Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്തോനേഷ്യയിൽ 281 പേരുടെ ജീവനെടുത്ത സുനാമിക്ക് കാരണമായ അഗ്നിപവർവതം 1883-ൽ കവർന്നെടുത്തത് 36,000 ജീവനുകൾ; ചരിത്രാതീത കാലംമുതൽ ലോകത്തെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ക്രക്കോറ്റ അഗ്നിപർവതത്തിന്റെ കഥ

ഇന്തോനേഷ്യയിൽ 281 പേരുടെ ജീവനെടുത്ത സുനാമിക്ക് കാരണമായ അഗ്നിപവർവതം 1883-ൽ കവർന്നെടുത്തത് 36,000 ജീവനുകൾ; ചരിത്രാതീത കാലംമുതൽ ലോകത്തെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ക്രക്കോറ്റ അഗ്നിപർവതത്തിന്റെ കഥ

ഭൂകമ്പവും സുനാമിയും അഗ്നിപർവതങ്ങളും കണ്ടും കേട്ടും തഴക്കംവന്നവരാണ് ജാവയിലും സുമാത്രയിലുമുള്ളവർ. എന്നാൽ, ക്രക്കോറ്റയെന്ന പേരുകേട്ടാൽ അവർ നടുങ്ങും. ഇന്തോനേഷ്യയുടെ പേടിസ്വപ്‌നങ്ങളിലൊന്നാണ് ക്രക്കോറ്റയെന്ന അഗ്നിപർവതം. ശനിയാഴ്ച 281 പേരുടെ മരണത്തിനിടയാക്കിയ സുനാമിക്ക് കാരണമായതും ഈ അഗ്നിപവർവതം തന്നെ. ചരിത്രാതീത കാലം മുതൽക്കെ, ലോകത്തെ ഭയപ്പെടുത്തുന്ന, ഏറ്റവും കൂടുതൽ അപകടങ്ങൾ വിതച്ചിട്ടുള്ള അഗ്നിപർവതമാണ് ക്രക്കോറ്റ.

1883-ലാണ് ക്രക്കോറ്റ ഏറ്റവും കൂടുതൽ മരണം വിതച്ച സ്‌ഫോടനമുണ്ടായത്. അന്ന് മരിച്ചത് 36,000-ലേറെപ്പേരാണ്. സ്‌ഫോടനത്തെത്തുടർന്ന് അന്തരീക്ഷത്തിൽ വ്യാപിച്ച ചാരവും പൊടിയും 2000 മൈൽ അകലേക്കുപോലും എത്തിയിരുന്നുവെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ബൈബിൾ കാലഘട്ടത്തിൽ ലോകം പേടിയോടെ കണ്ടിരുന്ന വെസുവിയസ് എന്ന അഗ്നിപർവതത്തിന്റെ ആധുനിക കാലത്തെ പതിപ്പായാണ് ക്രക്കോറ്റയെ വിലയിരുത്തുന്നത്.

എ.ഡി. 79-ലുണ്ടായ വെസുവിയസ് സ്‌ഫോടനത്തിൽ പോംപിയിലെയും ഹെർക്കുലനിയത്തിനെയും ജനങ്ങൾ അപ്പാടെ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. സമാനമായ രീിയിൽ മാരകമാണ് ക്രക്കോറ്റയുടെ സ്‌ഫോടനവും. ആയിരം ഡിഗ്രി സെൽഷ്യസ് താപനിലയിൽ തീയും പുകയും പുറന്തള്ളുന്ന ക്രക്കോറ്റയിൽനിന്ന് ലാവയും മറ്റും പുറത്തേക്ക് തെറിക്കുന്നത് 430 മൈലിലേറെ വേഗതയിലാണ്. പോകുന്നവഴിയിലുള്ള എല്ലാറ്റിനെയും നക്കിത്തുടയ്ക്കുന്നതാണ് ഇതിന്റെ രീതി.

ആറുമാസമായി എപ്പോൾവേണമെങ്കിലും പൊട്ടാവുന്ന സ്ഥിതിയിൽ നിൽക്കുകയായിരുന്നു ക്രക്കോറ്റ. ലാവയും പുകയും വമിപ്പിച്ച് നിന്നിരുന്ന ഇതിൽനിന്നുള്ള പുകയും പൊടിയും ഒമ്പത് മൈൽ ദൂരത്തേക്ക് വ്യാപിച്ചിരുന്നു. ക്രക്കോറ്റയുടെ കുട്ടിയെന്നറിയപ്പെടുന്ന അശാക് ക്രക്കാറ്റുവാണ് ഇപ്പോൾ പൊട്ടിത്തെറിച്ചതും സുനാമിക്കിടയാക്കിയതും. 1883-ലുണ്ടായ മഹാസ്‌ഫോടനത്തിന് ശേഷം പിറവിയെടുത്ത അഗ്നിപർവതമാണ് ഇതെന്ന് കരുതുന്നു. 1927-ലാണ് ഇതിനെ കണ്ടെത്തിയത്.

1883-ലുണ്ടായ സ്‌ഫോടനത്തിൽ ക്രക്കോറ്റ ദ്വീപിന്റെ മൂന്നിൽ രണ്ടുഭാഗവും നശിച്ചുപോയിരുന്നു. അനക്കമില്ലാതെനിന്നിരുന്ന മൂന്ന് അഗ്നിപർവതങ്ങളും ഈ സ്‌ഫോടനത്തിൽ നശിച്ചു. 1883-ലെ സ്‌ഫോടനം ദ്വീപിന്റെ രൂപം തന്നെ മാറ്റിയിരുന്നു. എ.ഡി. 535-536 കാലയളവിൽ മുതൽ ക്രക്കോറ്റ പൊട്ടിത്തെറിച്ചതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്. നൂറ്റാണ്ടിലൊരിക്കൽ വലിയ നാശനഷ്ടമുണ്ടാക്കുന്ന അഗ്നിപർവതമായാണ് ഇതിനെ കണക്കാക്കുന്നത്. ശനിയാഴ്ചത്തെ സ്‌ഫോടനത്തിൽ അഗ്നിപർവതത്തിന്റെ ഒരുഭാഗം അപ്പാടെ തകർന്ന് കടലിൽ പതിച്ചിട്ടുണ്ടാകാമെന്നും അത് സുനാമിക്ക് ഇടയാക്കിയെന്നുമാണ് കരുതുന്നത്.

സംഹാര താണ്ഡവമാടി 'ക്രാക്കത്തോവയുടെ കുട്ടി'
അനക് ക്രാക്കത്തോവ വോൾക്കാനോയിലുണ്ടായ സ്‌ഫോടനത്തെ തുടർന്നാണ് സുനാമി ഉണ്ടായത്. സുൺഡ കടലിടുക്കിലെ 'അനക് ക്രാക്കോട്ടോവ' അഥവാ ക്രാക്കത്തോവയുടെ കുട്ടിഎന്നറിയപ്പെടുന്ന അഗ്‌നിപർവതദ്വീപ് ഏതാനും നാളുകളായി പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

1883ൽ ക്രാക്കോത്തോവ അഗ്‌നിപർവതത്തിന്റെ സ്‌ഫോടനത്തെ തുടർന്നുള്ള സൂനാമിയിൽ 36,000 പേർ മരിച്ചിരുന്നു. അന്നു സ്‌ഫോടനത്തിനുശേഷം ദ്വീപ് ഇടിഞ്ഞുതാഴ്ന്നു. പിന്നീട് 1927ൽ വീണ്ടും ഉയർന്നുവന്ന ദ്വീപാണു 'അനക് ക്രാക്കോട്ടോവ'എന്നറിയപ്പെട്ടത്. അഗ്‌നിപർവത സ്‌ഫോടനം ദ്വീപ് കടലിലേക്ക് ഇടിഞ്ഞുതാഴുമ്പോഴുണ്ടായ ആഘാതത്തിലാണു സൂനാമി രൂപം കൊണ്ടത്. ചൈൽഡ് ഓഫ് ക്രാക്കത്തോവ എന്നറിയപ്പെട്ട കുപ്രസിദ്ധമായ ഈ സുനാമി ജാവാ, സുമാത്രാ ദ്വീപുകളെ രാത്രി 9.30യോടെയാണ് വിഴുങ്ങിയത്.

അഗ്‌നിയിൽനിന്ന് വൻ തിര
അഗ്‌നിപർവത സ്‌ഫോടനത്തെ തുടർന്ന് സൂനാമി ഉണ്ടാകുന്നത് അപൂർവമായി സംഭവിക്കുന്ന പ്രതിഭാസമാണെന്ന് രാജ്യാന്തര സൂനാമി വിവരകേന്ദ്രം പറയുന്നു. ഭൂചലനത്തെ തുടർന്നുണ്ടാകുന്ന സൂനാമിയിൽനിന്നു വ്യത്യസ്തമായി കടൽ കയറുകയോ ഇറങ്ങുകയോ ചെയ്യുന്നതു പോലെയുള്ള സൂചനകൾ ഇവിടെ ഉണ്ടാകാറില്ല. അതുകൊണ്ടു മുന്നറിയിപ്പ് നൽകാൻ അവസരം ലഭിക്കാറുമില്ല.

അതേസമയം അഞ്ചു വയസ്സുകാരനായ ഒരു ബാലൻ അത്ഭുതകരമായാണ് സുനാമി തിരകളിൽ നിന്നും രക്ഷപ്പെട്ടു. മരങ്ങൾക്കടിയിൽ അകപ്പെട്ട ഒരു കാറിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. കുട്ടിയുടെ കരച്ചിൽ കേട്ടാണ് പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തിയത്. ഞായറാഴ്ച രാവിലെ മുതൽ സുനാമിയിൽ നിന്നും രക്ഷപ്പെട്ടവർക്ക് വേണ്ടിയും മൃതദേഹഭങ്ങൾക്ക് വേണ്ടിയും വ്യാപക തിരച്ചിലാണ് നടന്നത്.

മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. തീരപ്രദേശത്തെ നൂറുകണക്കിനു കെട്ടിടങ്ങൾ തകർന്നു. 20 മീറ്റർ ഉയരത്തിലാണ് ജാവാ സുമാത്രാ ദ്വീപുകളിൽ തിരകൾ ആഞ്ഞടിച്ചത്. ജാവയിലെ ബാന്റൺ പ്രോവിൻസിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായത്. നാഷണൽ പാർക്കും പ്രമുഖ ബീച്ചിനാലും നിരവധി ആളുകൾ ഉണ്ടായരുന്ന സ്ഥലമാണ് ഇത്. 2004 ഡിസംബർ 26 ന് സുമാത്രദ്വീപ് പ്രഭവസ്ഥാനമായ ഭൂകമ്പത്തിന്റെ ഫലമായി ഇന്ത്യൻ സമുദ്രത്തിൽ രൂപംകൊണ്ട വൻ സൂനാമിയിൽ വിവിധ രാജ്യങ്ങളിലായി ഏതാണ്ട് 2,30,000 പേരുടെ ജീവനാണു കവർന്നത്. ഇന്ത്യയിലെ മരണസംഖ്യ പതിനായിരത്തിലധികവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP