Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നൈജീരിയയിൽ നിന്നും സ്ത്രീകളെയെത്തിച്ച് വേശ്യാലയം നടത്തി; നിയന്ത്രിച്ചു നിർത്താൻ ദുർമന്ത്രവാദങ്ങൾ നടത്തി; മനുഷ്യക്കടത്തിലൂടെയും വേശ്യാലയ നടത്തിപ്പിലൂടെയും കോടീശ്വരിയായി ആഡംബര ജീവിതം നയിച്ചു; ജോസഫൈൻ എന്ന നഴ്‌സ് ഒടുവിൽ അഴിയെണ്ണുന്നത് കൂട്ടബലാൽസംഗ കുറ്റം അടക്കം ചുമത്തപ്പെട്ട്

നൈജീരിയയിൽ നിന്നും സ്ത്രീകളെയെത്തിച്ച് വേശ്യാലയം നടത്തി; നിയന്ത്രിച്ചു നിർത്താൻ ദുർമന്ത്രവാദങ്ങൾ നടത്തി; മനുഷ്യക്കടത്തിലൂടെയും വേശ്യാലയ നടത്തിപ്പിലൂടെയും കോടീശ്വരിയായി ആഡംബര ജീവിതം നയിച്ചു; ജോസഫൈൻ എന്ന നഴ്‌സ് ഒടുവിൽ അഴിയെണ്ണുന്നത് കൂട്ടബലാൽസംഗ കുറ്റം അടക്കം ചുമത്തപ്പെട്ട്

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: നൈജീരിയയിൽനിന്ന് സ്ത്രീകളെ യൂറോപ്പിലേക്ക് കടത്തുകയും വേശ്യാലയം നടത്തുകയും ചെയ്ത സംഭവത്തിൽ മുൻ എൻഎച്ച്എസ് നഴ്‌സിനെ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. സൗത്ത് ലണ്ടനിൽനിന്നുള്ള ജോസഫൈൻ ഇയാമുവെന്ന നഴ്‌സാണ് മനുഷ്യക്കടത്തിനും വേശ്യാലയം നടത്തിപ്പിനും അറസ്റ്റിലായത്. ഒരു ദുർമന്ത്രവാദിനിയുടെ സഹായത്തോടെ, കടത്തിക്കൊണ്ടുവന്ന യുവതികളെയെല്ലാം തെറ്റിദ്ധരിപ്പിച്ച് അവരുടെ വരുതിയിൽ നിർത്തുകയാണ് ജോസഫൈൻ ചെയ്തതെന്ന് കോടതി കണ്ടെത്തി.

മനുഷ്യക്കടത്തിലൂടെയും വേശ്യാലയ നടത്തിപ്പിലൂടെയും സമ്പാദിച്ച പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു ജോസഫൈൻ. പടുകൂറ്റൻ നൈജീരിയൻ ബംഗ്ലാവിൽ താമസിച്ചിരുന്ന ഇവർക്ക് വീട്ടുജോലിക്കാരെ പാർപ്പിക്കാൻ പ്രത്യേകം ക്വാർട്ടേഴ്‌സുകളുമുണ്ടായിരുന്നു. 30,000 യൂറോ മുതൽ 38,000 യൂറോവരെയാണ് ഇവർ യൂറോപ്പിലേക്ക് കടത്തുന്ന ഓരോ യുവതികളിൽനിന്നും ഈടാക്കിയിരുന്നത്. ഇതിൽ 15,000-ത്തോളം യൂറോ ഇവരുടെ അക്കൗണ്ടിലേക്ക് എത്തിച്ചേരുമായിരുന്നു.

മനുഷ്യക്കടത്ത്, ലൈംഗിക മാഫിയയുടെ മേധാവിയായിരുന്നു ജോസഫൈനെന്നാണ് കരുതുന്നത്. യൂറോപ്പിലേക്ക് കൊണ്ടുവരുന്ന യുവതികളെ ദുർമന്ത്രവാദ ചടങ്ങുകളിൽ പങ്കെടുപ്പിക്കുകയായിരുന്നു ആദ്യരീതി. കൃമികളുള്ള രക്തം കുടിപ്പിച്ചും കോഴിയുടെ ഹൃദയം ഭക്ഷിക്കാൻ കൊടുത്തും ഇവർ അവരെ അടിമകളാക്കിയെന്ന് തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇങ്ങനെ വരുതിയിലാക്കപ്പെട്ട യുവതികളെ അഞ്ചുദിവസത്തെ യാതനകൾ നിറഞ്ഞ യാത്രയ്ക്കുശേഷം ലിബിയൻ തീരത്ത് എത്തിക്കും. അവിടെവെച്ച് ജോസഫൈന്റെ സംഘത്തിൽപ്പെട്ടവർ യുവതികളെ കൂട്ടബലാൽസംഗം ചെയ്യുമായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ലിബിയൻ തീരത്തുനിന്നും ഇറ്റലിയിലേക്കും തുടർന്ന് അവിടെനിന്ന് ജർമനിയിലേക്കുമെത്തിക്കുന്ന ഈ യുവതികളെ വേശ്യാവൃത്തിക്ക് അയക്കുകയാണ് ചെയ്തിരുന്നത്. മനുഷ്യക്കടത്ത് സംഘത്തിന്റെ മേധാവിയാണ് ജോസഫൈനെന്ന് ജർമൻ പൊലീസാണ് കണ്ടെത്തിയത്. ജർമനിയിലെ വേശ്യാലയങ്ങളിലൊന്നിന്റെ നടത്തിപ്പുകാരൻ, അവിടെയെത്തിയ യുവതിയുടെ യാത്രാരേഖകളിൽ സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ, ജോസഫൈന്റെയും ഭർത്താവ് എഫെ അലി-ഇമാഗോറിന്റെയും പങ്ക് വെളിപ്പെട്ടു. കഴിഞ്ഞവർഷം ഓഗസ്റ്റ് 24-ന് നൈജീരിയയിൽനിന്ന് ലണ്ടനിലേക്ക് മടങ്ങുമ്പോൾ ഇരുവരെയും ഹീത്രൂ വിമാനത്താവളത്തിൽവെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലാകുമ്പോൾ ഇവരിൽനിന്ന് പൊലീസ് ഏഴ് മൊബൈൽ ഫോണുകളും 30-ഓളം സിം കാർഡുകളും പിടിച്ചെടുത്തിരുന്നു. ആഭിചാരക്രിയക്ക് ആവശ്യമായ വസ്തുക്കളുടെ പേരെഴുതിയ പട്ടികയും ഇവരിൽനിന്ന് കണ്ടെത്തി.

ജർമൻ പൊലീസിന്റെ അന്വേഷണറിപ്പോർട്ടനുസരിച്ച് ബ്രിട്ടനിൽ അറസ്റ്റിലായ ജോസഫൈൻ മനുഷ്യക്കടത്ത് കേസിൽ കുറ്റവാളിയാണെന്ന് ബർമ്മിങ്ങാം ക്രൗൺ കോടതി കണ്ടെത്തി. 2015-ലെ മനുഷ്യക്കടത്ത് നിയമപ്രകാരം ബ്രിട്ടനിൽ അറസ്റ്റ് ചെയ്ത് നിയമത്തിനുമുന്നിൽ കൊണ്ടുവരുന്ന ആദ്യത്തെ കേസാണിതെന്ന് ജഡ്ജി റിച്ചാർഡ് ബോണ്ട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP