ആരുപറഞ്ഞു ഡയാന രാജകുമാരി അപകടത്തിൽ മരിച്ചതാണെന്ന്? അപ്പോൾ അവിടെയുണ്ടായിരുന്ന ആ രണ്ട് കാറുകൾ എവിടെപ്പോയി? ഞെട്ടിക്കുന്ന സാക്ഷിമൊഴികളുമായി അമേരിക്കൻ ദമ്പതിമാർ
May 26, 2019 | 10:27 AM IST | Permalink

ഡയാന രാജകുമാരി മരിച്ചത് പാരീസിലുണ്ടായ വാഹനാപടകടത്തിലാണെന്ന ധാരണ തെറ്റാണെന്ന് ദൃക്‌സാക്ഷികൾ. അതൊരു അപകടമായിരുന്നില്ലെന്നാണ് റോബിൻ, ജാക്ക് ഫയർസ്റ്റോൺ എന്നിവരുടെ വെളിപ്പെടുത്തൽ. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന രണ്ട് കറുത്ത കാറുകളെക്കുറിച്ച് അന്വേഷിക്കണെമന്നും അവർ പറയുന്നു. ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയതിന് ജീവൻപോലും അപകടത്തിലായേക്കുമെന്ന് ഭയക്കുന്നതായും അവർ സൂചിപ്പിച്ചു.
1997 ഓഗസ്റ്റ് 31-ന് പാരീസിലെ പോണ്ട് ദെ ലാമ ടണലിൽവെച്ചുണ്ടായ വാഹനാപകടത്തിൽ ഡയാന രാജകുമാരിയും സുഹൃത്ത് ദോദി ഫയേദും ഡ്രൈവർ ഹെന്റി പോളും കൊല്ലപ്പെട്ടെന്നാണ് ഇതുവരെ കരുതിയിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന മേഴ്‌സിഡസ് എസ്280 കാർ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വാർത്തകൾ പുറത്തുവന്നത്. എന്നാൽ, അത് വെറുമൊരു അപകടമായിരുന്നില്ലെന്നാണ് ജാക്കിന്റെയും റോബിന്റെയും വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നത്.
താമസിച്ചിരുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന ജാക്കും റോബിനും. ഇവർ സഞ്ചരിച്ചിരുന്ന ടാക്‌സി ടണലിനുള്ളിലേക്ക് കടക്കുമ്പോൾ, ഡയാനയുടെ മരണത്തിനിടയാക്കിയ അപകടം നടന്ന് ഏതാനും മിനിറ്റുകളേ ആയിരുന്നുള്ളൂ. തകർന്ന കാറിന് സമീപം സംശയമുളവാക്കുന്ന രീതിയിൽ പാർക്ക് ചെയ്ത രണ്ട് കറുത്ത കാറുകൾകൂടിയുണ്ടായിരുന്നതായി ഇവർ പറയുന്നു. അപകടം സംഭവിച്ചുവെന്നല്ലാതെ, പിറ്റേന്ന് വാർത്തകൾ വായിക്കുന്നതുവരെ അതിനുള്ളിൽ ഡയാനയായിരുന്നുവെന്ന് ഇവർക്ക് മനസ്സിലായിരുന്നില്ല.
ഈ വിവരം പിറ്റേന്നുതന്നെ ജാക്കും റോബിനും ഫ്രഞ്ച് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, പൊലീസ് അവർ പറയുന്നത് കേൾക്കാൻ പോലും തയ്യാറായില്ല. ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കാറുകളെക്കുറിച്ച് ആലോചിക്കേണ്ടെന്നുമായിരുന്നു പൊലീസിന്റെ മറുപടിയെന്ന് അവർ പറയുന്നു. ലോകത്തേറ്റവും പ്രശസ്തയായ യുവതി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ദൃക്‌സാക്ഷികളെന്ന നിലയിൽ പറയാൻ പോയിട്ടും പൊലീസ് അത് കേൾക്കാൻ തയ്യാറാകാതിരുന്നത് അത്ഭുതപ്പെടുത്തിയെന്ന് ജാക്കും റോബിനും പറയുന്നു.
സംഭവത്തിന് ദൃക്‌സാക്ഷികളെന്ന നിലയ്ക്ക് രേഖപ്പെടുത്തിയിട്ടും തെളിവെടുപ്പിനുപോലും ഇവരെ ഫ്രഞ്ച് പൊലീസോ ബ്രിട്ടീഷ് പൊലീസോ സമീപിച്ചില്ല. 2007-ലാണ് ബ്രിട്ടീഷ് പൊലീസ് ലണ്ടനിൽ നടന്ന തെളിവെടുപ്പിൽ ഇവരെ വിളിച്ചത്. ഏതാനും മാസത്തിനുശേഷം ശേഷിച്ച തെളിവെടുപ്പ് ജഡ്ജിയുടെ മുന്നിലാകണമെന്ന് കോടതി ഉത്തരവിട്ടു. ആ സമയത്ത് ദോദി ഫയേദിന്റെ അച്ഛൻ മുഹമ്മദ് ഫയേദ് സമീപിച്ചതായി ജാക്കും റോബിനും പറഞ്ഞു.
പപ്പരാസികൾ പിന്തുടർന്നതാണ് ഡയാന രാജകുമാരിയുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണെമന്നാണ് കരുതിയിരുന്നത്. ഒമ്പത് ഫോട്ടോഗ്രാഫർമാർക്കെതിരേയും ഒരു റിപ്പോർട്ടർക്കെതിരേയും കേസുമെടുത്തിരുന്നു. എന്നാൽ, 1999 സെപ്റ്റംബറിൽ ഫ്രഞ്ച് ജഡ്ജി ഹെർവ് സ്റ്റീഫൻ ഇവരെ കുറ്റവിമുക്തരാക്കി. കാറോടിച്ചിരുന്ന ഹെന്റി പോൾ അമിതമായ തോതിൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നുവെന്നും കാർ അമിത വേഗത്തിലായിരുന്നുവെന്നും അതാണ് അപകടകാരണമെന്നും ജഡ്ജി വിധിച്ചു.
തന്റെ മകനായ ദോദി ഫയേദിനെയും ഡയാനയെയും കൊലപ്പെടുത്തിയതാണെന്ന് മുഹമ്മദ് ഫയേദ് വിശ്വസിക്കുന്നു. ഫയേദിന്റെ നിയമവിദഗ്ദ്ധർ ജാക്കിനെയും റോബിനെയും ന്യുയോർക്കിലെത്തി കാണുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഫ്രാൻസിലെയോ ബ്രിട്ടനിലെയോ പൊലീസും അന്വേഷകരും തങ്ങളെ കേൾക്കാൻ തയ്യാറായില്ലെന്നത് ഇന്നും അവരെ അത്ഭുതപ്പെടുത്തുന്നു.