Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മല്യയെ കിട്ടാൻ ആർതർറോഡ് ജയിലിൽ എല്ലാ സൗകര്യവും ഉണ്ടന്ന് വാദിച്ച് ഇന്ത്യ; കള്ളപ്പണത്തിന് എതിരെ കേന്ദ്രം നിൽക്കുന്നുവെന്ന സന്ദേശമാകുമെന്ന പ്രതീക്ഷയിൽ മോദിയും ബിജെപിയും; ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ വെട്ടിച്ചു കടന്ന മദ്യരാജാവിനെ കുടുക്കാനായാൽ നേട്ടമാകുമെന്നും വിലയിരുത്തൽ

മല്യയെ കിട്ടാൻ ആർതർറോഡ് ജയിലിൽ എല്ലാ സൗകര്യവും ഉണ്ടന്ന് വാദിച്ച് ഇന്ത്യ; കള്ളപ്പണത്തിന് എതിരെ കേന്ദ്രം നിൽക്കുന്നുവെന്ന സന്ദേശമാകുമെന്ന പ്രതീക്ഷയിൽ മോദിയും ബിജെപിയും; ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ വെട്ടിച്ചു കടന്ന മദ്യരാജാവിനെ കുടുക്കാനായാൽ നേട്ടമാകുമെന്നും വിലയിരുത്തൽ

ലണ്ടൻ: സഹസ്രകോടികൾ രാജ്യത്തെ ബാങ്കുകളെ വെട്ടിച്ചു കടന്ന വിജയ്മല്യയെ ഇന്ത്യക്ക് വിട്ടുകിട്ടുമോ? നാളെ ലണ്ടനിൽ മല്യക്കെതിരെ വിചാരണ ആരംഭിക്കാനിരിക്കെ പ്രതീക്ഷയിലാണ് കേന്ദ്രസർക്കാരും ബിജെപിയും. മല്യയുടെ വാദങ്ങൾ പൊളിച്ച് മദ്യരാജാവിനെ ഇന്ത്യയിൽ വിചാരണയ്ക്ക് എത്തിക്കാൻ കഴിയുമെന്ന് വന്നാൽ അതിന്റെ നേട്ടം ഗുജറാത്ത് തിരഞ്ഞെടുപ്പിലും പാർ്ട്ടിക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

കള്ളപ്പണത്തിന് എതിരെയും നികുതി വെട്ടിപ്പുകാർക്കും സാമ്പത്തിക തട്ടിപ്പുകാർക്കും എതിരെയും ബിജെപി ശക്തമായി നിലപാട് സ്വീകരിച്ചു എന്ന് വാദിക്കാൻ ആകുമെന്നതാണ് നേട്ടം. ഇതിനായി എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നു. അതേസമയം വിചാരണ തുടങ്ങിയാലും ഉടനെയൊന്നും മല്യയെ ഇന്ത്യയിൽ എത്തിക്കാനാകില്ല. എന്നാൽ ഇന്ത്യൻ വാദങ്ങൾ വിജയിക്കുന്നു എന്നുവന്നാൽ തന്നെ അത് കേന്ദ്രസർക്കാരിന് നേട്ടമാകും.

മല്യയെ കുറ്റവാളി കൈമാറ്റ കരാർ വഴി വിട്ടുകിട്ടാനുള്ള ഇന്ത്യയുടെ അപേക്ഷയിന്മേൽ നാളെയാണ് വാദം തുടങ്ങുക. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേട്ട് കോടതിയിലാണു വാദം. 9000 കോടി രൂപയുടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ മല്യയെ വിട്ടുകിട്ടിയാൽ പാർപ്പിക്കാൻ മുംബൈ ആർതർ റോഡ് ജയിൽ തയാറാണെന്നു കോടതിയെ അറിയിക്കാനാണ് ഇന്ത്യയുടെ തീരുമാനം.

ഇന്ത്യൻ ജയിലിൽ സൗകര്യമില്ലെന്നും സുരക്ഷിതമല്ലെന്നുമുള്ള തൊടു ന്യായങ്ങൾ പറഞ്ഞാണ് മല്യ പിടിച്ചുനിൽക്കുന്നതും രണ്ടുതവണ ജാമ്യം നേടിയതും. ഈ സാഹചര്യത്തിലാണ് പഴുതടച്ച പ്രതിരോധവുമായി ഇന്ത്യന് നീക്കം.

ഇന്ത്യയിലെ ജയിലുകൾ സുരക്ഷിതമല്ലെന്നും മനുഷ്യാവകാശ ലംഘനങ്ങൾ പതിവാണെന്നുമുള്ള മല്യയുടെ പ്രധാന തടസ്സവാദത്തെ മറികടക്കാനാണ് ആർതർ റോഡ് ജയിലിലെ സുരക്ഷാസംവിധാനങ്ങളിലെ മികവ് ഉൾപ്പെടെ ചൂണ്ടിക്കാട്ടി മറുവാദത്തിനു കേന്ദ്രം തയ്യാറെടുക്കുന്നത്. ഇന്ത്യയ്ക്കു വേണ്ടി കേസ് വാദിക്കുന്ന ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) ഇക്കാര്യം കോടതിയെ അറിയിക്കും.

ഇന്ത്യയിലെ 17 ബാങ്കുകളിൽനിന്നുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം 9000 കോടി രൂപയുടെ കടബാധ്യത വരുത്തിയശേഷം തിരിച്ചടയ്ക്കാതെ 2016 മാർച്ചിൽ ലണ്ടനിലേക്കു കടക്കുകയായിരുന്നു മല്യ.

തട്ടിപ്പിനും കള്ളപ്പണക്കേസിലും സ്‌കോട്ലൻഡ് യാർഡ് ഈ വർഷമാദ്യം മല്യയെ അറസ്റ്റ് ചെയ്‌തെങ്കിലും 5.65 കോടി ഇന്ത്യൻ രൂപയ്ക്കു തത്തുല്യമായ ജാമ്യത്തുക കെട്ടിവച്ച് ഉടൻതന്നെ പുറത്തിറങ്ങുകയായിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമാണ് അറുപത്തിയൊന്നുകാരനായ മല്യ പറയുന്നത്. മികച്ച അഭിഭാഷകരെയാണു തനിക്കു വേണ്ടി മല്യ കോടതിയിൽ അണിനിരത്തിയിരിക്കുന്നതും.

ക്രിക്കറ്റിലെ വാതുവയ്പുമായി ബന്ധപ്പെട്ട് ഇന്ത്യ തേടുന്ന കുറ്റവാളി സഞ്ജീവ് ചൗളയെ വിട്ടുകിട്ടാനും ഒക്ടോബറിൽ ശ്രമമുണ്ടായിരുന്നു. എന്നാൽ തിഹാർ ജയിലിൽ ചൗള സുരക്ഷിതനായിരിക്കില്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസിൽ യുകെ ഹൈക്കോടതിയിൽ അപ്പീലിനു പോകാനാണു സർക്കാർ തീരുമാനം. സമാന രീതിയിൽ മല്യയുടെ കാര്യത്തിൽ വീഴ്ച ഉണ്ടാവാതിരിക്കാൻ മുൻകരുതലുമായാണ് കേന്ദ്ര നീക്കം. ഇന്ത്യയും യുകെയും തമ്മിൽ 1992 മുതൽ കുറ്റവാളി കൈമാറ്റ കരാർ ഉണ്ടെങ്കിലും ഒരു കുറ്റവാളിയെ മാത്രമേ വിട്ടുകിട്ടിയിട്ടുള്ളൂ. 2002ലെ ഗോധ്ര കലാപക്കേസിലെ പ്രതികളിലൊരാളായ സമീർഭായ് വിനുഭായ് പട്ടേലായിരുന്നു അത്.

മല്യയ്ക്കു ജയിൽവാസം 'സുരക്ഷിത'മായിരിക്കുമെന്നതിന്റെ മുഴുവൻ വിവരങ്ങളും കേന്ദ്രം നൽകും. കുറ്റവാളി കൈമാറ്റ കരാർ പ്രകാരം ഇന്ത്യയിലേക്കു പ്രതികളെ അയച്ചാൽ ജയിലിൽ അവരുടെ ജീവനു ഭീഷണിയുണ്ടെന്ന കാര്യത്തിൽ കഴിഞ്ഞ തവണ മല്യയുടെ കേസ് പരിഗണിക്കവേ ചീഫ് മജിസ്‌ട്രേറ്റ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ വിഷയം ഇന്ത്യ പരിഗണിക്കുമെന്ന് അന്നു സിപിഎസ് മറുപടി നൽകി. തുടർന്നാണ് സുരക്ഷ സംബന്ധിച്ച് ചിത്രങ്ങൾ സഹിതം മുഴുവൻ വിവരങ്ങളും കൈമാറിയത്.

ആർതർ റോഡ് ജയിൽ മല്യയ്ക്കായി ഒരുങ്ങിയിരിക്കുകയാണെന്ന വാദത്തിലാണ് ഇത്തവണ ഇന്ത്യയുടെ മുഴുവൻ പ്രതീക്ഷയും. ഡിസംബർ 14 വരെ കേസിൽ വാദം തുടരും. ഈ വർഷം അവസാനത്തോടെ വിധിയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. വിധി മല്യയ്ക്കു പ്രതികൂലമായാൽ രണ്ടുമാസത്തിനകം ഇന്ത്യയ്ക്കു വിട്ടുകൊടുക്കേണ്ടി വരും. എന്നാൽ മല്യയ്ക്ക് അപ്പീൽ കൊടുക്കാനുള്ള അവസരമുണ്ട്. അവ കൂടി തള്ളിയാൽ മാത്രമേ അന്തിമവിധി വരൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP