Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണയെ പേടിക്കേണ്ടെന്ന് കരുതിയവർക്ക് എല്ലാം തെറ്റി; ചൈനീസ് അതിർത്തി കടന്നു പുറത്തിറങ്ങിയ കൊലയാളി വൈറസ് ആടി തീർക്കുന്നത് മരണതാണ്ഡവം; ഇറാനും കൊറിയയും ഇറ്റലിയും ജപ്പാനും അടങ്ങിയ രാജ്യങ്ങൾ വമ്പൻ പ്രതിസന്ധിയിലേക്ക്

കൊറോണയെ പേടിക്കേണ്ടെന്ന് കരുതിയവർക്ക് എല്ലാം തെറ്റി; ചൈനീസ് അതിർത്തി കടന്നു പുറത്തിറങ്ങിയ കൊലയാളി വൈറസ് ആടി തീർക്കുന്നത് മരണതാണ്ഡവം; ഇറാനും കൊറിയയും ഇറ്റലിയും ജപ്പാനും അടങ്ങിയ രാജ്യങ്ങൾ വമ്പൻ പ്രതിസന്ധിയിലേക്ക്

സ്വന്തം ലേഖകൻ

നുഷ്യരാശിക്ക് കടുത്ത ഭീഷണിയുയർത്തിക്കൊണ്ട് കൊറോണ വൈറസ് മരണം വിതച്ച് കൊണ്ട് ലോകമെമ്പാടുമായി മുന്നേറിക്കൊണ്ടിരിക്കുകയാണിപ്പോൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകമെമ്പാടും 80,000 പേർക്ക് കൊറോണ ബാധിക്കുകയും ചുരുങ്ങിയത് 2700 പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ 40രാജ്യങ്ങളിലേക്കും ടെറിട്ടെറികളിലേക്കുമാണ് കൊറോണ നിലവിൽ വ്യാപിച്ചിരിക്കുന്നത്. ചൈനയിലാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടതെങ്കിലും ലോകത്തൊരു രാജ്യത്തിന് കഴിയാത്ത തരത്തിൽ രോഗം പകരുന്നത് തടഞ്ഞ് മുന്നേറാൻ ചൈനയ്ക്ക് സാധിച്ചിരുന്നു.

ഇത്തരത്തിൽ ചൈന കൊറോണയെ ഫലപ്രദമായി നേരിട്ടപ്പോൾ കൊറോണയെ പേടിക്കേണ്ടെന്ന തെറ്റിദ്ധാരണ ലോകത്തിലെ മറ്റ് രാജ്യങ്ങൾക്ക് തോന്നിയതിന്റെ ശിക്ഷ ഇപ്പോൾ ലോകം അനുഭവിച്ച് കൊണ്ടിരിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. അതായതുകൊറോണയെ ഫലപ്രദമായി നേരിട്ട ചൈന ഈ രോഗത്തെ അത്ര ഗുരുതരമായി കാണേണ്ടതില്ലെന്ന തെറ്റിദ്ധാരണ ലോകത്തിന് മുന്നിൽ പരത്തിയെന്ന ആരോപണവും ഇപ്പോൾ ശക്തമാണ്. ഏറ്റവും പുതിയ പ്രവണത പ്രകാരം ചൈനീസ് അതിർത്തികൾ മറി കടന്ന് മുന്നേറിയ ഈ കൊലയാളി വൈറസ് ലോകമെമ്പാടും മരണതാണ്ഡവമാണ് ആടിത്തീർത്തുകൊണ്ടിരിക്കുന്നത്.

ഇറാനും കൊറിയയും ഇറ്റലിയും ജപ്പാനും അടങ്ങിയ രാജ്യങ്ങൾ കൊറോണ തീർത്ത വമ്പൻ പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്നുവെന്നും മുന്നറിയിപ്പുണ്ട്.ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളും കൊറോണയെ നേരിടുന്നതിന് പൂർണമായും സജ്ജമായിരുന്നില്ലെന്നാണ് ചൈനയിൽ കൊറോണ വൈറസിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ലോകാരോഗ്യ സംഘടനയുടെ വിദഗ്ദരെ നയിച്ചിരുന്ന ബ്രൂസ് അയിൽവാർഡ് വെളിപ്പെടുത്തുന്നത്. ബീജിങ് കൊറോണയെ അതിവിദഗ്ധവും ഫലപ്രദവുമായി നേരിട്ടത് കണ്ടപ്പോൾ കൊറോണയെ അത്രയധികം പേടിക്കേണ്ടതില്ലെന്ന തെറ്റായ ധാരണ അല്ലെങ്കിൽ സന്ദേശം മറ്റ് രാജ്യങ്ങൾക്ക് ലഭിക്കുകയായിരുന്നുവെന്നും അതിനാൽ അവർ കൊറോണയെ നേരിടുന്നതിന് വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും അതിന്റെ പെടാപ്പാടാണ് നിലവിൽ കൊറോണ വിഴുങ്ങിക്കൊണ്ടിരിക്കുന്ന രാജ്യങ്ങൾ ഇപ്പോൾ അനുഭവിക്കുന്നതെന്നും ബ്രൂസ് എടുത്ത് കാട്ടുന്നു.

വൻതോതിൽ കൊറോണയെ നേരിടാൻ എല്ലാ രാജ്യങ്ങളും അന്നേ തയ്യാറെടുക്കേണ്ടിയിരുന്നുവെന്നും എന്നാൽ ചൈന ഇതിനെ നേരിടുന്നത് കണ്ട് മിക്ക രാജ്യങ്ങളും ഇതത്ര കാര്യമായെടുത്തില്ലെന്നും ബ്രൂസ് ആരോപിക്കുന്നു. ഇനിയെങ്കിലും ഇക്കാര്യത്തിൽ അലംഭാവം പുലർത്തരുതെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. കൊറോണയ്ക്കെതിരെ ഏറ്റവും ശക്തമായി പോരാടുന്നതിന് എല്ലാ രാജ്യങ്ങളും ഇപ്പോൾ തന്നെ തയ്യാറാവണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.ലോകമെമ്പാടുമുള്ള 40ൽ അധികം രാജ്യങ്ങളിലേക്ക് കൊറോണ പടർന്നിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ബ്രൂസിന്റെ ഈ മുന്നറിയിപ്പിന് പ്രസക്തിയേറെയുണ്ട്. നിലവിൽ സൗത്തുകൊറിയ, ഇറ്റലി, ജപ്പാൻ, ഇറാൻ എന്നീ രാജ്യങ്ങളിൽ കൊറോണ കടുത്ത കൊലവിളിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ 77,660 പേർക്കാണ് കൊറോണ ബാധിച്ചത്. ഇവിടെ 2663 പേരാണ് മരിച്ചത്. യൂറോപ്പിൽ ആദ്യത്തെ കൊറോണ മരണം ഫ്രാൻസിലാണ് നേരത്തെ സ്ഥിരീകരിച്ചതെങ്കിലും നിലവിൽ യൂറോപ്പിൽ ഏറ്റവും അധികം കൊറോണ താണ്ഡവമാടുന്നത് ഇറ്റലിയിലാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇറ്റലിയിൽ കൊറോണ ബാധിച്ച് ഇതുവരെ 11 പേർ മരിക്കുകയും 322 പേർ രോഗികളായിത്തീരുകയും ചെയ്തിട്ടുണ്ട്.ഫ്രാൻസിൽ 12 പേർക്ക് രോഗം ബാധിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരിക്കുന്നു. കാനഡയിൽ 11 പേർക്കും യുഎസിൽ 53പേർക്കും യുകെയിൽ 13 പേർക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

സ്പെയിനിൽ അഞ്ച് പേർക്കും ജർമനിയിൽ 16 പേർക്കും രോഗം സ്ഥിരീകരിച്ചിരിക്കുന്നു. ഇറാനിൽ 95 പേർക്ക് വൈറസ് ബാധയുണ്ടാവുകയും 16 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. സൗത്തുകൊറിയയിൽ 977 പേർക്ക് കൊറോണ ബാധിക്കുകയും 10 പേർ മരിക്കുകയും ചെയ്തിരിക്കുന്നു. സ്വീഡനിലും ഫിൻലൻഡിലും സ്വിറ്റ്സർലണ്ടിലും ലെബനണിലും ഈജിപ്തിലും ശ്രീലങ്കയിലും നേപ്പാളിലും അഫ്ഗാനിലും കംബോഡിയയിലും ഓരോരുത്തർക്ക് കൊറോണ ബാധിച്ചിട്ടുണ്ട്.ജപ്പാനിൽ 160 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളാണ് ഇവിടെ മരിച്ചത്.

ഡയമണ്ട് പ്രിൻസസിൽ 691 പേർക്ക് രോഗബാധയുണ്ടാവുകയും നാല് പേർ മരിക്കുകയും ചെയ്തിരിക്കുന്നു. തായ് വാനിൽ 31 പേർക്ക് രോഗബാധിക്കുകയും ഒരു മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരിക്കുന്നു. ഹോംഗ് കോംഗിൽ 84 പേർക്ക് രോഗം ബാധിക്കുകയും രണ്ട്പേർ മരിക്കുകയും ചെയ്തിരിക്കുന്നു. മക്കാവുവിൽ പത്ത് പേർക്കാണ് രോഗം ബാധിച്ചത്. ഫിലിപ്പീൻസിൽ മൂന്ന് പേർക്ക് വൈറസ് ബാധിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരിക്കുന്നു.ഇന്ത്യയിൽ മൂന്ന് പേർക്കും സിംഗപ്പൂരിൽ 90 പേർക്കും ഓസ്ട്രേലിയയിൽ 22 പേർക്കും മലേഷ്യയിൽ 22 പേർക്കും മക്കാവുവിൽ 10 പേർക്കുമാണ് രോഗം ബാധിച്ചിരിക്കുന്നത്.കൊറോണ ബാധിച്ചിരിക്കുന്ന രാജ്യങ്ങളിലെ സാമ്പത്തിക രംഗം പാടെ തകർന്നിരിക്കുന്ന അവസ്ഥയാണുള്ളത്. ഇവിടങ്ങളിലെ ഓഹരി വിപണികളും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഇതോടെ ലോകം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുമെന്ന ആശങ്കയും ശക്തമാണ്.

കൊറോണ പൊട്ടിപ്പുറപ്പെട്ട സമയത്ത് ചൈന അതിനെ പരമാവധി രഹസ്യമാക്കി വയ്ക്കുന്നതിനാണ് ശ്രമിച്ചിരുന്നത്. രോഗം വെളിപ്പെടുത്താൻ നിർബന്ധിതമായ സാഹചര്യത്തിലും മരണസംഖ്യയും വ്യാപനത്തോതും കുറച്ച് വെളിപ്പെടുത്താൻ ചൈന ശ്രമിച്ചിരുന്നു. ഇതിനെ തുടർന്ന് ലോകത്തിലെ മറ്റ് രാജ്യങ്ങൾക്ക് കൊറോണയോടുള്ള ഗൗരവം കുറഞ്ഞുവെന്നും തൽഫലമായി അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടത്ര തയ്യാറെടുപ്പുകൾ ഈ രാജ്യങ്ങൾ നടത്തിയില്ലെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ തുടർന്നാണ് കൊറോണ മരണം വിതച്ച് കൊണ്ട് ഇപ്പോൾ സംഹാര താണ്ഡവമാടി പടർന്ന് പിടിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP