Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അവസാന നിമിഷം കൂടുതൽ ഇളവുകൾ അനുവദിച്ച് യൂറോപ്യൻ യൂണിയൻ; ഇന്നലെ അർധരാത്രിയിൽ ലഭിച്ച ആനുൂല്യങ്ങളുമായി ഇന്ന് ഹൗസ് ഓഫ് കോമൺസിൽ അനുമതി തേടി തെരേസ മെയ്‌; ബ്രെക്‌സിറ്റിന്റെ ഭാവിയിൽ ഇന്ന് ബ്രിട്ടണിൽ അന്തിമതീരുമാനം ഉണ്ടാകുമോ?

അവസാന നിമിഷം കൂടുതൽ ഇളവുകൾ അനുവദിച്ച് യൂറോപ്യൻ യൂണിയൻ; ഇന്നലെ അർധരാത്രിയിൽ ലഭിച്ച ആനുൂല്യങ്ങളുമായി ഇന്ന് ഹൗസ് ഓഫ് കോമൺസിൽ അനുമതി തേടി തെരേസ മെയ്‌; ബ്രെക്‌സിറ്റിന്റെ ഭാവിയിൽ ഇന്ന് ബ്രിട്ടണിൽ അന്തിമതീരുമാനം ഉണ്ടാകുമോ?

ബ്രെക്‌സിറ്റ് സംബന്ധിച്ച് നിർണായക വോട്ടെടുപ്പിന് ഇന്ന് പ്രതിനിധി സഭയിൽ പ്രധാനമന്ത്രി തെരേസ മെയ്‌ എത്തുക വർധിച്ച ആത്മവിശ്വാസത്തോടെയാകും. ഇന്നലെ സ്‌ട്രോസ്ബർഗിലെത്തി യൂറോപ്യൻ യൂണിയൻ നേതൃത്വവുമായി ചർച്ച നടത്തിയ പ്രധാനമന്ത്രി ഐറിഷ് ബാക്ക് സ്റ്റോപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിർണായകമായ ഇളവുകൾ നേടിയെടുത്തു. ഐറിഷ് ബോർഡർ ബാക്ക്‌സ്‌റ്റോപ്പ്് വിഷയത്തിലുൾപ്പെടെ നിയമപരമായ മാറ്റങ്ങൾ നേടിയെടുത്തതായി സ്‌ട്രോസ്ബർഗിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തെരേസ മെയ്‌ വ്യക്തമാക്കി.

യൂറോപ്യൻ യൂണിയനിൽനിന്ന് വേർപെടാനുള്ള ബ്രിട്ടീഷ് ജനതയുടെ ഹിതത്തെ അംഗീകരിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് കരാറിൽ വരുത്തിയിരിക്കുന്നതെന്നും അതിനെ എംപിമാർ പിന്തുണയ്ക്കണമെന്നും സ്‌ട്രോസ്ബർഗിൽ യൂറോപ്യൻ കൗൺസിൽ അധ്യക്ഷൻ ഴാങ് ക്ലോഡ് ജങ്കറിനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ തെരേസ മെയ്‌ പറഞ്ഞു. ഇന്നു രാത്രി ഏഴുമണിക്കാണ് പാർലമെന്റിൽ ബ്രെക്‌സിറ്റ് കരാർ ചർച്ച ചെയ്യുക. മുമ്പൊരുവട്ടം ചരിത്രത്തിലെ ഏറ്റവും വലിയ മാർജിനിൽ പാർലമെന്റ് തള്ളിയതാണ് തെരേസയുടെ ബ്രെക്‌സിറ്റ് കരാർ. ഒരുവട്ടം കൂടി പാർലമെന്റിൽനിന്ന് തിരിച്ചടി നേരിടുകയാണെങ്കിൽ അത് സർക്കാരിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കും.

കരാറിൽ അവസാന നിമിഷം നേടിയെടുത്ത മാറ്റങ്ങൾ പരിശോധിച്ചശേഷം ബില്ലിനെ പിന്തുണയ്ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നാണ് കൺസർവേറ്റീവ് പാർട്ടിയിലെ ബ്രെക്‌സിറ്റ് അനുകൂല വിമതരുടെയും ഡിയുപി എംപിമാരുടെയും തീരുമാനം. ഐറിഷ് ബാക്ക്‌സ്റ്റോപ്പ് പൂർണമായും കരാറിൽനിന്ന് ഒഴിവാക്കണമെന്നതുൾപ്പെടെയുള്ള കടുത്ത നിലപാടുകളാണ് ഇവർ ഉന്നയിച്ചിരുന്നത്. പുതിയ കരാറിൽ അതെത്രത്തോളം പാലിച്ചിട്ടുണ്ടെന്നതാകും പരിശോധിക്കപ്പെടുക. അതനുസരിച്ചാകും പിന്തുണ നൽകുകയെന്ന് എംപിമാർ അറിയിച്ചു.

നിയമപരമായി നിലനിൽക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് അവസാനവട്ട ചർച്ചകളിൽ നേടിയെടുത്തതെന്ന് തെരേസ മെയ്‌ പറഞ്ഞു. ഇനി വേണ്ടത് ബ്രെക്‌സിറ്റിനായി ഒരുമിച്ചുനിൽക്കുകയാണ്. പുതുക്കിയ കരാർ അംഗീകരിക്കുക വഴി വേർപിരിയൽ എന്ന ബ്രിട്ടീഷ് ജനതയുടെ ആവശ്യം നടപ്പാക്കുകയാണ് ഇനി ചെയ്യേണ്ടതെന്നും അവർ സ്‌ട്രോസ്ബർഗിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്നുനടക്കുന്ന വോട്ടെടുപ്പിൽ കരാറിനെ പിന്തുണച്ചില്ലെങ്കിൽ, മൂന്നാമതൊരവസരം ലഭിക്കുമെന്ന് കരുതേണ്ടെന്ന് മെയ്‌‌ക്കൊപ്പമുണ്ടായിരുന്ന ജങ്കർ പറഞ്ഞു. ഈ ഡീൽ അംഗീകരിക്കുക, അല്ലെങ്കിൽ ബ്രെക്‌സിറ്റ് തീരുമാനം ഉപേക്ഷിക്കുക ഇതിലൊന്നേ നടക്കൂ എന്നും അദ്ദേഹം പറഞ്ഞു.

ബ്രെക്‌സിറ്റ് കരാറിൽ ഐറിഷ് അതിർത്തി സംബന്ധിച്ച ഭാഗത്താണ് നിർണായകമായ ഇളവുകൾ തെരേസ മെയ്‌ നേടിയെടുത്തത്. ഐറിഷ് ബാക്ക്‌സ്റ്റോപ്പിന് പകരമുള്ള സംവിധാനം 2020-ഓടെ യൂറോപ്യൻ യൂണിയനും ബ്രിട്ടനും ചേർന്ന് കണ്ടെത്തണമെന്നതാണ് കരാറിൽ വരുത്തിയ മാറ്റങ്ങളിലൊന്ന്. ബ്രെക്‌സിറ്റിനുശേഷമുള്ള യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരബന്ധത്തെക്കുറിച്ച് ഉഭയകക്ഷി ചർച്ചയിലൂടെ തീരുമാനിക്കണമെന്ന വ്യവസ്ഥയും പുതിയതായി ഉൾപ്പെടുത്തി. ഐറിഷ് ബാക്ക്‌സ്റ്റോപ്പ് കരാറിലുൾപ്പെടുത്തിയാൽ, ബ്രെക്‌സിറ്റ് ഫലവത്താകില്ലെന്നായിരുന്നു കരാറിനെ എതിർത്തിരുന്നവർ പ്രധാനമായും ഉന്നയിച്ചിരുന്ന ആരോപണം.

ഐറിഷ് ബാക്ക്‌സ്റ്റോപ്പ് സ്ഥിരം സംവിധാനമായിരിക്കില്ലെന്നും 2020-ഓടെ ഇരുകക്ഷികൾക്കും സ്വീകാര്യമായ പകരം സംവിധാനം കണ്ടുപിടിക്കണമെന്നുമാണ് കരാറിലെ പുതിയ വ്യവസ്ഥ. യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള ബന്ധവും ഭാവിയിലെ വ്യാപാര നയവും സംബന്ധിച്ച് കൂടുതൽ ചർച്ചകൾ വേണം. ഈ മാറ്റങ്ങൾ കരാറിൽ വരുത്തുന്നതോടെ, കരാറിന് കൂടുതൽ നിയമസാധുത കൈവരുമെന്നാണ് ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നവർ പറയുന്നത്. ഇതുസംബന്ധിച്ച് സർക്കാരിന് അറ്റോർണി ജനറൽ നിയമോപദേശവും നൽകിയിട്ടുണ്ട്.

പുതിയ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ ടോറിയിലെ വിമതവിഭാഗം ബില്ലിനെ അംഗീകരിക്കുമോ എന്ന് വ്യക്തമായിട്ടില്ല. കരാറിന്റെ വിശദാംശങ്ങൾ പഠിക്കാൻ അവർ നിയമവിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും പാർലമെന്റിൽ ഇന്നുനടക്കുന്ന ചർച്ചയിൽ നിലപാടെടുക്കുക. മാർച്ച് 29-ന് ബ്രെക്‌സിറ്റ് നടപ്പാക്കണമെന്നിരിക്കെ, പുതിയ മാറ്റങ്ങൾ കരാറിനെ കൂടുതൽ സ്വീകാര്യമാക്കുമെന്ന പ്രതീക്ഷയിലാണ് തെരേസ മെയ്‌ ഇന്ന് ബിൽ അവതരിപ്പിക്കുകയെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP