Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐസിസ് ഭീകരരെ കെട്ടി സിറിയയിലേക്ക് പോയി ഗർഭിണിയായ 19കാരിയെ തിരിച്ച് കൊണ്ടു വരാൻ മാതാപിതാക്കൾ; എതിർപ്പുമായി ബ്രിട്ടീഷ് ജനത; മടങ്ങാൻ കാത്ത് അനേകം ഭീകരരുടെ ഭാര്യമാരായ ബ്രിട്ടീഷ് ഏഷ്യൻ പെൺകുട്ടികൾ

ഐസിസ് ഭീകരരെ കെട്ടി സിറിയയിലേക്ക് പോയി ഗർഭിണിയായ 19കാരിയെ തിരിച്ച് കൊണ്ടു വരാൻ മാതാപിതാക്കൾ; എതിർപ്പുമായി ബ്രിട്ടീഷ് ജനത; മടങ്ങാൻ കാത്ത് അനേകം ഭീകരരുടെ ഭാര്യമാരായ ബ്രിട്ടീഷ് ഏഷ്യൻ പെൺകുട്ടികൾ

2015ൽ തന്റെ 15ാം വയസിൽ ബ്രിട്ടനിൽ നിന്നും സിറിയയിലേക്ക് പലായനം ചെയ്ത് ഐസിസ് ഭീകരരെ വിവാഹം കഴിച്ച ഷാമിമ ബീഗം ഇപ്പോൾ ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ ആഗ്രഹിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. നിലവിൽ 19 വയസുള്ള ബീഗം ഒമ്പത് മാസം ഗർഭിണിയുമാണ്. തങ്ങളുടെ മകളെ തിരിച്ച് കൊണ്ട് വരാൻ ബീഗത്തിന്റെ മാതാപിതാക്കൾ മുന്നിട്ടിറങ്ങിയിട്ടുണ്ട്. എന്നാൽ ഈ വനിതാ ജിഹാദിക്ക് ഇവിടേക്ക് മടങ്ങി വരാൻ സാഹചര്യമൊരുക്കുന്നതിനെ കടുത്ത രീതിയിലാണ് ബ്രിട്ടീഷ് ജനത എതിർക്കുന്നത്. ഇത്തരത്തിൽ ഇസ്ലാമിക് സ്റ്റേറ്റിൽ പോയി ചേർന്ന് ഭീകരരുടെ ഭാര്യമാരായ നിരവധി ബ്രീട്ടീഷ്, ഏഷ്യൻ പെൺകുട്ടികൾ തിരിച്ച് വരാൻ അവസരം കാത്തിരിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

2105ൽ കദിസ സുൽത്താന, അമിറ അബേസ് എന്നീ രണ്ട് കൂട്ടുകാരികൾക്കൊപ്പമായിരുന്നു ബീഗം ബ്രിട്ടനിൽ നിന്നും സിറിയയിലേക്ക് കടന്നത്. സിറിയയിലെത്തി ദിവസങ്ങൾക്കം ഡച്ചുകാരനായ ജിഹാദിയെ ബീഗം വിവാഹം കഴിച്ചിരുന്നു. ഇതിന് മുമ്പ് ബീഗത്തിന് പിറന്ന രണ്ട് കുട്ടികൾ മരിച്ചുവെന്നും ഇപ്പോൾ മൂന്നാമതും ഗർഭിണിയായിരിക്കുന്നുവെന്നുമാണ് റിപ്പോർട്ട്. പിന്നീട് മറ്റൊരു ഭീകരനെയും ബീഗം വിവാഹം കഴിച്ചുവെന്ന് സൂചനയുണ്ട്. തങ്ങളുടെ മകൾ തിരിച്ച് വരുന്നതിൽ ജനം എന്തുകൊണ്ടാണ് രോഷം പ്രകടിപ്പിക്കുന്നതെന്ന് തങ്ങൾ മനസിലാകുന്നുണ്ടെന്നാണ് ബീഗത്തിന്റെ മാതാപിതാക്കൾ പറയുന്നത്.

ബ്രിട്ടനിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നതിൽ തീരെ പശ്ചാത്തപിക്കുന്നില്ലെന്നും ഇതിനായി എന്ത് ചെയ്യുമെന്നും ബ്രിട്ടനിലെത്തി തനിക്ക് പിറക്കാനിരിക്കുന്ന കുഞ്ഞിനൊപ്പം സമാധാനപരമായി ജീവിക്കണമെന്നുമാണ് ബീഗം ദി ടൈംസിനോട് വിശദീകരിച്ചിരിക്കുന്നത്. ബ്രിട്ടനിലേക്ക് തിരിച്ച് പോകുന്നതോടെ തന്റെ കുഞ്ഞിന് എൻഎച്ച്എസിന്റെ കെയർ ലഭിക്കുമെന്നും ബീഗം പറയുന്നു. തനിക്കൊപ്പം സിറിയയിലേക്ക് വന്ന ഒരു കൂട്ടുകാരി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും ഐസിസ് നടത്തുന്ന അന്തിമപോരാട്ടത്തിനായി മറ്റൊരു കൂട്ടുകാരി സിറിയയിൽ തന്നെ തുടരുന്നുവെന്നും ബീഗം വെളിപ്പെടുത്തിയിട്ടുണ്ട്. 

ബീഗത്തെ ഒരു തരത്തിലും രക്ഷിക്കില്ലെന്നും എന്നാൽ അവർക്ക് ബ്രിട്ടനിലേക്ക് തിരിച്ച് വരാൻ അവകാശമുണ്ടെന്നും അതിനെ തുടർന്ന് പൊലീസ് ചോദ്യം ചെയ്യുമെന്നുമാണ് സെക്യൂരിറ്റി മിനിസ്റ്റർ ബെൻ വല്ലാസ് ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ബീഗം ഇതിനെല്ലാം സമർത്ഥമായി ഇരയാക്കപ്പെടുകയായിരുന്നുവെന്നാണ് ഇവരുടെ കുടുംബത്തിന്റെ ലോയർ പ്രതികരിച്ചിരിക്കുന്നത്. നിലവിൽ സ്വന്തം നിലയിൽ ബ്രിട്ടനിലേക്ക് തിരിച്ച് വരാനാണ് ബീഗം ശ്രമിക്കുന്നതെന്നും ലോയർ വെളിപ്പെടുത്തുന്നു. ബീഗവുമായി ഫോണിൽ സംസാരിച്ച അവരുടെ മാതാവ് പൊട്ടിക്കരഞ്ഞിരുന്നുവെന്നാണ് ബീഗത്തിന്റെ ഭർത്താവിന്റെ സഹോദരനായ മുഹമ്മദ് റഹ്മാൻ ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്.

ബീഗം ജീവിച്ചിരിക്കുന്നുവെന്നറിഞ്ഞ് കുടുംബത്തിന് സന്തോഷമേറെയുണ്ടെന്നും എന്നാൽ കടുത്ത നരകയാതനകളിലൂടെ ബീഗം കടന്ന് പോയിക്കൊണ്ടിരിക്കുന്നതെന്നറിഞ്ഞപ്പോൾ വളരെയേറെ ദുഃഖം തോന്നുന്നുവെന്നും റഹ്മാൻ പറയുന്നു. ഇത്തരത്തിലുള്ള ഒരാൾ മാതൃരാജ്യത്തേക്ക് തിരിച്ച് വരുന്നതിൽ ജനത്തിനുള്ള പ്രതിഷേധം തങ്ങൾക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ടെന്നും ഇയാൾ സമ്മതിക്കുന്നു.2015ൽ ബെത്നാൽ ഗ്രീനിൽ നിന്നും സിറിയയിലേക്ക് പലായനം ചെയ്ത മൂന്ന് പെൺകുട്ടികളിൽ അതിജീവിച്ചത് ബീഗം മാത്രമാണ്.

ഐസിസിന്റെ ഇസ്ലാമിക് കലീഫത്ത് തൂത്തെറിയപ്പെട്ട വേളയിലാണ് പോഷകക്കുറവും രോഗങ്ങളും കാരണം ബീഗത്തിന്റെ രണ്ട് കുട്ടികളും ഒരു വയസ് തികയുന്നതിന് മുമ്പെ മരിച്ചത്. താൻ സാധാരണ ജീവിതമായിരുന്നു റാഖയിലെ ഐസിസ് ക്യാമ്പിൽ നയിച്ചിരുന്നതെന്ന് ബീഗം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇവിടെ നടക്കുന്ന ക്രൂരമായ കൊലപാതകങ്ങൾ കണ്ട് ചിലപ്പോഴൊക്കെ മനസ് മരവിച്ചിരുന്നുവെന്നും ഈ ടീനേജർ പറയുന്നു.

പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം ബ്രിട്ടീഷുകാരായ 800ഓളം പേരാണ് ഐസിസിൽ ചേർന്ന് പ്രവർത്തിക്കുന്നതിനായി സിറിയയിലേക്കും ഇറാഖിലേക്കും പലായനം ചെയ്തിരുന്നത്. ഇവരിൽ 400 പേർ തിരിച്ച് വന്നെങ്കിലും വെറും 40 പേരെ മാത്രമാണ് തീവ്രവാദ കുറ്റങ്ങൾ ചുമത്തി പ്രോസിക്യൂട്ട് ചെയ്തിരിക്കുന്നത്. ഇനിയുമേറെ പേർ ഇവിടേക്ക് മടങ്ങി വരാൻ ശ്രമിക്കുന്നുണ്ടെന്നത് കടുത്ത ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്. ബ്രിട്ടന് പുറമെ മറ്റ് വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ജിഹാദികളും അവരവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ കോപ്പ് കൂട്ടുന്നുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP