Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്യൂബ് പ്ലാറ്റ്‌ഫോമിലൂടെ നടക്കുമ്പോഴും ശ്രദ്ധവേണം; പാളത്തിലേക്ക് തള്ളിയിട്ട് രസിക്കുന്നവരുടെ ഇരയാകരുത്; 91-കാരനെ ഒരുത്തൻ തള്ളിയിട്ടത് കാണൂ

ട്യൂബ് പ്ലാറ്റ്‌ഫോമിലൂടെ നടക്കുമ്പോഴും ശ്രദ്ധവേണം; പാളത്തിലേക്ക് തള്ളിയിട്ട് രസിക്കുന്നവരുടെ ഇരയാകരുത്; 91-കാരനെ ഒരുത്തൻ തള്ളിയിട്ടത് കാണൂ

ലണ്ടൻ: യുകെയിലെ ട്യൂബ് സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നടക്കുമ്പോഴും അതിജാഗ്രതവേണം. നിങ്ങളോട് എന്തെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസമോ വഴക്കോ ഉള്ളയാൾക്ക് വേണമെങ്കിൽ നിങ്ങളെ പാളത്തിലേക്ക് തള്ളിയിടാം. പാഞ്ഞെത്തുന്ന ട്രെയിന് മുന്നിലേക്കാണ് വീഴുന്നതെങ്കിൽ അതോടെ ജീവിതം അവസാനിക്കുകയും ചെയ്യും. യൂറോടണൽ ഗ്രൂപ്പിന്റെ മുൻ മേധാവി റോബർട്ട് മൽപാസിന് സംഭവിച്ചത് അതുതന്നെയാണ്. 91-കാരനായ അദ്ദേഹത്തെ പ്ലാറ്റ്‌ഫോമിലൂടെ നടക്കവെ ഒരാൾ മനപ്പൂർവം തള്ളി പാളത്തിലേക്ക് വീഴ്‌ത്തുകയായിരുന്നു.

റോബർട്ട് മൽപാസിന്റെ ആയുസ്സിന്റെ ബലംകൊണ്ട് അദ്ദേഹത്തിനൊരു രക്ഷകനെത്തി. റിയാദ് എൽ ഹസാനി എന്ന 24-കാരനാണ് സ്വന്തം ജീവിതം വകവെക്കാതെ പാളത്തിലേക്ക് ചാടിയിറങ്ങി റോബർട്ടിനെ വലിച്ചുകയറ്റിയത്. തിരക്കേറിയ സെൻട്രൽ ലൈനിലെ മാർബിൾ ആർച്ചിലാണ് സംഭവം. ട്രെയിൻവരുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തെ രക്ഷിക്കാനായി ചാടിയിറങ്ങുകയല്ലാതെ ആ നിമിഷം മറ്റൊന്നും തന്റെ മുന്നിലുണ്ടായിരുന്നില്ലെന്ന് റിയാദ് പറഞ്ഞു.

താൻ ചാടാനായി തീരുമാനിച്ചിരുന്നില്ല. പക്ഷേ, എന്തോ ഒന്ന് തന്നെക്കൊണ്ടത് ചെയ്യിക്കുകയായിരുന്നു. ചിന്തിക്കാനുള്ള സമയംപോലും അവിടെ ശേഷിച്ചിരുന്നില്ല. ആ പാളത്തിലൂടെ ട്രെയിൻവരാൻ ഒരുമിനിറ്റിൽത്താഴെ മാത്രമായിരുന്നു അ്‌പ്പോൾ സമയം ശേഷിച്ചിരുന്നത്. പാളത്തിനടിയിലേക്ക് വീണുപോയ റോബർട്ടാകട്ടെ എഴുന്നേൽക്കാൻപോലും വയ്യാത്ത നിലയിലും. പ്ലാറ്റ്‌ഫോമിൽനിന്ന് ആളുകൾ ബഹളംവെയ്ക്കുന്നുണ്ടായിരുന്നെങ്കിലും ആർക്കും എന്താണ് ചെയ്യേണ്ടതെന്ന് ഒരു രൂപവുമുണ്ടായിരുന്നില്ല.

റോബർട്ടിനെ ഒരാൾ പാളത്തിലേക്ക് തള്ളിയിടുന്നതിന്റെ ദൃശ്യം സ്റ്റേഷനിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഇയാൾ മനോരോഗിയാണെന്ന് സംശയിക്കുന്നു. നടന്നുപോവുകയായിരുന്ന റോബർട്ടിനെ സ്‌റ്റേഷനകത്തുനിന്ന് ഓടിവന്നയാൾ അതിശക്തമായി പാളത്തിലേക്ക് തള്ളിയിടുകയായിരുന്നു. തൊട്ടുപിന്നാലെ ഇയാൾ മറയുകയും ചെയ്തു. പാളത്തിനടിയിൽനിന്ന് റിയാദ് വലിച്ചുകയറ്റുമ്പോൾ, റോബർട്ടിന്റെ തലപൊട്ടി ചോരയൊലിക്കുന്ന അവസ്ഥയിലായിരുന്നു. ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

പാളത്തിനടിയിൽനിന്ന് റോബർട്ടിനെ വലിച്ചെടുക്കാൻ 30 സെക്കൻഡോളം സമയം വേണ്ടിവന്നു. അപ്പോഴേക്കും ഇരുവരെയും പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചുകയറ്റാൻ ഒട്ടേറെപ്പേരെത്തി. തലയിൽ വലിയ മുറിവുണ്ടായ റോബർട്ടിന് 12-തുന്നലിടേണ്ടിവന്നു. അദ്ദേഹത്തിന്റെ ഇടുപ്പെല്ലിനും പൊട്ടലുണ്ട്. ഓക്‌സ്ഫഡ് സർക്കസിലേക്ക് പോകാനായാണ് റോബർട്ട് സ്‌റ്റേഷനിലേക്ക് വന്നത്. ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും ബന്ധിപ്പിക്കുന്ന യൂറോടണലിന്റെ മേധാവിക്കുതന്നെ ഇത്തരത്തിലൊരു അപകടമുണ്ടായതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP