Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബോറിസ് ജോൺസൺ നിലപാട് കടുപ്പിച്ചപ്പോൾ യൂറോപ്യൻ യൂണിയൻ തണുക്കുന്നു; ഐറിഷ് ബാക്ക്‌സ്റ്റോപ്പിന് പകരം 30 ദിവസത്തിനകം പദ്ധതി സമർപ്പിക്കാൻ നിർദ്ദേശിച്ച് ജർമനി; പ്രതീക്ഷയില്ലാത്ത ബ്രെക്‌സിറ്റ് ചർച്ചകളുടെ തുടക്കത്തിലേ വമ്പൻ പ്രതീക്ഷ

ബോറിസ് ജോൺസൺ നിലപാട് കടുപ്പിച്ചപ്പോൾ യൂറോപ്യൻ യൂണിയൻ തണുക്കുന്നു; ഐറിഷ് ബാക്ക്‌സ്റ്റോപ്പിന് പകരം 30 ദിവസത്തിനകം പദ്ധതി സമർപ്പിക്കാൻ നിർദ്ദേശിച്ച് ജർമനി; പ്രതീക്ഷയില്ലാത്ത ബ്രെക്‌സിറ്റ് ചർച്ചകളുടെ തുടക്കത്തിലേ വമ്പൻ പ്രതീക്ഷ

സ്വന്തം ലേഖകൻ

യൂറോപ്യൻ യൂണിയനിൽനിന്നുള്ള വേർപിരിയൽ ആസന്നമായിരിക്കെ, ബ്രിട്ടന് മുന്നിൽ യൂറോപ്യൻ കടംപിടിത്തം അവസാനിക്കുമെന്ന് സൂചന. വിവാദമായ ഐറിഷ് ബാക്ക്‌സ്റ്റോപ്പിന് പകരം ബ്രിട്ടന് സ്വീകാര്യമായ പദ്ധതി 30 ദിവസത്തിനകം നിർദ്ദേശിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിനോട് ജർമൻ ചാൻസലർ ആംഗല മെർക്കൽ ആവശ്യപ്പെട്ടു. ജി7 ഉച്ചകോടിക്കുമുമ്പായി ജർമൻ ചാൻസലറെ സന്ദർശിക്കാൻ ജർമനിയിലെത്തിയതായിരുന്നു ബോറിസ് ജോൺസണ്. ആംഗലയുടെ നിർദ്ദേശം നിലച്ചുപോയ ബ്രെക്‌സിറ്റ് ചർച്ചകൾ പുനരാരംഭിക്കാനുള്ള വാതിലായും വിലയിരുത്തപ്പെടുന്നു.

ഈ വിഷയത്തിൽ ബോറിസ് ജോൺസൺ സ്വീകരിച്ച കർക്കശ്ശമായ നിലപാടിന്റെ കൂടി വിജയമായും നിരീക്ഷകർ ഇതിനെ കാണുന്നുണ്ട്. ഐറിഷ് ബാക്ക്‌സ്റ്റോപ്പ് അംഗീകരിക്കാനാവാത്തതും ജനാധിപത്യവിരുദ്ധവുമാണെന്ന് ബോറിസ് യൂറോപ്യൻ യൂണിയൻ തലവൻ ഡൊണാൾഡ് ടസ്‌കിന് എഴുതിയ തുറന്ന കത്തിൽ വ്യക്തമാക്കിയിരുന്നു. ബാക്ക്‌സ്റ്റോപ്പ് ഒഴിവാക്കണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. യൂറോപ്യൻ യൂണിയന്റെ യോഗങ്ങളിൽനിന്ന് സെപ്റ്റംബർ ഒന്നിനുശേഷം ബ്രിട്ടീഷ് പ്രാതിനിത്യം കുറയ്ക്കുമെന്ന ഭീഷണിയും ഫലിച്ചതായാണ് വിലയിരുത്തൽ.

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് കരാറില്ലാതെ വേർപിരിയുകയാണെങ്കിൽ അത് നേരിടാൻ ജർമനി സുസജ്ജമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മെർക്കൽ ബാക്ക്‌സ്റ്റോപ്പിന് ബദൽ നിർദ്ദേശിക്കാൻ ബോറിസിനെ ക്ഷണിച്ചത്. അയർലൻഡ് അതിർത്തി സംബന്ധിച്ച് ഇരുകൂട്ടർക്കും സ്വീകാര്യമായ പദ്ധതിയാണ് ബ്രിട്ടൻ നിർദ്ദേശിക്കേണ്ടത്. അങ്ങനെയൊരു പദ്ധതി നിർദ്ദേശിക്കുകയാണെങ്കിൽ തുടർ ചർച്ചകൾക്ക് ജർമനി തയ്യാറാണെന്നും ബ്രെക്‌സിറ്റിന്മേൽ പുതിയ നീക്കുപോക്കുകൾക്ക് ശ്രമിക്കാമെന്നും അവർ പറയുന്നു. ബദൽ പദ്ധതിക്കുള്ള മെർക്കലിന്റെ നിർദ്ദേശം സ്വീകരിക്കുന്നതായി പിന്നീട് ബോറിസ് ജോൺസണും പറഞ്ഞു.

തന്റെ മുൻഗാമിയായ തെരേസ മെയ്‌ക്കുപറ്റിയ പരാജയം ഇത്തരം സന്ദർഭങ്ങളിൽ ബദൽ മാർഗം കണ്ടെത്താൻ പരാജയപ്പെട്ടതാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതകൾ തുറക്കുന്ന ശ്രമങ്ങൾ നടത്തിക്കൊണ്ടേയിരിക്കണമെന്നും ബെർലിനിൽ അത്താഴവിരുന്നിൽ പങ്കെടുക്കവെ ബോറിസ് പറഞ്ഞു. പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് ബോറിസ് ജോൺസണും ജർമൻ ചാൻസലറും കൂടിക്കാഴ്ച നടത്തുന്നത്. ഒക്ടോബർ 31-നകം ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന തന്റെ നിലപാട് മെർക്കലിനെ ധരിപ്പിക്കാനും ഈ അവസരം ബോറിസ് ഉപയോഗിച്ചു.

ബ്രെക്‌സിറ്റിന്മേൽ ഇനിയൊരു ചർച്ചയ്ക്കും സാധ്യതയില്ലെന്ന നിലപാടെടുത്ത ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോണിനെ ബോറിസ് ഇന്ന് കാണാനിരിക്കെ, പുതിയ നിർദ്ദേശം ഏറെ പ്രതീക്ഷ പകരുന്നതാണ്. ബ്രെക്‌സിറ്റ് ചർച്ചകൾ പുനരാരംഭിക്കാനുള്ള തെരേസയുടെ ശ്രമങ്ങളെ ശക്തിയുക്തം എതിർത്തിരുന്നത് മാക്രോണാണ്. മെർക്കലിന്റെ നിർദ്ദേശത്തോട് പ്രതികരിക്കാമെന്ന് ബോറിസ് ഉറപ്പുനൽകിയതോടെ, യൂറോപ്യൻ യൂണിയനിലും അത് ഉന്നയിക്കപ്പെടുമെന്നുറപ്പാണ്. ഒക്ടോബർ 31 എന്ന അന്തിമതീയതിക്ക് മാറ്റമുണ്ടാകില്ലെങ്കിലും നോ ഡീൽ എന്ന സാധ്യത ഇല്ലാതായേക്കുമെന്ന് ബ്രിട്ടനിലെ രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP