Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലേബർപാർട്ടിയെ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മാറ്റി നിർത്താൻ തിരക്കിട്ട മാധ്യമനീക്കം; ഭയങ്കരമായ കാര്യങ്ങൾ പറഞ്ഞ് നിരന്തരം വാർത്തകൾ; മാർക്‌സിസ്റ്റായാ ജെറമി കോർബിൻ അധികാരത്തിൽ വന്നാൽ സംഭവിക്കുന്നത് എന്തൊക്കെ?

ലേബർപാർട്ടിയെ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മാറ്റി നിർത്താൻ തിരക്കിട്ട മാധ്യമനീക്കം; ഭയങ്കരമായ കാര്യങ്ങൾ പറഞ്ഞ് നിരന്തരം വാർത്തകൾ; മാർക്‌സിസ്റ്റായാ ജെറമി കോർബിൻ അധികാരത്തിൽ വന്നാൽ സംഭവിക്കുന്നത് എന്തൊക്കെ?

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഒക്‌ടോബർ 14-ന് പൊതു തിരഞ്ഞെടുപ്പ് വരുമെന്നിരിക്കെ, ലേബർ പാർട്ടിയെ മാറ്റി നിർത്താൻ ബ്രിട്ടനിൽ വ്യവസായികളും മാധ്യമങ്ങളും കൊണ്ടുപിടിച്ച ശ്രമം തുടങ്ങി; പക്കാ മാർക്‌സിസ്റ്റായ ജെറമി കോർബിൻ പ്രധാനമന്ത്രിയായാൽ ബ്രിട്ടനെ കമ്യൂണിസ്റ്റ് രാജ്യമാക്കുമെന്നാണ് നിരന്തരം വാർത്തകൾ വരുന്നത്. ബ്രിട്ടനിൽ എല്ലാ മാധ്യമങ്ങളും കമ്യൂണിസ്റ്റ് വിരുദ്ധരായതിനാൽ ശരിതെറ്റുകൾ കണ്ടെത്തിക പ്രയാസമാണുതാനും. പരമ്പരാഗതമായി ലേബർപാർട്ടിക്ക് വോട്ടുചെയ്യുന്ന യുകെ മലയാളികളാകെ ആശയക്കുഴപ്പത്തിലാകുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ലേബർ അധികാരത്തിലെത്തിയാൽ സംഭവിക്കാനിടയുള്ള കാര്യങ്ങൾ ഇന്നത്തെ ഡെയ്‌ലി മെയ്ൽ പ്രസിദ്ധീകരിച്ചത് ചുവടെ കൊടുക്കുന്നു.

തൊഴിലാളികൾക്ക് ഓഹരി

250-ലേറെ തൊഴിലാളികൾ ജോലിചെയ്യുന്ന ബ്രിട്ടനിലെ ഏഴായിരത്തോളം കമ്പനികളെ ഇത് ബാധിക്കും. കമ്പനിയുടെ ഓഹരിയിൽ പത്ത് ശതമാനം തൊഴിലാളികൾക്ക് നൽകണമെന്നാണ് നിർദ്ദേശം. ഇതിലൂടെ കമ്പനിയുണ്ടാക്കുന്ന ലാഭത്തിന്റെ വിഹിതം തൊഴിലാളികൾക്ക് കൃത്യമായി ലഭിക്കും. ഓരോ തൊഴിലാളിക്കും വർഷം ലഭിക്കുന്ന പരമാവധി ലാഭവിഹിതം 500 പൗണ്ടായി നിജപ്പെടുത്തണം. അതിൽക്കൂടുതൽ വരുന്ന ലാഭവിഹിതം പൊതു ആവശ്യങ്ങൾക്ക് ഉപയോഗിക്കണം.

തൊഴിലാളികൾക്ക് ഇതിലൂടെ 4 ബില്യൺ പൗണ്ടെങ്കിലും നേടാനാവുമെന്നാണ് വിലയിരുത്തൽ. രണ്ട് ബില്യൺ പൗണ്ടോളം പൊതു ആവശ്യങ്ങൾക്കും ലഭിക്കും. എന്നാൽ, കമ്പനികളുടെ ഓഹരികളിൽ 10 ശതമാനം തൊഴിലാളികൾക്ക് നീക്കിവെക്കുമ്പോൾ നിലവിലുള്ള ഓഹരിയുടമകളുടെ വിഹിതം കുറയും. പെൻഷൻകാരാണ് ഇങ്ങനെ ഓഹരിയെടുത്തവരിലേറെയും 300 ബില്യൺ പൗണ്ടെങ്കിലും നിലവിലെ നിക്ഷേപകർക്ക് ഇതിലൂടെ നഷ്ടം വരുമെന്നും വിലയിരുത്തപ്പെടുന്നു.

ഭൂവുടമകളെ നിയന്ത്രിക്കും

വാടകയ്ക്ക് താമസിക്കുന്ന വീട് വാങ്ങാൻ അനുകൂലമാായ പദ്ധതികൾ ആദ്യം കൊണ്ടുവന്നത് പഴയ ലേബർ പാർട്ടി പ്രധാനമന്ത്രി മാർഗരറ്റ് താച്ചറാണ്. ലേബർ പാർട്ടിയുടെ ഇപ്പോഴത്തെ നയവും സ്വകാര്യ ഭൂവുടമകളെ നിയന്ത്രിച്ച് വീട് വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കുകയെന്നതാണ്. വിൽക്കാൻ വേണ്ടി വാങ്ങിയ വീടുകളിൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ വീടുവാങ്ങാൻ അനുവദിക്കുകയാണ് ലേബർ നയം. ഇതിനുള്ള വില സർക്കാർ ഏജൻസികളായിരിക്കും നിശ്ചയിക്കുക.

വില നിശ്ചയിക്കുന്നത് സർക്കാരാകുന്നതോടെ, ഭൂവുടമകൾക്ക് അവരുടെ വസ്തു ഇഷ്ടമല്ലാത്ത വിലയ്ക്ക് വിൽക്കാൻ നിർബന്ധിതരാകും. ഈ നയം നടപ്പാക്കുകയാണെങ്കിൽ വീടുവിപണിയിൽ വലിയ തോതിലുള്ള ആഘാതമുണ്ടാകുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ബൈ-ടു-ലെറ്റ് വിപണി തകർന്നടിയും. നിലവിൽ നിക്ഷേപമെന്ന നിലയ്ക്കാണ് ഇത്തരം വീടുകൾ വാങ്ങുന്നത്. ഇതിന്റെ ആകർഷണീയതയാകും ഈ നയം വരുന്നതോടെ ഇല്ലാതാവുകയെന്നും വിലയിരുത്തപ്പെടുന്നു.

എല്ലാവർക്കും അടിസ്ഥാന ശമ്പളം

എല്ലാ തൊഴിലാളികൾക്കും അടിസ്ഥാന ശമ്പളം ലഭിക്കണമെന്നതാണ് ലേബർ കൊണ്ടുവരുന്ന മറ്റൊരു നയം. തൊഴിലാളികൾക്ക് മറ്റെന്തുവരുമാനമുണ്ടെങ്കിലും അത് പരിഗണിക്കാതെ അടിസ്ഥാന ശമ്പളം ലഭ്യമാക്കിയിരിക്കണം. രാജ്യവ്യാപകമായി ഈ നയം ലേബർ സ്വീകരിച്ചിട്ടില്ലെങ്കിലും ലിവർപൂളിലും ഷെഫീൽഡിലും മിഡ്‌ലൻഡ്‌സിലും പൈലറ്റ് പദ്ധതിയെന്നോണം ഇത് നടപ്പാക്കുമെന്ന് ലേബർ ഷാഡോ ചാൻസലർ ജോൺ മക്‌ഡോണൽ പ്രഖ്യാപിച്ചിരുന്നു.

എല്ലാവർക്കും അടിസ്ഥാനശമ്പളമെന്ന നയം നടപ്പിലാക്കണെമെങ്കിൽ ഇപ്പോഴത്തെ ബെനഫിറ്റുകൾ കണക്കാക്കുകയാണെങ്കിൽ സർക്കാരിന് അധികമായി 288 ബില്യൺ പൗണ്ടുകൂടി കണ്ടെത്തേണ്ടിവരുമെന്ന് ബാത്ത് സർവകലാശാലയിലെ പോളിസി റിസർച്ച് വിഭാഗം വിലയിരുത്തുന്നു. നികുതി നിരക്കുകൾ വർധിക്കാനും ഇടയാക്കും. തൊഴിൽരഹിതർക്ക് അടിസ്ഥാന ശമ്പളം നൽകുകയെന്ന പരീക്ഷണം ഫിൻലൻഡ് 2017-ലും 2018-ലും നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടതിനാൽ പിൻവലിച്ചു.

പൊതുവിതരണ സമ്പ്രദായം

വൈദ്യുതി, പാചകവാതകം, ഇന്ധനം തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം ദേശസാൽക്കരിക്കുകയെന്ന നയം 2017-ലെ പൊതുതിരഞ്ഞെടുപ്പിലും ലേബർ പാർട്ടി മുന്നോട്ടുവെച്ചിരുന്നു. എനർജി ബില്ലുകളിൽ വർഷം 220 പൗണ്ടിന്റെ ലാഭം ഓരോ വീടുകൾക്കുമുണ്ടാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഈ മേഖലയിൽ പ്രവർത്തിക്കു്‌നന സ്വകാര്യ കമ്പനികൾക്ക് കനത്ത തിരിച്ചടിയാകും. അവർക്ക് 306 ബില്യൺ പൗണ്ടിന്റെ ഷ്ടമാകും ഇണ്ടാവുക.

സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ അതേ ഗുണനിലവാരത്തോടെയും കൃത്യതയോടെയും വിതരണം നടന്നാൽ മാത്രമാണ് ഓരോ വീട്ടുകാർക്കും 220 പൗണ്ടിന്റെ ലാഭമുണ്ടാകുമെന്ന് ലേബർ പാർട്ടി വിലയിരുത്തുന്നത്. എന്നാൽ, ദേശസാൽക്കരിക്കുന്നതോടെ, പ്രവർത്തനരീതിയിലും കൃത്യതയിലു സ്വകാര്യമേഖലയോട് കിടപിടിക്കാനാവുമോ എന്ന സംശയം ശക്തമാണ്.

നികുതിഭാരം കൂടും

കൂടുതൽ വരുമാനമുണ്ടാക്കുന്നവരിൽനിന്ന് കൂടുതൽ നികുതി ഈടാക്കണമെന്നതാണ് ലേബർ നയം. വർഷം 80000 പൗണ്ടിനുമുകളിൽ വരുമാനം നേടുന്നവരിൽനിന്ന് കൂടുതൽ നികുതി പിരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 80,000 പൗണ്ടുമുതൽ 1,23,000 പൗണ്ടുവരെ വരുമാനം നേടുന്നവരിൽനിന്ന് ഈടാക്കുന്ന നികുതി 40 ശതമാനത്തിൽനിന്ന് 45 ശതമാനമാക്കും. 1,23,000 പൗണ്ടിനുമുകളിൽ വരുമാനമുണ്ടാക്കുന്നവരിൽനിന്ന് 50 ശതമാനവും ഈടാക്കും.

വർഷം 4.5 ബില്യൺ പൗണ്ട് നേടാമെന്നാണ് ലേബർ ഇതിലൂടെ കരുതുന്നത്. എന്നാൽ, ഫിസ്‌കാൽ സറ്റഡീസ് സംബന്ധിച്ച ഇൻഡിപ്പെൻഡന്റ് ഇൻസ്റ്റിറ്റ്യൂട്ട് മറിച്ചൊരു അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. ഉയർന്ന വരുമാനക്കാരിൽനിന്ന് കൂടുതൽ നികുതിയീടാക്കുമ്പോൾ, അവരുടെ ജോലി കാര്യക്ഷമതയെ അത് ബാധിക്കും. വരുമാനം കുറയ്ക്കാൻ അവർ നിർബന്ധിതരാകും. ചിലപ്പോൾ, രാജ്യത്തുനിന്നുതന്നെ പോകാനും അതവരെ നിർബന്ധിതരാക്കുമെന്ന് പഠനത്തിൽ പറയുന്നു.

ട്യൂഷൻ ഫീ നിരോധനം

വിദ്യാർത്ഥികളിൽനിന്ന് സർവകലാശാലകൾ ഈടാക്കുന്ന ട്യൂഷൻ ഫീ പൂർണമായും ഇല്ലാതാക്കുക. 2017-ൽ ഇത്തരമൊരു ആശയം കൊണ്ടവരുമ്പോൾ, സർക്കാരിന് 11.3 ബില്യൺ പൗണ്ട് ബാധ്യതയുണ്ടാകുമെന്നാണ് അവർ വിലയിരുത്തിയത്. സർക്കാരിന്റെ ഏറ്റവും വലിയ ബാധ്യത സർവകലാശാലകൾക്ക് നൽകേണ്ടിവരുന്ന ഈ ഗ്രാന്റാകും. യഥാർഥത്തിൽ ബാധ്യത 16.2 ബില്യൺ പൗണ്ടായിരിക്കുമെന്ന് ഫിനാൻഷ്യൽ ടൈംസ് വിലയിരുത്തുന്നു.

കൂടുതൽ വിദ്യാർത്ഥികൾ സർവകലാശാലകളിലേക്ക് എത്താൻ ഇത് സഹായിക്കുമെന്നും സാമൂഹ്യവ്യവസ്ഥിതിയിൽ ഇത് കാര്യമായ മാറ്റമുണ്ടാക്കുമെന്നും ലേബർ പാർട്ടി കരുതുന്നു. നിലവിൽ 9000 പൗണ്ടാണ് ട്യൂഷൻ ഫീസ്.

സമ്പന്നർക്ക് പ്രത്യേക നികുതി

രാജ്യത്തെ അതിസമ്പന്നരായ ആളുകളിൽനിന്ന് വെൽത്ത് ടാക്‌സ് ഈടാക്കുകയെന്നത് ലേബറിന്റെ പ്രഖ്യാപിത നയമാണ്. ജനസംഖ്യയുടെ പത്തുശതമാനത്തോളം വരുന്ന അതിസമ്പന്നരിൽനിന്ന് അവരുടെ സ്വത്ത് കണക്കാക്കി അതിന്റെ 20 ശതമാനം ഒറ്റത്തവണ നികുതിയായി ഈടാക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ പൊതുകടം നേരിടുന്നതിന് ഇത് സഹായിക്കുമെന്ന് വിലയിരുത്തൽ.

കൂടുതൽ സമ്പത്തുള്ളവർ രാജ്യം വിട്ടുപോകാൻ ഇത് കാരണമാകുമെന്ന് എതിരാളികൾ പറയുന്നു. ഏതാനും വർഷം മുമ്പ് ഫ്രാൻസിലെ സോഷ്യലിസ്റ്റ് സർക്കാർ വെൽത്ത് ടാക്‌സ് കൊണ്ടുവന്നിരുന്നു. സമ്പരായ ആളുകൾ രാജ്യംവിട്ടു. പിന്നീട് ഈ നയം തിരുത്തേണ്ടിവന്നു. സ്വത്തുക്കൾ വിലയിരുത്തി ഒരാളെ അതിസമ്പന്നനെന്ന് കണക്കാക്കുന്നതിലും അനൗചിത്യമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആഴ്ചയിൽ നാലുദിവസം ജോലി

ഇപ്പോഴുള്ള അഞ്ചുദിവസം ജോലിയിൽനിന്ന് ആഴ്ചയിലെ ജോലി സമയം നാലുദിവസമാക്കി കുറയ്ക്കുക. ഇങ്ങനെ കുറയ്ക്കുന്നത് ഉദ്പാദനക്ഷമ കൂട്ടുമെന്നും ജീവിതവും തൊഴിലുമായുള്ള സന്തുലിതാവസ്ഥ നിലനിർത്തുമെന്നും മക്‌ഡൊണൽ പറയുന്നു. പൊതുഖജനവിനെയോ ജനങ്ങളുടെ വരുമാനത്തെയോ ബാധിക്കില്ലെങ്കിലും ഒരുദിവസം തൊഴിൽമേഖല ഇല്ലാതാകുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്ന് വിലയിരുത്തുന്നു. 2008-ൽ യു.എസിലെ ഉട്ടാ സംസ്ഥാനം ഈ നയം കൊണ്ടുവന്നിരുന്നു. എന്നാൽ, ഉദ്ദേശിച്ച ഫലം കിട്ടാതായതോടെ അതുപേക്ഷിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP