Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശിരോവസ്ത്രം കമ്പിൽതൂക്കി അന്തരീക്ഷത്തിലൂടെ കറക്കി സ്വാതന്ത്ര്യം ആഘോഷിച്ചു; വീട്ടമ്മയെ 20 വർഷത്തേക്ക് ജയിലിലടച്ച് ഇറാൻ

ശിരോവസ്ത്രം കമ്പിൽതൂക്കി അന്തരീക്ഷത്തിലൂടെ കറക്കി സ്വാതന്ത്ര്യം ആഘോഷിച്ചു; വീട്ടമ്മയെ 20 വർഷത്തേക്ക് ജയിലിലടച്ച് ഇറാൻ

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: ശിരോവസ്ത്രം തലയിൽനിന്നൂരി കമ്പിൽതൂക്കി കാറ്റിൽപറത്തിയ വീട്ടമ്മയ്ക്ക് ഇറാനിൽ 20 വർഷത്തെ തടവുശിക്ഷ. ഫെബ്രുവരിയിൽ അറസ്റ്റിലായ ഷപാർക്ക് ഷജാരിസദേ എന്ന 42-കാരിയെയാണ് കോടതി ശിക്ഷിച്ചത്. ടെഹ്‌റാനിലെ നഗരകേന്ദ്രത്തിലുള്ള ട്രാഫിക് ഐലൻഡിൽക്കയറിയായിരുന്നു ഷജാരിസദേയുടെ സ്വാതന്ത്ര്യപ്രഖ്യാപനം. സമാധാനത്തിന്റെ വെള്ളപ്പതാക തെരുവിൽനിന്ന് വീശിയതിനാണ് താൻ ശിക്ഷിക്കപ്പെട്ടതെന്ന് അവർ തന്റെ വെബ്‌സൈറ്റിൽ കുറിച്ചു.

അഴിമതിയും വേശ്യാവൃത്തിയുമാരോപിച്ചാണ് ഷജാരിസദേയെ അറസ്റ്റ് ചെയ്തിരുന്നത്. ഏപ്രിലിൽ ഇവരെ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും പിന്നീട് അവർ എവിടെയാണെന്ന കാര്യത്തിൽ യാതൊരു അറിവുമുണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ച ഷജാരിസദേ തന്റെ വെബ്‌സൈറ്റിൽ താൻ ശിക്ഷിക്കപ്പെട്ടുവെന്ന് അറിയിച്ചിരുന്നു. ഇപ്പോഴവരുടെ വിശദാംശങ്ങൾ അറിവിലില്ല. ഇതേക്കുറിച്ച് പ്രതികരിക്കാൻ ഇറാൻ അധികൃതർ തയ്യാറായിട്ടില്ല.

ഏപ്രിലിൽ ജാമ്യത്തിൽ പുറത്തായ ഉടൻ ട്വിറ്ററിലൂടെ നൽകിയ വീഡിയോ സന്ദേശത്തിൽ രാജ്യത്ത് തുടരുന്നത് സുരക്ഷിതമല്ലെന്നും രാജ്യം വിടുകയാണെന്നും അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിലും പിന്നീട് സ്ഥിരീകരണമുണ്ടായിട്ടില്ല. ശിരോവസ്ത്രം ഊരിയെറിഞ്ഞതിന് ഫെബ്രുവരിയിൽ 29 പേരെ ഇറാനിയൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെളുത്ത ബുധനാഴ്ചയെന്ന കാമ്പയിനിന്റെ ഭാഗമായാണ് ഇവർ ശിരോവസ്ത്ര ബഹിഷ്‌കരണം നടത്തിയത്.

ഷജാരിസദേയ്ക്കും അറസ്റ്റിലായ മറ്റ് വനിതകൾക്കും വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ നസ്രീൻ സോറ്റുഡേയെ കഴിഞ്ഞമാസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം നിലവിൽ വന്ന ഡ്രസ് കോഡ് അനുസരിച്ച് 13 വയസ്സിന് മുകളിലുള്ള സ്ത്രീകൾ തലമുദൽ പാദം വരെ മൂടുന്ന വസ്ത്രം ധരിച്ചിരിക്കണം. ശരീരത്തിന്റെ അളവുകൾ പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രധാരണവും പാടില്ല. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് അഞ്ചുലക്ഷം റിയാൽ പിഴയും രണ്ടുമാസംവരെ തടവുമാണ് ശിക്ഷ.

2013-ൽ അധികാരത്തിലേറിയ പ്രസിഡന്റ് ഹസൻ റൗഹാനി പുരോഗമനപരമായ തീരുമാനങ്ങൾ പ്രഖ്യാപിച്ചിരുന്നു. സ്ത്രീകൾ ശിരോവസ്ത്രം അണിയുന്നുണ്ടോയെന്ന് നോക്കേണ്ടത് പൊലീസിന്റെ ജോലിയല്ലെന്നായിരുന്നു അദ്ദേഹം മുമ്പ് പ്രഖ്യാപിച്ചത്. എന്നാൽ, ഇറാനിലെ മതനേതൃത്വം ഇതംഗീകരിച്ചിരുന്നില്ല. 2016-ൽ അധികൃതർ പുറത്തുവി്ട്ട വിവരം അനുസരിച്ച് ശിരോവസ്ത്രം ധരിക്കുന്നുണ്ടെന്നതുൾപ്പെടെ മത നിയമങ്ങൾ നിരീക്ഷിക്കുന്നതിന് ഏഴായിരത്തോളം മതപൊലീസുകാർ രംഗത്തുണ്ട്.

വാഹനത്തിലും മറ്റും യാത്രചെയ്യുമ്പോൾ ശിരോവസ്ത്രം ധരിക്കാതിരിക്കുന്നതും ശിരോവസ്ത്രം മാറിക്കിടക്കുന്നതും ശിക്ഷാർഹമാണ്. 2015-ൽ മാത്രം നാൽപ്പതിനായിരത്തോളം ഇത്തരം കേസുകൾ കണ്ടെത്തിയതായി ട്രാഫിക് പൊലീസ് പറഞ്ഞിരുന്നു. പിഴയോ താക്കീതോ നൽകി വിടുകയാണ് ഇത്തരം സംഭവങ്ങളിൽ പൊലീസ് ചെയ്യാറുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP