Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡീൽ ഓർ നോ ഡീൽ; ഒക്ടോബർ 31-ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടിരിക്കുമെന്ന് ബോറിസ് ജോൺസൺ; ഡീൽ ഉറപ്പിച്ചേ വിടൂവെന്ന് സാജിദ് ജാവിദ്; ലണ്ടൻ മേയർക്ക് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും പാക്കിസ്ഥാനിയാവുമോ?

ഡീൽ ഓർ നോ ഡീൽ; ഒക്ടോബർ 31-ന് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടിരിക്കുമെന്ന് ബോറിസ് ജോൺസൺ; ഡീൽ ഉറപ്പിച്ചേ വിടൂവെന്ന് സാജിദ് ജാവിദ്; ലണ്ടൻ മേയർക്ക് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും പാക്കിസ്ഥാനിയാവുമോ?

ബ്രെക്‌സറ്റ് ബിൽ പാസ്സാകാക്കുന്നതൽ പരാജയപ്പെട്ടതോടെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് തെരേസ മെയ്‌ രാജിവെച്ചെങ്കിലും, യൂറോപ്യൻ യൂണിയനുമായി കരാറിലേർപ്പെട്ടുകൊണ്ടുതന്നെയാകും ബ്രെക്‌സിറ്റ് നടപ്പാക്കുകയെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ്. പുതിയ പ്രധാനമന്ത്രിയാകാൻ മുൻ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോൺസണിനൊപ്പം പരിഗണിക്കപ്പെടുന്ന സാജിദ് ജാവിദ്, കൺസർവേറ്റീവ് പാർട്ടിക്ക് കരാറിന് രൂപം നൽകാതിരിക്കാനാവില്ലെന്നും വ്യക്തമാക്കി.

ജൂൺ മൂന്നിന് പീറ്റർബറോയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിലെ കൺസർവേറ്റീവ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിൽ പങ്കെടുക്കവെയാണ് സാജിദ് ജാവിദ് ബ്രെക്‌സിറ്റ് സംബന്ധിച്ച നയം വ്യക്തമാക്കിയത്. ബ്രെക്‌സിറ്റ് കരാറിന് രൂപം നൽകുന്നുവെന്ന പ്രഖ്യാപനത്തോടെ, പ്രധാനമന്ത്രി ്സ്ഥാനത്തേക്ക് തന്റെ സ്ഥാനാർത്ഥിത്വം കൂടിയാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ബ്രിട്ടന് വിട്ടുപോകാൻ യൂറോപ്യൻ യൂണിയൻ നീട്ടി നൽകിയ തീയതിയായ ഒക്ടോബർ 31-ന് മുമ്പ് ബ്രെക്‌സിറ്റ് നടപ്പാക്കിയിരിക്കുമെന്ന് ബോറിസ് ജോൺസണും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ഡീലുണ്ടായാലും ഇല്ലെങ്കിലും ഒക്ടോബർ 31-ന് മുമ്പ് ബ്രെക്‌സിറ്റ് നടപ്പാക്കിയിരിക്കുമെന്നാണ് ജോൺസൺ പറഞ്ഞത്. കരാറില്ലാതെ പുറത്തുപോകുന്നതിനുള്ള തയ്യാറെടുപ്പുകൾ ശക്തമായി നടത്തിയാൽ, യൂറോപ്യൻ യൂണിയനുമായി ഒരു കരാർ ഉരുത്തിരിഞ്ഞുവരുമെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നതിൽ മുന്നിട്ടുനിൽക്കുന്നവർക്കാണ് കൺസർവേറ്റീവ് പാർട്ടിയിൽ മുൻതൂക്കം ലഭിക്കുക. ബോറിസ് ജോൺസണും സാജിദ് ജാവിദും ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾക്ക് പിന്നിലും അതേ ലക്ഷ്യമാണ്.

ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തെരേസ മേയുടെ പകരക്കാരനാകാൻ ഏറ്റവും കൂടുതൽ പരിഗണിക്കപ്പെടുന്നയാളായി സാജിദ് ജാവിദ് മാറിക്കഴിഞ്ഞു. അതിനുള്ള ഒരുക്കങ്ങൾ പാർട്ടിക്കുള്ളിലും നടക്കുന്നുണ്ട്. രാജ്യത്തെ ഒരുമിപ്പിച്ച് നിർത്താൻ കഴിയുന്ന, കൺസർവേറ്റീവ് പാർട്ടിയുടെ നയങ്ങൾ നടത്താൻ കഴിവുള്ള ഒരാളാണ് പ്രധാനമന്ത്രിയായി വരേണ്ടതെന്ന് ഹാർലോയിൽനിന്നുള്ള കൺസർവേറ്റീവ് എംപി റോബട്ട് ഹാൽഫോൺ കഴിഞ്ഞദിവസം പറഞ്ഞു. സാജിദ് ജാവിദാണ് അതിന് അനുയോജ്യനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പീറ്റർബറോയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുമ്പോൾ സാജിദ് ജാവിദും രാജ്യത്തെ ഒരുമിപ്പിച്ച് നിർത്തുന്നതിനെക്കുറിച്ചാണ് സംസാരിച്ചത്. ബ്രെക്‌സിറ്റിനുശേഷം എന്തുസംഭവിക്കുമെന്ന ആശങ്ക എല്ലാവരിലുമുണ്ട്. അത് നീക്കുന്ന തരത്തിലുള്ള കരാറിനുവേണ്ടിയാണ് ശ്രമിക്കുന്നത്. അത് നടപ്പിലാക്കാനാവുമെന്ന പൂർണ വിശ്വാസമുണ്ട്. ജനങ്ങളെ ഒരുമിപ്പിച്ച് നിർത്തി, പാർലമെന്റിനെ വിശ്വാസത്തിലെടുത്ത് ബ്രെക്‌സിറ്റ ്ബില്ലിന് രൂപം നൽകുമെന്നും സാജിദ് ജാവിദ് പറഞ്ഞു.

എംപിയെ തിരിച്ചുവിളിക്കാനുള്ള നടപടിയിലൂടെ പീറ്റർബറോയിൽനിന്നുള്ള ലേബർ എംപി ഫിയോണ ഒനാസാന്യയെ വോട്ടർമാർ പുറത്താക്കിയതിന് പിന്നാലെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 20000-ത്തോളം പേർ ഒപ്പിട്ട നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പാർലമെന്റ് ഫിയോണയെ പുറത്താക്കാൻ തീരുമാനിച്ചത്. ഇവിടെ കൺസർവേറ്റീവ് പാർട്ടിക്ക് വിജയിക്കാനായാൽ, രാജ്യത്ത് നഷ്ടമായ വിശ്വാസം തിരിച്ചുപിടിക്കാനായെന്ന് ആശ്വസിക്കാനാകുമെന്ന് സാജിദ് ജാവിദും മറ്റ് ടോറി നേതാക്കളും കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP