Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബ്രെക്സിറ്റ് പാർട്ടിയുമായി ചേർന്നില്ലെങ്കിൽ വോട്ടുകൾ ഭിന്നിക്കുമെന്ന് ആശങ്കപ്പെട്ട് ടോറികൾ; ജെറമി കോർബിന്റെ കീഴിൽ വിജയപ്രതീക്ഷ നഷ്ടപ്പെട്ട് ലേബർ; പ്രതിഷേധ സൂചകമായി ഇരു പാർട്ടികളിൽ നിന്നും രാജി; അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ബ്രിട്ടനിലെ രണ്ട് പ്രധാന പാർട്ടികൾക്കും ആശങ്ക

ബ്രെക്സിറ്റ് പാർട്ടിയുമായി ചേർന്നില്ലെങ്കിൽ വോട്ടുകൾ ഭിന്നിക്കുമെന്ന് ആശങ്കപ്പെട്ട് ടോറികൾ; ജെറമി കോർബിന്റെ കീഴിൽ വിജയപ്രതീക്ഷ നഷ്ടപ്പെട്ട് ലേബർ; പ്രതിഷേധ സൂചകമായി ഇരു പാർട്ടികളിൽ നിന്നും രാജി; അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ബ്രിട്ടനിലെ രണ്ട് പ്രധാന പാർട്ടികൾക്കും ആശങ്ക

സ്വന്തം ലേഖകൻ

നിജെൽ ഫെരാജിന്റെ ബ്രെക്സിറ്റ് പാർട്ടിയുമായി ഈ വരുന്ന തെരഞ്ഞെടുപ്പിൽ സഖ്യം ചേർന്നില്ലെങ്കിൽ ബ്രെക്സിറ്റ് അനുകൂലികളുടെ വോട്ടുകൾ വിഘടിച്ച് പോകുമെന്ന് ആശങ്കപ്പെട്ട് ടോറി ബ്രെക്സിറ്റർ എംപിമാർ രംഗത്തെത്തി. അതായത് തെരഞ്ഞെടുപ്പിൽ ടോറികളും ബ്രെക്സിറ്റ് പാർട്ടിയും നേർക്ക് നേർ ഏറ്റ് മുട്ടിയാൽ അതിന്റെ പ്രയോജനം റിമെയിനിനെ അഥവാ യുകെ യൂറോപ്യൻ യൂണിയനിൽ തുടരുന്നതിനെ അനുകൂലിക്കുന്ന ലേബറിനും ലിബറൽ ഡെമോക്രാറ്റിനുമായിരിക്കുമുണ്ടാവുകയെന്നാണ് ഇവർ പ്രധാനമന്ത്രി ബോറിസ് ജോൺസന് മുന്നറിയിപ്പേകുന്നത്. ഇത്തരത്തിൽ ടോറികളുമായി സഖ്യമുണ്ടാക്കുന്നതിന് ഫെരാജിന് മേൽ അദ്ദേഹത്തിന്റെ പാർട്ടിയിൽ നിന്നും സമ്മർദം രൂക്ഷമാകുന്നുണ്ട്.

എന്നാൽ ഇത്തരമൊരു സഖ്യമുണ്ടാക്കുന്നതിൽ പ്രതിഷേധിച്ച് ടോറി പാർട്ടിയിൽ നിന്നും രാജികളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ടോറികളുമായി സഖ്യമുണ്ടാക്കുന്നതിന് താൽപര്യം പ്രകടിപ്പിച്ച് ബ്രെക്സിറ്റ് പാർട്ടി നേതാവ് നിജെൽ ഫെരാജ് മുന്നോട്ട് വന്ന സാഹചര്യത്തിലാണ് ഇതിനെ കുറിച്ച് രണ്ട് അഭിപ്രായം ടോറി പാളയത്തിൽ ഉയർന്ന് വന്നിരിക്കുന്നത്. അതിനിടെ ഇപ്പോഴത്തെ ലേബർ നേതാവ് ജെറമി കോർബിന്റെ നേതൃത്വത്തിൽ ഈ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ലേബർ പാർട്ടി വിജയിക്കില്ലെന്ന നിലപാടുമായി നിരവധി പേർ ആ പാർട്ടിയിൽ നിന്നും രാജി വയ്ക്കാൻ തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ രണ്ട് പ്രധാന പാർട്ടികൾക്കും ആശങ്കയും പ്രതിസന്ധികളും കനത്തിരിക്കുകയാണ്.

ടോറി-ബ്രെക്സിറ്റ്പാർട്ടി സഖ്യം യാഥാർത്ഥ്യമാകുമോ...?

ഡിസംബർ 12ന് നടക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടാൻ ടോറി-ബ്രെക്സിറ്റ് പാർട്ടി സഖ്യം നടപ്പിലാക്കണമെന്ന ആവശ്യം ഇരു ഭാഗത്ത് നിന്നും ശക്തമാണെങ്കിലും ഇതിന് കടമ്പകളേറെയുണ്ട്. അതായതത് യൂറോപ്യൻ യൂണിയനുമായുണ്ടാക്കാൻ പോകുന്ന ബ്രെക്സിറ്റ് കരാർ തീർത്തും ഉപേക്ഷിച്ച് നോ ഡീലിന് ബോറിസ് തയ്യാറായാൽ ടോറികളുമായി സഖ്യമുണ്ടാക്കാമെന്ന നിലപാടാണ് ഫെരാജ് പുലർത്തുന്നത്. പക്ഷേ താൻ എത്രയും വേഗം അധികാരത്തിൽ തിരിച്ച് വന്ന് താൻ തയ്യാറാക്കിയിരിക്കുന്ന പ്ലാൻ പ്രകാരം ബ്രെക്സിറ്റ് നടപ്പിലാക്കുമെന്ന വാഗ്ദാനമാണ് ബോറിസ് ജനങ്ങളോട് ആവർത്തിച്ച് മുഴക്കുന്നത്.

അതിനാൽ ടോറി- ബ്രെക്സിറ്റ് പാർട്ടി സഖ്യം നടക്കാൻ സാധ്യത കുറവാണെന്നും സൂചനയുണ്ട്. മത്സരം രൂക്ഷമായ സീറ്റുകളിൽ ബ്രെക്സിറ്റിനെ പിന്തുണക്കുന്ന ടോറി സ്ഥാനാർത്ഥികളെ പിന്തുണക്കുന്ന നിലപാട് പുലർത്താൻ ഫെരാജിനോട് ടോറി ബ്രെക്സിറ്റർമാർ ആവശ്യപ്പെടുന്നുണ്ട്.

കോർബിനിൽ വിശ്വാസമില്ലാത്ത ലേബറുകൾ പെരുകുന്നു

ഈ വരുന്ന തെരഞ്ഞെടുപ്പിൽ കോർബിനാണ് ലേബർ പാർട്ടിയെ നയിക്കുന്നതെങ്കിൽ വിജയിക്കാൻ യാതൊരു സാധ്യതയുമില്ലെന്ന് ആശങ്കപ്പെടുന്ന പാർട്ടി അണികളും എംപിമാരും പെരുകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. അതിനെ തുടർന്ന് ലേബർ പാളയത്തിൽ നിന്നുള്ള രാജികൾ പെരുകുന്നുണ്ട്.അതിനാൽ തെരഞ്ഞെടുപ്പിൽ പാർട്ടിയെ തന്റെ കുടക്കീഴിൽ ഒരുമിച്ച് നിർത്താൻ കോർബിൻ മുമ്പില്ലാത്ത വിധത്തിൽ പാട് പെടുകയാണ്. ക്രിസ്മസിന് മുമ്പുള്ള തെരഞ്ഞെടുപ്പിനെ ഒരിക്കലും അനുകൂലിക്കരുതെന്ന കോർബിന്റെ കർക്കശമായ വിപ്പിനെ ലംഘിച്ച് നൂറോളം ലേബർ എംപിമാർ വോട്ട് ചെയ്തത് ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ്.

കോർബിനാണ് നേതാവെങ്കിൽ ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ച് നാണം കെടാൻ തങ്ങളില്ലെന്ന് നിരവധി ലേബർ എംപിമാർ വ്യക്തമാക്കിയിട്ടുമുണ്ട്. ഇത്തരത്തിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയവരിൽ പ്രമുഖനാണ് ലേബർ നേതൃസ്ഥാനത്തേക്ക് മത്സരിച്ചിരുന്ന ഓവർ സ്മിത്ത്. കോർബിനാണ് നേതാവെങ്കിൽ താൻ പോണ്ടിപ്രിഡ് കോൺസിറ്റിറ്റിയൂവൻസിയിൽ നിന്നും ഇപ്രാവശ്യം മത്സരിക്കുന്നില്ലെന്നാണ് അദ്ദേഹം തറപ്പിച്ച് പറയുന്നത്.

ടോറി പാളയത്തിൽ രാജി പെരുകുന്നു

വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ടോറി പാർട്ടിയിൽ നിന്നുള്ള രാജി പെരുകുന്നുവെന്ന് റിപ്പോർട്ട്. ഇനി എംപിയായി കോമൺസിലെത്താൻ താൽപര്യമില്ലെന്നും അതിനാൽ ഈ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും വ്യക്തമാക്കി ടോറി കൾച്ചർ സെക്രട്ടറി നിക്കി മോർഗൻ രംഗത്തെത്തിയിട്ടുണ്ട്. തനിക്കെതിരെ കോമൺസിൽ ഉയർന്ന ആരോപണങ്ങളും ഇലക്ടറേറ്റിന്റെ വോട്ടുകളെ ബഹുമാനിക്കാത്തതിനാലുമാണ് താൻ രാജി വയ്ക്കുന്നതെന്നാണ് മോർഗൻ പറയുന്നത്. റിമെയിൻ ക്യാമ്പിനെ പിന്തുണക്കുന്ന ആംബർ റുഡ് എന്ന ടോറി എംപിയും താൻ ഇനി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ തെരേസയുടെ മുൻ ഡെപ്യൂട്ടിയായ ഡേവിഡ് ലിഡിൻഗ്ടണും മത്സരിക്കാനില്ലെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

ഒരു എംപിയെന്ന നിലയിൽ പലവിധ പ്രശ്നങ്ങളിൽ ഇടപെട്ടതിന്റെ പേരിൽ തന്റെ കുടുംബത്തെ വരെ അപമാനിക്കുന്ന അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നതിനാൽ തുടരാൻ താൽപര്യമില്ലെന്നാണ് മോർഗൻ പറയുന്നത്. മുൻ ടോറി മന്ത്രിമാരായ സർ പട്രിക് മാക് ലൗഗ്ലിൻ, സർ അലൻ ഡൻകൻ, കെന്നെത്ത് ക്ലാർക്ക്, സർ ഒലിവർ ലെറ്റ് വിൻ, സർ നിക്കോളാസ് സോമെസ്, ക്ലെയരി പെറി, റിച്ചാർഡ് ബെന്യോൺ, സീമ കെന്നെഡി, അലിസ്റ്റെയിർ ബേർട്ട്, ബോറിസിന്റെ സഹോദരൻ ജോ തുടങ്ങിയ ടോറികളും മത്സരിക്കാനില്ലെന്ന് നിലപാടെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP