Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നോ ഡീൽ ബ്രെക്‌സിറ്റ് പാർലമെന്റ് തള്ളിയത് 278-നെതിരേ 321 വോട്ടുകൾക്ക്; വ്യാപാര കരാർ അംഗീകരിക്കാത്ത എംപിമാർ ഒരു കരാറുമില്ലാത്ത ബ്രെക്‌സിറ്റും തള്ളിയതോടെ യൂറോപ്യൻ യൂണിയന് പുറത്ത് കടക്കാനാവാതെ ബ്രിട്ടൻ; പുറത്താകാൻ രണ്ടാഴ്ച കൂടിയുള്ളതിനാൽ ഒരുതവണകൂടി വോട്ടെടുപ്പെന്ന് മെയ്‌; ബ്രെക്‌സിറ്റ് സാധ്യത അടഞ്ഞതോടെ പൗണ്ട് വില വീണ്ടും കുതിച്ചു

നോ ഡീൽ ബ്രെക്‌സിറ്റ് പാർലമെന്റ് തള്ളിയത് 278-നെതിരേ 321 വോട്ടുകൾക്ക്; വ്യാപാര കരാർ അംഗീകരിക്കാത്ത എംപിമാർ ഒരു കരാറുമില്ലാത്ത ബ്രെക്‌സിറ്റും തള്ളിയതോടെ യൂറോപ്യൻ യൂണിയന് പുറത്ത് കടക്കാനാവാതെ ബ്രിട്ടൻ; പുറത്താകാൻ രണ്ടാഴ്ച കൂടിയുള്ളതിനാൽ ഒരുതവണകൂടി വോട്ടെടുപ്പെന്ന് മെയ്‌; ബ്രെക്‌സിറ്റ് സാധ്യത അടഞ്ഞതോടെ പൗണ്ട് വില വീണ്ടും കുതിച്ചു

മാർച്ച് 29-ന് യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിയേണ്ട ബ്രിട്ടന് അതെങ്ങനെ സാധിക്കുമെന്ന ആശങ്കയിലാണ് ലോകം. യൂറോപ്യൻ യൂണിയനുമായുണ്ടാക്കിയ കരാർ കഴിഞ്ഞദിവസം വലിയ ഭൂരിപക്ഷത്തോടെ രണ്ടാംവട്ടവും തള്ളിയ പാർലമെന്റ്്, കരാറില്ലാതെ വിടുതൽ തേടുന്ന നോ-ഡിൽ ബ്രെക്‌സിറ്റ് സാധ്യതയും വോട്ടിനിട്ട് തള്ളി. ബഹളമയമായ അന്തരീക്ഷത്തിൽ 278-നെതിനേ 321 വോട്ടുകൾക്കാണ് നോ ഡീൽ സാധ്യതയും പാർലമെന്റ് ഇല്ലാതാക്കിയത്. ഇതോടെ, 2016 ജൂൺ 23-ന് ജനങ്ങൾ വോട്ടെടുപ്പിലൂടെ തീരുമാനിച്ച ബ്രെക്‌സിറ്റ് നടപ്പാക്കാൻ പുതുവഴി തേടേണ്ട അവസ്ഥയിലായി തെരേസ മെയ്‌ സർക്കാർ.

ഇനി ശേഷിക്കുന്ന രണ്ടാഴ്ചയിലാണ് തെരേസയുടെ നോട്ടം. ഈ ദിവസങ്ങൾക്കിടെ, ഒരുതവണകൂടി തന്റെ ബ്രെക്‌സിറ്റ് കരാർ പാർലമെന്റിൽ വോട്ടിനിടാനാകുമെന്ന പ്രതീക്ഷയിലാണ് അവർ. അടുത്തയാഴ്ച തന്നെ കരാറിന്മേൽ വോട്ടെടുപ്പ് നടത്താനാകുമെന്നാണ് കരുതുന്നതെന്ന് തെരേസ പറഞ്ഞു. ആ വോട്ടെടുപ്പും വിജയിച്ചില്ലെങ്കിൽ യൂറോപ്യൻ യൂണിയനിൽനിന്നുള്ള ബ്രിട്ടന്റെ വിടുതൽ ഇനിയും വൈകുമെന്നുറപ്പാണ്. ചിലപ്പോൾ വർഷങ്ങളോളം ഇതേ സ്ഥിതി തുടരാനും സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞദിവസം 149 വോട്ടുകൾക്കാണ് ബ്രെക്‌സിറ്റ് കരാർ പാർലമെന്റ് തള്ളിയത്.

സ്‌ട്രോസ്ബർഗിലെത്തി അവസാന നിമിഷം കരാറിൽ ചില ഭേദഗതികൾ നേടിയെടുത്തശേഷമാണ് കഴിഞ്ഞദിവസം കരാർ തെരേസ മെയ്‌ പാർലമെന്റിൽ അവതരിപ്പിച്ചത്. എന്നാൽ, ഈ കരാറിന് ഈ വർഷമാദ്യം അവതരിപ്പിച്ച കരാറിൽനിന്ന് കാര്യമായ മാറ്റമില്ലെന്ന് പുതിയ കരാറിന് വ്യത്യാസമില്ലെന്ന് എംപിമാർ അഭിപ്രായപ്പെട്ടു. വ്യക്തമായ കരാർ പോലും അവതരിപ്പിക്കാനാകാത്ത തെരേസ മെയ്‌ സർക്കാർ രാജീവെക്കണമെന്ന ആവശ്യവും ശക്തമായി. രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു..

തെരേസ മെയ്‌ വീണ്ടും കരാറുമായി വന്നാൽ ചെറുത്തുതോൽപിക്കുമെന്ന് ടോറി പക്ഷത്തെ ജേക്കബ് റീസ് മോർഗ്, സ്റ്റീവ് ബേക്കർ, മാർക്ക് ഫ്രാങ്ക് എന്നിവരടങ്ങിയ യൂറോപ്യൻ റിസർച്ച് ഗ്രൂപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽത്തുടരണമെന്ന് വാദിക്കുന്ന മന്ത്രിസഭാംഗങ്ങൾ ഇന്നലെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് തെരേസയ്ക്കുമേൽ സമ്മർദം ചെലുത്തുകയും ചെയ്തു. കഴിഞ്ഞ രണ്ടുദിവസം നടന്ന വോട്ടെടുപ്പിലും തന്നെ ചതിച്ച ടോറി അംഗങ്ങളോട് പ്രത്യാഘാതങ്ങൾ അനുഭവിക്കാൻ തയ്യാറാവുകയെന്ന മുന്നറിയിപ്പ് പ്രധാനമന്ത്രി തെരേസയും നൽകിയിട്ടുണ്ട്.

മൂന്നാം തവണയും കരാർ പാർലമെന്റിൽ പരാജയപ്പെടുകയാണെങ്കിൽ, മാർച്ച് 29-ന് വേർപിരിയൽ അനുവദിക്കേണ്ടെന്ന് യൂറോപ്യൻ യൂണിയന് തീരുമാനിക്കാനാകുമെന്ന് തെരേസ പറഞ്ഞു. മാത്രമല്ല, ബ്രെക്‌സിറ്റ് അനിശ്ചിതമായി നീട്ടിവെച്ച് മെയ്‌ 23-ന് നടക്കുന്ന യൂറോപ്യൻ യൂമിയൻ തിരഞ്ഞെടുപ്പിൽ ബ്രിട്ടൻ പങ്കെടുക്കണമെന്ന് ആവശ്യപ്പെടാനുമാകും. ഇത് ജനഹിതത്തിന് എതിരാകുമെന്നും അത്തരമൊരു സാഹചര്യത്തിൽ പൊതുതിരഞ്ഞെടുപ്പിനെ നേരിടേണ്ടിവന്നാൽ ടോറികൾക്ക് തിരിച്ചടിയേൽക്കുമെന്നുമാണ് തെരേസയുടെ മുന്നറിയിപ്പിന് പിന്നിലുള്ളത്. മൂന്നാമതും കരാർ പരാജയപ്പെട്ടാൽ തെരേസ രാജിവെക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ബ്രെക്‌സിറ്റ് അനുവദിക്കുന്ന ആർട്ടിക്കിൾ 50 നടപ്പാക്കുന്നത് നീട്ടിവെക്കണോ എന്ന വോട്ടെടുപ്പാണ് പാർലമെന്റിൽ ശേഷിക്കുന്നത്. അത് ഇന്ന് നടക്കും. വ്യക്തമായ കരാറുണ്ടാക്കി സുഗമമായ രീതിയിലുള്ള വിടുതൽ ഉറപ്പാകുന്നതുവരെ ബ്രെക്‌സിറ്റ് നീട്ടിവെക്കണമെന്നാണ് പാർലമെന്റ് ആവശ്യപ്പെടുന്നതെങ്കിൽ യൂറോപ്യൻ യൂണിയനും ശക്തമായ നിലപാടെടുക്കും. മേയിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ, അതിനുശേഷം ബ്രെക്‌സിറ്റിനെക്കുറിച്ച് ആലോചിക്കാമെന്നതാകും യൂറോപ്യൻ യൂണിയന്റെ നിലപാടെന്നും സൂചനയുണ്ട്.

വിപണിക്ക് ആവേശം; പൗണ്ട് വില കുത്തനെ ഉയർന്നു

ബ്രെക്‌സിറ്റ് നീക്കത്തിനേൽക്കുന്ന ഓരോ തിരിച്ചടിയും പ്രതീക്ഷയോടെ കാണുന്ന മേഖല ബ്രിട്ടീഷ് വിപണിയാണ്. വ്യാപാരക്കരാർ ഇല്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് പോകാനുള്ള നോ ഡീൽ ബ്രെക്‌സിറ്റും പാർലമെന്റ് തള്ളിയതോടെ വിപണിയിൽ ആവേശം പ്രകടമായി. പൗണ്ട് മികച്ച നിലയിലേക്ക് കുതിക്കുകയും ചെയ്തു. രണ്ടുശതമാനത്തോളമാണ് പൗണ്ട് വിലയിൽ ഇന്നലെ രാത്രി വ്യത്യാസമുണ്ടായത്. യൂറോയ്‌ക്കെതിരേ 1.18 ആണ് ഇപ്പോൾ പൗണ്ട് വില. 1.31 ഡോളറായിരുന്ന വില മണിക്കൂറുകൾകൊണ്ട് 1.33 ഡോളറായി ഉയർന്നു. ഒമ്പത് മാസത്തിനിടെ ഏറ്റവും വലിയ വർധനയാണ് പൗണ്ടിന്റെ വിലയിലുണ്ടായത്.

വ്യാപാരക്കരാർ ഇല്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിയുമോ എന്നത് ബ്രിട്ടീഷ് നിക്ഷേപകർക്കിടയിൽ വലിയ ആശങ്ക ജനിപ്പിച്ചിരുന്നു. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുള്ള ബ്രിട്ടീഷ് കമ്പനികൾക്ക് അത് വലിയ തിരിച്ചടിയുമാകുമായിരുന്നു. എന്നാൽ, നോ ഡീൽ ബ്രെക്‌സിറ്റ് പാർലമെന്റ് തള്ളിയതോടെ, ഇനി ബ്രെക്‌സിറ്റ് എന്ന സാധ്യത തന്നെ കുറച്ചുകാലത്തേക്ക് അലട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് വിപണി. അതിന്റെ പ്രകടമായ സൂചനയാണ് പൗണ്ട് വിലയിലുണ്ടായ രണ്ടുശതമാനത്തോളം വർധനയെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP