Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആ വിമാനം അപ്രത്യക്ഷമായത് ആകാശത്തെ അൽഭുത ലോകത്തല്ല; കടലിലെ കാണാക്കയങ്ങളിൽ തന്നെ; റീയൂണിയൻ ദ്വീപിൽ കണ്ടെത്തിയത് മലേഷ്യൻ വിമാനമെന്ന് സ്ഥിരീകരണം; 515 ദിവസം മുമ്പ് 239 ജീവനുമായി പറന്ന വിമാനത്തെ കുറിച്ചുള്ള കടംകഥകൾക്ക് അന്ത്യം

ആ വിമാനം അപ്രത്യക്ഷമായത് ആകാശത്തെ അൽഭുത ലോകത്തല്ല; കടലിലെ കാണാക്കയങ്ങളിൽ തന്നെ; റീയൂണിയൻ ദ്വീപിൽ കണ്ടെത്തിയത് മലേഷ്യൻ വിമാനമെന്ന് സ്ഥിരീകരണം; 515 ദിവസം മുമ്പ് 239 ജീവനുമായി പറന്ന വിമാനത്തെ കുറിച്ചുള്ള കടംകഥകൾക്ക് അന്ത്യം

കോലാലംമ്പൂർ: 515 ദിവസം ലോകത്തെ വിസ്മയത്തിന്റെ മുൾമുനയിൽ നിർത്തി ഒരു കാടൻകഥയ്ക്ക് സമാപനം ഉണ്ടായിരിക്കുന്നു. എങ്ങനെയാണ് ആ ദുരന്തം ഉണ്ടായതു എന്നത് കഥനകഥയായി തീരുമ്പോഴും ആകാശത്തല്ല ഭൂമിയിൽ തന്നെയാണ് 239 ജീവനുകളുമായി വിമാനം അപ്ര്യക്ഷമായതെന്ന് സ്ഥിരീകരണമായിരിക്കുന്നു.

കാണാതായ മലേഷ്യൻ വിമാനം എംഎച്ച് 370 തകർന്നതാണെന്ന് ഒടുവിൽ സ്ഥിരീകരണം ഉണ്ടായി. ഇന്ത്യൻ മഹാസമുദ്രത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെടുത്ത വിമാന ഭാഗങ്ങൾ കാണാതായ എംഎച്ച് 370 വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചതായി മലേഷ്യൻ പ്രധാനമന്ത്രി നജീബ് റസാഖ് അറിയിച്ചു. ഇതോടെയാണ് വിമാനം ആകാശത്ത് അപ്രത്യക്ഷമായി തുടങ്ങിയ കഥകൾക്ക് അന്ത്യമാകുന്നത്. തീവ്രവാദികൾ തട്ടിക്കൊണ്ട് പോയതാണ് വിമാനം എന്നു പോലും പ്രചരണമുണ്ടായി. അതും വിശ്വസിച്ച് കഴിയുന്നവരുണ്ടായിരുന്നു. അതിനിടെയാണ് എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് സ്ഥിരീകരണം വരുന്നത്.

വിമാന അവശിഷ്ടം മലേഷ്യൻ വിമാനത്തിന്റേതാണെന്ന് ഫ്രാൻസിൽ നടത്തിയ പരിശോധനയിൽ വിദഗ്ദ്ധർ അന്തിമ നിർണ്ണയത്തിൽ എത്തിയെന്നാണ് നജീബ് റസാഖ് പറഞ്ഞത്. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഫ്രഞ്ച് ദ്വീപായ റിയൂണിയനിൽ നിന്ന് ജൂലൈ 29ന് അമേരിക്കൻ സംഘമാണ് വിമാന ഭാഗങ്ങൾ കണ്ടെത്തിയത്. തുടർന്ന് വിശദമായ പരിശോധനയ്ക്കായി ഭാഗങ്ങൾ ഫ്രാൻസിലേക്ക് അയയ്ക്കുകയായിരുന്നു. വിമാനം തകർന്നതാണെന്ന് മലേഷ്യ പ്രഖ്യാപിച്ചതിനു പിന്നാലെ യാത്രക്കാരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവരം അറിയിക്കുകയുണ്ടായി.

2014 മാർച്ച് എട്ടിനാണ് ക്വാലാലമ്പൂരിൽനിന്നു ബീജിംഗിലേക്കു 239 യാത്രക്കാരുമായി പറന്ന വിമാനം പാതിവഴിയിൽ കാണാതായത്. അഞ്ചു ദിവസം മുൻപ് ആഫ്രിക്കൻ തീരത്തെ ദ്വീപിൽ നിന്നാണ് വിമാനച്ചിറകിന്റെ ഭാഗം കണ്ടെത്തിയത്. തുടർന്ന് ഫ്‌ലാപെറോണിന്റെ വിദഗ്ധ പരിശോധന ആരംഭിച്ചു. വിമാനാപകട അന്വേഷണങ്ങൾക്കായുള്ള സൈനിക ലാബിൽ പരിശോധന നടത്തി. അതിന് മുമ്പ് തന്നെ കടലിൽനിന്നു കിട്ടിയ വിമാനഭാഗം ബോയിങ് 777 വിമാനത്തിന്റേതാണെന്നു മലേഷ്യൻ അധികൃതർ ഉറപ്പിച്ചിരുന്നു. മുൻപ് വേറെ ബോയിങ് 777 വിമാനം കടലിൽ വീണിട്ടില്ലാത്തതിനാൽ ഇത് കാണാതായ വിമാനത്തിന്റെ ഭാഗംതന്നെയാണെന്നായിരുന്നു നിഗമനം.

വസ്തുവിനെ ലക്ഷം തവണ വലുതാക്കി കാട്ടുന്ന സൂക്ഷ്മദർശിനി ഉപയോഗിച്ചുള്ള രാസപരിശോധനയാണ് ഫ്രഞ്ച് ലാബിൽ നടന്നത്. വിമാനഭാഗത്തിന് കേടുപാട് സംഭവിച്ചതെങ്ങനെയെന്നു പരിശോധനയിൽ കണ്ടെത്താൻ ഇനി ശ്രമം തുടരും. എന്നാൽ 2014 മാർച്ച് എട്ടിന് 239 പേരുമായി ദുരൂഹമായി കാണാതായ വിമാനത്തിന് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ഇതു പര്യാപ്തമാകില്ലെന്നാണ് വിദഗ്ധരുടെ നിലപാട്. വിമാന അവശിഷ്ടം കിട്ടിയ റീയൂണിയൻ ദ്വീപിൽ ഞായറാഴ്ച വരെ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും വേറെ സൂചനകളൊന്നും ലഭിച്ചില്ല.

ആഫ്രിക്കയുടെ കിഴക്കൻതീരത്തു ഫ്രഞ്ച് അധീനതയിലുള്ള റീയൂണിയൻ ദ്വീപിലാണു രണ്ടു മീറ്റർ നീളമുള്ള വിമാനച്ചിറകിന്റെ ഭാഗമായ ഫ്‌ലാപെറോൺ അവശിഷ്ടം കണ്ടെത്തിയത്. ഇന്ത്യൻ മഹാസമുദ്രത്തിൽ മഡഗസ്സ്‌കറിന് 600 കിലോമീറ്റർ കിഴക്ക് ഫ്രഞ്ച് ഭരണ ദ്വീപുകളായ റീയൂണിയൻ ഐലൻഡ്‌സിന്റെ തീരത്താണ് അവശിഷ്ടങ്ങൾ അടിഞ്ഞത്. 2014 മാർച്ച് എട്ടിനാണ് 239 പേരുമായി കൊലാലംപുരിൽനിന്ന് ബെയ്ജിങ്ങിലേക്ക് പോയ വിമാനം കാണാതായത്. മലേഷ്യൻ നഗരമായ പെനാങ്ങിന് 230 മൈൽ വടക്കുകിഴക്കുവച്ച് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ഇപ്പോൾ ചിറക് കണ്ടെത്തിയത് പെനാങ്ങിന് 1500 മൈൽ അകലെയാണ്. ബോയിങ് 777ൽ കാണപ്പെടുന്ന ഫ്‌ലാപ്പെറോൺ എന്ന ഉപകരണവും ലഭിച്ചിരുന്നു.

പറന്നുയർന്ന് ഒരുമണിക്കൂറിനകം വിമാനവുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. അഞ്ച് ഇന്ത്യക്കാരും വിമാനത്തിലുണ്ടായിരുന്നു. തെക്കേ ഇന്ത്യൻ മഹാസമുദ്രത്തിനു മീതെ പറക്കുമ്പോൾ പ്രതികൂല കാലാവസ്ഥയിൽ വിമാനം തകർന്നുവീണതായാണു നിഗമനം. ഒരു വർഷത്തോളം ഓസ്‌ട്രേലിയയുടെ നേതൃത്വത്തിൽ വിദഗ്ധസംഘം കടലിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ജനുവരിയിൽ മലേഷ്യൻ അധികൃതർ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP