Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൈവെട്ടിയാലും തലകൊയ്താലും നമ്മൾ മിണ്ടില്ല; ബ്രിട്ടീഷ് പൗരന് ചാട്ടവാറടി വിധിച്ചപ്പോൾ പ്രധാനമന്ത്രി വരെ രംഗത്ത്; ലണ്ടനും ഡൽഹിയും തമ്മിലുള്ള വ്യത്യാസം ഇങ്ങനെ

കൈവെട്ടിയാലും തലകൊയ്താലും നമ്മൾ മിണ്ടില്ല; ബ്രിട്ടീഷ് പൗരന് ചാട്ടവാറടി വിധിച്ചപ്പോൾ പ്രധാനമന്ത്രി വരെ രംഗത്ത്; ലണ്ടനും ഡൽഹിയും തമ്മിലുള്ള വ്യത്യാസം ഇങ്ങനെ

ഥാർത്ഥത്തിൽ ഒരു രാജ്യത്തെ പൗരന്മാരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് സമാനമാണ്. രാഷ്ട്രത്തെ നയിക്കുന്നവർ അവരെയെല്ലാം ഒരു കുടുംബനാഥനെപ്പോലെ പരിപാലിക്കുകയും സംരക്ഷിക്കുകയും വേണം. അവർക്കൊരാപത്തുണ്ടായാൽ രക്ഷിക്കാൻ വേണ്ടി മുന്നിട്ടിറങ്ങുകയും വേണം. എന്നാൽ നിർഭാഗ്യവശാൽ പലപ്പോഴും പല രാജ്യങ്ങളും ഇക്കാര്യത്തിൽ മോശപ്പെട്ട പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഉദാഹരണമായി ഒരു ഇന്ത്യൻ പൗരൻ കുറ്റാരോപിതനായി സൗദി പോലുള്ള ഒരു രാജ്യത്ത് പിടിക്കപ്പെട്ട് കൈവെട്ടലോ തല കൊയ്യലോ പോലുള്ള പൈശാചികമായ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടാലും നമ്മുടെ ഭരണാധികാരികൾ പലപ്പോഴും അയാളെ രക്ഷിക്കാൻ വേണ്ടി മുന്നിട്ടിറങ്ങുന്നത് കാണാറില്ല.

എന്നാൽ ബ്രിട്ടൻ ഇക്കാര്യത്തിൽ തികച്ചും മാതൃകാപരമായ നിലപാടുകളാണ് പുലർത്തുന്നതെന്ന് ഇതിന് മുമ്പ് തന്നെ പല ഉദാഹരണങ്ങളിലൂടെ വെളിപ്പെട്ട വസ്തുതയാണ്. വിദേശത്തുള്ള തങ്ങളുടെ പൗരന്മാരുടെ ഒരു രോമത്തിന് പോലും പോറലേൽക്കുന്നത് ബ്രിട്ടന് സഹിക്കാനാവില്ല. അവരെ രക്ഷിക്കാൻ അങ്ങേയറ്റം ശ്രമിക്കുകയും ചെയ്യും. ഇപ്പോഴിതാ ഒരു ബ്രിട്ടീഷ് പൗരന് സൗദി അറേബ്യ ചാട്ടവാറടി വിധിച്ച് ജയിലിൽ അടച്ചപ്പോൾ അദ്ദേഹത്തെ രക്ഷിക്കാനായി ബ്രിട്ടീഷ് പ്രധാനമന്ത്രി സാക്ഷാൽ കാമറോൺ വരെ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. ലണ്ടനും ഡൽഹിയും തമ്മിൽ ഈ വിഷയത്തിലുള്ള അജഗജാന്തരം ഇത്തരത്തിൽ ഒരിക്കൽ കൂടി വെളിവാക്കുന്ന സംഭവമാണിത്.

സൗദി അറേബ്യയിൽ വച്ച് സ്വന്തം നിലയിൽ വൈൻ ഉണ്ടാക്കിയതിനാണ് 74 കാരനായ ബ്രിട്ടീഷ് പൗരൻ കാൾ ആൻഡ്രീ കഴിഞ്ഞ വർഷം ജിദ്ദയിൽ വച്ച് അറസ്റ്റിലായിരിക്കുന്നത്. തുടർന്ന് 350 ചാട്ടവാറടിക്ക് വിധിച്ച് അദ്ദേഹത്തെ ക്രിമിനലകളെ പാർപ്പിക്കുന്ന ജയിലിൽ അടച്ചിരിക്കുകയുമാണ്. മൂന്നു വട്ടം കാൻസർ ബാധിച്ചയാളും ആസ്ത്മ രോഗിയുമായ ആൻഡ്രീക്ക് 350 ചാട്ടവാർ അടിയേൽക്കാൻ ശേഷിയില്ലെന്നും ശിക്ഷാവിധി നടപ്പിലായാൽ തങ്ങളുടെ പിതാവ് മരിച്ചു പോകുമെന്നുമാണ് ഇദ്ദേഹത്തിന്റെ മക്കൾ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. തുടർന്ന് ഈ വിഷയത്തിൽ വ്യക്തിപരമായി ഇടപെടണമെന്ന അഭ്യർത്ഥനയുമായി അവർ പ്രധാനമന്ത്രി ഡേവിഡ്കാമറോണിനെ സമീപിക്കുകയും ചെയ്തിരിക്കുകയാണ്. വർഷങ്ങളായി അർബുദ ചികിത്സക്ക് വിധേയനായ പിതാവിന്റെ ശരീരം തളർന്നിരിക്കുകയാണെന്നും ചാട്ടവാറടി താങ്ങാൻ അദ്ദേഹത്തിനാവില്ലെന്നുമാണ് അവർ ബോധിപ്പിച്ചിരിക്കുന്നത്.

തങ്ങളുടെ പിതാവ് 25 വർഷങ്ങളായി ഓയിൽ എക്‌സിക്യൂട്ടീവായി സൗദിയിൽ ജോലി ചെയ്യുകയാണെന്നും അദ്ദേഹത്തോട് എങ്ങനെയാണ് ഇത്തരത്തിൽ പെരുമാറാൻ സാധിക്കുന്നതെന്നുമാണ് ആൻഡ്രീയുടെ പുത്രനായ 33 കാരൻ സൈമൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതുവരെ സുരക്ഷിതത്വത്തോടെയും സന്തോഷത്തോടെയുമാണ് അച്ഛൻ ഇവിടെ ജോലി ചെയ്തിരുന്നതെന്നും സൈമൻ വെളിപ്പെടുത്തുന്നു. തങ്ങളുട അമ്മ യുകെയിലെ വീട്ടിൽ വച്ച് മരിച്ചുവെന്നും പിതാവിന് ആസ്ത്മയ്ക്കും കാൻസറിനും ഇനിയും ചികിത്സ അത്യാവശ്യമാണെന്നും സൈമൻ പറയുന്നു. 350 ചാട്ടവാറടിയേറ്റാൽ പിതാവ് മരിക്കുമെന്നതിൽ യാതൊരു സംശവുമില്ലെന്നും മകൻ ആശങ്കപ്പെടുന്നു.

സൈമനൊപ്പം ആൻഡ്രീയുടെ മറ്റ് മക്കളായ ഹുഗ്, കിർസ്‌റ്റെൻ പിറോത്ത്, എന്നിവരും ഇക്കാര്യത്തിൽ ദയ അഭ്യർത്ഥിച്ച് സൗദി ഗവൺമെന്റിനെ സമീപിച്ചിരുന്നു. എന്നാൽ അവരുടെ ആവശ്യം സൗദി അധികൃതർ ശ്രദ്ധിച്ചത് പോലുമില്ലെന്നാണ് റിപ്പോർട്ട്. മദ്യം നിരോധിച്ച സൗദിയിലെ നിയമം തന്റെ പിതാവ് ലംഘിച്ചുവെന്നത് ശരിയാണെന്നും എന്നാൽ അതിന് അദ്ദേഹം 12 മാസങ്ങളായി തടവ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും പിറോത്ത് പറയുന്നു. അദ്ദേഹം ആരോഗ്യമില്ലാത്ത മനുഷ്യനാണെന്നും ചാട്ടവാറടി അതിജീവിക്കാൻ പിതാവിന് സാധിക്കുകയില്ലെന്നും പിറോത്ത് ആശങ്കപ്പെടുന്നു. ബ്രിട്ടന്റെ എംബസി സ്റ്റാഫ് ആൻഡ്രീക്കാവശ്യമായ സഹായങ്ങളെല്ലാംചെയ്യുന്നുണ്ടെന്നാണ് ഫോറിൻ ഓഫീസിന്റെ ഒരു വക്താവ് സ്‌കൈ ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആൻഡ്രീയുടെ ക്ഷേമമന്വേഷിക്കാൻ സ്ഥിരമായ സന്ദർശനം നടത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനുമായും കുടുംബവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വക്താവ് പറയുന്നു. മിനിസ്റ്റർമാരും മുതിർന്ന ഉദ്യോഗസ്ഥന്മാരും ഈ പ്രശ്‌നം സൗദി ഗവൺമെന്റുമായി ചർച്ച ചെയ്യുന്നുണ്ടെന്നും ആൻഡ്രീയുടെ മോചനം എത്രയും പെട്ടെന്ന് സാധ്യമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഫോറിൻ ഓഫീസ് വക്താവ് വെളിപ്പെടുത്തി. ആൻഡ്രീ ഉടൻ മോചിപ്പിക്കപ്പെടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഇദ്ദേഹത്തിന്റെ കുടുംബം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP