Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചോക്കലേറ്റ് ബാറിൽ പാലിന്റെ അംശം ഉള്ളത് ശ്രദ്ധിച്ചില്ല; ഇന്ത്യൻ വംശജനായ 11 കാരൻ ആശുപത്രിയിൽ മരിച്ചു; പിതാവിന് പറ്റിയ അബദ്ധമെന്ന് തിരിച്ചറിഞ്ഞ് കേസ് അവസാനിപ്പിച്ച് യുകെ കോടതി

ചോക്കലേറ്റ് ബാറിൽ പാലിന്റെ അംശം ഉള്ളത് ശ്രദ്ധിച്ചില്ല; ഇന്ത്യൻ വംശജനായ 11 കാരൻ ആശുപത്രിയിൽ മരിച്ചു; പിതാവിന് പറ്റിയ അബദ്ധമെന്ന് തിരിച്ചറിഞ്ഞ് കേസ് അവസാനിപ്പിച്ച് യുകെ കോടതി

ലണ്ടൻ: ഡയറി ഉൽപന്നങ്ങൾ അലർജിയുള്ള ബ്ലാക്ക്‌ബേണിലെ ഇന്ത്യൻ വംശജനായ 11 കാരൻ റാഫി പൗനാൾ പാലിന്റെ അംശം ഉള്ള ചോക്കളേറ്റ് ബാർ അബദ്ധത്തിൽ കഴിച്ചതിനെ തുടർന്ന് ഇക്കഴിഞ്ഞ ജൂൺ എട്ടിന് മരിച്ച സംഭവത്തിൽ യുകെയിലെ കൊറോണർ കോടതി അന്തിമവിധി പുറപ്പെടുവിച്ചു.

മോറിസണിൽ നിന്നും മകന് വാങ്ങി നൽകിയ ചോക്കളേറ്റ് ബാറിൽ പാലിന്റെ അംശം ഉള്ളത് പിതാവ് ശ്രദ്ധിക്കാഞ്ഞ അബദ്ധത്താലാണ് കുട്ടി മരിച്ചിരിക്കുന്നതെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. മിൽക്ക് ഫ്രീ പ്രൊഡക്ടാണെന്ന് തെറ്റിദ്ധരിച്ച് കുട്ടിയുടെ പിതാവ് തോമസ് പൗനാൾ ഗ്ലുട്ടൻ-ഫ്രീ ചോക്കളേറ്റ് ബാർ വാങ്ങി നൽകിയതിനെ തുടർന്നാണ് മരണത്തിന് കാരണമായതായതെന്നാണ് ബ്ലാക്ക്‌ബേൺ കൊറോണർ കോടതി വിധിച്ചിരിക്കുന്നത്.

ചോക്കളേറ്റ് കഴിച്ചതിനെ തുടർന്ന് തന്റെ മകൻ ഛർദിക്കുന്നത് കണ്ടപ്പോഴാണ് പിതാവ് ചോക്കളേറ്റിന്റെ ലേബൽ നോക്കുകയും തനിക്ക് പറ്റിയ അബദ്ധം മനസിലാക്കുകയും ചെയ്തത്. മിൽക്ക് പൗഡർ അടങ്ങിയ ഗ്ലുട്ടൻ ഫ്രീ ബാറാണ് തന്റെ മകൻ കഴിച്ചിരിക്കുന്നതെന്ന് കണ്ട് അദ്ദേഹം ഉടനടി മകന് ഇൻഹേലറും എപിപെന്നും നൽകുകയായും തുടർന്ന് ആംബുലൻസ് വിളിക്കുകയുമായിരുന്നു. ബേൺലെ റോയൽ ബ്ലാക്ക്‌ബേൺ ഹോസ്പിറ്റലിൽ വച്ച് ജൂൺ എട്ടിന് വൈകുന്നേരം 5.43നായിരുന്നു റാഫി മരിച്ചത്. പാൽ അലർജി മൂലമുള്ള ഗുരുതരാവസ്ഥയായ അനഫിലാക്സിസ് കാരണമാണ് റാഫി പെട്ടെന്ന് മരിച്ചതെന്ന് പോസ്റ്റ് മോർട്ടത്തിലൂടെ വ്യക്തമായിരുന്നു.

താൻ മകന് വാങ്ങിക്കൊടുത്ത ചോക്കളേറ്റ് പാൽ അടങ്ങിയതാണെന്ന് തോമസ് അറിഞ്ഞിരുന്നില്ലെന്നും തന്റെ മകന്റെ ജീവൻ രക്ഷിക്കാൻ അദ്ദേഹം അങ്ങേയറ്റം ശ്രമിച്ചിരുന്നുവെന്നും വിചാരണക്കിടെ കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. തുടർന്നാണ് കൊറോണർ റിച്ചാർഡ് ടെയ്ലർ നിർണായകമായ വിധി പുറപ്പെടുവിച്ചത്. ഇതിന് മുമ്പ് റാഫി പാൽ കുടിച്ചപ്പോൾ ഛർദിച്ചിരുന്നുവെന്നും എന്നാൽ രക്ഷപ്പെട്ടിരുന്നുവെന്നും പിതാവ് കോടതിയിൽ ബോധിപ്പിച്ചിരുന്നു. ചോക്കളേറ്റ് കഴിച്ചതിനെ തുടർന്ന് റാഫിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ശരീരത്തിന് ചൂടേറുകയും ചെയ്തതിനെ തുടർന്ന് പിതാവ് എപിപെൻ നൽകിയെന്നും തുടർന്ന് ആശുപത്രിയിലെത്തിച്ചിരുന്നുവെന്നും ഇത്തരത്തിൽ തോമസ് തന്റെ മകനെ രക്ഷിക്കാൻ സാധിക്കുന്നതെല്ലാം ചെയ്തിരുന്നുവെന്നും കൊറോണർ വിലയിരുത്തുന്നു.

റാഫിയുടെ മാതാപിതാക്കൾ ഇൻക്വസ്റ്റിൽ പങ്കെടുത്തിരുന്നില്ല. റാഫിയുടെ കുടുംബത്തിന് സംഭവിച്ച നഷ്ടത്തിൽ തങ്ങളും പങ്ക് ചേരുന്നുവെന്നാണ് മോറിസൻസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. ബേൺലെയിലെ സ്‌കൂൾ വിദ്യാർത്ഥിയായ റാഫിയുടെ മരണത്തെ തുടർന്ന് അനുശോചനസന്ദേശങ്ങളുടെ പ്രവാഹമാണ് വന്ന് കൊണ്ടിരിക്കുന്നത്. ഏവരെയും സ്നേഹിക്കുകയും പഠനത്തിലും പഠനേതര പ്രവർത്തനങ്ങളിലും മുന്നിൽ നിന്നിരുന്ന വിദ്യാർത്ഥിയായിരുന്നു റാഫിയെന്നാണ് ടീച്ചർമാർ ഓർമിക്കുന്നത്.

പാൽ ഉൽപന്നങ്ങളോട് ശരീരത്തിലെ പ്രതിരോധ സംവിധാനം അസാധാരണായ വിധത്തിൽ പ്രതികരിക്കുന്നതാണ് ഡയറി അലർജി എന്നറിയപ്പെടുന്നത്. ഇതിനെ തുടർന്ന് ചിലരുടെ ശരീരത്തിൽ തടിപ്പുകൾ, ചൊറിച്ചിൽ , ഛർദി തുടങ്ങിയവ ഉണ്ടാകാം. എന്നാൽ റാഫിക്ക് സംഭവിച്ചത് പോലെ അനാഫിലാറ്റിക് ഷോക്കുണ്ടായാൽ മിനുറ്റുകൾക്കുള്ളിൽ മരണം സംഭവിക്കുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP