Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അമ്പതോളം മക്കളിൽ കിരീടാവകാശത്തിന് നറുക്കുവീഴുന്നത് ഒരു ഭാര്യയുടെ ഏഴുമക്കളിൽ ഒരാൾക്ക് മാത്രം; പുതിയ രാജാവ് സൽമാൻ കുടുംബകലഹം തീർക്കുന്ന മധ്യസ്ഥൻ

അമ്പതോളം മക്കളിൽ കിരീടാവകാശത്തിന് നറുക്കുവീഴുന്നത് ഒരു ഭാര്യയുടെ ഏഴുമക്കളിൽ ഒരാൾക്ക് മാത്രം; പുതിയ രാജാവ് സൽമാൻ കുടുംബകലഹം തീർക്കുന്ന മധ്യസ്ഥൻ

സൗദിയുടെ നയതന്ത്ര രംഗത്തുമാത്രമല്ല, രാജകുടുംബത്തിലും ശക്തനായ മധ്യസ്ഥനാണ് പുതിയതായി അധികാരമേറ്റ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്. രാജകുടുംബത്തിന്റെ ഐക്യം തകരാതെ നോക്കുന്നതിൽ എന്നും മുൻകൈയെടുത്തിരുന്നത് സൽമാനാണ്. അതുകൊണ്ടാണ് സൗദിയിലെ അമേരിക്കൻ എംബസ്സി 2007-ൽ അയച്ച കുറിപ്പുകളിലൊന്നിൽ, രാജകുടുംബത്തിലെ റഫറി എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചതും.

സൗദി അറേബ്യയുടെ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായ അബ്ദുൽ അസീസ് അൽ സൗദിന്റെ 50 മക്കളിലൊരാളാണ് സൽമാൻ. അബ്ദുള്ള രാജാവിനെയും അദ്ദേഹത്തിന്റെ മുൻഗാമി ഫഹദ് രാജാവിന്റെയും അർധസഹോദരൻ. അൽ സൗദ് രാജാവിന് ഏറ്റവും പ്രിയപ്പെട്ട ഹുസ ബിന്റ് അഹമ്മദ് സുദെയ്‌രി എന്ന ഭാര്യയിൽപിറന്ന ഏഴുമക്കളിലൊരാളാണ് സൽമാൻ.

ഫഹദ് രാജാവും അബ്ദുള്ള രാജാവിന്റെ കിരീടാവകാശികളായിരുന്ന സുൽത്താനും നയേഫും സൽമാന്റെ സഹോദരങ്ങളാണ്. സുൽത്താൻ 2011-ലും നയേഫ് 2012-ലും മരിച്ചതോടെ സൽമാന് കിരീടമൊരുങ്ങുകയായിരുന്നു. സൗദിയുടെ ഭരണത്തിൽ നിർണായക പങ്കുണ്ടായിരുന്ന സൽമാനും സഹോദരങ്ങളും രാജകുടുംബത്തിന്റെ ഐക്യം നിലനിർത്താൻകൂടി ചുമതലപ്പെട്ടവരായിരുന്നു.

സൗദിയുടെ ഭരണത്തിൽ അരനൂറ്റാണ്ടിലേറെ പരിചയമുള്ള വ്യക്തിയാണ് സൽമാൻ. അഞ്ച് ദശാബ്ദത്തോളം റിയാദിന്റെ ഗവർണർ ആയിരുന്ന അദ്ദേഹം 2012-ൽ പ്രതിരോധ മന്ത്രിയുടെ ചുമതലയേറ്റു. പ്രായാധിക്യത്തെത്തുടർന്ന് ഒരുവർഷത്തോളമായി അബ്ദുള്ള രാജാവ് അധികാരത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഈ ഘട്ടത്തിൽ രാജ്യത്തിന്റെ ഭരണം നിയന്ത്രിച്ചതും സൽമാനാണ്. സിറിയയിൽ സുന്നി ഭീകരസംഘടനയായ ഐസിസ് ഭീകരപ്രവർത്തനമാരംഭിച്ചപ്പോൾ അതിനെതിരെ അമേരിക്കയുമായി ചേർന്ന് ആക്രമണം നടത്താൻ തയ്യാറായത് അദ്ദേഹത്തിന്റെ ശ്രദ്ധേയ തീരുമാനങ്ങളിലൊന്നാണ്.

ആരോഗ്യപ്രശ്‌നങ്ങളേറെയുള്ളയാണ് 79-കാരനായ സൽമാൻ രാജാവും. ഒരു തവണ പക്ഷാഘാതം വന്നിട്ടുള്ള അദ്ദേഹത്തിന്റെ ഇടതുകൈയ്ക്ക് സ്വാധീനക്കുറവുണ്ട്. അബ്ദുള്ള രാജാവിനെപ്പോലെതന്നെ പുരോഗമനാശയങ്ങളുള്ള വ്യക്തിയാണ് സൽമാനും. എന്നാൽ, പരിഷ്‌കാരങ്ങൾ തിടുക്കത്തിൽ വേണമോ എന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയവുമുണ്ട്.

സൗദിയിലെ വ്യത്യസ്തങ്ങളായ ഗോത്രവർഗങ്ങളുമായി ഏറെ അടുപ്പമുള്ള നേതാവാണ് സൽമാൻ. ഈ ാേത്രങ്ങളല്ല തന്റെ രാജകുടുംബമാണ് സൗദിയെ ഒന്നിച്ചുനിർത്തുന്നതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. 2010-ൽ നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സൗദി അറേബ്യയിലെ ഗോത്രങ്ങളെയെല്ലാം ഓരോ പാർട്ടികളായി അംഗീകരിച്ച് ജനാധിപത്യം നടപ്പാക്കാൻ ശ്രമിച്ചാൽ ഇറാഖിലെയും മറ്റും സ്ഥിതിയാകും സൗദയിലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ രാജകുടുംബത്തിന്റെ ഐക്യം രാജ്യത്തെ ഒന്നിച്ചുനിർത്തുമെന്ന് വിശ്വസിക്കുന്ന സൽമാൻ, ആ ഐക്യത്തിനുവേണ്ടിയാണ് എക്കാലവും നിലകൊണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP