Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരുഭൂമിയിലെ മഴയിൽ കുളിരുകോരാൻ വിനോദ സഞ്ചാരികളെത്തുമ്പോൾ സൗകര്യങ്ങളൊരുക്കി ഒമാൻ ഭരണകൂടം; നാടിന്റെ കുളിർമയും കാഴ്‌ച്ചകളും പ്രവാസലോകത്തു തന്നെകിട്ടുമ്പോൾ ഗൃഹാതുര ഓർമ്മകളിൽ പ്രവാസലോകം; സലാലയിലെ ഖരീഫ് സീസൺ ആരംഭിക്കാൻ ഒരുമാസം കൂടി അവശേഷിക്കെ അവലോകന യോഗങ്ങളുമായി വിവിധ വകുപ്പുകൾ

മരുഭൂമിയിലെ മഴയിൽ കുളിരുകോരാൻ വിനോദ സഞ്ചാരികളെത്തുമ്പോൾ സൗകര്യങ്ങളൊരുക്കി ഒമാൻ ഭരണകൂടം; നാടിന്റെ കുളിർമയും കാഴ്‌ച്ചകളും പ്രവാസലോകത്തു തന്നെകിട്ടുമ്പോൾ ഗൃഹാതുര ഓർമ്മകളിൽ പ്രവാസലോകം; സലാലയിലെ ഖരീഫ് സീസൺ ആരംഭിക്കാൻ ഒരുമാസം കൂടി അവശേഷിക്കെ അവലോകന യോഗങ്ങളുമായി വിവിധ വകുപ്പുകൾ

മറുനാടൻ മലയാളി ബ്യൂറോ

മസ്‌കത്ത്: മലയാളികളുടെ മഴക്കാലം മരുഭൂമിയിലും കുളിരു കോരുമ്പോൾ സലാലയിലെ ഖരീഫ് സീസൺ വരവേൽക്കാൽ ദോഫാർ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാകുന്നു. ഖരീഫ് കാലത്ത് സഞ്ചാരികൾക്ക് സൗകര്യങ്ങളൊരുക്കാൻ വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെയാണ് ദോഫാറിൽ മഴക്കാല സീസൺ.

ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്ന അവലോകന യോഗങ്ങൾ വിവിധ വകുപ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ മന്ത്രാലയം ദോഫാർ ജനറൽ ഡയറക്ടറേറ്റ് മേധാവി ജമാൽ ബിൻ അബ്ദുല്ല അൽ ഹിനായി അധ്യക്ഷത വഹിച്ചു. സർക്കാർ, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഭക്ഷണ സേവന കമ്പനികൾ, ബാങ്ക് ഉടമകൾ, പെട്രോളിയം മാർക്കറ്റിങ് കമ്പനി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു. കടകളിലും ഷോപ്പിങ് കോംപ്ലക്‌സുകളിലും ഭക്ഷണസാധനങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും എളുപ്പത്തിലുള്ള ലഭ്യത ഉറപ്പാക്കുന്നകാര്യം യോഗം ചർച്ചചെയ്തു.

കൂടുതൽ സഞ്ചാരികളും റോഡ് മാർഗമാണ് എത്തുന്നത് എന്നതിനാൽ പെട്രോൾ പമ്പുകളിൽ അധിക ഇന്ധന ശേഖരം ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും യോഗത്തിൽ ചർച്ച ചെയ്തു. ഇന്ധന സ്റ്റേഷനുകളിലെ ടോയ്‌ലറ്റുകളും യാത്രക്കാർക്കുള്ള മറ്റു സൗകര്യങ്ങളും ശുചിയായി സൂക്ഷിക്കേണ്ടതുണ്ടെന്ന് യോഗം ഓർമിപ്പിച്ചു. എ.ടി.എമ്മുകളുടെയും കാഷ് ഡെപ്പോസിറ്റ് മെഷീനുകളുടെയെല്ലാം അറ്റകുറ്റപ്പണികൾ നടന്നുവരുകയാണെന്ന് ബാങ്ക് പ്രതിനിധികളും അറിയിച്ചു.

ദോഫാർ നഗരസഭയുടെ ആഭിമുഖ്യത്തിലും അവലോകന യോഗം നടന്നു. നഗരസഭ ചെയർമാൻ ശൈഖ് സാലിം ബിൻ ഉഫൈത്ത് അൽ ഷൻഫരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ടൂറിസം സീസണെ വരവേൽക്കാൻ ദോഫാർ നഗരസഭ കൈക്കൊണ്ട നടപടികൾ, സലാല ടൂറിസം ഫെസ്റ്റിവലിന്റെ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.

മസ്‌കറ്റിൽനിന്ന് 1030 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സലാല ഏതൊരു മലയാളിയിലും കേരളത്തിന്റ ഓർമകൾ ഉണർത്തും. ഒമാന്റെ മറ്റ് ഭാഗങ്ങളെക്കാൾ ഏറെ വ്യത്യസ്തമായ ഭൂപ്രകൃതിയും കാഴ്ച വൈവിധ്യവും നിറഞ്ഞതാണ് ഈ പ്രദേശം. തെങ്ങും പ്‌ളാവും വാഴയും ഈത്തപ്പനകളും നിറഞ്ഞുനില്ക്കുന്ന സലാലയ്ക്ക് ചരിത്രത്തിന്റെ ഏടുകളിലും വലിയ സ്ഥാനമുണ്ട്. ഒമാന്റെ തെക്കേ അതിർത്തിയിൽ പരന്നുകിടക്കുന്ന സലാലയുടെ ഏറ്റവും വലിയ പ്രത്യേകത ഇന്ത്യൻ മൺസൂണിന്റെ ലഭ്യതയാണ്. മേന്മയേറിയ കുന്തിരിക്കം ലഭിക്കുന്ന സ്ഥലമായതിനാൽ അറേബ്യയുടെ സുഗന്ധ തലസ്ഥാനം എന്നും ഇതറിയപ്പെടുന്നുണ്ട്

അറബി നാടിന്റെ കേരളമാണ് ഒമാനിലെ സലാല. പ്രകൃതി കനിഞ്ഞരുളിയ അനുഗൃഹീത കാലാവസ്ഥ. അതിനാൽത്തന്നെ സലാല എന്നും സന്ദർശകരുടെ പ്രിയപ്പെട്ട താവളമാണ്. ഇവിടെ നടക്കുന്ന ഖരീഫ് ഫെസ്റ്റിനാണ് ജി.സി.സി.യിൽ തന്നെ ഏറ്റവും കൂടുതൽ വിനോദ സന്ദർശകരെത്തുന്നത്. ചാറ്റൽ മഴയിൽ കുളിക്കാനും സലാലയും ചുറ്റുമുള്ള മലനിരകളിലെ പച്ചപ്പും വെള്ളച്ചാട്ടങ്ങളും മഞ്ഞും ആസ്വദിക്കാനുമാണ് സഞ്ചാരികളുടെ വരവ്. കേരളത്തെപ്പോലെ ഹരിതാഭ നിറഞ്ഞ കാടും തോടും മലയും താഴ്‌വാരങ്ങളും നിറഞ്ഞ പ്രദേശം. ജൂൺ 21 മുതൽ സെപ്റ്റംബർ 21 വരെയാണ് സലാലയിൽ ഖരീഫ് കാലാവസ്ഥ അനുഭവപെടുന്നത് . മറ്റു ജി.സി സി രാജ്യങ്ങളും, ഒമാന്റെ വടക്കൻ പ്രദേശങ്ങളും വേനലിൽ ചുട്ടു പഴുക്കുമ്പോൾ , സലാലയിലെ ഈ കാലാവസ്ഥ സഞ്ചാരികൾക്കു ഒരു ആകർഷണം തന്നെയാണ്.

രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള ചരിത്രത്താലും കഥകളാലും സമ്പന്നമാണ് സലാല. പ്രവാചകൻ അയ്യൂബിന്റെ കബർ സ്ഥിതി ചെയ്യുന്നത് ജബൽ ഖറയിൽ ആണ്. ഷേബ രാജ്ഞിയുടെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ ഖർ റോറിയിൽ കാണാൻ സാധിക്കും. ക്രിസ്ത്യൻ ചരിത്രത്തിലും ഏറെ പ്രാധാന്യമുള്ള സ്ഥലങ്ങളും സലാലയിൽ ഉൾപ്പെടുന്നു. സലാലയിലെ ബീച്ചുകൾ സ്‌കൂബ ഡൈവിങ്, കനോയിങ്, ഡൈവിങ്, ജെറ്റ് സ്‌കീയിങ്, സെയ്ലിങ് എന്നിവയ്ക്ക് ഏറെ പേരുകേട്ടതാണ്. ദേശാടനപ്പക്ഷികളുടെ ഇടത്താവളങ്ങളിൽ ഏറെ പ്രശസ്തമായ സലാല പക്ഷി നിരീക്ഷകർക്ക് വേറിട്ട അനുഭവങ്ങളാണ് പകർന്നു നല്കാറുള്ളത്. സലാലയിൽനിന്ന് അര മണിക്കൂർ റോഡ് യാത്രാ ദൂരമുള്ള ഐൻ റസാത്ത് അരുവികളും കുന്നുകളും പൂന്തോട്ടങ്ങളും നിറഞ്ഞ ടൂറിസ്റ്റ് കേന്ദ്രമാണ്. സമീപത്ത് തന്നെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ ഐൻ സഹനാത്തും സ്ഥിതി ചെയ്യുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP