Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആകെയുണ്ടായിരുന്ന ഫോൺ വെള്ളത്തിൽപ്പോയി; വമ്പൻ ടണൽ നിർമ്മിച്ച് രക്ഷപ്പെടുത്താനുള്ള നീക്കം വിജയിക്കുമോ എന്നറിയില്ല; ഇന്നുമുതൽ മൺസൂൺ ആരംഭിച്ചാൽ എല്ലാ ശ്രമങ്ങളും പരാജയപ്പെടുമെന്ന ഭയം; 12 ദിവസമായി ഗുഹയിൽ കുടുങ്ങിക്കിടക്കുന്നവരെ എങ്ങനെ രക്ഷിക്കുമെന്നറിയാതെ രക്ഷാപ്രവർത്തകർ

ആകെയുണ്ടായിരുന്ന ഫോൺ വെള്ളത്തിൽപ്പോയി; വമ്പൻ ടണൽ നിർമ്മിച്ച് രക്ഷപ്പെടുത്താനുള്ള നീക്കം വിജയിക്കുമോ എന്നറിയില്ല; ഇന്നുമുതൽ മൺസൂൺ ആരംഭിച്ചാൽ എല്ലാ ശ്രമങ്ങളും പരാജയപ്പെടുമെന്ന ഭയം; 12 ദിവസമായി ഗുഹയിൽ കുടുങ്ങിക്കിടക്കുന്നവരെ എങ്ങനെ രക്ഷിക്കുമെന്നറിയാതെ രക്ഷാപ്രവർത്തകർ

മറുനാടൻ ഡെസ്‌ക്‌

ബാങ്കോക്ക്: തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിക്കിടക്കുന്ന ഫുട്‌ബോൾ ടീമിനെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയംവെച്ച് പരിശ്രമിക്കുകയാണ് ലോകമെങ്ങും നിന്നുള്ള രക്ഷാപ്രവർത്തകർ. 12 കുട്ടികളും അവരുടെ പരിശീലകനും ജീവനോടെയുണ്ടെന്ന് പത്താം നാൾ കണ്ടെത്തിയതും അവർക്കരികിലേക്ക് ഡോക്ടർമാരെയടക്കം എത്തിക്കാനായതും രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷ പകരുന്നുണ്ട്. എന്നാൽ, നാലുകിലോമീറ്ററോളം വരുന്ന വെള്ളക്കെട്ട് താണ്ടി കുട്ടികളെ എങ്ങനെ പുറത്തെടുക്കുമെന്ന കാര്യത്തിൽ ഇനിയും അന്തിമ തീരുമാനമായിട്ടില്ല.

തായ്‌ലൻഡിൽ മൺസൂൺ സീസണിന് ഇന്ന് തുടക്കമാകുമെന്നതാണ് രക്ഷാപ്രവർത്തകർ നേരിടുന്ന കനത്ത വെല്ലുവിളി. മൺസൂൺ തുടങ്ങിയാൽ അത് വെള്ളപ്പൊക്കത്തിന് കാരണമാകും. അതോടെ, ഗുഹയിലേക്കുള്ള വഴി അടയുകയോ ഗുഹയ്ക്കുള്ളിൽപ്പെട്ടവരുടെ നില കൂടുതൽ മോശമാവുകയോ ചെയ്യാം. ഇതോടെ, ചിയാങ് റായിയിലെ ഗുഹയിലേക്ക് രക്ഷാപ്രവർത്തകർക്കുപോലും കടക്കാനാവാതെ വരും. അത് കുട്ടികളുടെയും പരിശീലകന്റെയും ജീവൻതന്നെ അപകടത്തിലാക്കുന്ന നിലയാകും.

മഴശക്തമാവുകയും വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്താൽ, പിന്നെയുള്ള മാർഗം മഴശമിക്കുന്നതുവരെ കാത്തിരിക്കകുയെന്നതാണ്. അതിന് നാലുമാസമെങ്കിലും വേണ്ടിവരും. അത്രയും കാലം അവരെങ്ങനെ പിടിച്ചുനിൽക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന ചിയാങ് റായി പ്രവിശ്യാ ഗവർണർ നരോങ്‌സാക്ക് ഒസാത്തനോക്കോണിന്റെ അഭിപ്രായത്തിൽ വെള്ളവുമായാണ് ഇനി രക്ഷാപ്രവർത്തകർക്ക് പോരാടാനുള്ളത്. മഴ കനക്കുംമുമ്പ് എന്തുചെയ്യാനാകുമെന്നാണ് പരിശോധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഗുഹയ്ക്കുള്ളിലെ വെള്ളക്കെട്ട് കുറയ്ക്കുന്നതിന് 19 പമ്പുകൾ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് കളയുന്നുണ്ട്. മഴ തുടങ്ങിയാൽ ഈ ശ്രമം അസ്ഥാനത്താവും. മാത്രമല്ല, പുറത്തേക്ക് കളയുന്നതിനുപകരം ചിലർ വെള്ളം ഗുഹയ്ക്കുള്ളിലേക്ക് അടിച്ചതും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. വെള്ളക്കെട്ട് ഉയർന്നേക്കാമെന്നതിനാൽ, അടിയന്തരമായി കുട്ടികളെയും കോച്ചിനെയും ഒഴിപ്പിക്കാനുള്ള സാധ്യതകളും രക്ഷാപ്രവർത്തകർ തേടുന്നുണ്ട്. ഇതിനായി ഡൈവിങ് മാസ്‌കുകളുപയോഗിച്ച് നീന്താനുള്ള പരിശീലനവും കുട്ടികൾക്ക് നൽകുന്നുണ്ട്.

സംഘത്തിലെ രണ്ട് കുട്ടികളുടെയും പരിശീലകന്റെയും നില അല്പം മോശമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പത്തുദിവസത്തോളം ഭക്ഷണം കഴിക്കാതിരുന്നതിനാൽ ഇവർ ക്ഷീണിതരാണെന്നാണ് സൂചന. രക്ഷപ്പെടാനാവുമോയെന്ന ആശങ്കയും ഇവരെ തളർത്തിയിട്ടുണ്ട്. ഗുഹയ്ക്കുള്ളിൽനിന്ന് നീന്തി പുറത്തുകടക്കാവുന്നത്ര ആരോഗ്യവാന്മാരല്ല ഇവരെന്നും തായ് നാവിക സേനാ വൃത്തങ്ങൾ പപറയുന്നു. ഗുഹയ്ക്കുള്ളിലേക്ക് ഓക്‌സിജൻ പമ്പുചെയ്യുന്നുണ്ടെങ്കിലും മഴ കനത്താൽ ഈ ശ്രമങ്ങളൊക്കെ അസാധ്യമാകുമെന്ന ആശങ്കയും അവർക്കുണ്ട്.

പാറകളിൽ അള്ളിപ്പിടിച്ച് കയറാൻ പരിശീലിച്ചിട്ടുള്ള തെക്കൻ തായ്‌ലൻഡിലെ ഗോത്രവർഗത്തിൽപ്പെട്ട എട്ടുപേരും രക്ഷാസംഘത്തിനൊപ്പം ചേർന്നിട്ടുണ്ട്. പാറക്കെട്ടുകൾക്കുമുകളിലുള്ള പക്ഷിക്കൂടുകൾ ശേഖരിക്കുന്ന ഗോത്രമാണ് ഇവരുടേത്. ഗുഹയ്ക്കുള്ളിലേക്ക് കടന്ന് കുട്ടികളുമായി പുറത്തുവരാൻ സാധിക്കുമോ എന്നാണ് പരിശോധിക്കുന്നതെന്ന് സംഘത്തലവനായ അബ്ദുൾറഹീപ് ഖുൻരക്‌സ പറഞ്ഞു. മറ്റേതെങ്കിലും വഴിയിലൂടെ ഗുഹയ്ക്കുള്ളിലേക്ക് ഇറങ്ങാൻ സാധിക്കുമോ എന്നതാണ് ഇവർ പരിശോധിക്കുന്നത്.

ഗുഹയ്ക്കുള്ളിൽ നീന്തൽ പരിശീലനം

കുട്ടികളെ പുറത്തെത്തിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. വരുംദിവസങ്ങളിൽ പേമാരിയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. ഗുഹയ്ക്കുള്ളിൽ രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും കുട്ടികൾക്കൊപ്പമുണ്ട്. അവിടേക്കു വൈദ്യുതിയും ഇന്റർനെറ്റ് കണക്ഷനും എത്തിക്കാൻ കേബിളുകൾ വലിക്കുന്ന ജോലി തുടരുകയാണ്. ഗുഹയ്ക്കുള്ളിലെ വെള്ളം മോട്ടോറുകൾ ഉപയോഗിച്ച് പമ്പുചെയ്യുന്നതും തുടരുന്നുണ്ട്. ഭക്ഷണവും മരുന്നും മറ്റും കിട്ടിയതോടെ കുട്ടികൾ ആരോഗ്യവാന്മാരാണ്. ഇവർക്കുള്ള നീന്തൽ പരിശീലനവും തുടരുന്നു.

നാലു സാധ്യതകളാണ് ഇപ്പോഴും രക്ഷാപ്രവർത്തകരുടെ മുന്നിലുള്ളത്. കുട്ടികളെ നീന്തൽ പഠിപ്പിച്ച് ഗുഹയ്ക്കുള്ളിലെ വെള്ളക്കെട്ടുകളിലൂടെ നീന്തി പുറത്തെത്തുക എന്നതാണ് അതിലൊന്ന്. ഗുഹയിലെ വെള്ളം മുഴുവൻ പമ്പുചെയ്തു കളഞ്ഞ് നടന്നെത്തുക എന്നത് രണ്ടാമത്തേത്. കുട്ടികളുള്ള സ്ഥലത്തേക്ക് മുകളിൽനിന്ന് ടണൽ കുഴിക്കുക എന്നതും ആലോചനയിലാണ്. സെപ്റ്റംബർ - ഒക്ടോബറിൽ മഴക്കാലം കഴിഞ്ഞ് വെള്ളമിറങ്ങുന്നതു വരെ കാത്തിരിക്കുകയെന്നാണ് മറ്റൊരു വഴി. ഇതിൽ ആദ്യത്തെ സാധ്യതയ്ക്കാണ് ഇപ്പോഴും മുൻഗണന നൽകുന്നത്. എന്നാൽ, നാലുമാസം ഗുഹയ്ക്കുള്ളിൽ കഴിയേണ്ട സാഹചര്യം മുന്നിൽക്കണ്ട് ഭക്ഷണം ഒരുക്കുന്നതടക്കമുള്ള കാര്യങ്ങളും നടത്തുന്നുണ്ട്.

ചിലെയിൽ നിന്നൊരു സ്‌നേഹ സന്ദേശം

തായ്‌ലൻഡിൽ ഗുഹയ്ക്കുള്ളിലെ കുട്ടികൾക്ക് ചിലെയിൽനിന്നൊരു സ്‌നേഹാശംസ - 2010ൽ ചിലെയിലെ ഖനിക്കുള്ളിൽ 69 ദിവസം കുടുങ്ങിയ ശേഷം രക്ഷപ്പെട്ട മാരിയോ സെപുൽവേദയാണ് ട്വിറ്ററിൽ കുട്ടികൾക്കായി വിഡിയോ പോസ്റ്റ് ചെയ്തത്. 'നിങ്ങളെ രക്ഷിക്കാൻ മനുഷ്യസാധ്യമായ എല്ലാം വേണ്ടപ്പെട്ടവർ ചെയ്യുമെന്ന് എനിക്കുറപ്പാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്ന് വിഡിയോയിൽ മാരിയോ പറയുന്നു.

2010 ഓഗസ്റ്റ് അഞ്ചിനു ചിലെയിലെ കോപ്പിയാപോയിലെ സാൻ ജോസ സ്വർണ ചെമ്പുഖനി തകർന്നു രണ്ടായിരം അടിയിലേറെ താഴ്ചയിൽ കുടുങ്ങിപ്പോയ 33 പേരിൽ പെട്ടയാളാണ് മാരിയോ. എല്ലാവരെയും രക്ഷപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP