനിടെ പുതു ജീവിതം നൽകിയത് 41 നായകൾക്ക്; തെരുവുനായ്ക്കളെ ദത്തെടുത്തയക്കുന്നത് ആയിരക്കണക്കിന് മൈലുകൾക്കപ്പുറമുള്ള സുരക്ഷിതത്വത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 30 ദശലക്ഷത്തോളം തെരുവു നായ്ക്കൾ ഇന്ത്യയിലുണ്ടെന്നാണ് കണക്കുകൾ. ആരാലും ശ്രദ്ധിക്കപ്പെടാതെ ഭക്ഷണമില്ലാതെ അലഞ്ഞു തിരിയുന്ന നായ്ക്കൾ പലപ്പോഴും ദയനീയമായ അവസ്ഥയിലാണ് ജീവിച്ചു മരിക്കുക. രാജ്യത്തെ തെരുവു നായ്ക്കൾക്ക് പുതുജീവിതം നൽകുകയാണ് ജെസീക്ക ഹാട്ട്‌സ്മാൻ എന്ന അമേരിക്കൻ യുവതി. ഇന്ത്യയിലെ തെരുവു നായ്ക്കളെ രക്ഷിക്കുകയെന്നത് തന്റെ ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ് 26 കാരിയായ ജെസീക്ക. അമേരിക്കയിലെ സിയാറ്റിൽ സ്വദേശിയായ ജെസീക്ക കഴിഞ്ഞ ഒൻപത് മാസത്തിനുള്ളിൽ 41 നായ്ക്കളെയാണ് ദത്തെടുത്ത് അമേരിക്കയിലും കാനഡയിലും അവരെ സ്വീകരിക്കാൻ തയ്യാറായ കുടുംബങ്ങൾക്ക് നൽകിയത്. ഈ നായ്ക്കളെല്ലാം ഇന്ത്യൻ തെരുവുകളിൽ ശോച്യവും നിസ്സഹായവുമായ അവസ്ഥയിൽ കഴിഞ്ഞിരുന്നവരാണ്.

2017 ലാണ് ജെസീക്ക ഇന്ത്യയിൽ എത്തുന്നത്. തന്റെ ഹോട്ടൽ മുറിയിൽ നിന്നും വല്ലാത്ത കരച്ചിൽ കേട്ടു പുറത്തിറങ്ങിയ ജെസീക്ക കണ്ടത് വേദനിച്ചു കരയുന്ന നായ്ക്കുട്ടിയെയാണ്. ആരോ ക്രൂരമായി അടിച്ചോടിച്ച നായ്ക്കുട്ടി മുടന്തുന്നുണ്ടായിരുന്നു. ദയ തോന്നിയ ജെസീക്ക നായ്ക്കുട്ടിയെ ഒരു മൃഗഡോക്ടറിനടുത്തെത്തിച്ചു. ഗുരുതരമായി അതിന് പരിക്കേറ്റിരുന്നു. വാരിയെല്ലുകൾ പൊട്ടുകയും ശരീരത്തിലെ മുറിവിൽ അണുബാധയേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ നിന്നും നേപ്പാളിലേക്കും തുടർന്ന തായ്‌ലൻഡിലേക്കും യാത്ര ചെയ്യാനുള്ള തന്റെ പദ്ധതി ഉപേക്ഷിച്ച് നായ്ക്കുട്ടിക്കു സുഖമാകുന്നതുവരെ ഇന്ത്യയിൽ കഴിയാൻ ജെസീക്ക തീരുമാനിച്ചു. ഡൽഹിയെന്ന് അതിന് പേരുമിട്ടു.

മുറിവുകളുണങ്ങിയപ്പോൾ തന്റെ യാത്ര തുടർന്ന ജെസീക്ക കൂടെ ഡൽഹിയെയും കൂട്ടി. തിരിച്ച് അമേരിക്കയിലെ തന്റെ വീട്ടിൽ എത്തുമ്പോഴും ഡൽഹി ജെസീക്കയുടെ കൂടെ ഉണ്ടായിരുന്നു. തനിക്കാവുന്നതു പോലെ ഡൽഹിയെ ജെസീക്ക പരിപാലിച്ചെങ്കിലും ഗുരുതരമായ മുറിവുകൾ സുഖപ്പെടാതിരുന്നതു മൂലം നായ്ക്കുട്ടിയുടെ ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്നു. ഈ സംഭവം ജെസീക്കയ്ക്കു സമ്മാനിച്ചത് സങ്കൽപ്പിക്കാനാകാത്തത്ര വേദനയാണ്. ഡൽഹിയെപ്പോലുള്ള തെരുവു നായ്ക്കൾ യാതനകളില്ലാത്തൊരു ജീവിതം അർഹിക്കുന്നുണ്ടെന്നും അവരെ സഹായിക്കാൻ തനിക്കു കഴിയുന്നതെല്ലാം ചെയ്യുമെന്നും ജെസീക്ക തീരുമാനിക്കുന്നത് ഈ സംഭവത്തിനു ശേഷമാണ്.

2018 നവംബറിൽ ഡൽഹി ദി സ്ട്രീറ്റ് ഡോഗ് ഫൗണ്ടേഷൻ എന്നൊരു സംഘടനയ്ക്ക് ജെസീക്ക രൂപം നൽകി. സന്നദ്ധ പ്രവർത്തകരെയും മൃഗക്ഷേമ സംഘടനകളെയും ഒപ്പംകൂട്ടിയാണ് തെരുവു നായ്ക്കൾക്കു വേണ്ടിയുള്ള പ്രവർത്തനം. നായ്ക്കളെ ദത്തെടുത്ത് അമേരിക്കയിലും കാനഡയിലും ഇവരെ വളർത്താൻ താത്പര്യമുള്ളവരെ ജെസീക്കയുടെ സംഘടന കണ്ടെത്തുന്നു. നായകളെ കടൽ കടത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ട്. ഇവരുടെ വിമാനയാത്രയ്ക്കായി ആവശ്യമുള്ള ധനസമാഹരണം നടത്തുന്നതും പലപ്പോഴം പ്രയാസമാണ്. സംഭാവനകളിലൂടെയാണ് നായ്ക്കളെ വാക്‌സിനേറ്റ് ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് സംഘടന പണം കണ്ടെത്തുന്നത്. നായ്ക്കൾക്ക് പുതുജീവിതം നൽകാനുള്ള തന്റെ ശ്രമങ്ങൾ തുടരുവാൻ തന്നെയാണ് ജെസീക്കയുടെ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP