Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദക്ഷിണ കാലിഫോർണിയയിൽ വമ്പൻ ഭൂമികുലുക്കം; ലോസെയ്ഞ്ചൽസ് മുതൽ ലാസ് വെഗസ്സ് വരെ നാശങ്ങൾ; അനേകം പാറക്കൂട്ടങ്ങൾ ഇടിഞ്ഞുവീഴുകയും അഗ്നിപടരുകയും വീടുകൾ നശിക്കുകയും ചെയ്തതായി റിപ്പോർട്ട്; മരണത്തെക്കുറിച്ച് വ്യക്തതയില്ല

ദക്ഷിണ കാലിഫോർണിയയിൽ വമ്പൻ ഭൂമികുലുക്കം; ലോസെയ്ഞ്ചൽസ് മുതൽ ലാസ് വെഗസ്സ് വരെ നാശങ്ങൾ; അനേകം പാറക്കൂട്ടങ്ങൾ ഇടിഞ്ഞുവീഴുകയും അഗ്നിപടരുകയും വീടുകൾ നശിക്കുകയും ചെയ്തതായി റിപ്പോർട്ട്; മരണത്തെക്കുറിച്ച് വ്യക്തതയില്ല

മറുനാടൻ മലയാളി ബ്യൂറോ

കാലിഫോർണിയ: റിക്ടർ സ്‌കെയിലിൽ 6.4 രേഖപ്പെടുത്തിയ കൂറ്റൻ ഭൂമികുലുക്കത്തിൽ സതേൺ കാലിഫോർണിയ വിറച്ചു. ഫോർത്ത് ജൂലൈ ആഘോഷങ്ങളിലായിരുന്ന ജനതയെ പരിഭ്രാന്തിയിലാഴ്‌ത്തിക്കൊണ്ട് വൻ മലയിടിച്ചിലും അഗ്നിബാധയും കെട്ടിടങ്ങൾക്ക് കേടുപാടുമുണ്ടായതായി റിപ്പോർട്ടുണ്ട്. രാവിലെ പത്തരയോടെയുണ്ടായ ഭൂമികുലുക്കം നിമിഷങ്ങളോളം നീണ്ടുന്നു. മൊജാവ് മരുഭൂമിക്കടുത്ത് സിയേൾസ് താഴ്‌വരയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കൽ സർവേയിലെ ശാസ്ത്രജ്ഞർ പറഞ്ഞു.ആളപായമുണ്ടായതായി റിപ്പോർട്ടില്ല.

കാലിഫോർണിയയിലെ റിഡ്ജ്‌ക്രെസ്റ്റിൽനിന്ന് 11 മൈൽ അകലെയാണ് ആദ്യം ഭൂകമ്പം അനുഭവപ്പെട്ടത്. റിഡ്ജ്കാസ്റ്റിൽ മാത്രം 24 ഇതടത്ത് അഗ്നിബാധയും അപകടങ്ങളുമുണ്ടായി. 28,000 പേർ താമസിക്കുന്ന പട്ടണമാണിത്. ഇവിടെ വ്യാപകമായ തോതിൽ തിരച്ചിൽ നടത്തുന്നുണ്ടെന്ന് കേൺ കൗണ്ടി ഫയർ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. വൈദ്യസഹായമാവശ്യപ്പെട്ടും അഗ്നിബാധ റിപ്പോർട്ട് ചെയ്തും 24 ഫോൺവിളികളെങ്കിലും വന്നതായി വകുപ്പിന്റെ ട്വീറ്റിൽ പറയുന്നു.

ഭൂകമ്പത്തെത്തുടർന്ന് റിഡ്ജ്കാസ്റ്റ് റീജണൽ ഹോസ്പിറ്റലിലെ രോഗികളെ ഒഴിപ്പിച്ചു. വീടുകളിൽ വൈദ്യുതി ബന്ധവും വിഛേദിക്കപ്പെട്ടു. 5851 വീടുകളിലെങ്കിലും വൈദ്യുതി തടസ്സപ്പെട്ടതായി അധികൃതർ പറഞ്ഞു. ഈമേഖലയിൽ താപനില വലിയതോതിൽ വർധിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വിഭാഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാൻ ബെർണാഡിനോ കൗണ്ടിയിൽ പലയിടത്തും ജലവിതരണ പൈപ്പുകൾ പൊട്ടിയതായി അധികൃതർ പറഞ്ഞു. കെട്ടിടങ്ങൾക്കും റോഡുകൾക്കും വിള്ളൽ വീണിട്ടുണ്ട്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

ഭൂകമ്പത്തിന്റെ അലയൊലികൾ ലോസെയ്ഞ്ചൽസ് മുതൽ ലാസ് വെഗസ്സ് വരെ നീണ്ടതായി റിപ്പോർട്ടുണ്ട്. ലാസ് വെഗസ്സ് മുതൽ പസഫിക് തീരം വരെയുള്ള മേഖലകളിലുള്ളവർ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. പ്രധാന ഭൂകമ്പത്തെത്തുടർന്ന് നാല് തുടർചലങ്ങളുമുണ്ടായി. 4.7, 3.5, 3.8, 4.2 എന്നിങ്ങനെയായിരുന്നു തുടർചലനങ്ങളുടെ തീവ്രത രേഖപ്പെടുത്തിയത്. റിഡ്ജ്കാസ്റ്റിലെ പ്രധാന ഹോട്ടലായി ഹാംപ്ടൺ ഇന്നിന് കാര്യമായ കേടുപാടുകൾ സംഭവിച്ചതായി ജനറൽ മാനേജർ ഡിയാൻ റുഗീറോ പറഞ്ഞു.

റിഡ്ജ്കാസ്റ്റ് ഉൾപ്പെടെയുള്ള മേഖലകളിൽ താമസിക്കുന്നവർ ഭൂകമ്പത്തിന്റെ ആഘാതം വെളിപ്പെടുത്തുന്ന വീഡിയോകൾ പിന്നീട് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. തന്റെ പിതാവിന്റെ മദ്യക്കടയിൽ പൊട്ടിത്തകർന്ന കുപ്പികളുടെ വീഡിയോയാണ് ഇത്തരത്തിലൊരാൾ പങ്കുവെച്ചത്. നൂറുകണക്കിന് മദ്യക്കുപ്പികളാണ് ഇവിടെ തകർന്നത്. ലോസെയ്ഞ്ചൽസിൽനിന്നും ഇത്തരത്തിൽ വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. റിഡ്ജ്കാസ്റ്റിൽനിന്ന് തെക്കുപടിഞ്ഞാറ് 125 മൈൽ അകലെയുള്ള ലോസെയ്ഞ്ചൽസിൽ കാര്യമായ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടില്ല.

സൗത്ത് കാലിഫോർണിയയിൽ ഒരു ദശകത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഭൂകമ്പം ആണിത്. ഭൂമി കുലുക്കത്തിന്റെ പ്രകമ്പനങ്ങൾ ലാസ് വേഗസ്സിലും ലോസ് ഏഞ്ചൽസിലും അനുഭവപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. 1994-ൽ 6.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിന് ശേഷം ആദ്യമായാണ് സൗത്ത് കാലിഫോർണിയയിൽ ഇത്തരമൊരു ഭൂകമ്പത്തിന് സാക്ഷ്യം വഹിക്കുന്നത്. അന്ന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സാൻ ഫെർണാണ്ടോ വാലിയിലായിരുന്നു ഭൂമികുലുക്കം. കെട്ടിടങ്ങളും റോഡുകളും തകർന്ന അന്ന് 57 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ഭൂകമ്പത്തിന് 48 സെക്കന്റുകൾക്ക് മുമ്പ് ഇതിനെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി ലോകത്തിലെ പ്രമുഖ സീസ്മോളജിസ്റ്റായ ഡോ. ലൂസി ജോൺസ് വ്യക്തമാക്കി. അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തമായ ഭൂകമ്പങ്ങൾ പ്രതീക്ഷിക്കാമെന്നും ലൂസിയെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. ലോസ് ഏഞ്ചൽസിനെയാണ് ഭൂകമ്പം ബാധിച്ചിരുന്നതെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ മോശമായിരുന്നേനെ എന്ന് യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിലെ സീസ്മോളജി വിഭാഗം പ്രൊഫസർ ജോൺ വിദാലെ പറഞ്ഞു.

 

2011-ൽ ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ 6.3 രേഖപ്പെടുത്തിയ ഭൂകമ്പവുമായി താരതമ്യം ചെയ്താണ് ജോൺ വിദാലെ ഇക്കാര്യം വ്യക്തമാക്കിയത്. അന്ന് 185 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP