Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാജകുമാരിയെ കാത്തുള്ള തോമസിന്റെ ഇരിപ്പ് വെറുതെയാകും; അച്ഛനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് മേഘൻ; ഫോണിൽപ്പേലും സംസാരിക്കാതായതായി റിപ്പോർട്ട്

രാജകുമാരിയെ കാത്തുള്ള തോമസിന്റെ ഇരിപ്പ് വെറുതെയാകും; അച്ഛനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് മേഘൻ; ഫോണിൽപ്പേലും സംസാരിക്കാതായതായി റിപ്പോർട്ട്

ഹാരി രാജകുമാരനുമായുള്ള വിവാഹത്തിന് മുമ്പുതന്നെ മേഘൻ മെർക്കലും പിതാവ് തോമസ് മെർക്കലുമായുള്ള ബന്ധം ഉലഞ്ഞുതുടങ്ങിയതാണ്. വിവാഹജീവിതം ഒരുമാസം പിന്നിടുമ്പേഴേക്കും അച്ഛനും മകളുമായുള്ള ബന്ധം ഏറെക്കുറെ അവസാനിച്ച നിലയിലായെന്നാണ് റിപ്പോർട്ടുകൾ. ഫോണിൽപ്പോലും സംസാരിക്കാത്തത്ര അകലത്തിലാണ് ഇപ്പോൾ ബ്രിട്ടനിലെ ഏറ്റവും പുതിയ രാജകുമാരിയും അവരുടെ അച്ഛനുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഫാദേഴ്‌സ് ഡേയിൽ തന്നെ ആശംസിക്കാൻ മേഘൻ വിളിക്കാത്തതിലും ഒരു ആശംസാകാർഡുപോലും അയക്കാത്തിലുമുള്ള പ്രതിഷേധം തോമസ് അടുത്തിടെ തുറന്ന് പ്രകടിപ്പച്ചിരുന്നു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത മാസം ബ്രിട്ടീഷ് രാജ്ഞിയെ സന്ദർശിക്കുന്നതുമായി ബന്ധപ്പെടുത്തിയായിരുന്നു തോമസ് ഇതുസംബന്ധിച്ച് പ്രതികരിച്ചത്. 'ഞങ്ങളുടെ വിവേക ശൂന്യനായ പ്രസിഡന്റിനെ കാണാൻ രാജ്ഞിക്കാവുമെങ്കിൽ എന്നെ കാണാതിരിക്കാൻ മേഘന് യാതൊരു ഒഴിവുകഴിവും പറയാനാകില്ല. ഞാനത്രയ്ക്ക് മോശക്കാരനല്ല'-ഇതായിരുന്നു തോമസിന്റെ പ്രതികരണം.

ഐടിവിയിലെ ഗുഡ് മോണിങ് ബ്രിട്ടൻ പരിപാടിയിൽ തോമസ് മെർക്കലുമായി നടത്തിയ അഭിമുഖത്തോടെയാണ് അച്ഛനും മകളും ഈ നിലയിൽ അകന്നത്. ഈ അഭിമുറത്തിൽ ഹാരി രാജകുമാരനും താനും നടത്തിയിട്ടുള്ള സംസാരത്തിന്റെ വിശദാംശങ്ങൾ തോമസ് വെളിപ്പെടുത്തിയിരുന്നു. കുട്ടികൾ വേണമെന്ന മേഘന്റെ ആഗ്രഹമുൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങളും പങ്കുവെച്ചു. രാജകുടുംബത്തിലുള്ളവർ രാഷ്ട്രീയം സംസാരിക്കരുതെന്നാണ് ബ്രിട്ടനിലെ അലിഖിത നിയമങ്ങളിലൊന്ന്. എന്നാൽ, ഈ അഭിമുഖത്തിൽ ബ്രെക്‌സിറ്റിനെക്കുറിച്ചും ട്രംപിനെക്കുറിച്ചുമൊക്കെ ഹാരി തന്നോടുനടത്തിയ അഭിപ്രായപ്രകടനങ്ങൾ തോമസ് വെളിപ്പെടുത്തുകയും ചെയ്തു.

പിയേഴ്‌സ് മോർഗനും സൂസന്ന റീഡും നടത്തിയ അഭിമുഖം വന്നശേഷം 12 ദിവസമായി തോമസും മേഘനും സംസാരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. അച്ഛനെ ഫോണിൽ വിളിച്ചാൽ ആ വിവരങ്ങളൊക്കെ ചോർത്തപ്പെട്ട് മാധ്യമങ്ങളിലെത്തുമോ എന്ന ആശങ്കയും മേഘനെ അതിൽനിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. പൊതുവെ വാർത്തകളിൽനിന്നും ഗോസിപ്പുകളിൽനിന്നും അകന്നു ജീവിക്കുകയാണ് ബ്രിട്ടീഷ് രാജകുടുംബവുമായി ബന്ധമുള്ള കുടുംബങ്ങളുടെ രീതി. കെയ്റ്റ് മിഡിൽട്ടണിന്റെ മാതാപിതാക്കൾ ജീവിക്കുന്ന ഒതുങ്ങിയുള്ള ജീവിതം ഉദാഹരണം.

ഹാരിയും മേഘനുമായുള്ള വിവാഹത്തിനുമുമ്പുതന്നെ തോമസ് വിവാദനായകനായി മാറിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളെടുക്കുന്നതിന് ഒരു പപ്പരാസി ഫോട്ടോഗ്രാഫറുമായി തോമസ് കരാറിലെത്തിയെന്ന വാർത്തകളെത്തുടർന്ന് തോമസ് വിവാഹത്തിൽ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. വിൻസറിലെ സെന്റ് ജോർജ് ചാപ്പലിൽ മേഘന്റെ കൈപിടിച്ച് നടത്തേണ്ടത് തോമസായിരുന്നു. അവസാന നിമിഷം തോമസ് പിന്മാറിയപ്പോൾ, ഹാരിയുടെ അച്ഛൻ ചാൾസ് രാജകുമാരനാണ് അക്കാര്യം നിർവഹിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP