Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈജിപ്തിലെ മുല്ലപ്പൂവിപ്ലവത്തിന്റെ നായകന് കോടതി മുറിയിൽ ദയനീയ അന്ത്യം; ഹോസിനി മുബാരകിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് അധികാരമേറ്റ മുഹമ്മദ് മുർസി മരിച്ചത് പട്ടാള കസ്റ്റഡിയിൽ നിന്ന് കോടതി മുറിയിൽ എത്തിച്ചപ്പോൾ; നേതാവിനെ കൊലയ്ക്ക് കൊടുത്തെന്ന് മുസ്ലിം ബ്രദർഹുഡ്

ഈജിപ്തിലെ മുല്ലപ്പൂവിപ്ലവത്തിന്റെ നായകന് കോടതി മുറിയിൽ ദയനീയ അന്ത്യം; ഹോസിനി മുബാരകിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് അധികാരമേറ്റ മുഹമ്മദ് മുർസി മരിച്ചത് പട്ടാള കസ്റ്റഡിയിൽ നിന്ന് കോടതി മുറിയിൽ എത്തിച്ചപ്പോൾ; നേതാവിനെ കൊലയ്ക്ക് കൊടുത്തെന്ന് മുസ്ലിം ബ്രദർഹുഡ്

മറുനാടൻ ഡെസ്‌ക്‌

കയ്റോ; അറബ് വസന്ത ശേഷം നിലവിൽ വന്ന ജനാധിപത്യ ഈജിപ്തിന്റെ പ്രഥമ പ്രസിഡന്റും മുസ്ലിം ബ്രദർഹുഡ് നേതാവുമായിരുന്ന മുഹമ്മദ് മുർസി (67) അന്തരിച്ചത് കോടതി മുറിയിൽ കുഴഞ്ഞു വീണ്. കേസുകളുടെ ഭാഗമായി കോടതിയിൽ ഹാജരായ അദ്ദേഹം വിചാരണക്കിടെ കുഴഞ്ഞുവീഴുകയും തുടർന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു.

ജഡ്ജിക്കുമുമ്പാകെ 20 മിനിറ്റ് സംസാരിച്ച മുർസി ക്ഷീണിതനായി കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് 'അൽജസീറ' റിപ്പോർട്ട് ചെയ്തു. കടുത്ത പ്രമേഹവും കരൾ രോഗവും ബാധിച്ച മുർസിക്ക് അന്താരാഷ്ട്ര മര്യാദ അനുസരിച്ചുള്ള പരിഗണനകളൊന്നും ജയിലിൽ ലഭ്യമല്ലെന്നും ഇത് അദ്ദേഹത്തിന്റെ ജീവൻ അപകടപ്പെടുത്തുമെന്നും നേരത്തേ കുടുംബം പരാതിപ്പെട്ടിരുന്നു.

2011ൽ അറബ് വസന്തത്തിനു പിന്നാലെ ഈജിപ്തിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായിരുന്നു മുർസി. ഹുസ്നി മുബാറക്കിന്റെ 30 വർഷത്തെ ഏകാധിപത്യഭരണത്തിനും മുർസിയുടെ അധികാരാരോഹണം വിരാമമിട്ടു.പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൃത്രിമത്വം നടത്തിയെന്ന് ആരോപിച്ച് പട്ടാളഭരണത്തിന് കീഴിൽ ഏഴു വർഷമായി തടവുശിക്ഷ അനുഭവിച്ച് വരികയായിരുന്നു മുർസി. 2013 ജൂലൈയിൽ രാജ്യത്ത് വൻ ജനകീയ പ്രക്ഷോഭം അരങ്ങേറി. തുടർന്നുണ്ടായ പട്ടാള അട്ടിമറിയിൽ മുർസിയെ അധികാരഭ്രഷ്ടനാക്കി പ്രതിരോധമന്ത്രിയായിരുന്ന അബ്ദുൽ ഫത്താഹ് അൽസീസി ഭരണം പിടിച്ചു.

നാലു വർഷത്തേക്ക് അധികാരത്തിലേറിയ മുർസിയെ ഒരു വർഷത്തിനു ശേഷം പുറത്താക്കിയ സീസി ഭരണകൂടം പിന്നീട് പ്രതികാരനടപടികളിലേക്ക് തിരിഞ്ഞു. ഹമാസുമായി ചേർന്ന് ഈജിപ്തിലെ പ്രക്ഷോഭകാരികൾക്കെതിരെ ഗൂഢാലോചന നടത്തിയ കേസിലാണ് തിങ്കളാഴ്ച മുർസിയെ കോടതിയിൽ ഹാജരാക്കിയത്. 2012ൽ പ്രസിഡന്റിന്റെ കൊട്ടാരത്തിനു പുറത്തു നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പീഡിപ്പിച്ചുവെന്ന കേസിൽ മുർസിയെ 20 വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു.

ഖത്തറിന് ഔദ്യോഗികരഹസ്യം കൈമാറിയെന്ന കേസിൽ 2016ൽ 25 വർഷത്തേക്കും പിന്നീട് ജുഡീഷ്യറിയെ അപമാനിച്ചെന്ന കേസിൽ മൂന്നു വർഷത്തേക്കും ശിക്ഷിച്ചിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി ദക്ഷിണ കൈറോയിലെ കുപ്രസിദ്ധമായ തോറ ജയിലിൽ ഏകാന്തതടവിലായിരുന്നു മുർസി. ഭാര്യ: നജ്ല മഹ്മൂദ്. മക്കൾ: അഹ്മദ് മുഹമ്മദ്, ശൈമ, ഉസാമ, ഉമർ, അബ്ദുല്ല.

1951 ഓഗസ്റ്റ് 20ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുർസി ഈസാ അൽ ഇയ്യാഥിന്റെ ജനനം. കയ്റോ സർവകലാശാലയിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം 1982 ൽ കലിഫോർണിയ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവർഷം പ്രഫസറായി സേവനമനുഷ്ഠിച്ചു. 1985 ൽ ജന്മനാട്ടിലേക്ക് മടങ്ങിയ മുർസി ബ്രദർഹുഡ് നേതൃത്വവുമായി അടുക്കുകയും പ്രസ്ഥാനത്തിൽ സജീവമാവുകയുമായിരുന്നു.മുസ്ലിം ബ്രദർഹുഡിന്റെ രാഷ്ട്രീയ മുഖമായ ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ (എഫ്.ജെ.പി) മുൻ അധ്യക്ഷനായിരുന്നു.

അപ്രതീക്ഷിതമായാണ് മുർസി പ്രസിഡന്റ് സ്ഥാനാർത്ഥി പട്ടികയിലെത്തിയത്. ഫ്രീഡം ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ അധ്യക്ഷനും ഔദ്യോഗിക സ്ഥാനാർത്ഥിയുമായ ഖൈറാത്ത് ശാത്വിറിന് തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യത കൽപിച്ചതോടെയാണ് ഡമ്മി സ്ഥാനാർത്ഥിയായിരുന്ന മുർസി മത്സരത്തിന്റെ ഒന്നാംനിരയിലെത്തുന്നതും വിജയിച്ച് ഈജിപ്തിന്റെ ആദ്യ ജനാധിപത്യരീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമായത്.

മന്മോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ മുർസി ഇന്ത്യയും സന്ദർശിച്ചു. 2013 മാർച്ചിൽ മൂന്ന് ദിവസത്തെ സൗഹൃദ സന്ദർശത്തിനെത്തിയ മുർസി രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ്, വിദേശകാര്യ മന്ത്രി സൽമാൻ ഖുർശിദ്, സഹമന്ത്രി ഇ. അമ്മദ് എന്നിവരുമായും കൂടിക്കാഴ്ച നടത്തുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP