Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മ്യാന്മറിലെ വംശഹത്യയുടെ ക്രൂര മുഖം പുറം ലോകത്തെത്തിച്ചതിന് കിട്ടിയത് തടവറ; ജയിലിൽ കിടക്കെ മാധ്യമപ്രവർത്തനത്തിന്റെ ധീരതയെ തേടിയെത്തിയത് പുലിസ്റ്റർ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ; അഞ്ഞൂറിലധികം ദിവസങ്ങൾ തടവറയിൽ കഴിഞ്ഞ വാ ലോനിനും, ക്യാവ് സോവിനും ഒടുവിൽ മോചനം

മ്യാന്മറിലെ വംശഹത്യയുടെ ക്രൂര മുഖം പുറം ലോകത്തെത്തിച്ചതിന് കിട്ടിയത് തടവറ; ജയിലിൽ കിടക്കെ മാധ്യമപ്രവർത്തനത്തിന്റെ ധീരതയെ തേടിയെത്തിയത് പുലിസ്റ്റർ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ; അഞ്ഞൂറിലധികം ദിവസങ്ങൾ തടവറയിൽ കഴിഞ്ഞ വാ ലോനിനും, ക്യാവ് സോവിനും ഒടുവിൽ മോചനം

മറുനാടൻ ഡെസ്‌ക്‌

ബർമ: മ്യാന്മാർ വംശഹത്യയുടെ ക്രൂര മുഖം പുറംലോകത്തെത്തിച്ചതിനെ തുടർന്ന് സർക്കാർ തുറങ്കിലടച്ച റോയിട്ടേഴ്സിന്റെ വാ ലോനിനും, ക്യാവ് സോവിനും മോചനം. മ്യാന്മറിന്റെ പുതുവത്സരത്തിനോടനുബന്ധിച്ചാണ് ഇരുവരെയും സ്വതന്ത്രരാക്കാൻ ഭരണകൂടം തീരുമാനിച്ചത്. 

ഔദ്യോഗിക സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ചാണ് മ്യാന്മർ സർക്കാർ ഇവരെ ജയിലിലടച്ചിരുന്നത്. മ്യാന്മറിലെ വംശഹത്യയിൽ കൊല്ലപ്പെട്ട റോഹിങ്യൻ മുസ്ലിംങ്ങളുടെ കുടുംബങ്ങളേയും, പ്രദേശത്തെ ബുദ്ധമത വിശ്വാസികളേയും ഉദ്ധരിച്ചു കൊണ്ട് ഇവർ തയ്യാറാക്കിയ റിപ്പോർട്ട് റോഹിങ്യ മുസ്ലിംങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ ലോകത്തിന് മുന്നിൽ തുറന്നു കാട്ടുന്നതിൽ നിർണായകമായിരുന്നു. അഞ്ഞൂറിലേറെ ദിവസമാണ് ഇവർ തടവറയിൽ കഴിഞ്ഞത്. 2017 ഡിസംബറിലാണ് ഇവർ അറസ്റ്റിലാകുന്നത്.

റോഹിങ്യാ മുസ്ലിംങ്ങൾക്കെതിരെ സുരക്ഷാ സേനയും ബുദ്ധമതക്കാരും അഴിച്ചു വിട്ട ആക്രമങ്ങളെക്കുറിച്ച് തയ്യാറാക്കിയ റിപ്പോർട്ടിന് ഇരുവരേയും 2018 ഏപ്രിലിൽ പുലിസ്റ്റർ പുരസ്‌കാരം തേടിയെത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ ടൈം മാഗസിന്റെ പേഴ്സൺ ഓഫ് ദി ഇയർ ആയി ആദരിച്ചത് 'സത്യത്തിന്റെ സംരക്ഷകരായ' മാധ്യമപ്രവർത്തകരേയായിരുന്നു. ഇതിൽ ലോനും സോയും ഉൾപ്പെട്ടിരുന്നു. ഇവരെക്കൂടാതെ തുർക്കി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ട സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗ്ജി, ഫിലിപ്പീൻ മാധ്യമ പ്രവർത്തക മരിയ റെസ്സ, മ്യാന്മറിൽ അറസ്റ്റിലായ റോയിട്ടേഴ്‌സ് മാധ്യമപ്രവർത്തകരായ വാ ലോൺ, ക്യോ സോയിഊ, വെടിവെപ്പിൽ കൊല്ലപ്പെട്ട മാരിലാൻഡിലെ ക്യാപ്പിറ്റൽ ഗസറ്റ് പത്രത്തിലെ മാധ്യപ്രവർത്തകർ, എന്നിവരും ടൈം മാഗസിന്റെ മുഖച്ചിത്രത്തിൽ ഉൾപ്പെട്ടിരുന്നു. മാധ്യമസ്വാതന്ത്ര്യം രൂക്ഷമായ പ്രതിസന്ധി നേരിടുന്നുവെന്ന സന്ദേശമായിരുന്നു ടൈം മാഗസിന്റെ തെരഞ്ഞെടുപ്പെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.

മുപ്പത്തിമൂന്നുകാരനായ വാ ലോൻ ,കിൻ പ്യിറ്റിലെ നെൽ കൃഷിക്കാരുടെ കുടുംബത്തിലാണ് ജനിച്ചത്. അഞ്ഞൂറിൽ താഴെ മാത്രം ആളുകൾ ജീവിക്കുന്ന വരണ്ട സമതലപ്രദേശമായ സാഗെയ്ങ് പ്രവശ്യയുടെ ഭാഗമാണ് കിൻ പ്യിറ്റ്.തന്റെ ഇരുപതുകളുടെ തുടക്കത്തിൽ മ്യാന്മറിലെ ഏറ്റവും വലിയ പട്ടണമായ യാൻഗോനിലെത്തിയ ലോൻ മാധ്യമരംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. മ്യാന്മർ ടൈംസിൽ ജോലി ചെയ്യുമ്പോൾ പരിചയപ്പെട്ട പാൻ ഈ മോനെയാണ് ലോൻ പിന്നീട് വിവാഹം കഴിച്ചത്.

2016ലാണ് ലോൻ റോയിട്ടേഴ്സിലെത്തുന്നത്. അതിനിടെയാണ് ഉത്തര റാഖിനെയിലെ ഇൻ ദിനിൽ റോഹിങ്യൻ മുസ്ലിംങ്ങളെ പൊലീസും പ്രദേശത്തെ ബുദ്ധമത വിശ്വാസികളും ആക്രമിക്കുന്നുവെന്ന വാർത്ത പുറത്തു വരുന്നത്. പ്രസ്തുത വിഷയം റിപ്പോർട്ട് ചെയ്യുന്നതിനായി റാഖിനയെക്കുറിച്ചുള്ള വിവരങ്ങൾ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് കാണിച്ചാണ് ലോനിനെ മ്യാന്മർ സർക്കാർ അറസ്റ്റു ചെയ്തത്.

ലോനിന്റെ സഹപ്രവർത്തകനായ ക്യാവ് സോ, റാഖിനെയുടെ തലസ്ഥാനമായ സിറ്റവെയിലെ ബുദ്ധമത കുടുംബത്തിലെ അംഗമാണ്. 2012 മുതൽ പ്രദേശത്ത് വംശീയ പ്രശ്നങ്ങൾ മൂലമുള്ള അരക്ഷിതാവസ്ഥ നിലനിന്നിരുന്നെങ്കിലും, സോ ഇതിലൊന്നും താത്പര്യം കാണിച്ചിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നു. പുസ്തകങ്ങളിലും കവിതകളിലും അഭയം പ്രാപിച്ച വ്യക്തിയായിരുന്നു സോ. പിന്നീട് മാധ്യമപ്രവർത്തകനായ സോ രാഖിനെ കേന്ദ്രീകരിച്ച് വാർത്താ ഏജൻസി ആരംഭിച്ചു. 2017ൽ റാഖിനെയിൽ ആക്രമണം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമാണ് സോ റോയിട്ടേഴ്സിന്റെ ഭാഗമാകുന്നത്.

രണ്ടു മാധ്യമപ്രവർത്തകരും രാജ്യത്തെ ഒരു നിയമവും ലംഘിച്ചില്ലെന്ന് റോയിട്ടേഴ് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ധീരരായ മാധ്യപ്രവർത്തകരെ വെറുതെ വിട്ട മ്യാന്മറിന്റെ നടപടിയിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണെന്ന് റോയിട്ടേഴ്‌സിന്റെ എഡിറ്ററുടെ പ്രസ്താവനയിൽ പറയുന്നു. മാധ്യമപ്രവർത്തകനായി തന്നെ തുടരുമെന്നും ന്യൂസ് റൂമിലേക്കു പോകാൻ തിടുക്കമായെന്നും വാ ലോൻ പ്രതികരിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP