അമേരിക്കയിൽ നിന്ന് ഹോങ്കോങിലേക്ക് പുറപ്പെട്ട വിമാനം യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ കാനഡയിലിറക്കി; കൊടും തണുപ്പിൽ തുറന്ന ഡോർ അടയ്ക്കാൻ കഴിഞ്ഞില്ല; യാത്രക്കാർ തണുത്ത് വിറച്ചത് 16 മണിക്കൂർ
January 21, 2019 | 06:33 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
മോൺട്രിയൽ: മെഡിക്കൽ എമർജൻസിയെ തുടർന്ന് കാനഡയിൽ അടിയന്തരമായി ഇറക്കിയ വിമാനത്തിനുള്ളിൽ കൊടുംതണുപ്പിൽ യാത്രികർ കുടുങ്ങിയതു 16 മണിക്കൂർ. മൈനസ് 30 ഡിഗ്രി സെൽഷ്യസിൽ ഒരു വാതിൽ അടയ്ക്കാനാകാത്തവിധം ഉറഞ്ഞുപോയതാണ് യാത്രികരെ ദുരിതത്തിലാക്കിയത്. വിമാനം അടിയന്തരമായി ഇറക്കിയ ഗൂസ് ബേ വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രി കസ്റ്റംസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഇല്ലാതിരുന്നതു മൂലമാണ് യാത്രികർക്കു പുറത്തിറങ്ങാനാകാതെ കൊടുംതണുപ്പിൽ കഴിയേണ്ടിവന്നത്.
അമേരിക്കയിൽ നിന്ന് 250 യാത്രക്കാരുമായി ഹോങ്കോങ്ങിലേക്കു യാത്ര തിരിച്ചതായിരുന്നു യുണൈറ്റഡ് എയർലൈൻസ് വിമാനം. യാത്രയ്ക്കിടെ ഒരാൾക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം അടിയന്തരമായി കാനഡയിലെ ഗൂസ് ബേ വിമാനത്താവളത്തിൽ ഇറക്കേണ്ടിവന്നു. രോഗിയായ യാത്രക്കാരനെ ആശുപത്രിയിലേക്കു മാറ്റിയതിനു പിന്നാലെ വിമാനത്തിന്റെ വാതിൽ തണുപ്പിൽ ഉറച്ചുപോയി. മൈനസ് 30 ഡിഗ്രി സെൽഷ്യസാണ് കാനഡയിലെ താപനില. വാതിൽ ഉറഞ്ഞ് അടയ്ക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാർ തണുത്തുവിറയ്ക്കുകയായിരുന്നു. വിമാന ജീവനക്കാർ നൽകിയ കമ്പിളിക്കും തണുപ്പിനെ പ്രതിരോധിക്കാനായില്ല. പത്തു മണിക്കൂറുകൾ പിന്നിട്ടതോടെ വെള്ളവും ആഹാരവും കുറഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥർ ഒരു ഫാസ്റ്റ് ഫുഡ് ചെയിൻ സർവീസുമായി ബന്ധപ്പെട്ട് ആഹാരമെത്തിച്ചു നൽകി.
ഒടുവിൽ ഞായറാഴ്ച രാവിലെ മറ്റൊരു വിമാനമെത്തിച്ച് യാത്രക്കാരെ അതിലേക്കു മാറ്റി. തുടർന്ന് വിമാനം തിരികെ പറന്നു. അതോടെ ഒരു ദിവസം മുൻപ് പുറപ്പെട്ട അതേസ്ഥലത്തു തന്നെ ഇവർ തിരിച്ചെത്തി. കാനഡയിൽ അതിശൈത്യം തുടരുന്നതിനാൽ വിമാനസർവീസുകൾ മിക്കതും റദ്ദാക്കിയിരിക്കുകയാണ്.
