Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനാരോഗ്യം മൂലം രാജ്ഞി ഒരു പരിപാടിയിൽനിന്ന് വിട്ടുനിന്നതോടെ സംസ്‌കാര ചടങ്ങുകളുടെ റിഹേഴ്‌സൽ തുടങ്ങി സർക്കാർ; മന്ത്രിമാരും ഉദ്യോഗസ്ഥരും ഇപ്പോൾ രാജ്ഞിയുടെ മരണം ആചരിക്കാനുള്ള തയ്യാറെടുപ്പിൽ

അനാരോഗ്യം മൂലം രാജ്ഞി ഒരു പരിപാടിയിൽനിന്ന് വിട്ടുനിന്നതോടെ സംസ്‌കാര ചടങ്ങുകളുടെ റിഹേഴ്‌സൽ തുടങ്ങി സർക്കാർ; മന്ത്രിമാരും ഉദ്യോഗസ്ഥരും ഇപ്പോൾ രാജ്ഞിയുടെ മരണം ആചരിക്കാനുള്ള തയ്യാറെടുപ്പിൽ

ലണ്ടൻ: അനാരോഗ്യത്തെത്തുടർന്ന് ഒരു പരിപാടിയിൽനിന്ന് വിട്ടുനിന്നതോടെ, എലിസബത്ത് രാജ്ഞി മരണാസന്നയാണെന്ന റിപ്പോർട്ടുകൾ ബ്രിട്ടനിൽ വ്യാപകമായി പ്രചരിക്കുകയാണ്. മാധ്യമങ്ങൾപോലും എങ്ങനെയാകും രാജ്ഞിയുടെ ശവസംസ്‌കാരച്ചടങ്ങുകളെന്ന കാര്യത്തിൽ ചർച്ച തുടങ്ങി. സർക്കാർ തലത്തിലും ശവസംസ്‌കാരച്ചടങ്ങുകളുടെ റിഹേഴ്‌സൽ അത്യന്തം രഹസ്യസ്വഭാവത്തിൽ ആരംഭിച്ചതായും റി്‌പ്പോർട്ടുണ്ട്. 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണ ചടങ്ങുകൾ എങ്ങനെയാകണമെന്നതുസംബന്ധിച്ചാണ് റിഹേഴ്‌സലുകൾ.

കാസിൽ ഡോവ് എനന്നറിയപ്പെടുന്ന ചടങ്ങുകളനുസരിച്ച് മരണപ്പിറ്റേന്നത്തെ കാര്യങ്ങളുടെ റിഹേഴ്‌സലാണ് മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തുന്നത്. ലണ്ടൻ ബ്രിഡ്ജ് എന്നാണ് ഇതിനെ മൊത്തത്തിൽ വിശേഷിപ്പിക്കുന്നത്. ലണ്ടൻ ബ്രിഡ്ജ് വീണു എന്നതാകും രാജ്ഞിയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് പ്രധാനമന്ത്രി തെരേസ മെയ്‌ ഉപയോഗിക്കുന്ന പ്രയോഗമെന്ന് അടുത്തിടെ പ്രചരിച്ചിരുന്നു. രാതിയാണ് മരിക്കുന്നതെങ്കിൽ പിറ്റേന്ന് രാവിലെയാകും പ്രധാനമന്ത്രി ഇത് പ്രഖ്യാപിക്കുക.

സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന കുർബാനയിൽ പങ്കെടുക്കാതിരുന്നതോടെയാണ് രാജ്ഞി മരണാസന്നയായതായ പ്രചാരണം ശക്തമായത്. ആറരപതിറ്റാണ്ടിലേറെയായി സിംഹാസനത്തിലിരിക്കുന്ന എലിസബത്തിനിപ്പോൾ 92 വയസ്സായി. ഔദ്യോഗിക തലത്തിൽക്കൂടി സംസ്‌കാര ശുശ്രൂഷകളെക്കുറിച്ച് ആലോചന തുടങ്ങിയതോടെ, ജനങ്ങൾക്കിടയിലും ആശങ്ക പടർന്നിട്ടുണ്ട്. എന്നാൽ, രാജ്ഞിയുടെ ആരോഗ്യനിലയിൽ എന്തെങ്കിലും ആശങ്കപ്പെടേണ്ടതുള്ളതായി കൊട്ടാരം വൃത്തങ്ങൾ സൂചിപ്പിച്ചിട്ടില്ല.

സംസ്‌കാര ശുശ്രൂഷകളെക്കുറിച്ച് ആലോചിക്കുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും യോഗം ചേരുന്നത് ഇതാദ്യമായാണ്. മുമ്പ് ഉദ്യോഗസ്ഥർ മാത്രമാണ് യോഗം ചേർന്ന് ഇത്തരം കാര്യങ്ങളെക്കുറിച്ച് പ്രാഥമിക തലത്തിൽ ആലോചിച്ചിരുന്നത്. പ്രധാനമന്ത്രിയും വിവിധ മന്ത്രിമാരും ഉദ്യോഗസ്ഥ പ്രമുഖരും യോഗം ചേർന്ന സംഭവം ആദ്യമാണെന്നും ഇതിൽ അസ്വാഭാവികതയുണ്ടെന്നുമാണ് ചില കേന്ദ്രങ്ങൾ നൽകുന്ന വിവരം.

വ്യാഴാഴ്ചയായിരുന്നു സെന്റ് പോൾസ് കത്തീഡ്രലിൽ രാജ്ഞി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങ്. ഹോളിവുഡ് നടി ആഞ്ജലിന ഷൊലിയും ഇതേ ചടങ്ങിൽ പങ്കെടുത്തിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാലാണ് രാജ്ഞി ചടങ്ങിൽനിന്ന് വിട്ടുനിന്നതെന്ന് കൊട്ടാരം കേന്ദ്രങ്ങൾ വ്യക്തമാക്കി. 90 വയസ്സ് തികഞ്ഞ 2016-ൽ ഇനി വിദേശയാത്രയില്ലെന്ന് രാജ്ഞി വ്യക്തമാക്കിയിരുന്നു. അത്തരം ദീർഘയാത്രകൾ കൊട്ടാരത്തിലെ ഇളംതലമുറകൾക്കായി വിട്ടുകൊടുക്കുകയായിരുന്നു രാജ്ഞി. എങ്കിലും രാജ്യത്തിനകത്ത് അവർ സജീവമായി പരിപാടികളിൽ പങ്കെടുത്തിരുന്നു. 2017-ൽ 296 പരിപാടികളിലാണ് രാജ്ഞി പങ്കെടുത്തത്.

കാൽമുട്ട് ശസ്ത്രക്രിയ വേണ്ടെന്ന് രാജ്ഞി

ശസ്ത്രക്രിയയെത്തുടർന്ന് വേണ്ടിവരുന്ന വിശ്രമകാലത്ത് പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽ്‌കേണ്ടിവരുമെന്നതിനാൽ, ഡോക്ടർമാർ നിർദ്ദേശിച്ച കാൽമുട്ട് ശസ്ത്രക്രിയ രാജ്ഞി വേണ്ടെന്നുവെച്ചതായി റിപ്പോർട്ട്. ഇരുന്നശേഷം എഴുന്നേൽക്കാൻ വലിയതോതിൽ ബുദ്ധിമുട്ടും വേദനയും അനുഭവപ്പെടുന്നുണ്ടെങ്കിലും ശസ്ത്രക്രിയയെന്ന ഡോക്ടർമാരുടെ നിർദ്ദേശം അവർ സ്വീകരിച്ചിട്ടില്ല. ശസ്ത്രക്രിയ നടത്തിയാൽ ചിലപ്പോൾ പിന്നീടുള്ള കാലം കിടക്കയിൽ കഴിയേണ്ടിവരുമോ എന്ന ആശങ്ക രാജ്ഞിക്കുണ്ടെന്ന് അവരോട് അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കി.

മെയ്‌ മാസത്തിൽ തിമിരശസ്ത്രക്രിയക്ക് രാജ്ഞി വിധേയയായിരുന്നു. ഇതിനുശേഷം നടന്ന പല ചടങ്ങുകളിലും സൺഗ്ലാസ് ധരിച്ചാണ് രാജ്ഞി പങ്കെടുത്തത്. എന്നാൽ, ഹാരി രാജകുമാരന്റെയും മേഘൻ മെർക്ക്‌ലിന്റെയും വിവാഹത്തിന് സൺഗ്ലാസ് ധരിച്ചിരുന്നില്ല. മെയ്‌ നാലിനാണ് രാജ്ഞിക്ക് തിമിര ശസ്ത്രക്രിയ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP