Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിന്നാമ്പുറ ഇടപാടുകൾക്കുള്ള കൈക്കൂലിയായി ഇന്ത്യയ്ക്ക് വീണ്ടും സഹായം അനുവദിച്ച് ബ്രിട്ടൻ; ചൊവ്വയിലേക്ക് റോക്കറ്റ് വിട്ട രാജ്യത്തിനുള്ള പണം പിൻവലിക്കണമെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങൾ

പിന്നാമ്പുറ ഇടപാടുകൾക്കുള്ള കൈക്കൂലിയായി ഇന്ത്യയ്ക്ക് വീണ്ടും സഹായം അനുവദിച്ച് ബ്രിട്ടൻ; ചൊവ്വയിലേക്ക് റോക്കറ്റ് വിട്ട രാജ്യത്തിനുള്ള പണം പിൻവലിക്കണമെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങൾ

ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനുള്ള ദൗത്യത്തിന് ഇന്ത്യ ചെലവാകുന്ന തുകയ്ക്ക് തുല്യമായ തുക ബ്രിട്ടൻ ഇന്ത്യയ്ക്ക് സഹായമായി അനുവദിച്ചിരിക്കുകയാണ്. പിന്നാമ്പുറ ഇടപാടുകൾക്കുള്ള കൈക്കൂലിയായാണ് ഇന്ത്യയ്ക്ക് ഈ സഹായം ബ്രിട്ടൻ അനുദിച്ചിരിക്കുന്നതെന്ന് ആരോപണമുയരുന്നുമുണ്ട്. എന്നാൽ ചൊവ്വയിലേക്ക് വരെ റോക്കറ്റ് വിടാൻ പ്രാപ്തിയുള്ള ഇന്ത്യയ്ക്ക് ഇത്തരത്തിലുള്ള സഹായങ്ങൾ നൽകേണ്ട കാര്യമില്ലെന്നും അതിനാൽ സഹായമായി അനുവദിച്ച പണം പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ച് പാശ്ചാത്യമാദ്ധ്യമങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്.

പുതിയ സഹായവാഗ്ദാനപ്രകാരം ഇന്ത്യയിലെ ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ അടിസ്ഥാനമേഖലകളുടെ വികസനത്തിനായി ബ്രിട്ടൻ 2019വരെയുള്ള കാലത്ത് കൂടുതൽ സഹായം അനുവദിക്കാൻ ഒരുങ്ങുകയാണ്. ഇതിലൂടെ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനുള്ള പദ്ധതിയിലേക്ക് ആവശ്യമായ പണമിറക്കാൻ ഇന്ത്യയ്ക്ക് അവസരമൊരുങ്ങുകയാണ്. മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ പ്രാപ്തിയുള്ള റോക്കറ്റ് കഴിഞ്ഞ ഡിസംബറിൽ ഇന്ത്യ വിജയകരമായി ലോഞ്ച് ചെയ്തിരുന്നു. ഇതിന് 250 ദശലക്ഷം പൗണ്ടാണ് ചെലവായത്. ഈ തുകയാണ് ബ്രിട്ടൻ ഇന്ത്യയ്ക്ക് സഹായമായി അനുവദിക്കുന്നത്. പിന്നാമ്പുറ ഇടപാടുകൾക്ക് കൂട്ടു നിന്നതിന് ബ്രിട്ടൻ ഇന്ത്യയ്ക്ക് നൽകുന്ന കൈക്കൂലിയാണിതെന്നാണ് ചില പാശ്ചാത്യമാദ്ധ്യമങ്ങൾ ആരോപിക്കുന്നത്.

ഇന്ത്യയിലെ വികസനപദ്ധതികൾക്ക് ഫണ്ട് നൽകുന്നത് തുടരാനുള്ള തീരുമാനത്തിന്റെ പേരിൽ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് സെക്രട്ടറി ജസ്റ്റിൻ ഗ്രീനിങ് സമ്മർദ്ദത്തിലായിരുന്നു. ഇന്ത്യയ്ക്ക് നൽകുന്ന സാമ്പത്തിക സഹായം ഈ വർഷത്തോടെ നിർത്തുമെന്നായിരുന്നു രണ്ട് സന്ദർഭങ്ങളിലായി അവർ ഹൗസ് ഓഫ് കോമൺസിൽ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഇത് സത്യമല്ലെന്നാണ് യുകെയിലെ പത്രമായ ഡെയിലി മെയിൽ നടത്തിയ ഒരു അന്വേഷണത്തിലൂടെ വ്യക്തമായിരിക്കുന്നത്. അതായത് 2019 വരെയുള്ള കാലത്തിനിടെ ഇന്ത്യയ്ക്ക് 254 ദശലക്ഷം പൗണ്ട് സഹായമായി നൽകാമെന്ന ബ്രിട്ടന്റെ വാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നാണ് പ്രസ്തുത അന്വേഷണത്തിലൂടെ വ്യക്തമായിരിക്കുന്നത്.

ഇന്ത്യയ്ക്ക് നൽകിവരുന്ന സഹായം നിർത്തിയെന്ന് ജനങ്ങളോട് ഉറപ്പ് നൽകിയതിന് ശേഷവും തന്റെ ഡിപ്പാർട്ട്‌മെന്റ് ഇന്ത്യയ്ക്കുള്ള സഹായം തുടരുന്നതെന്തു കൊണ്ടാണെന്ന് വിശദീകരിക്കാൻ ജസ്റ്റിൻ നിർബന്ധിതയായിരിക്കുകയാണ്. ഇപ്പോൾ നിലവിലുള്ള ഇന്ത്യയിലെ പ്രൊജക്ടുകൾക്ക് അനുവദിച്ചിരിക്കുന്ന പണം ഈ വർഷം അവസാനത്തോടെ കൈമാറുമെന്നാണ് ഇന്നലെ ഡിപ്പാർട്ട്‌മെന്റ് ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ അതിലുപരിയായുള്ള ചില പദ്ധതികൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും അതിനാൽ സഹായത്തെ സാങ്കേതിക സഹായം എന്ന് പുനർനാമകരണം ചെയ്തിരിക്കുകയാണെന്നുമാണ് ഡിപ്പാർട്ട്‌മെന്റ് ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് പറയുന്നത്.

26.1 ദശലക്ഷം പൗണ്ട് ഇന്ത്യയിലെ വീട് വിപണിക്ക് വേണ്ടിയും 35 ദശലക്ഷം പൗണ്ട് വിദ്യാഭ്യാസ രംഗത്തും 390,000 പൗണ്ട് ജയ്പൂരിലെ തെരുവ് വിളക്കുകൾക്കും നാല് ദശലക്ഷം പൗണ്ട് രാജസ്ഥാനിലെ വിൻഡ് ഫാമിനും 39 ദശലക്ഷം പൗണ്ട് ആരോഗ്യരംഗത്തും 18 ദശലക്ഷം പൗണ്ട് തദ്ദേശസ്വയംഭരണം മെച്ചപ്പെടുത്താനുമാണ് ബ്രിട്ടനിൽ നിന്നും ലഭിക്കുന്ന തുക ഇന്ത്യ ചെലവഴിക്കുന്നതെന്ന് ഡെയിലി മെയിൽ നടത്തിയ അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്. സ്വകാര്യമേഖലയിൽ നിപുണരായ ജോലിക്കാരെ ഇന്ത്യയ്ക്ക് കണ്ടെത്താനായും ദശലക്ഷക്കണക്കിന് പൗണ്ട് ബ്രിട്ടൻ നൽകുന്നുണ്ട്.

സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയായ ഇന്ത്യയ്ക്ക് ബ്രിട്ടൻ സഹായം നൽകേണ്ടതില്ലെന്ന് പറഞ്ഞ് ലോകനേതാക്കൾ രംഗത്തെത്തിയതോടെയാണ് ഈ പ്രശ്‌നം വഷളായത്. ബ്രിട്ടൻ സ്വരാജ്യത്ത് ചെലവാക്കുന്നത് ചുരുക്കിരിയിരിക്കുന്ന സമയത്ത് പോലും ഇന്ത്യയ്ക്കുള്ള സഹായം തുരടുന്നതിന്റെ പേരിൽ ഏറെ വിമർശനങ്ങൾ ഉയർന്ന് വന്നിട്ടുമുണ്ട്. ഇന്ത്യ സ്‌പേസ് പ്രോഗ്രാമിന് വേണ്ടി ചെലവാക്കുന്നത് 600 ദശലക്ഷം പൗണ്ടാണെന്നും ഏറ്റവുമടുത്ത് പ്രതിരോധത്തിനായി 24.8 ബില്യൺ പൗണ്ട് ഇന്ത്യ വകയിരുത്തിയിട്ടുണ്ടെന്നും അത്തരത്തിലുള്ള ഒരു രാജ്യത്തിന് ബ്രിട്ടൻ സഹായം നൽകേണ്ടെന്നുമാണ് വിമർശകർ വാദിക്കുന്നത്.

ബ്രിട്ടൻ ഇന്ത്യയ്ക്ക് നൽകുന്ന സഹായത്തിന്റെ പേര്മാറ്റിയതു കൊണ്ട് മാത്രം സഹായത്തിൽ യാതൊരു വ്യത്യാസവും തങ്ങൾക്ക് ദർശിക്കാൻ സാധിക്കുന്നില്ലെന്നാണ് ബ്രിട്ടനിലെ ടാക്‌സ്‌പേയേർസ് അലയൻസിന്റെ ചീഫ് എക്‌സിക്യൂട്ടീവായ ജോനാതൻ ഇസബൈ പറയുന്നത്. സ്‌പേസ് പ്രോഗ്രാമിന് വേണ്ടി വൻതുക ചെലവാക്കാൻ പ്രാപ്തിയുള്ള ഒരു രാജ്യത്തിന് വേണ്ടിയാണ് ബ്രിട്ടീഷ് നികുതിദായകരുടെ പണം നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ചില പിന്നാമ്പുറ ഇടപാടുകൾക്കുള്ള കൈക്കൂലിയായാണ് ഇന്ത്യയ്ക്ക് ബ്രിട്ടീഷ് അധികൃതർ സഹായം തുടരുന്നതെന്നും ചില വിമർശകർ ആരോപിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP