Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി ഭൂകമ്പം; മരണം 10,000 കവിയുമെന്ന് നേപ്പാൾ പ്രധാനമന്ത്രി; അയ്യായിരത്തോളം പേരുടെ മൃതദേഹം കണ്ടെടുത്തു; ലക്ഷക്കണക്കിനു ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; സഹായഹസ്തവുമായി ലോകരാജ്യങ്ങൾ

നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി ഭൂകമ്പം; മരണം 10,000 കവിയുമെന്ന് നേപ്പാൾ പ്രധാനമന്ത്രി; അയ്യായിരത്തോളം പേരുടെ മൃതദേഹം കണ്ടെടുത്തു; ലക്ഷക്കണക്കിനു ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; സഹായഹസ്തവുമായി ലോകരാജ്യങ്ങൾ

കാഠ്മണ്ഡു: നേപ്പാളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറുകയാണ് കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ഭൂകമ്പം. മരണം പതിനായിരം കവിയുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീൽ കുമാർ കൊയ്‌രാള പറഞ്ഞു. ഇതിനകം അയ്യായിരത്തോളം പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. മരണസംഖ്യ പതിനായിരമായാൽ നേപ്പാളിന് ഏറ്റവും നാശം വിതച്ച പ്രകൃതിദുരന്തമായി ഭൂകമ്പം മാറും. 1934ൽ നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ 8500 പേരാണ് മരിച്ചത്.

ലക്ഷക്കണക്കിനാളുകളാണു ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോടു സംസാരിക്കുമ്പോഴാണ് മരണസംഖ്യ പതിനായിരം കവിയുമെന്ന് നേപ്പാൾ പ്രധാനമന്ത്രി പറഞ്ഞത്. ആഭ്യന്തര മന്ത്രാലയം പുറത്തു വിട്ട ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം മരണസംഖ്യ 4349 ആണ്. പതിനായിരക്കണക്കിന് ആളുകൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ കഴിയുകയാണ്. തുടർ ചലനങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്നതിനാൽ ജനം ഭീതിയിലാണ്. മിന്നലോട് കൂടിയ കനത്ത മഴ രക്ഷാപ്രവർത്തനം ദുരിതത്തിലാക്കി. തുറസായ സ്ഥലങ്ങളിലാണു ജനങ്ങൾ കഴിച്ചുകൂട്ടുന്നത്.

അടുത്ത ഒരു മാസത്തോളം ചെറിയ രീതിയിലുള്ള തുടർച്ചലനങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് നേപ്പാളിലെ നാഷണൽ സെസ്‌മോളജിക്കൽ സെന്റർ അറിയിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ഭൂകമ്പ മാപിനിയിൽ 4.5 രേഖപ്പെടുത്തിയ ചലനമുണ്ടായിരുന്നു. നേപ്പാളിനെ തകർത്ത് തരിപ്പണമാക്കുകയും ആയിരങ്ങളുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത ഭൂകമ്പം എവറസ്റ്റിന്റെ ഉയരത്തെ ബാധിച്ചിട്ടില്ലെന്ന് വിദഗ്ദ്ധർ പറഞ്ഞു.

ഇപ്പോഴും നിരവധി പേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. 1.4 ദശലക്ഷത്തോളം പേർക്ക് അടിസ്ഥാനസൗകര്യങ്ങളുടെ ദൗർലഭ്യമുണ്ട്. ഗവൺമെന്റിന്റെ പ്രതികരണം മന്ദ ഗതിയിലാണെന്ന് ആരോപിച്ച് കുപിതരായ നേപ്പാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ തിരയുകയാണ്. സഹായത്തിന് വേണ്ടി കാത്തിരിക്കുന്നതിലും നല്ലത് സ്വയം ചെയ്യുന്നതാണെന്ന് അവർ പറഞ്ഞു. ഇപ്പോൾ തങ്ങളുടെ കൈകൾ യന്ത്രങ്ങളാണെന്ന് വ്യക്തമാക്കി അഴുകുന്ന മൃതദേഹങ്ങളുടെ ദുർഗന്ധത്തിൽ നിന്നും രക്ഷനേടാനായി മുഖം മറയ്ക്കുന്ന മാസ്‌ക്കുകളുമായി അവർ സ്വയം രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്.

അതിനിടെ, ഉത്തർപ്രദേശ് ഗവൺമെന്റ് അയച്ച പതിനെട്ട് ട്രക്കുകൾ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെത്തി. പത്ത് ട്രക്ക് ഭക്ഷണവും ഏഴ് ട്രക്ക് വെള്ളവും ഒരു ട്രക്ക് അവശ്യ മരുന്നുകളും നേപ്പാളിലെ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി ട്വിറ്ററിലൂടെ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേന ഡയറക്ടർ ജനറൽ ഒ.പി. സിംഗുമായി താൻ ഇന്ന് രാവിലെ സംസാരിച്ചിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും ഇന്ത്യൻ ആർമിയും മറ്റ് സേനകളും നേപ്പാളിൽ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്ത് ലക്ഷത്തോളം കുട്ടികളാണ് ദുരന്തമേഖലയിൽ ദുരിതത്തിൽ കഴിയുന്നത്. ഭൂകമ്പബാധിതമേഖലകളിൽ അവശേഷിക്കുന്ന വീടുകളിൽ 4000ലേറെ വാസയോഗ്യമല്ലാതായി. ആവശ്യത്തിന് ടെന്റും കുടിവെള്ളവും കക്കൂസ് സൗകര്യവും ഇല്ല. കുട്ടികൾ മാരകമായ പകർച്ചവ്യാധിയുടെ ഭീഷണിയിലാണെന്ന് യൂണിസെഫും മുന്നറിയിപ്പ് നൽകി. നേപ്പാളിൽ നടത്തിവരുന്ന രക്ഷാപ്രവർത്തനം അഞ്ചു ദിവസം കൊണ്ടു പൂർത്തിയാക്കാൻ സാധിക്കുമെന്നു ദേശീയ ദുരന്തനിവാരണ സേന ഐജി സന്ദീപ് റാത്തോഡ് പറഞ്ഞു. കുടിവെള്ളവും ഭക്ഷണവും എത്തിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. നേപ്പാൾ സർക്കാർ ആവശ്യപ്പെടുന്ന സമയംവരെ ഇന്ത്യൻ ദുരന്തനിവാരണ സേന നേപ്പാളിൽ തുടരുമെന്നും ഇന്ത്യയിലെ രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായി. വാർത്താവിനിമയ ബന്ധങ്ങൾ പുനഃസ്ഥാപിച്ചു വരികയാണെന്നും ദുരന്തനിവാരണ സേനയുടെ ആറു യൂണിറ്റുകൾക്കൂടി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുമെന്നും റാത്തോഡ് പറഞ്ഞു.

ഭൂകമ്പത്തെ തുടർന്നു തകർന്നടിഞ്ഞ നേപ്പാളിലേക്കു രക്ഷാ പ്രവർത്തനങ്ങൾക്കായി സൈന്യത്തെ അയക്കുമെന്ന് കാനഡയും വ്യക്തമാക്കിയിട്ടുണ്ട്. 150 സൈനികരെയാണു രക്ഷാപ്രവർത്തനങ്ങൾക്കായി കാനഡ അയക്കുന്നത്. സി-17 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനവും രക്ഷാപ്രവർത്തനങ്ങൾക്കായി കാനഡയിൽ നിന്നും നേപ്പാളിലേക്കു തിരിച്ചു. അഞ്ചു മില്യൺ കനേഡിയൻ ഡോളറിന്റെ സഹായം ഇതിനോടകം തന്നെ കാനഡ നേപ്പാളിനായി പ്രഖ്യാപിച്ചു കഴിഞ്ഞു. ബുധനാഴ്ച പുലർച്ചെ തന്നെ സി-17 മിലിട്ടറി വിമാനം നേപ്പാളിൽ ഇറങ്ങും. 388 കാനഡക്കാർ നേപ്പാളിൽ കുടുങ്ങിയതായാണു പ്രാഥമിക വിവരം. ഇവരേയും ഇന്ത്യക്കാരേയും സി-17 മിലിട്ടറി വിമാനത്തിൽ ഇന്ത്യയിലേക്ക് എത്തിക്കാനും പദ്ധതിയുണ്ട്.

നിരവധി രാജ്യങ്ങളിൽനിന്ന് അവശ്യ വസ്തുക്കൾ എത്തിച്ചിട്ടുണ്ടെങ്കിലും ആശുപത്രികൾ പലതും മരുന്നുകൾ അടക്കമുള്ളവ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. പഴക്കമുള്ള ആശുപത്രികളിൽനിന്ന് പരിക്കേറ്റവരെ താത്കാലിക ഷെഡ്ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യ, ചൈന, ഫ്രാൻസ്, ഇറ്റലി, കാനഡ, ബ്രിട്ടൻ, അമേരിക്ക, ഓസ്‌ട്രേലിയ, തായ്‌വാൻ, പാക്കിസ്ഥാൻ, യു.എ.ഇ, ഇസ്രയേൽ, സ്വിറ്റ്‌സർലൻഡ്, നോർവെ, സിംഗപ്പൂർ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് നേപ്പാളിലേക്ക് രക്ഷാപ്രവർത്തകരെയും അവശ്യ വസ്തുക്കളും അയച്ചിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP