Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്നേഹം കൊണ്ട് കണ്ണ് നിറഞ്ഞ് ഹാരിയും മേഗനും; ചുംബിക്കാൻ നേരമായോ എന്ന് ചോദിച്ച് മേഗൻ; ഡയാനയുടെ മോതിരം അണിഞ്ഞ് ആദരവ് കാട്ടി ദമ്പതികൾ; രാജ്ഞിക്കും കിരീടാവകാശിക്കുമൊപ്പം ആദ്യമായി ഒരു കറുത്ത വർഗക്കാരിയും;ഒരു അമേരിക്കൻ സീരിയൽ നടി ഡ്യൂചസ് ഓഫ് സസെക്സ് കിരീടമണിഞ്ഞ് രാജകുടുംബത്തിലേക്ക് കയറി വന്നതിങ്ങനെ

സ്നേഹം കൊണ്ട് കണ്ണ് നിറഞ്ഞ് ഹാരിയും മേഗനും; ചുംബിക്കാൻ നേരമായോ എന്ന് ചോദിച്ച് മേഗൻ; ഡയാനയുടെ മോതിരം അണിഞ്ഞ് ആദരവ് കാട്ടി ദമ്പതികൾ; രാജ്ഞിക്കും കിരീടാവകാശിക്കുമൊപ്പം ആദ്യമായി ഒരു കറുത്ത വർഗക്കാരിയും;ഒരു അമേരിക്കൻ സീരിയൽ നടി ഡ്യൂചസ് ഓഫ് സസെക്സ് കിരീടമണിഞ്ഞ് രാജകുടുംബത്തിലേക്ക് കയറി വന്നതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടും കുരവയുമായി ഇന്നലെ നടന്ന ഹാരി രാജകുമാരന്റെയും മാർകിൽ മേഗന്റെയും രാജകീയ വിവാഹത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ യുകെയിലെങ്ങും പടരുന്നത്. രാജഭക്തർക്കും മാധ്യമങ്ങൾക്കും ഇതിന്റെ വിശേഷങ്ങളും പെരുമകളും എത്ര വിവരിച്ചിട്ടും മതിയാവാത്ത അവസ്ഥയാണുള്ളത്. ഇതിന് മുമ്പ് നടന്ന രാജകീയ വിവാഹങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി ആധുനിക കാലത്തിന് അനുയോജ്യമായ വിധത്തിൽ നടന്ന വിവാഹമായിരുന്നു ഇത്. ഹാരിക്കും മേഗനും ചടങ്ങിൽ വച്ച് സ്നേഹം കൊണ്ട് കണ്ണ് നിറഞ്ഞ അവസ്ഥയായിരുന്നു.

തങ്ങളുടെ പ്രണയം യാഥാർത്ഥ്യമാവുന്നതിന്റെ ഹർഷോന്മാദം അവരുടെ ഓരോ ചലനങ്ങളിലും പ്രകടമായിരുന്നു. ചടങ്ങിനിടെ ഹാരിയെ ചുംബിക്കാൻ നേരമായോ എന്ന മേഗന്റെ ചോദ്യം ഏവരും കൗതുകത്തോടെയാണ് ശ്രവിച്ചത്. ഡയാനയുടെ മോതിരം അണിഞ്ഞ് ആദരവ് കാട്ടിയാണ് മേഗൻ ചടങ്ങിനെത്തിയിരുന്നത്. രാജ്ഞിക്കും കിരീടാവകാശിക്കുമൊപ്പം ആദ്യമായി ഒരു കറുത്ത വർഗക്കാരി അണി നിരന്ന രാജകീയ വിവാഹ ചടങ്ങെന്ന പ്രത്യേകതയും ഇതിനുണ്ട്. മേഗന്റെ അമ്മയായ ഡോറിയയായിരുന്നു ഇത്. ഒരു അമേരിക്കൻ സീരിയൽ നടിയായിരുന്ന മേഗൻ ഡ്യൂചസ് ഓഫ് സസെക്സ് കിരീടമണിഞ്ഞ് രാജകുടുംബത്തിലേക്ക് കയറി വന്നത് ഇത്തരത്തിൽ ചരിത്രസംഭവമാവുകയാണ്.

തൂവെള്ള ഗൗൺ ധരിച്ച് കിരീടം ചൂടി സുന്ദരിയായി വിവാഹത്തിനെത്തിയ മേഗനെ കണ്ടപാടെ അവരുടെ കരം ഗ്രഹിച്ച് നീ വളരെ സുന്ദരിയാണെന്ന് പറഞ്ഞ് ഹാരി ചുംബിച്ചത് ഇന്നലെ തന്നെ വൻ വാർത്തയായിരുന്നു. വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപലിലായിരുന്നു ഈ രാജകീയ വിവാഹം പ്രൗഢഗംഭീരമായി ഇന്നലെ നടന്നത്. വിവാഹത്തോടനുബന്ധിച്ച് ചാപലിന് മുന്നിൽ ഒരു ലക്ഷത്തിലധികം പേരായിരുന്നു സംഗമിച്ചിരുന്നത്.

ഇതിന് പുറമെ ലൈവ് ടെലികാസ്റ്റിംഗിലൂടെ ലോകമാകമാനം ദശലക്ഷക്കണക്കിന് പേരായിരുന്നു വിവാഹം ദർശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു വിവാഹ ചടങ്ങുകൾ ആരംഭിച്ചിരുന്നത്. കാന്റർബറി ആർച്ച് ബിഷപ്പാണ് വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകിയിരുന്നത്. ഒരു മണിക്കൂറോളം ചടങ്ങുകൾ നീണ്ട് നിന്നിരുന്നു. വെളുത്ത വർഗക്കാരനായ പിതാവും ഹോളിവുഡിലെ മുൻ ലൈറ്റംഗ് ഡയറക്ടറുമായ തോമസ് മാർകിളിന്റെയും ആഫ്രിക്കൻ-അമേരിക്കക്കാരിയും സാമൂഹിക പ്രവർത്തകയും ക്ലിനിക്കൽ തെറാപ്പിസ്റ്റുമായ ഡോറിയ റാഗ്ലാൻഡിന്റെയും മകളായി പിറന്ന മേഗൻ ഇതിനാൽ രാജകുടുംബത്തിലെത്തുന്ന ആദ്യ മിശ്രിത വർഗക്കാരിയുമാണ്.

ടെൻഷൻ കയറിയപ്പോൾ മേഗന്റെ കൈപിടിച്ച് വിരലമർത്തി ഹാരി

എല്ലാ കാര്യങ്ങൾക്കും വളരെ സജീവമായി തിളങ്ങാറുള്ള ഹാരി രാജകുമാരന് ഇന്നലെ വിവാഹ വേളയിൽ പരിഭ്രമമുണ്ടായിരുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഹാരിയുടെ ചലനങ്ങളിൽ നിന്നും ഇത് വ്യക്തമായിരുന്നുവെന്നാണ് ബോഡി ലാംഗ്വേജ് എക്സ്പർട്ടായ റോബിൻ കെർമോഡ്സ് വെളിപ്പെടുത്തുന്നത്. ടെൻഷൻ കയറിയപ്പോൾ ഹാരി മേഗന്റെ കൈപിടിച്ച് വിരൽ അമർത്തിയത് ഇതിന്റെ വ്യക്തമായ സൂചനയാണെന്നാണ് അദ്ദേഹം ഇതിനുള്ള തെളിവായി എടുത്ത് കാട്ടുന്നത്. എന്നാൽ അതേ സമയം മേഗൻ വളരെ ശാന്തയായിട്ടായിരുന്നു ചടങ്ങിൽ പങ്കെടുത്തതെന്നും റോബിൻ അഭിപ്രായപ്പെടുന്നു. താൻ നെർവസാണെന്ന കാര്യം തന്റെ പ്രിയതമയുമായി ഈ ചലനത്തിലൂടെ ഹാരി വെളിപ്പെടുത്തുകയായിരുന്നുവെന്നും റോബിൻ വ്യക്തമാക്കുന്നു.

രാജ്ഞിക്കൊപ്പം ആദ്യമായി ഒരു കറുത്ത വർഗക്കാരി

കൊട്ടാരത്തിലെ ഒരു വിവാഹ സമയത്ത് രാജ്ഞിക്കും കിരീടാവകാശിക്കുമൊപ്പം ഒരു കറുത്ത വർഗക്കാരി ആദ്യമായി നിലകൊണ്ടുവെന്ന പ്രത്യേകതയും ഹാരി-മേഗൻ വിവാഹത്തിനുണ്ട്. മേഗന്റെ മാതാവും സാമൂഹിക പ്രവർത്തകയുമായ ഡോറിയ റാഗ്ലാൻഡിനാണീ അപൂർവ സൗഭാഗ്യം ലഭിച്ചിരിക്കുന്നത്.എലിസബക്ക് രാജ്ഞിക്കും അടുത്ത കിരീടാവകാശി ചാൾസ് രാജകുമാരനും മറ്റ് മുതിർന്ന രാജകുടുംബങ്ങൾക്കുമൊപ്പമായിരുന്നു സെന്റ് ജോർജ് ചാപ്പലിൽ ഡോറി നിലകൊണ്ടിരുന്നത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്നതിനാൽ മേഗന്റെ പിതാവ് തോമസ് മാർകിൾ വിവാഹത്തിനെത്തിയിരുന്നില്ല. ഏപ്രിൽ നാലിന് കഴിഞ്ഞ ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന 96 വയസുള്ള ഫിലിപ്പ് രാജകുമാരനും ചടങ്ങിനെത്തിയത് ശ്രദ്ധേയമായിരുന്നു.

ചുംബിക്കാൻ സമയമായോ എന്ന് ചോദിച്ച് മേഗൻ

ഹാരിയും മേഗനും തമ്മിൽ നടന്ന ഇന്നലത്തെ വിവാഹത്തിലെ ഓരോ നീക്കങ്ങളും ലിപ് റീഡർമാർ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. ചടങ്ങിനിടെ ചുംബിക്കാൻ സമയമായോ എന്ന് മേഗൻ ഹാരിയോട് ചോദിക്കുന്നത് ലിപ് റീഡർമാർ തിരിച്ചറിയുകയും ചെയ്തിരുന്നു. ചടങ്ങ് കഴിഞ്ഞ് ചർച്ചിന്റെ പടിക്കെട്ടുകളിലായിരിക്കുമ്പോഴായിരുന്നു ചുംബിക്കാൻ സമയമായോ എന്ന് മേഗൻ ഹാരിയോട് മന്ത്രിച്ചത്. സമയമായെന്ന് ഹാരി പറഞ്ഞതിനെ തുടർന്ന് മേഗൻ ഹാരിക്ക് സ്നേഹചുംബനമേകുകയും ചെയ്തിരുന്നു.അതിന് മുമ്പ് മേഗൻ ചർച്ചിലെ അൾത്താരയിലേക്കെത്തുമ്പോൾ 'നീ വളരെ സുന്ദരിയാണ്' എന്ന് ഹാരി പറഞ്ഞതും ലിപ് റീഡർമാർ മനസിലാക്കിയിരുന്നു.

സീരിയൽ നടിയിൽ നിന്നും ഡ്യൂചസ് ഓഫ് സസെക്സിലേക്ക്

യുഎസിൽ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച് പേര് കേട്ട ചലച്ചിത്ര നടിയായിത്തീർന്ന മേഗൻ മാർകിൾ സ്വപ്നസമാനമായ പദവിയായ ഡ്യൂചസ് ഓഫ് സസെക്സായിത്തീർന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന കഥയാണ്. 1843ന് ശേഷം ഇതാദ്യമായിട്ടാണ് ഡ്യൂചസ് ഓഫ് സസെക്സ് എന്ന ടൈറ്റിൽ രാജ്ഞി അനുവദിച്ച് നൽകുന്നതെന്ന ബഹുമതിക്കും മേഗൻ അർഹയായിരിക്കുന്നു. വിവാഹ ശേഷം ഹാരി ഡ്യൂക്ക് ഓഫ് സസെക്സ് ആയതിനെ തുടർന്നാണ് മേഗൻ ഡ്യൂചസായിത്തീർന്നിരിക്കുന്നത്. 1801ൽ അഗസ്റ്റസ് ഫ്രെഡറിക്കായിരുന്നു ആദ്യമായി ഡ്യൂക്ക് ഓഫ് സസെക്സായത്. അഗസ്റ്റസ് ഫ്രെഡറിക്ക് രാജകുമാരൻ ലേഡി അഗസ്റ്റെയയായിരുന്നു വിവാഹം കഴിച്ചിരുന്നത്. എന്നാൽ ഇതിന് അഗസ്റ്റസിന്റെ പിതാവ് ജോർജ് മൂന്നാമൻ അംഗീകാരം നൽകാതിരുന്നതിനാൽ അഗസ്റ്റയ്ക്ക് ഡ്യൂചസ് പദവി അനുവദിച്ചിരുന്നില്ല.

അമ്മയെ മറക്കാതെ രാജകുമാരൻ

വിവാഹം കഴിഞ്ഞുള്ള വിരുന്നിനെത്തിയ വേളയിൽ തന്റെ വധുവിനെ അമ്മയായ ഡയാനയുടെ മോതിരം ധരിപ്പിച്ച് ഹാരി അമ്മയെ ഓർത്തത് ഏവരുടെയും ശ്രദ്ധ കവർന്നിരുന്നു.ഫ്രോഗ് മോർ ഹൗസിൽ വച്ച് നടന്ന വിരുന്നൽ പങ്കെടുക്കാനെത്തിയപ്പോൾ വലതു കൈയിലെ വിരലിലാണ് മേഗൻ, ഡയാനയുടെ എമറാൾഡ്-കട്ട് റിങ് ധരിച്ചിരുന്നത്. തനിക്ക് പ്രിയപ്പെട്ട ഈ മോതിരം തന്റെ പുത്രവധുക്കളെ ധരിപ്പിക്കണമെന്ന ആഗ്രഹം ഡയാന എഴുതി വച്ചിരുന്നു.

വെഡിങ് കെയ്ക്ക് എത്തിയതുകൊട്ടാരത്തിൽ നിന്നു തന്നെ

രാജ്ഞിയുടെ സാൻഡ്രിൻഗാം എസ്റ്റേറ്റിൽ നിന്നും നിർമ്മിച്ച കേയ്ക്കായിരുന്നു വിവാഹത്തിന് ഉപയോഗിച്ചത്. ക്ലെയറി പ്ടാക്ക് എന്ന ബേയ്ക്കറാണിത് നിർമ്മിച്ചത്. ഇതിൽ 200 അമാൽഫി ലെമണുകളും 500 മുട്ടകളും 10 ബോട്ടിൽ എൽഡർഫ്ലവർ കോർഡിയലുകളും അടങ്ങിയിരുന്നു. മൂന്ന് വ്യത്യസ്ത തരത്തിലുള്ള പിയോണികളാൽ അലംകൃതമായിരുന്നു ഇത്. ഇന്നലെ വിൻഡ്സർ കാസിലിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് നവദമ്പതികൾക്ക് ഈ കേയ്ക്ക് നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP