Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്രിട്ടനിലെമ്പാടും ഇന്നലെ മണിക്കൂറുകളോളം വൈദ്യുതി നിലച്ചു; ലണ്ടൻ മുതൽ ന്യൂകാസിൽവരെ മിക്കയിടങ്ങളിലും മണിക്കൂറുകളോളം ഇരുട്ടിൽ; ബ്രിട്ടനിൽ ഇങ്ങനെയും സംഭവിക്കുമോ എന്ന് അത്ഭുതപ്പെട്ട് പ്രവാസികൾ

ബ്രിട്ടനിലെമ്പാടും ഇന്നലെ മണിക്കൂറുകളോളം വൈദ്യുതി നിലച്ചു; ലണ്ടൻ മുതൽ ന്യൂകാസിൽവരെ മിക്കയിടങ്ങളിലും മണിക്കൂറുകളോളം ഇരുട്ടിൽ; ബ്രിട്ടനിൽ ഇങ്ങനെയും സംഭവിക്കുമോ എന്ന് അത്ഭുതപ്പെട്ട് പ്രവാസികൾ

സ്വന്തം ലേഖകൻ

ബ്രിട്ടൻ ഇന്നലെ കടന്നുപോയത് കറുത്ത വെള്ളിയാഴ്ചയിലൂടെയായിരുന്നു. സമീപകാലത്തൊന്നും സംഭവിച്ചിട്ടില്ലാത്ത വിധം വൈദ്യുതി തടസ്സം നേരിട്ടതോടെ ബ്രിട്ടനിലെ വിളക്കുകളെല്ലാം കണ്ണടച്ചു. പത്തുലക്ഷം പേരെങ്കിലും ഇരുട്ടിൽ കഴിയേണ്ടിവന്നുവെന്നാണ് കരുതുന്നത്. ട്രാഫിക് ലൈറ്റുകളുൾപ്പെടെ നിലച്ചതോടെ, ഗതാഗത സംവിധാനവും താറുമാറായി. തീവണ്ടികൾ റദ്ദാക്കേണ്ടിവന്നു. സ്‌റ്റേഷനുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. നാഷണൽ ഗ്രിഡിലെ രണ്ട് ജനറേറ്ററുകൾക്ക് വന്ന കുഴപ്പമാണ്. ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം. ഒരുമണിക്കൂറോളം നേരം വൈദ്യുതി തടസ്സം നീണ്ടുനിന്നു.

വെള്ളിയാഴ്ച വൈകിട്ടാണ് യോർക്ക്ഷയറിലെ പവർ സ്റ്റേഷനിൽ കുഴപ്പങ്ങൾ കണ്ടുതുടങ്ങിയത്. വിൻഡ് ഫാമിലും ഗ്യാസ് ഫയർ സ്റ്റേഷനിലുമുണ്ടായ തകരാറുകൾ വലിയ വൈദ്യുതി തടസ്സമായി മാറുകയായിരുന്നു, രണ്ടിടത്തും ഒരേസമയം തകരാറുവന്നതോടെ വൈദ്യുതി നിലയ്ക്കുകയും ഉപഭോക്താക്കളാകെ ഇരുട്ടിലാവുകയുമായിരുന്നുവെന്ന് അപ്‌സൈഡ് എനർജി സ്ഥാപനത്തിലെ ഡേവിഡ് സെലാൽ പറഞ്ഞു. ഉദ്പാദനത്തിൽവന്ന കുറവും രാജ്യത്തെ വൈദ്യുത വിതരണത്തെയാകെ ബാധിച്ചുവെന്ന്ും അദ്ദേഹം പറഞ്ഞു.

ബെഡ്ഫഡ്ഷയറിലെ ലിറ്റിൽ ബാർഫഡിലെയും യോർക്ക്ഷയറിലെ ഹോർനെസ്സയിലുമുള്ള ജനറേറ്ററുകൾക്ക് വന്ന തകരാറാണ് രാജ്യത്തെ മുഴുവൻ ഇരുട്ടിലാക്കിയതെന്ന് ലണ്ടൻ ഇംപീരിയൽ കോളേജിലെ എനർജി ഫ്യൂച്ചേഴ്‌സ് ലബോറട്ടറിയിലെ പ്രൊഫസ്സർ ടിം ഗ്രീൻ പറഞ്ഞു. വൈകിട്ട് 4.58 ആയപ്പോഴാണ് ലിറ്റിൽ ബാർഫഡിലെ ഗ്യാസ് പവർ സ്റ്റേഷനിലെ ജനറേറ്റർ ഓഫ് ചെയ്തത്. രണ്ടുമിനിറ്റ് കഴിഞ്ഞതോടെ ഹോർനെസയിലെ ജനറേറ്ററും തകരാറിലായി. ഇതോടെ, വൈദ്യുതി തടസ്സം പൂർണമായെന്നും അ്‌ദ്ദേഹം പറയുന്നു.

രാജ്യമിത്രയേറെ പുരോഗമിച്ചിച്ചിട്ടും വൈദ്യുതി വിതരണത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താത്തതാണ് ഇത്രയും ഗുരുതരമായ പ്രതിസന്ധിക്ക് കാരണമെന്ന് ഉപഭോക്താക്കൾ സോഷ്യൽ മീഡിയയിലൂടെ വിമർശനം ഉന്നയിച്ചു. ലണ്ടൻ മുതൽ സൗത്ത് ഈസ്റ്റ് വരെയും മിഡ്‌ലാൻഡ്‌സിലും നോർത്ത് വെസ്റ്റിലുമൊക്കെ വൈദ്യുതി തടസ്സമുണ്ടായി. വീടുകളുടെയും റെയിൽവേ സ്‌റ്റേഷനുകളുടെയും വിമാനത്താവളങ്ങളുടെയുമൊക്കെ പ്രവർത്തനത്തെ ഇത് ബാധിക്കുകയും ചെയ്തു.

സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുമെന്നൊക്കെ അവകാശപ്പെടുന്ന സർക്കാരിന്, അടിസ്ഥാന സൗകര്യങ്ങളിൽ നാമെത്ര പിന്നിലാണെന്ന് മനസ്സിലാക്കാൻ ഇത്തരം സംഭവങ്ങൾ സഹായിക്കുമെന്ന് കാഷ്യോ മൈൽസ് എന്നയാൾ ട്വിറ്ററിലൂടെ പറഞ്ഞു. ലോകത്തെ പല ബനാന റിപ്പബ്ലിക്കുകൾക്കും ഇതിനേക്കാൾ സൗകര്യമുണ്ടാകുമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ട്രെയിനുകൾ വഴിയിൽ കുടുങ്ങിയത് യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കി. ജീവിതത്തിൽ താനിതുവരെ ഇത്തരമൊരു പരീക്ഷണം നേരിട്ടിട്ടില്ലെന്നായിരുന്നു ലണ്ടനിൽനിന്ന് സെയ്ന്റ് പാൻക്രാസിലേക്ക് യാത്ര ചെയ്ത ഫർഹാന ബീഗത്തിന്റെ അഭിപ്രായം.

രണ്ട് ജനറേറ്ററുകൾക്ക് ഒരേസമയം തകരാറുണ്ടായത് അട്ടിമറിയാണോയെന്ന സംശയവുമുണ്ടാക്കി. എന്നാൽ, അട്ടിമറിയുടെയോ ഹാക്കിങ്ങിന്റെയോ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് നാഷണൽ സൈബർ സെക്യരിറ്റി സെന്റർ വ്യക്തമാക്കി. ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്‌റ്റേഷനായ കിങ്‌സ് ക്രോസിൽനിന്ന് യാത്രക്കാരെ ഒഴിപ്പിക്കേണ്ടിവന്നു. ലണ്ടനും ബെഡ്ഫഡിനും കേംബ്രിഡ്ജിനും പീറ്റർബറോയ്ക്കുമിടയിലെ എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവെച്ചു. ന്യൂകാസിൽ വിമാനത്താവളത്തിന്റെ പ്രവർത്തനവും തടസ്സപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP