Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫുട്ബോൾ സ്റ്റേഡിയങ്ങൾ കൊറോണ ആശുപത്രികളാക്കുന്നു; ബെർമിങ്ഹാം എയർപോർട്ട് മോർച്ചറിയാക്കുന്നു; വരാൻ പോകുന്ന മഹാദുരന്തത്തിന് ബ്രിട്ടൻ തയ്യാറെടുക്കുന്നത് ഇങ്ങനെ

ഫുട്ബോൾ സ്റ്റേഡിയങ്ങൾ കൊറോണ ആശുപത്രികളാക്കുന്നു; ബെർമിങ്ഹാം എയർപോർട്ട് മോർച്ചറിയാക്കുന്നു; വരാൻ പോകുന്ന മഹാദുരന്തത്തിന് ബ്രിട്ടൻ തയ്യാറെടുക്കുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ

പിടിവിട്ടുയരുന്ന കൊറോണ മരണങ്ങളും രോഗികളുടെ എണ്ണത്തിലെ വർധനവും കണക്കിലെടുത്ത് വരാനിരിക്കുന്ന മഹാദുരന്തത്തെ നേരിടുന്നതിന് ബ്രിട്ടൻ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി രാജ്യത്തെ ഫുട്ബോൾ സ്റ്റേഡിയങ്ങൾ കൊറോണ ആശുപത്രികളാക്കാനുള്ള നീക്കങ്ങൾ തിരുതകൃതിയാണ്. ഇതിന് പുറമെ ബെർമിങ്ഹാം എയർപോർട്ട് മോർച്ചറിയാക്കി അടിയന്തിര സാഹചര്യങ്ങളെ നേരിടാനും നീക്കമുണ്ട്. വരാൻ പോകുന്ന അത്യാപത്തിനെ കൈകാര്യം ചെയ്യാൻ സാധ്യമായ എല്ലാ നീക്കങ്ങളും രാജ്യം നടത്താനാരംഭിച്ചിരിക്കുകയാണ്.

ലണ്ടനിലെ പേരുകേട്ട എക്സിബിഷൻ സെന്ററായ എക്സെൽ സെന്റർ 4000 ബെഡുകളുള്ള ആശുപത്രിയാക്കി പരിവർത്തനപ്പെടുത്തുന്നതിനായി സൈന്യം തന്നെയാണ് രംഗത്തിറങ്ങിയത്. പുതിയ കൊറോണ ആശുപത്രിക്കായി ഇവിടെ മിലിട്ടറി പ്ലാനർമാരും ഹെൽത്ത് സർവീസ് ഒഫീഷ്യലുകളും കൈകോർത്താണ് പ്രവർത്തിക്കുന്നത്.രാജ്യത്തുകൊറോണ രോഗികൾ നാൾക്ക നാൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ വിവിധയിടങ്ങളിൽ ഇത്തരം കൊറോണ ആശുപത്രികൾ സജ്ജമാക്കുന്നതിനുള്ള നീക്കങ്ങൾ സജീവമാണ്. 4000 പേരെ കിടത്തി ചികിത്സിക്കാൻ പ്രാപ്തിയുള്ള ഈ ആശുപത്രി എൻഎച്ച്എസ് നൈറ്റിൻഗെയിൽ ഹോസ്പിറ്റൽ എന്നായിരിക്കും അറിയപ്പെടുന്നത്.

ഏപ്രിൽ നാലിനായിരിക്കും ഈ ആശുപത്രി പ്രവർത്തനസജ്ജമാകാൻ പോകുന്നത്.ഇതിന് പുറമെ വെയിൽസിലെ റഗ്‌ബി ഗ്രൗണ്ട് താൽക്കാലിക കൊറോണ ആശുപത്രിയാക്കുന്നതിനുള്ള പദ്ധതികളും നിലവിലുണ്ട്. ലാനെല്ലിയിലെ പെർസി സ്‌കാർലെറ്റ്സിലും നൂറ് കണക്കിന് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള സൗകര്യം ഒരുങ്ങുന്നുണ്ട്. ഈ ഇൻഡോർ ട്രെയിനിങ് പിച്ചിന്റെ ടർഫിൽ നൂറ് കണക്കിന് ബെഡുകൾ ഇടാനുള്ള സംവിധാനങ്ങളാണ് സജ്ജമാക്കുന്നത്.മെയ്‌ മാസത്തിൽ കൊറോണ ബാധ മൂർധന്യത്തിലെത്തുമ്പോൾ ഇത്തരം അധിക സംവിധാനങ്ങൾ വേണ്ടി വരുമെന്ന ആശങ്ക കനത്തതിനാണ് ഈ വക നീക്കങ്ങൾ ഇപ്പോൾ ത്വരിതപ്പെടുത്തിയിരിക്കുന്നത്.

യുകെയിൽ കൊറോണ ബാധിച്ചുള്ള മരണങ്ങൾ നാൾക്കു നാൾ വർധിക്കുന്ന സാഹചര്യത്തിൽ ബെർമിങ്ഹാമിലെ എയർപോർട്ടിൽ 12,000 മൃതദേഹങ്ങൾ വരെ സൂക്ഷിക്കാവുന്ന മോർച്ചറി സജ്ജമാക്കുന്നുണ്ട്.ഇവിടെ താൽക്കാലിക മോർച്ചറി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. ബെർമിങ്ഹാമിലെ നാഷണൽ എക്സിബിഷൻ സെന്ററിന് സമീപത്താണീ എയർ പോർട്ട്. രാജ്യത്തെ ഏത് എയർപോർട്ടിനെയും ഇത്തരത്തിൽ അടിയന്തരി സാഹചര്യത്തിൽ മോർച്ചറിയും മറ്റുമായി ഉപയോഗിക്കുന്നതിനുള്ള സാധ്യത ഇന്നത്തെ സാഹചര്യത്തിൽ വർധിച്ചിരിക്കുകയാണ്.

ഏത് എയർപോർട്ടിലും ചുരുങ്ങിയത് 2500 മൃതദേഹങ്ങൾ കിടത്താൻ സ്ഥലമുണ്ടാകുമെന്നും അത്യാവശ്യ ഘട്ടത്തിൽ അത് 12,000 മൃതദേഹങ്ങൾ വരെ കിടത്താൻ പാകത്തിൽ പരിവർത്തനപ്പെടുത്താനാവുമെന്നുമാണ് അധികൃതർ പദ്ധതിയിടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP