Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നോ ഡീൽ ബ്രെക്‌സിറ്റ് തടയാനായി അധികാരം സർക്കാരിൽ നിന്ന് ഏറ്റെടുക്കാൻ എംപിമാർ നടത്തിയ നീക്കം പരാജയപ്പെട്ടു; വേണ്ടിവന്നാൽ പാർലമെന്റ് സസ്‌പെൻഡ് ചെയ്തും ബ്രെക്‌സിറ്റ് നടത്തുമെന്ന് ബോറിസ് ജോൺസൺ; ബ്രിട്ടണിൽ തെരേസ മേയുടെ പിൻഗാമിയാകാനുള്ള ബോറിസിന്റെ ശ്രമത്തിന് മുന്നേറ്റം

നോ ഡീൽ ബ്രെക്‌സിറ്റ് തടയാനായി അധികാരം സർക്കാരിൽ നിന്ന് ഏറ്റെടുക്കാൻ എംപിമാർ നടത്തിയ നീക്കം പരാജയപ്പെട്ടു; വേണ്ടിവന്നാൽ പാർലമെന്റ് സസ്‌പെൻഡ് ചെയ്തും ബ്രെക്‌സിറ്റ് നടത്തുമെന്ന് ബോറിസ് ജോൺസൺ; ബ്രിട്ടണിൽ തെരേസ മേയുടെ പിൻഗാമിയാകാനുള്ള ബോറിസിന്റെ ശ്രമത്തിന് മുന്നേറ്റം

യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ നോ ഡീൽ ബ്രെക്‌സിറ്റ് നടത്തുന്ന സാഹചര്യം തടയാൻ അധികാരം സർക്കാരിൽനിന്ന് എംപിമാർ ഏറ്റെടുക്കാനുള്ള നീക്കം ബ്രിട്ടീഷ് പാർലമെന്റിൽ പരാജയപ്പെട്ടു. നോ ഡീൽ തടയുന്നതിനായി റിമെയ്ൻ പക്ഷത്തുള്ള എംപിമാർ കൊണ്ടുവന്ന ബിൽ 298-നെതിരെ 309 വോട്ടുകൾക്ക് പരാജയപ്പെട്ടു. തെരേസ മേയുടെ പിൻഗാമിയാകാനുള്ള മത്സരത്തിൽ മുൻപന്തിയിലുള്ള ബോറിസ് ജോൺസണിന്റെ ആദ്യവിജയമായി ഇത് വിലയിരുത്തപ്പെടുന്നു. എന്തുതന്നെയായാലും ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന ബോറിസിന്റെ നിലപാടിന് ലഭിച്ച പിന്തുണയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ലേബർ പാർട്ടിയുടെ പിന്തുണയോടെയാണ് നോ ഡീൽ തടയാനുള്ള ബില്ലുമായി റിമെയ്ൻ പക്ഷക്കാരെത്തിയത്. ഒക്ടോബറിനുള്ളിൽ ബ്രെക്‌സിറ്റ് നടപ്പിലാക്കിയിരിക്കുമെന്ന ബോറിസ് ജോൺസണിന്റെ നിലപാടിനോട് ഐക്യപ്പെടുന്നവർ ബില്ലിനെ ചെറുത്തുതോൽപിക്കുകയയായിരുന്നു. ബ്രെക്‌സിറ്റ് നടപ്പാക്കാനുള്ള തീയതി അടുക്കുമ്പോൾ, ഇടപെടലുകൾ അവസാനിപ്പിക്കുന്നതിന് വേണമെങ്കിൽ പാർലമെന്റ് സസ്‌പെൻഡ് ചെയ്യാൻ പോലും താൻ തയ്യാറാകുമെന്നും ബോറിസ് ജോൺസൺ പറയുന്നു.

ടോറി പക്ഷത്തെ വിമതരിൽ പ്രമുഖരായ ഒളിവർ ലെറ്റ്‌വിന്നിന്റെയും ഡൊമിനിക് ഗ്രീവിന്റെയുമൊക്കെ പിന്തുണയുമുണ്ടായിട്ടും ബിൽ പാസ്സാക്കാൻ സാധിക്കാതിരുന്നത് റിമെയ്ൻ പക്ഷത്തിന് കനത്ത തിരിച്ചടിയായി. നോ ഡീൽ ഒഴിവാക്കുന്നതിന് സർക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പോലും മടിക്കില്ലെന്ന് ഇവർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, പത്ത് ടോറി വിമതർ പാർട്ടി വിപ്പ് ലംഘിച്ച് നോ ഡീലിനെ ചെറുക്കുന്ന ബില്ലിനെ പിന്തുണച്ചെങ്കിലും, എട്ട് ലേബർ എംപിമാർ എതിർത്ത് വോട്ട് ചെയ്തതോടെ ബിൽ പരാജയപ്പെടുകയായിരുന്നു.

തെരേസ മേയുടെ പ്ിൻഗാമിയായി തിരഞ്ഞെടുക്കാനുള്ള മത്സരത്തിൽ തന്റെ പങ്കാളിത്തം ബോറിസ് ജോൺസൺ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് പാർലമെന്റിൽ ബിൽ പരാജയപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. രാഷ്ട്രീയ നേതാക്കൾ അവസരത്തിനൊത്തുയർന്ന് വെല്ലുവിളികൾ നേരിടാൻ തയ്യാറാകണമെന്നും എന്തുവില കൊടുത്തും ഒക്ടോബറിൽത്തന്നെ ബ്രെക്‌സിറ്റ് നടപ്പാക്കാൻ മുന്നിട്ടിറങ്ങണമെന്നും ബോറിസ് ആവശ്യപ്പെട്ടു. വെസ്റ്റ്മിൻസ്റ്ററിൽ തന്നെ അനുകൂലിക്കുന്ന എംപിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ബോറിസ്. കാമുകി കാരി സൈമൺസും ചടങ്ങിനെത്തിയിരുന്നു.

പ്രധാനമന്ത്രി പദത്തിലേക്ക് കൺസർവേറ്റീവ് പാർട്ടിയിൽ നടക്കുന്ന മത്സരത്തിൽ മുൻപന്തിയിലാണ് ബോറിസ് ജോൺസൺ ഇപ്പോഴുള്ളത്. മുൻ വിദേശകാര്യ സെക്രട്ടറി കൂടിയായ ബോറിസ്, തന്റെ കടുത്ത നിലപാടുകൾകൊണ്ടാണ് ശ്രദ്ധേയനാകുന്നത്. അധികാരത്തിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ലേബർ പാർട്ടി നേതാവ് ജെറമി കോർബിനെ ചവിട്ടിപ്പുറത്താക്കാൻ എംപിമാർ ഒറ്റക്കെട്ടായി നിൽക്കണെമന്ന് ബോറിസ് ആവശ്യപ്പെട്ടു. യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച് നിഗൽ ഫരാജിന്റെ ബ്രെക്‌സിറ്റ് പാർട്ടിയുടെ വെല്ലുവിളിയെയും മറികടക്കാൻ ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം പാർട്ടി എംപിമാരെ ഓർമിപ്പിച്ചു.

തന്റെ അടുത്ത അനുയായികളുമായി ആശവിനിമയം നടത്തവെയാണ് പാർലമെന്റ് സസ്‌പെൻഡ് ചെയ്തും ബ്രെക്‌സിറ്റ് ഏതുവിധേനയും നടപ്പാക്കാൻ താൻ ശ്രമിക്കുമെന്ന് ബോറിസ് വ്യക്തമാക്കിയത്. ബ്രെക്‌സിറ്റ് നടപ്പാക്കണമെന്ന ജനഹിതം മറികടക്കില്ലെന്നും ഇപ്പോഴതത്തെ സമയപരിധി അവസാനിക്കുന്ന ഒക്ടോബറിൽത്തന്നെ അതിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും ബോറിസ് തന്റെ അനുയായികൾക്ക് ഉറപ്പുനൽകിയതായും റിപ്പോർട്ടുണ്ട്. ഈ നിലപാടാണ് പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹത്തെ മുൻപന്തിയിൽ നിർത്തുന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP