Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു മന്ത്രിപോലും രാജിവെക്കാതെ ബ്രെക്‌സിറ്റ് ഡീലിന് അനുമതിയായി; പാർലമെന്റിൽ പാസ്സാകാൻ ആവശ്യത്തിന് വോട്ടുനേടുക വെല്ലുവിളിയാകും; ലേബർ വിമതരുടെ വോട്ടിൽ കണ്ണുവെച്ച് തെരേസ മെയ്‌

എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു മന്ത്രിപോലും രാജിവെക്കാതെ ബ്രെക്‌സിറ്റ് ഡീലിന് അനുമതിയായി; പാർലമെന്റിൽ പാസ്സാകാൻ ആവശ്യത്തിന് വോട്ടുനേടുക വെല്ലുവിളിയാകും; ലേബർ വിമതരുടെ വോട്ടിൽ കണ്ണുവെച്ച് തെരേസ മെയ്‌

സ്വന്തം പാർട്ടിയിലെ ശക്തമായ വിമതശബ്ദങ്ങളെ മറികടന്ന് ബ്രെക്‌സിറ്റ് കരാറിന് അംഗീകാരം നേടിക്കൊടുക്കാനായത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് താൽക്കാലിക ആശ്വാസം പകരുന്നു. ഒരു മന്ത്രിപോലും രാജിവെക്കാതെ കരാറിന് അനുമതി നേടിക്കൊടുക്കാനായെന്നതാണ് ഇതിലെ പ്രധാന കാര്യം. അഞ്ചുമണിക്കൂർ നീണ്ട ചൂടേറിയ വാദപ്രതിവാദങ്ങളാൽ മുഖരിതമായിരുന്നു മന്ത്രിസഭായോഗം. താൻ നിലകൊണ്ടത് രാജ്യതാത്പര്യത്തിനുവേണ്ടി മാത്രമാണെന്ന് സ്ഥാപിക്കാനായി എന്നതാണ് തെരേസയുടെ വിജയം.

അഞ്ചുമണിക്കൂർ നീണ്ട ചർച്ചയ്ക്കിടെ മന്ത്രിമാരിൽപ്പലരും ബ്രെക്‌സിറ്റ് കരാറിനെച്ചൊല്ലി ആശങ്കകൾ ഉയർത്തി. രാജിഭീഷണിയുയർത്തി നിലകൊണ്ട വർക്ക് ആൻഡ് പെൻഷൻസ് സെക്രട്ടറി എസ്തർ മക്‌വെയ് കരാർ വോട്ടിനിടണമെന്നും ഒരുഘട്ടത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, ഇതിനെ സമർഥമായി നേരിടാനും വോട്ടിനിടണമെന്ന ആവശ്യത്തിലേക്ക് ചർച്ചകൾ പോകാതെ നോക്കാനും തെരേസ മെയ്‌ക്ക് സാധിച്ചു. നിശ്ചയിച്ചത് രണ്ടുമണിക്കൂർ നേരത്തെ യോഗമായിരുന്നെങ്കിലും ചർച്ചകൾ നീണ്ടതോടെ അത് അഞ്ചുമണിക്കൂർ കടക്കുകയായിരുന്നു.

രാജ്യത്തിന് താത്പര്യത്തിനും ഗുണത്തിനും വേണ്ടിയുള്ളതാണ് ബ്രെക്‌സിറ്റ് കരാറെന്ന് താൻ പൂർണമായും വിശ്വസിക്കുന്നതായി തെരേസ മെയ്‌ പറഞ്ഞു. യൂറോപ്പിൽനിന്ന് വിടുതൽ നേടാനുള്ള കരാർ സർക്കാർ അംഗീകരിക്കണമെന്നതാണ് മന്ത്രിസഭയുടെ കൂട്ടായ തീരുമാനമെന്നും അവർ വ്യക്തമാക്കി. എന്നാൽ, മന്ത്രിസഭാ തീരുമാനം ഏകകണ്ഠമായിരുന്നിലെന്ന വ്യക്തമാക്കുന്നതാണ് കൂട്ടായ തീരുമാനമെന്ന തെരേസയുടെ പ്രയോഗം സൂചിപ്പിക്കുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. കുറഞ്ഞത് പത്തുമന്ത്രിമാരെങ്കിലും കരാറിന്റെ പല ഭാഗങ്ങളെക്കുറിച്ചും ആശങ്കകൾ പ്രകടിപ്പിച്ചതായാണ് സൂചന.

മന്ത്രിസഭായോഗത്തിലുയർന്ന ഈ ആശങ്കകളും സംശയങ്ങളും കരാർ പാർലമെന്റിലേക്ക് എത്തുമ്പോൾ വർധിക്കാനാണ് സർവ സാധ്യതയും. പാർലമെന്റിൽ അത് പാസ്സാക്കിയെടുക്കുകയെന്നത് നിലവിലെ സാഹചര്യമനുസരിച്ച് തെരേസ മെയ്‌ക്ക് കനത്ത വെല്ലുവിളിയാണ്. പാർലെമെന്റിലെ വോട്ടെടുപ്പ് ഡിസംബറോടെ നടക്കുമെന്നാണ് കരുതുന്നത്. ബ്രെക്‌സിറ്റ് കരാറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയും കടമ്പയും പാർലമെന്റിന്റെ അംഗീകാരം നേടിയെടുക്കുകയെന്നതാണ്.

പ്രതിനിധിസഭയിലെ 650 പേരും ഹാജരാവുകയാണെങ്കിൽ, കുറഞ്ഞത് 318 വോട്ടെങ്കിലും ഉണ്ടെങ്കിൽ മാത്രമേ കരാർ പാസ്സാക്കിയെടുക്കാൻ തെരേസ മെയ്‌ക്ക് സാധിക്കൂ. നാല് സ്പീക്കർമാരും ഏഴ് സിൻ ഫെയ്ൻ എംപിമാരും നാല് ടെല്ലേഴ്‌സും വോട്ടെടുപ്പിൽ പങ്കെടുക്കില്ലെന്നതുകൊണ്ടാണ് സംഖ്യ 318-ൽ നിൽക്കുന്നത്. തെരേസ മെയ്‌ക്ക് അനുകൂലമായി ലഭിക്കുമെന്ന ശുഭപ്രതീക്ഷ 230 വോട്ടുകളേയുള്ളൂ. ബ്രെക്‌സിറ്റിനെ എതിർത്തുനിൽക്കുന്ന സ്വന്തം പാർട്ടിയിലെ എൺപതോളം വിമതരിൽ പാതി പേരെയെങ്കിലും വിശ്വസത്തിൽ കൊണ്ടുവരാനും അവരുടെ വോട്ട് നേടാനും സാധിച്ചെങ്കിൽ മാത്രമേ തെരേസയ്ക്ക് മുന്നോട്ടുപോകാനാകൂ. ഡിയുപിയിലെ 10 എംപിമാരുടെ വോട്ടും സ്വന്തമാക്കണം.

ലേബർ പാർട്ടിയിലുമുണ്ട് വിമതസ്വരം. അതും തെരേസയ്ക്ക് പ്രതീക്ഷ പകരുന്നു. വോട്ടെടുപ്പ് ഉണ്ടായാൽ ലേബർ പാർട്ടിയിലെ വിമതരിൽ ഒരുവിഭാഗം തന്നെ അനുകൂലിക്കുമെന്ന് അവർ കരുതുന്നു. ഇതും പാർലമെന്റിൽനിന്് ബ്രെക്‌സിറ്റ് കരാറിനെ രക്ഷിച്ചെടുക്കാൻ തെരേസയെ സഹായിച്ചേക്കും. നിലവിലെ കക്ഷിനിലയനുസരിച്ച് കൺസർവേറ്റീവുകൾക്ക് 315 എംപിമാരാണുള്ളത്. ലേബറിന് 257-ഉം. സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി 35, ഡിയുപി 10, ലിബറൽ ഡമോക്രാറ്റുകൾ 12, മറ്റുള്ളവർ 21 എന്നിങ്ങനെയാണ് കക്ഷിനില.

ഇതിൽ തെരേസയോട് ആഭിമുഖ്യമുള്ളവർ കൺസർവേറ്റീവുകളിൽ 156 പേരാണ്. 74 മിതവാദികളായ എംപിമാരുമുണ്ട്. 80 പേർ വിമതപക്ഷത്തുനിലയുറപ്പിക്കുന്നു. ബ്രിട്ടൻ യൂറോപ്പിൽ തുടരണമെന്ന് ശക്തമായി വാദിക്കുന്ന അഞ്ചുപേരും ടോറികൾക്കിടയിലുണ്ട്. ലോബർ പാർട്ടിയിൽ നേതാവ് ജെറമി കോർബിനോട് ആഭിമുഖ്യമുള്ളവർ 237 പേരാണ്. ലേബർ പാർട്ടിയിലെ വിമതർ 20 പേരും. സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയും ലിബറൽ ഡമോക്രാറ്റുകളും ബ്രെക്‌സിറ്റിനെ എതിർക്കും. ഐറിഷ് അതിർത്തിയുടെ കാര്യത്തിൽ നീക്കുപോക്കുണ്ടായാൽ ഡിയുപിയുടെ പിന്തുണ തെരേസയ്ക്ക് ഉറപ്പിക്കാനുമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP