Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇന്ത്യൻ വംശജയായ യുവതി വിവാഹമോചനത്തിന് ശ്രമിച്ചു; കലികയറിയ ഭർത്താവ് കുത്തിയത് 59 തവണ; വെള്ളക്കാരനായ ഭർത്താവിന് 16 വർഷം തടവ് ശിക്ഷിച്ച് ബ്രിട്ടീഷ് കോടതി

ഇന്ത്യൻ വംശജയായ യുവതി വിവാഹമോചനത്തിന് ശ്രമിച്ചു; കലികയറിയ ഭർത്താവ് കുത്തിയത് 59 തവണ; വെള്ളക്കാരനായ ഭർത്താവിന് 16 വർഷം തടവ് ശിക്ഷിച്ച് ബ്രിട്ടീഷ് കോടതി

വിവാഹമോചനം ആവശ്യപ്പെട്ടതിന് ഭാര്യയെ 59 തവണ കുത്തിക്കൊന്ന ഭർത്താവിന് ബ്രിട്ടീഷ് കോടതി 16 വർഷം തടവുശിക്ഷ വിധിച്ചു. ഇന്ത്യൻ വംശജയായ എയ്ഞ്ചല മിത്തലിനെ കൊലപ്പെടുത്തിയ കേസിൽ വെള്ളക്കാരനായ ലോറസ് ബ്രാൻഡിനാണ് കോടതി ശിക്ഷ വിധിച്ചത്. ഉറങ്ങിക്കിടന്ന ഭാര്യയെ അടുക്കളയിലുപയോഗിക്കുന്ന കത്തിയുപയോഗിച്ച് തുടരെ തുടരെ കുത്തി കൊലപ്പെടുത്തിയശേഷം ഇയാൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

ഐ.ടി. കൺസൾട്ടന്റായ ലോറസും ഭാര്യ എയ്ഞ്ചലും താമസിച്ചിരുന്ന ബെർക്കഷയറിലെ വീട്ടിൽ കിടപ്പുമുറിയിലാണ് എയ്ഞ്ചല കുത്തേറ്റ് മരിച്ചത്. 41-കാരിയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്നു എയ്ഞ്ചല. വിവാഹമോചനമാവശ്യപ്പെട്ട എയ്ഞ്ചലയുമായി വഴക്കിട്ട ലോറസ്, അവർ ഉറങ്ങിക്കിടന്ന സമയത്ത് അടുക്കളയിൽനിന്ന് കത്തിയെടുത്തുകൊണ്ടുവന്ന് കുത്തുകയായിരുന്നു. കിടപ്പുമുറിയിൽ ഭാര്യയെ ഇത്രയേറെത്തവണ കുത്തിയ ലോറസിന്റേത് കടുത്ത ക്രൂരതയാണെന്ന് വിധി പ്രഖ്യാപിച്ചുകൊണ്ട് ജഡ്ജി ഹെതർ നോർട്ടൺ പറഞ്ഞു.

ആക്രമണത്തിനിടെ, ഒരു കത്തി ഒടിഞ്ഞുപോയി. തിരികെ, അടുക്കളയിലെത്തിയ ലോറസ് മറ്റൊരു കത്തി കണ്ടെത്തുകയും അതുമായി തിരിച്ചുവന്ന് വീണ്ടും ആക്രമണം തുടരുകയും ചെയ്തതായി കോടതി കണ്ടെത്തി. പൈശാചികമായ ആക്രമണത്തിന്റെ തുടക്കത്തിൽത്തന്നെ വീണുപോയ എയ്ഞ്ചലയ്ക്ക് ഒന്ന് പ്രതിരോധിക്കാൻ പോലുമായില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. വർഷങ്ങളായി ലോറസ് ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും, അതെത്തുടർന്നാണ് അവർ വിവാഹമോചനം ആവശ്യപ്പെട്ടതെന്നും കോടതി പറഞ്ഞു.

2006-ൽ ഹോളണ്ടിലെ റോട്ടർഡാമിൽവച്ചാണ് ഇരുവരും പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. പിന്നീട് ഇംഗ്ലണ്ടിലെത്തിയ അവർ പലയിടങ്ങളിലായാണ് താമസിച്ചത്. ബെർക്ക്ഷയറിലെ വീട്ടിലേക്ക് മാറി അധികദിവസം തികയുംമുന്നെയാണ് കൊലപാതകം. കൊല നടക്കുന്നതിന് ഒരുമാസം മുമ്പ് എയ്ഞ്ചല പൊലീസ് സ്‌റ്റേഷനിലെത്തി ലോറസിനെതിരേ പരാതി നൽകിയിരുന്നു. തന്റെ ഫോൺ ലോറസ് പരിശോധിക്കുന്നുവെന്നും കുടുംബാംഗങ്ങളെ വിളിക്കാൻ പോലും അനുവദിക്കുന്നില്ലെന്നും പരാതിയിൽ പറഞ്ഞു.

കൊലചെയ്യപ്പെടുന്നതിന് ഏതാനും ദിവസംമുമ്പും എയ്ഞ്ചല പൊലീസിനെ വിളിച്ചിരുന്നു. ഉറങ്ങിക്കിടന്ന തന്നെ ഭർത്താവ് മർദിച്ചുവെന്നും താൻ വിവാഹമോചനത്തിനുള്ള പേപ്പറുകൾ ശരിയാക്കാൻ അഭിഭാഷകരോട് പറഞ്ഞിട്ടുണ്ടെന്നും അന്ന് എയ്ഞ്ചല അറിയിച്ചുരുന്നു. തന്നെ വിട്ടുപോകരുതെന്ന് ലോറസ് എയ്ഞ്ചലയോട് കെഞ്ചിപ്പറഞ്ഞിരുന്നു. ക്രിസ്മസ് ദിനം വീട്ടിൽ ഇരുവരും ഒരുമിച്ച് ആഘോഷിക്കുകയും ചെയ്തു. പിറ്റേന്നാണ് ലോറസ് ഭാര്യയെ കൊലപ്പെടുത്തിയത്.

ഭാര്യയെ കുത്തിക്കൊലപ്പടുത്തിയശേഷം അക്കാര്യം പൊലീസിനെ വിളിച്ചുപറഞ്ഞ ലോറസ്, തന്റെ എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടുപോയെന്ന് പറഞ്ഞു. തന്നെ എയ്ഞ്ചല ഭ്രാന്തനാക്കി മാറ്റിയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ, ജോയിന്റ് അക്കൗണ്ടിലുണ്ടായിരുന്ന 35,000 പൗണ്ട് എയ്ഞ്ചല തന്റെ പേരിലേക്ക് മാറ്റിയതിനെച്ചൊല്ലിയുള്ള വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. തുക മാറ്റിയതോടെ, എയ്ഞ്ചല ബന്ധം ഉപേക്ഷിക്കുമെന്ന് ലോറസിന് ബോധ്യപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP