Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലണ്ടൻ ഇൽഫഡിൽ കൊല്ലപ്പെട്ട മൂന്നുപേരും സിഖുകാരായ ഇന്ത്യൻ വംശജർ; കെട്ടിട നിർമ്മാണത്തർക്കം കൊലപാതകത്തിൽ കലാശിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ലണ്ടൻ ഇൽഫഡിൽ കൊല്ലപ്പെട്ട മൂന്നുപേരും സിഖുകാരായ ഇന്ത്യൻ വംശജർ; കെട്ടിട നിർമ്മാണത്തർക്കം കൊലപാതകത്തിൽ കലാശിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കിഴക്കൻ ലണ്ടനിൽ ഞായറാഴ്ച കുത്തേറ്റുമരിച്ച മൂന്നുയുവാക്കളും സിഖ് വംശജരായ ഇന്ത്യക്കാർ. കൂലി കൊടുക്കാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് കെടിട നിർമ്മാതാക്കളായ മൂന്നുപേരുടെയും കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. നരീന്ദർ സിങ് (26), ഹരീന്ദർ കുമാർ (22), ബൽജിത്ത് സിങ് (34) എന്നിവരാണ് മൂന്ന് വ്യത്യസ്ത സംഭവങ്ങളിൽ ഇൽഫഡിൽ കുത്തേറ്റുമരിച്ചത്. ഇൽഫഡിലെ സെവൻ കിങ്‌സ് സ്റ്റേഷനു സമീപമാണ് ഞായറാഴ്ച വൈകീട്ട് ഏഴരയോടെ ഇവർക്ക് കുത്തേറ്റത്.

കഴുത്തിനും നെഞ്ചത്തും തോളിലും കുത്തേറ്റാണ് ഇവരിലൊരാൾ മരിച്ചത്. തലയിൽ ചുറ്റിക കൊണ്ടുള്ള അടിയേറ്റാണ് മറ്റൊരാൾ മരിച്ചത്. ഇന്ത്യക്കാരായ തൊഴിലാളികൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് നാട്ടുകാർ പറയുന്നു. ഒരു റെസ്റ്ററന്റിൽനിന്നാണ് പ്രശ്‌നം തുടങ്ങിയത്. ഇവിടെനിന്ന് ഉച്ചത്തിലുള്ള വാഗ്വാദങ്ങളും ആക്രോശങ്ങളും കേട്ടിരുന്നതായി സമീപത്തുള്ള കടക്കാർ പറയുന്നു. ഉച്ചമുതൽ തുടങ്ങിയ മദ്യപാനമാണ് വഴക്കിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് സൂചന.

സിഖുകാരായ തൊഴിലാളികളാണ് കൊലയ്ക്കുപിന്നിലെന്നാണ് പൊലീസ് പറയുന്നത്. 29-ഉം 39-ഉം വയസ്സുള്ള രണ്ടുപേർ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. ഇവർ തമ്മിൽ വഴക്കുണ്ടായ റെസ്റ്ററന്റിനു സമീപത്തുള്ള പാർക്ക് തെളിവുശേഖരണത്തിനായി അടച്ചിട്ടിരിക്കുകയാണ്. ഒരു ഡസനോളം ഫൊറൻസിക് വിദഗ്ധരും രണ്ട് പൊലീസ് നായ്ക്കളും സൗത്ത് പാർക്കിൽ തെളിവുശേഖരണത്തിനെത്തിയിരുന്നു. കൂടുതൽ പേർ അക്രമത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യമാണ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

കൊല്ലപ്പെട്ട നരീന്ദർ സിങ്ങും ഹരീന്ദർ കുമാറും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്ന് നരീന്ദറിന്റെ സഹോദരൻ ജസ്ബാൽ പറഞ്ഞു. ആക്രമണവിവരമറിഞ്ഞ് താൻ അപ്പോൾത്തന്നെ സംഭവസ്ഥലത്ത് എത്തിയെന്നും അപ്പോഴേക്കും നരീന്ദർ മരിച്ചുകിടക്കുകയായിരുന്നുവെന്നും ജസ്ബാൽ പറഞ്ഞു. പറയത്തക്ക ശത്രുക്കളോ എതിരാളികളോ ഇരുവർക്കുമുണ്ടായിരുന്നില്ലെന്നും ജസ്ബാൽ പറഞ്ഞു. മൂന്നുവർഷം മുമ്പാണ് ഇവർ ബ്രിട്ടനിലെത്തി കെട്ടിട നിർമ്മാണ മേഖലയിലേക്ക് തിരിഞ്ഞത്.

ഒഴിവുദിനമായ ഞായറാഴ്ച പതിവ് മദ്യപാനത്തിൽ ഏർപ്പെട്ടിരിക്കെയാണ് തർക്കം തുടങ്ങിയതെന്ന് ഹരീന്ദറിന്റെ മറ്റൊരു ബന്ധു പറഞ്ഞത്. എല്ലാ ഞായറാഴ്ചയും ഇവർ കൂടാറുണ്ടായിരുന്നുവെന്നും ഇക്കുറി പണത്തെച്ചൊല്ലിയുള്ള തർക്കം അക്രമത്തിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നരീന്ദറിനും ഹരീന്ദറിനും ദൽജീത്തിനും പുറമോ പത്തോളം പേർ ഞായറാഴ്ച ഒരുമിച്ചുണ്ടായിരുന്നുവെന്ന് മറ്റൊരു ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞു.

ചെയ്ത ജോലിക്ക് കൂലി കൊടുത്തില്ലെന്ന തർക്കമാണ് വഴക്കിലേക്ക് കലാശിച്ചത്. റെസ്റ്ററന്റിനുള്ളിൽത്തുടങ്ങിയ വാഗ്വാദം പിന്നീട് പുറത്തേക്കു പടരുകയായിരുന്നു. ആക്രോശവും വാഗ്വാദവും തുടരുന്നതിനിടെ കൂട്ടത്തിലൊരാൾ കത്തിയൂരി ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. ആക്രമണം നടന്ന് 20 മിനിറ്റിനുശേഷമാണ് പൊലീസെത്തിയതെന്ന് നാട്ടുകാരനായ ജസ്‌കരൺ സന്ധു പറഞ്ഞു. ആംബുലൻസ് സർവീസ് അരമണിക്കൂറിനുശേഷമാണെത്തിയത്. അപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP