മക്കളെ സ്കൂളിൽ നിന്നും വിളിക്കാൻ എത്തിയ ബ്രസീലിയൻ യുവതിയെ കാത്തിരുന്നയാൾ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് ഒരു മാസം മുമ്പ് വിവാഹമോചനം നേടിയ നാലു കുട്ടികളുടെ അമ്മ
February 11, 2019 | 10:02 AM IST | Permalink

സ്വന്തം ലേഖകൻ
സൗത്ത് ലണ്ടൻ സ്ട്രീറ്റിൽ വെള്ളിയാഴ്ച അലിനി മെൻഡെസ് എന്ന 39 കാരി കത്തിക്കുത്തേറ്റ് മരിച്ചു. തന്റെ മക്കളെ സ്കൂളിൽ നിന്നും വിളിക്കാൻ എത്തിയ ഈ ബ്രസീലിയൻ യുവതിയെ കാത്തിരുന്നയാൾ കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഒരു മാസം മുമ്പ് വിവാഹമോചനം നേടിയ ഈ യുവതി നാല് കുട്ടികളുടെ അമ്മയാണ്. തെരുവിലെ നിർത്തിയിട്ടിരുന്ന കാറിൽ നിന്നും ചാടിയിറങ്ങിയ ആൾ സ്ത്രീയെ പിന്തുടർന്ന് കുത്തുകയായിരുന്നുവെന്നാണ് സാക്ഷികൾ വെളിപ്പെടുത്തുന്നത്. സറെയിലെ എവെല്ലിലുല്ള മെഡോ പ്രൈമറി സ്കൂളിനടുത്ത് വച്ചാണ് കൊലപാതകം നടന്നത്.
കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരാളെ സായുധ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടന്നയിടത്ത് നിന്നും ഒരു മൈൽ അകലെ നിർത്തിയിട്ടിരുന്നു ഒരു വാനിലിരുന്നിരുന്ന 41 കാരൻ റിക്കാർഡോ ഗോഡിൻഹോയാണ് അറസ്റ്റിലായത്. ഇയാൾക്ക് മേൽ കൊലപാതക കുറ്റം ചാർജ് ചെയ്തിട്ടുണ്ട്. ഇയാളെ ഇന്നലെ സ്റ്റെയിനെസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ഈ കൊലപാതകം പൊലീസ് വാച്ച്ഡോഗായ ഇന്റിപെന്റന്റ് ഓഫീസ് ഓഫ് പൊലീസ് കണ്ടക്ടിന് റഫർ ചെയ്തിട്ടുണ്ടെന്നാണ് ഓഫീസർമാർ പറയുന്നത്.
കൊലപാതകിയെന്ന് സംശയിക്കുന്ന ആളെയും അയാളുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുകയാണ്. ഒരു മാസം മുമ്പായിരുന്നു ഈ യുവതി ഭർത്താവുമായി വേർപിരിഞ്ഞതെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. തുടർന്ന് സൗത്ത് ലണ്ടനിലെ സ്ട്രീത്താമിലുള്ള ഷെൽട്ടേഡ് അക്കൊമഡേഷനിലേക്ക് ഈ അടുത്ത ദിവസം യുവതി മാറിത്താമസിക്കുകയും ചെയ്തിരുന്നു. ഭയം കാരണമാണ് ഇവർ ഇത്തരത്തിൽ താമസം മാറിയിരുന്നതെന്നും സൂചനയുണ്ട്. കൊലപാതകിക്കും ഇരയ്ക്കും പരസ്പരം അറിയാമെന്നാണ് സറെ പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. അലിനി മെൻഡെസ് അംഗമായ റോമൻ കത്തോലിക്കാ സഭയിലെ അംഗങ്ങൾ ആദരാജ്ഞലി അർപ്പിക്കാനെത്തിയിരുന്നു.
വളരെ സജീവമായിരുന്ന വ്യക്തിയായിരുന്നു മെൻഡെസ് എന്നാണ് എസ്പസമിലെ സെന്റ് ജോർജ്സ് ചർച്ചിലെ പുരോഹിതനായ ഫാദർ ജിയാനോം പ്രതികരിച്ചിരിക്കുന്നത്. മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ഈ യുവതിക്കുള്ളത്. തന്റെ കുട്ടികൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ച യുവതിയാണ് തെരുവിൽ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ട യുവതിയുടെ കുട്ടികളെ സംരക്ഷിക്കുന്നതിനും പിന്തുണയേകുന്നതിനുമായി ഒരു ഫണ്ട് റൈസിങ് ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇതിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ 37,000 പൗണ്ടാണ് സംഭാവന ലഭിച്ചിരിക്കുന്നത്.
