Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജകുമാരന്റെ ഭാര്യക്ക് പൗരത്വം നൽകാൻ പോലും മടി; ഹാരിയുടെ ഭാര്യ മേഘൻ ബ്രിട്ടീഷ് പാസ്‌പോർട്ടിന് അപേക്ഷിച്ചിട്ട് രണ്ടുകൊല്ലമായിട്ടും അനക്കമൊന്നുമില്ല; ഭരണ കെടുകാര്യസ്ഥത ഇങ്ങനെയെന്ന് ബ്രിട്ടീഷ് മാധ്യമങ്ങളും

രാജകുമാരന്റെ ഭാര്യക്ക് പൗരത്വം നൽകാൻ പോലും മടി; ഹാരിയുടെ ഭാര്യ മേഘൻ ബ്രിട്ടീഷ് പാസ്‌പോർട്ടിന് അപേക്ഷിച്ചിട്ട് രണ്ടുകൊല്ലമായിട്ടും അനക്കമൊന്നുമില്ല; ഭരണ കെടുകാര്യസ്ഥത ഇങ്ങനെയെന്ന് ബ്രിട്ടീഷ് മാധ്യമങ്ങളും

സ്വന്തം ലേഖകൻ

ബ്രിട്ടീഷ് ഹോം ഓഫീസിനെതിരേ പരാതികൾ പറയാത്ത നാട്ടുകാരില്ല. ബ്രിട്ടനിൽ ജോലിക്കെത്തുന്ന മലയാളികളടക്കമുള്ളവരും അവിടെ ജനിച്ചുവളർന്ന വിദേശ പൗരത്വമുള്ളവരുമൊക്കെ ഹോം ഓഫീസിന്റെ കെടുകാര്യസ്ഥതയുടെ ഇരകളാണ്. പൗരത്വത്തിന് അപേക്ഷിച്ചിട്ട് വർഷങ്ങളോളം അനിശ്ചിതാവസ്ഥയിൽ കഴിയേണ്ടിവരികയെന്ന സാഹചര്യത്തിലൂടെ കടന്നുപോകാത്തവർ ചുരുക്കമായിരിക്കും. വിൻഡീസ് ദ്വീപുകളിൽനിന്നെത്തിയവരുടെ പിന്മുറക്കാരോട് ഹോം ഓഫീസ് പെരുമാറിയതെങ്ങനെയെന്ന് വിൻഡ്‌റഷ് വിവാദത്തിൽ ലോകം നേരിട്ട് കാണുകയും ചെയ്തു. എന്നിട്ടും ഹോം ഓഫീസ് നന്നായില്ലെന്നാണ് ഏറ്റവും പുതിയ വാർത്തകൾ ചൂണ്ടിക്കാണിക്കുന്നത്.

ഈ പറഞ്ഞതൊക്കെ സാധാരണക്കാരായ മനുഷ്യരുടെ കാര്യം. എന്നാൽ, ബ്രിട്ടനിലെ പ്രഥമപൗരന്മാരായ രാജകുടുംബാംഗങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ലെന്നതാണ് വാസ്തവം. ഹാരി രാജകുമാരന്റെ ഭാര്യ മേഘൻ മെർക്കിൽ രാജകുമാരി പൗരത്വത്തിനായി അപേക്ഷിച്ചിട്ട് രണ്ടുവർഷമായി. കിരീടാവകാശിയായ ഹാരിയുടെ ഭാര്യയായപ്പോഴാണ് മേഘൻ പൗരത്വത്തിന് അപേക്ഷിച്ചത്. ഇപ്പോൾ ഏറ്റവും പുതിയ കിരീടാവകാശിയായ ആർച്ചിയുടെ അമ്മയുമായിട്ടും പൗരത്വക്കാര്യത്തിൽ തീർപ്പായിട്ടില്ല. രാജകുടുംബത്തിലേക്ക് മേഘൻ കടന്നുവന്നിട്ട് ഇത്രയും കാലമായിട്ടും അവരുടെ പൗരത്വം ശരിയാക്കിക്കൊടുക്കാൻ ഹോം ഓഫീസിന് സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.

ഹോം ഓഫീസിൽ ചട്ടങ്ങൾ ഇത്രയും കർശനമാക്കിയത് തെരേസ മെയ്‌ ഹോം സെക്രട്ടറിയായിരുന്ന കാലത്താണ്. അന്ന് ജെയിംസ് കാമറോണായിരുന്നു പ്രധാനമന്ത്രി. അക്കാലത്ത് മേഘനും ഹാരിയും പരിചയപ്പെട്ടിട്ടുപോലുമില്ല. കാമറോൺ രാജിവെച്ച് തെരേസ മെയ്‌ പ്രധാനമന്ത്രിയായി. ഇപ്പോൾ തെരേസയും പോയി ബോറിസ് ജോൺസൺ വന്നു. ബ്രെക്‌സിറ്റ് വിഷയം എവിടെയുമെത്താതായതോടെ ബോറിസ്, പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ബ്രെക്‌സിറ്റ് കാലയളവിലാണ് ഹാരിയും മേഘനും പ്രണയത്തിലാകുന്നതും ആ ബന്ധം വിവാഹത്തിലേക്ക് കടക്കുന്നതും. മറ്റൊരു പൊതുതിരഞ്ഞെടുപ്പ് ആസന്നമായെങ്കിലും പൗരത്വം ശരിയാകാത്തതുകൊണ്ട് മേഘന് ഇക്കുറിയും വോട്ട് ചെയ്യാനാകില്ല.

രാജകുടുംബാംഗങ്ങൾ പരമ്പരാഗതമായി വോട്ട് ചെയ്യാറില്ല. രാഷ്ട്രീയ ചായ്‌വ് പ്രകടിപ്പിക്കാതിരിക്കുന്നതിനായാണ് അത്. എന്നാൽ, പലകാര്യങ്ങളിലും സ്വന്തമായ അഭിപ്രായങ്ങളും രീതികളുമുള്ള മേഘൻ വോട്ട് ചെയ്യുമെന്ന് കരുതിയിരുന്നവരേറെയാണ്. എന്നാൽ, പൗരത്വം ശരിയാകാത്തതിനാൽ, ബ്രിട്ടനിലെ തന്റെ കന്നിവോട്ടിന് മേഘന് ഇനിയും കാത്തിരിക്കേണ്ടിവരും. നിലവിൽ അമേരിക്കൻ പൗരത്വം മേഘനുണ്ട്. അവിടെ അടുത്തവർഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മേഘൻ വോട്ടുചെയ്യുമോയെന്ന കാര്യം ഉറപ്പായിട്ടില്ല. ചൊവ്വാഴ്ച ഡമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായിരുന്ന ഹിലരി ക്ലിന്റൺ മേഘനെ ഫ്രോഗ്മോർ കോട്ടേജിലെത്തി സന്ദർശിച്ചിരുന്നു.

ഹിലരിക്ക് തിരഞ്ഞെടുപ്പിനിടെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നയാളാണ് മേഘൻ. ഡൊണാൾഡ് ട്രംപിനെതിരേ പരസ്യവിമർശനങ്ങളും അവർ ഉന്നയിച്ചിരുന്നു. ഭാവിയിൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മേഘൻ മത്സരിക്കാൻ സാധ്യതയുണ്ടെന്ന സൂചന അടുത്തിടെ ഉയർന്നുവന്നിരുന്നു. മേഘനടക്കമുള്ളവർ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാൽ, കൊട്ടാരത്തിന്റെ പരമ്പരാഗത ശീലങ്ങളിൽ ഒതുങ്ങിക്കൂടി ജീവിക്കാൻ താൻ ഒരുക്കമല്ലെന്ന് മേഘൻ പലവട്ടം തെളിയിച്ചു. താനൊരു കറുത്തനിറക്കാരിയാണെന്നും ആ നിറത്തിൽ അഭിമാനിക്കുന്നുവെന്നും അടുത്തിടെ ആഫ്രിക്കൻ സന്ദർശനത്തിനിടെ മേഘൻ തുറന്നുപറഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP