Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അച്ഛനിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട; അതു കൊണ്ട് അവസാനം വരെ മക്കൾ പരസ്പരം താങ്ങാവണം എന്ന് ഡയാന രാജകുമാരി ഇരുവരോടും പറഞ്ഞത് വെറുതെ; ഭാര്യമാർ തമ്മിലുള്ള ഉടക്ക് വഷളായപ്പോൾ വില്യവും ഹാരിയും ഒരുമിക്കാനാവാത്ത വിധം വേർപിരിയുന്നു

അച്ഛനിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട; അതു കൊണ്ട് അവസാനം വരെ മക്കൾ പരസ്പരം താങ്ങാവണം എന്ന് ഡയാന രാജകുമാരി ഇരുവരോടും പറഞ്ഞത് വെറുതെ; ഭാര്യമാർ തമ്മിലുള്ള ഉടക്ക് വഷളായപ്പോൾ വില്യവും ഹാരിയും ഒരുമിക്കാനാവാത്ത വിധം വേർപിരിയുന്നു

സ്വന്തം ലേഖകൻ

ചാൾസ്-ഡയാന ദമ്പതികളുടെ പുത്രന്മാരായ വില്യം രാജകുമാരനും ഹാരി രാജകുമാരനും സഹോദരന്മാരെന്നതിലുപരിയായി കൂട്ടുകാരെ പോലെയാണ് നാളിതുവരെ ജീവിച്ചിരുന്നത്. 18 മാസങ്ങൾക്ക് മുമ്പ് നടന്ന ഹാരിയുടെ വിവാഹ വേളയിൽ ഇരുവരും വളരെ അടുത്ത് സ്നേഹത്തോടെ ഇടപഴകുന്നത് പൊതുജനം കൺനിറയെ കണ്ട കാര്യവുമാണ്. അച്ഛനിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ടെന്നും അതു കൊണ്ട് അവസാനം വരെ മക്കൾ പരസ്പരം താങ്ങാവണം എന്ന് ഡയാന രാജകുമാരി മരിക്കുന്നതിന് മുമ്പ് ഉപദേശിച്ച് വിട്ടത് ഇരുവരും ശിരസാ വഹിച്ചിരുന്നു. എന്നാൽ ഹാരിയുടെ വിവാഹ ശേഷം ഇരുവരുടെയും ഭാര്യമാർ തമ്മിലുള്ള ഉടക്ക് വളർന്ന് വരുകയും അത് സഹോദരന്മാരിലേക്ക് കൂടി വ്യാപിക്കുകയും ചെയ്തത് ഇരുവരെയും ഒരുമിക്കാനാവാത്ത വിധത്തിൽ അകറ്റിയെന്നാണ് പുതിയ റിപ്പോർട്ട്.

ഈ സഹോദരന്മാർ തമ്മിൽ അകന്ന് കൊണ്ടിരിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന വാർത്തകൾ കഴിഞ്ഞ ഏതാനും മാസങ്ങളായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നതിനിടയിലാണ് ഇവരുടെ അകൽച്ച ഏതാണ്ട് പൂർത്തിയായിരിക്കുന്നുവെന്ന വിധത്തിലുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. തങ്ങൾ ഇരുവരും വ്യത്യസ്ത വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഐടിവി ഡോക്യുമെന്ററിക്ക് വേണ്ടി അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഹാരി വെട്ടിത്തുറന്ന് പറഞ്ഞതോടെയാണ് ഇവരുടെ അകൽച്ച സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ഹാരി അമേരിക്കൻ നടിയായ മേഗൻ മാർകിളിനെ വിവാഹം കഴിക്കുന്നതിൽ ജ്യേഷ്ഠനായ വില്യം എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് സഹോദരന്മാർക്കിടയിൽ ആദ്യത്തെ വിള്ളൽ വീണതെന്നാണ് സൂചന. താൻ കേയ്റ്റിനെ എട്ട് വർഷത്തോളം പ്രണയിച്ചിട്ടാണ് വിവാഹം കഴിച്ചതെന്ന് മറന്ന് കൊണ്ടാണ് വില്യം ഹാരിയുടെ പ്രണയത്തെ ചോദ്യം ചെയ്തതെന്നതും ഹാരിയിൽ കടുത്ത അസംതൃപ്തി ജനിപ്പിച്ചിരുന്നു.മറുവശത്ത് മേഗനോടുള്ള ഹാരിയുടെ പ്രണയം മറ്റെല്ലാത്തിനെയും അവഗണിച്ച് മുന്നേറുകയുമായിരുന്നു. ഒരു സഹോദരനെന്ന നിലയിലായിരുന്നു വില്യം ഈ വിവാഹത്തിന്റെ പൊരുത്തക്കേടുകളെക്കുറിച്ച് ഹാരിക്ക് മുന്നറിയിപ്പുകളേകിയിരുന്നതെങ്കിലും വളരെ സെൻസിറ്റീവായ ഹാരിയിൽ ഇത് വിപരീത ഫലമാണുണ്ടാക്കിയിരിക്കുന്നത്.

അത് സഹോദരനോടുള്ള അസംതൃപ്തിയായി വളരുകയായിരുന്നു.ജീവിതത്തിലെ നിർണായക നിമിഷങ്ങളിൽ ജ്യേഷ്ഠനായ വില്യം തനിക്ക് പിന്തുണയേകിയില്ലെന്ന ആരോപണവും ഹാരിക്കുണ്ടെന്നാണ് സൂചന. മേഗനുമായി പൊരുത്തപ്പെടാൻ തനിക്ക് പ്രയാസമുണ്ടെന്ന് വില്യമിന്റെ പത്നി കേയ്റ്റ് പറഞ്ഞുവെന്നും സൂചനയുണ്ട്. വിവാഹം കഴിഞ്ഞ് അധികം കഴിയുന്നതിന് മുമ്പ് തന്നെ തങ്ങൾ കെൻസിങ്ടൺ പാലസിൽ നിന്നും വിൻഡ്സറിലേക്ക് താമസം മാറ്റാൻ ഹാരിയും മേഗനും തീരുമാനിച്ചതും സഹോദരന്മാർക്കിടയിലെ വിള്ളൽ വർധിച്ചതിനെ തുടർന്നായിരുന്നു.

ഇത് അവരെ കൂടുതൽ അകറ്റാനും വഴിയൊരുക്കിയിരുന്നു.ഹാരിയും മേഗനും രാജകീയ രീതികൾ വേണ്ടെന്ന് വച്ച് തങ്ങളുടേതായ ജീവിതരീതി പിന്തുടരാൻ തുടങ്ങിയതും വൻ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP