Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആൾക്കൂട്ടത്തിൽ അലിഞ്ഞുചേർന്ന് ആഘോഷമാക്കാൻ ഇഷ്ടപ്പെട്ട് മേഘൻ; സുരക്ഷ ഒരുക്കാൻ പാടുപെട്ട് ജീവനക്കാർ; ഡയാനയെ ഓർമിപ്പിച്ചുകൊണ്ടുള്ള മേഘന്റെ രീതികളിൽ ആശങ്കപ്പെട്ട് ബ്രിട്ടീഷ് രാജകുടുംബം

ആൾക്കൂട്ടത്തിൽ അലിഞ്ഞുചേർന്ന് ആഘോഷമാക്കാൻ ഇഷ്ടപ്പെട്ട് മേഘൻ; സുരക്ഷ ഒരുക്കാൻ പാടുപെട്ട് ജീവനക്കാർ; ഡയാനയെ ഓർമിപ്പിച്ചുകൊണ്ടുള്ള മേഘന്റെ രീതികളിൽ ആശങ്കപ്പെട്ട് ബ്രിട്ടീഷ് രാജകുടുംബം

ലണ്ടൻ: ബ്രിട്ടീഷ് കൊട്ടാരത്തിൽനിന്നിറങ്ങിവന്ന് ജനങ്ങൾക്കൊപ്പം ഇടപഴകി ജീവിതം ആസ്വദിച്ചയാളായിരുന്നു ഡയാന രാജകുമാരി. കൊട്ടാരത്തിന്റെ നെറ്റിചുളിഞ്ഞപ്പോഴും അതു വകവെക്കാതെ ആൾക്കൂട്ടത്തിലേക്ക അലിഞ്ഞുചേർന്ന ഡയാനയെ ഇന്നും ബ്രിട്ടീഷ് ജനത നെഞ്ചേറ്റുകയും ചെയ്യുന്നുണ്ട്. ഹാരി രാജകുമാരന്റെ ഭാര്യയായി ബ്രിട്ടീഷ് കൊട്ടാരത്തിലേക്ക് എത്തിയ മേഘൻ മെർക്കലും ഡയാന രാജകുമാരിയെ അനുസ്മരിപ്പിക്കുന്ന പ്രവർത്തികളാണ് തുടരുന്നത്. പലപ്പോഴും ജനങ്ങളിലൊരാളായി മാറാൻ അവർ ശ്രമിക്കുമ്പോൾ പുലിവാല് പിടിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. സുരക്ഷ ഒരുക്കാൻ പാടുപെടുന്ന അംഗരക്ഷകരാണത്.

മേഘന് സുരക്ഷയൊരുക്കിയിരുന്ന അംഗരക്ഷക കഴിഞ്ഞദിവസം രാജിവെച്ചതോടെയാണ് അതെത്രമാത്രം തലവേദന പിടിച്ച കാര്യമാണെന്ന തരത്തിലുള്ള ചർച്ച ഉയർന്നുവന്നത്. സ്വദേശത്തും വിദേശത്തും മേഘന് ഒരു പോറൽ പോലുമേൽക്കാതെ അവരെ സുരക്ഷിതയായി യാത്രചെയ്യാൻ കഷ്ടപ്പെട്ടിരുന്ന അംഗരക്ഷക ജോലിയിൽനിന്നൊഴിഞ്ഞത് വ്യക്തിപരമായ കാര്യങ്ങളാലാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, അത് മേഘന്റെ കടുംപിടിത്തങ്ങൾ സഹിക്കാതെയാണെന്നും ജോലിഭാരം താങ്ങാനാകാതെയാണെന്നും രണ്ട് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.

മേഘന്റെ അംഗരക്ഷക രാജിവെച്ച പശ്ചാത്തലത്തിൽ, കൊട്ടാരത്തിലെ സുപ്രധാന വ്യക്തികൾക്ക് സുരക്ഷയൊരുക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് വിശദീകരിക്കുകയാണ് ഡയാന രാജകുമാരിയുടെ അംഗരക്ഷകനായിരുന്ന കെൻ വാർഫ്. എട്ടുവർഷത്തോളം ഡയാനയുടെ അംഗരക്ഷകനായിരുന്ന തനിക്ക് അതെത്രത്തോളം തലവേദനയുണ്ടാക്കുന്ന കാര്യമാണെന്ന് വ്യക്തമായറിയാമെന്ന് അദ്ദേഹം പറയുന്നു. ഡയാനയുടെ അംഗരക്ഷകനാകുന്നതിന് മുമ്പ് വില്യമിന്റെയും ഹാരിയുടെയും കുട്ടിക്കാലത്ത് അവരുടെ സുരക്ഷയും കെൻ വാർഫിന്റെ ചുമതലയായിരുന്നു.

ജനങ്ങളോട് കൂടുതൽ ഇടപഴകാൻ ഇഷ്ടപ്പെടുന്നവരുടെ സുരക്ഷയൊരുക്കലാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്ന് അദ്ദേഹം പറയുന്നു. പലതരത്തിലുള്ള ജനങ്ങളുണ്ടാവാം. അവരുടെ പ്രതികരണം എല്ലായ്‌പ്പോഴും സുഖകരമാകണമെന്നില്ല. എന്നാൽ, അതൊന്നും രാജകുടുംബാംഗത്തെ ബാധിക്കാത്ത രീതിയിൽ വേണം സുരക്ഷയൊരുക്കാൻ. ജനങ്ങളുമായി കൂടുതൽ ഇടപഴകാനും അവർക്കിടയിൽ അവരിലൊരാളായി പെരുമാറാനും തയ്യാറാകുന്നയാളെ സംരക്ഷിക്കുക പലപ്പോഴും എളുപ്പമാകില്ലെന്നും കെൻ വാർഫ് പറയുന്നു.

മേഘനൊപ്പം ജോലി ചെയ്യുക പ്രയാസമായതിനാലാണ് അംഗരക്ഷക വിട്ടുപോയതെന്നും അഭ്യൂഹമുണ്ട്. സ്‌കോട്ട്‌ലൻഡ് യാർഡിൽനിന്ന് കൊട്ടാരത്തിലെ സുപ്രധാന അംഗരക്ഷകയുടെ പദവിയിലെത്തിയ ആദ്യ വനിതാ ഓഫീസർകൂടിയായിരുന്നു ഇവർ. നേരത്തെ മേഘന്റെ പേഴ്‌സണൽ അസിസ്റ്റന്റ് മെലീസ ടുബാറ്റിയും ഹാരിയുടെയും മേഘന്റെയും പ്രൈവറ്റ് സെക്രട്ടറി സാമന്ത കോഹനും രാജിവെച്ചിരുന്നു. ആറുമാസത്തോളം മേഘനൊപ്പം പ്രവർത്തിച്ചശേഷമാണ് മെലീസ രാജിവെച്ചത്. 17 വർഷത്തോളം രാജകുടുംബത്തോടൊപ്പം പ്രവർത്തിച്ചിട്ടുള്ള സാമന്ത, താൽക്കാലികാടിസ്ഥാനത്തിലാണ് ഹാരിക്കും മേഘനുമൊപ്പം പ്രവർത്തിച്ചിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP