Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എങ്ങനെയെങ്കിലും ബ്രെക്‌സിറ്റ് ബിൽ പാസ്സാക്കണം; താൽക്കാലിക കസ്റ്റംസ് യൂണിയനും സെക്കൻഡ് റഫറണ്ടവും വരെ അംഗീകരിക്കാൻ തയ്യാറായി തെരേസ മെയ്‌; മുൻ പരാജയത്തെക്കാൾ വലിയ തോൽവി എഴുതിവെച്ചോളാൻ മുന്നറിയിപ്പുമായി ബ്രെക്‌സിറ്റ് വാദികളായ ടോറി നേതാക്കൾ; ബ്രിട്ടണിലെ രാഷ്ട്രീയം ഇങ്ങനെ

എങ്ങനെയെങ്കിലും ബ്രെക്‌സിറ്റ് ബിൽ പാസ്സാക്കണം; താൽക്കാലിക കസ്റ്റംസ് യൂണിയനും സെക്കൻഡ് റഫറണ്ടവും വരെ അംഗീകരിക്കാൻ തയ്യാറായി തെരേസ മെയ്‌; മുൻ പരാജയത്തെക്കാൾ വലിയ തോൽവി എഴുതിവെച്ചോളാൻ മുന്നറിയിപ്പുമായി ബ്രെക്‌സിറ്റ് വാദികളായ ടോറി നേതാക്കൾ; ബ്രിട്ടണിലെ രാഷ്ട്രീയം ഇങ്ങനെ

ന്ത് ഒത്തുതീർപ്പിനും തയ്യാറായി ബ്രെക്‌സിറ്റ് എന്ന തലവേദന തലയിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌. മൂന്നുവട്ടം പാർലമെന്റ് വലിയ വോട്ടോടെ തള്ളിയ ബില്ലിൽ വെള്ളം ചേർത്ത് വീണ്ടും അവതരിപ്പിക്കാനൊരുങ്ങുകയാണ് അവർ. പ്രതിപക്ഷവുമായി സഹകരിച്ചുനീങ്ങാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ, പുതിയ ഒത്തുതീർപ്പ് ഫോർമുലകളുമായാണ് തെരേസയുടെ വരവ്. മുമ്പ് പാർലമെന്റിൽ നേരിട്ടതിനെക്കാൾ വലിയ തോൽവിയായിരിക്കും പുതിയ ബിൽ നേരിടാൻ പോകുന്നതെന്ന് ബ്രെക്‌സിറ്റ് വാദികളായ ടോറി നേതാക്കൾ തെരേസയ്ക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

ബ്രെക്‌സിറ്റിനുവേണ്ടി ശക്തമായ നിലപാടെടുത്തവർ ഇതുവരെ എതിർത്തുപോന്ന രണ്ടാം ഹിതപരിശോധനയും താൽക്കാലിക കസ്റ്റംസ് യൂണിയനും ഉൾപ്പെടുത്തിയാണ് തെരേസയുടെ പുതിയ നീക്കം. അടുത്തമാസം ബ്രെക്‌സിറ്റ് ബിൽ അവതരിപ്പിക്കുമ്പോൾ അതിനെ പിന്തുണയ്ക്കുകയാണെങ്കിൽ, രണ്ടാമതൊരു ഹിതപരിശോധനയ്ക്ക് തയ്യാറാണെന്നാണ് തെരേസ മുന്നോട്ടുവെച്ച ഒത്തുതീർപ്പ് ഫോർമുല. ബ്രെക്‌സിറ്റ് ബിൽ അംഗീകരിച്ച് ബ്രിട്ടനെ ഭാവിയിൽ രാഷ്ട്രീയമായി ഒറ്റപ്പെട്ടുപോകുന്നതിൽനിന്ന രക്ഷിക്കണമെന്നും അവർ എംപിമാരോട് അഭ്യർത്ഥിച്ചു. ലേബർ പാർട്ടിയുടെ കൂടി പിന്തുണ ലഭിക്കുന്നതിന് താൽക്കാലിക കസ്റ്റംസ് യൂണിയനെന്ന ഉപാധിയും അംഗീകരിക്കാമെന്ന് തെരേസ പറഞ്ഞു.

മൂന്നുമണിക്കൂറോളം വാദപ്രതിവാദങ്ങൾ നിറഞ്ഞ മന്ത്രിസഭാ യോഗത്തിനുശേഷമാണ് തെരേസ ഒത്തുതീർപ്പ് ഫോർമുല പ്രഖ്യാപിച്ചത്. തെരേസയുടെ പുതിയ നിർദേശങ്ങൾ മന്ത്രിസഭയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായെന്നാണ് സൂചനകൾ. രണ്ടുമന്ത്രിമാരെങ്കിലും തീരുമാനത്തിൽ പ്രതിഷേധിച്ച് രാജിസന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്. ബ്രെക്‌സിറ്റ് ബിൽ മൂന്നാം തവണ അവതരിപ്പിച്ചപ്പോൾ അതിനെ പിന്തുണച്ച ബോറിസ് ജോൺസൺ ഇക്കുറി തെരേസയ്‌ക്കെതിരേ ശക്തമായി രംഗത്തെത്തി. രണ്ടാം റഫറണ്ടത്തിനും കസ്റ്റംസ് യൂണിയനും അംഗീകരിക്കുന്ന ബിൽ ടോറികളുടെ പ്രഖ്യാപിത നയത്തിനെതിരാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ അനുകൂലിക്കാനാവില്ലെന്ന് ബോറിസ് ജോൺസൺ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

തെരേസയുടെ പിൻഗാമിയായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബോറിസ് ജോൺസണിനൊപ്പം പരിഗണിക്കപ്പെടുന്ന മുൻ ബ്രെക്‌സിറ്റ് സെക്രട്ടറി ഡൊമനിക് റാബും ഇക്കാര്യത്തിൽ ബോറിസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. തെരേസയുടെ ബില്ലിനെ അംഗീകരിക്കാനില്ലെന്നും രണ്ടാം റഫറണ്ടത്തിനും കസ്റ്റംസ് യൂണിയനും വഴിയൊരുക്കുകയയാവും ആ ബിൽ ചെയ്യുകയെന്നും ഡൊമിനിക് റാബ് പറഞ്ഞു. മരണമാണ് ഇതിനെക്കാൾ ഭേദമെന്ന് വിശേഷിപ്പിച്ച ബ്രെക്‌സിറ്റ് പക്ഷപാതിയയായ ടോറി എംപി മാർക്ക് ഫ്രാങ്കോയിസ്, തെരേസ എത്രയും വേഗം പ്രധാനമന്ത്രി സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ടു.

ലേബർ പാർട്ടിയും തെരേസയുടെ പുതിയ നിർദേശങ്ങളെ തിരസ്‌കരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. തുടക്കത്തിൽ ഇക്കാര്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്ന് വ്യക്തമാക്കിയ ജെറമി കോർബിൻ പിന്നീട് നിലപാട് തിരുത്തുകയായിരുന്നു. പഴയ ബ്രെക്‌സിറ്റ് ബില്ലിനെ പൊടിതുടച്ചെടുക്കുക മാത്രമാണ് പുതിയ ബില്ലിൽ ചെയ്തിരിക്കുന്നതെന്നും ഇതിനെ ലേബർ പാർട്ടി അംഗീകരിക്കില്ലെന്നും കോർബിൻ വ്യക്തമാക്കി. ഒരുഘട്ടത്തിൽ കോർബിനുമായി ധാരണയിലെത്തി ബ്രെക്‌സിറ്റ് ബിൽ അവതരിപ്പിക്കാൻ തെരേസ ശ്രമം നടത്തിയിരുന്നു. ഇത് ഇരുപാർട്ടികളിലും നേതൃത്വത്തിനെതിരേ വലിയ വിമർശനത്തിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.

തെരേസയുടെ പുതിയ നിർദേശങ്ങൾ ബ്രെക്‌സിറ്റിനായി നിലകൊണ്ടവർക്ക് കടുത്ത അധിക്ഷേപമാണെന്ന് ടോറി പക്ഷത്തെ ബ്രെക്‌സിറ്റ് വാദികൾ പറയുന്നു. ബില്ലിനെതിരേ വോട്ട് ചെയ്യുമെന്ന് കൂടുതൽ നേതാക്കൾ പ്രഖ്യാപിച്ചതോടെ, മുമ്പ് നേരിട്ടതിനെക്കാൾ മാരകമായ തോൽവിയാകും പുതിയ ബിൽ നേരിടുകയെന്നും ഉറപ്പായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP