Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പ്രതീക്ഷിച്ചതുപോലെ തന്നെ ബ്രിട്ടനിൽ യഥാർത്ഥ കാട്ടുതീ തുടങ്ങിക്കഴിഞ്ഞു; ഇന്നലെ മാത്രം മരിച്ചുവീണത് 260 മനുഷ്യർ; ആയിരം കടന്ന മരണവാർത്തകൾക്കിടയിൽ രോഗികളുടെ എണ്ണം കുതിച്ചുയർന്ന് 17,089 ആയി; ഇറ്റലിയെ കടത്തിവെട്ടാൻ മത്സരിച്ച് ബ്രിട്ടൻ

പ്രതീക്ഷിച്ചതുപോലെ തന്നെ ബ്രിട്ടനിൽ യഥാർത്ഥ കാട്ടുതീ തുടങ്ങിക്കഴിഞ്ഞു; ഇന്നലെ മാത്രം മരിച്ചുവീണത് 260 മനുഷ്യർ; ആയിരം കടന്ന മരണവാർത്തകൾക്കിടയിൽ രോഗികളുടെ എണ്ണം കുതിച്ചുയർന്ന് 17,089 ആയി; ഇറ്റലിയെ കടത്തിവെട്ടാൻ മത്സരിച്ച് ബ്രിട്ടൻ

സ്വന്തം ലേഖകൻ

സേനാനായകനെ തന്നെ കീഴടക്കിയ കൊറോണാ ബ്രിട്ടനിൽ തന്റെ താണ്ഡവം തുടരുന്നു. ഇറ്റലിയുടെ വഴിയിലേക്കാണോ ബ്രിട്ടനും നീങ്ങുന്നത് എന്ന ആശങ്കയുണർത്തിക്കൊണ്ട് ഇന്നലെ മാത്രം ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 260 മരണങ്ങൾ. രോഗബാധിതരുടെ എണ്ണം 17,089 ആയതോടെ ബ്രിട്ടനിലാകമാനം ഭയം കരിനിഴൽ വിരിച്ചുകഴിഞ്ഞു. ഇന്നലെ ഒരു ദിവസം മാത്രം മരണസംഖ്യയിൽ വന്നത് 34 ശതമാനത്തിന്റെ വർദ്ധനവ്. ഇക്കഴിഞ്ഞ മാർച്ച് 18ന് മരണസംഖ്യ 71 ൽ നിന്നും 104 ലേക്ക് കുതിച്ചുചാടിയതാണ് ഇതിനു മുൻപ് രേഖപ്പെടുത്തിയ ഏറ്റവും വലിയ പ്രതിദിന മരണസംഖ്യ. എന്നിരുന്നാലും രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ നേരിയൊരു കുറവ് വന്നിട്ടുണ്ട്. ഇന്നലെ 2510 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചപ്പോൾ തൊട്ടു മുൻപിലത്തെ ദിവസം അത് 2921 ആയിരുന്നു.

ബ്രിട്ടനിൽ കുറേക്കൂടി കർശനമായി നടപ്പിലാക്കിയ സാമൂഹ്യ അകലം പാലിക്കലാണോ അതോ കുറച്ചു പേരെ മാത്രമേ പരിശോധനക്ക് വിധേയരാക്കുന്നുള്ളു എന്നതാണോ രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വന്നതിനു കാരണമെന്ന് ഇനിയും പറയാറായിട്ടില്ല. എന്നിരുന്നാലും വൈറസിന്റെ വ്യാപനം അതിവേഗത്തിൽ തന്നെയാണെന്നതിന് സംശയമില്ല. വെറും 13 ദിവസം കൊണ്ടാണ് മരണസംഖ്യ 1 ൽ നിന്നും 100 ൽ എത്തിയത്. അതേ സമയം 100 ൽ നിന്നും 1000 ത്തിൽ എത്താൻ എടുത്തത് വെറും 10 ദിവസങ്ങൾ മാത്രം.

അതിനിടയിൽ കൂനിന്മേൽ കുരു എന്നപോലെ, യുദ്ധം മുന്നിൽ നിന്നും നയിക്കേണ്ട പ്രധാനമന്ത്രിയും കൊറോണക്ക് കീഴടങ്ങിയിരിക്കുകയാണ്. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്കിന് രോഗം സ്ഥിരീകരിക്കുകയും ചീഫ് മെഡിക്കൽ പ്രൊഫസർ ക്രിസ് വിറ്റി ലക്ഷണങ്ങളോടെ സെൽഫ് ഐസൊലേഷന് വിധേയമാവുകയും ചെയ്തിട്ടും സാമൂഹിക അകലം പാലിക്കുന്നതിൽ ബോറിസ് ജോൺസൺ വരുത്തിയ വീഴ്‌ച്ചയാണ് അദ്ദേഹത്തിനും രോഗബാധയുണ്ടാകാൻ കാരണമെന്നും ആരോപിക്കപ്പെടുന്നു. രോഗബാധയുടെയും മരണത്തിന്റെയും നിരക്കുകൾ ഇനിയും വർദ്ധിക്കുകയാണെങ്കിൽ, കൂടുതൽ കർശനമായ സാമൂഹിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് സർക്കാരിന്റെ ഉപദേശകർ നൽകുന്ന മുന്നറിയിപ്പ്.

33 നും 103 നും ഇടക്ക് പ്രായമുള്ളവരാണ് രോഗികളെന്നും 13 പേർ ഒഴിച്ച് മറ്റുള്ളവർക്കെല്ലാം ഇപ്പോൾ തന്നെ മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടെന്നും എൻ എച്ച് എസിന്റെ ഒരു റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടുത്ത ഒന്നു രണ്ടാഴ്‌ച്ചക്കാലത്തേക്ക് മരണനിരക്ക് ഇനിയും വർദ്ധിക്കുവാനാണ് സാദ്ധ്യതയെന്നും അതിനുശേഷം അതിൽ ചെറിയൊരു കുറവ് അനുഭവപ്പെടും എന്നുമാണ് വിദഗ്ദരുടെ അഭിപ്രായം.

ഇതിനിടയിൽ പടരുന്ന പകർച്ചവ്യാധിയെ നേരിടാൻ ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ച് വച്ച് ഷോപ്പുകൾക്ക് വൻ തിരിച്ചടി. ആവശ്യത്തിലധികം സാധനങ്ങൾ സ്റ്റോക്ക് ചെയ്ത പല ഷോപ്പുകളിലും പല ഭക്ഷ്യസാധനങ്ങൾക്കും അതിന്റെ കാലാവധി തീർന്നു എന്നാണ് ലഭിക്കുന്ന വിവരം. മുൻ ലിബറൽ ഡെമോക്രാറ്റിക് കൗൺസിലറായ അജിത് സിങ് അത്വാൽ സോഷ്യൽ മീഡിയയിൽ ഇട്ട ഒരു പോസ്റ്റിലാണ് ഇത്തരത്തിൽ കാലാവധി തീർന്ന റൊട്ടി, പഴങ്ങൾ, ചിക്കൻ ഉദ്പ്പന്നങ്ങൾ എന്നിവയുടെ ചിത്രങ്ങൾ നൽകിയിട്ടുള്ളത്. ആളുകൾ ദിവസത്തിൽ ഒരു തവണമാത്രമേ പുറത്തേക്കിറങ്ങാവു എന്നും ആവശ്യസാധനങ്ങൾ വാങ്ങുവാനായി മാത്രമേ പുറത്തേക്കിറങ്ങാവൂ എന്നുമൊക്കെയുള്ള നിയന്ത്രണങ്ങളാണ് ഇതിന് കാരണമായി പറയുന്നത്. മാത്രമല്ല ഒരേസമയത്ത് ഒരു ഷോപ്പിനുള്ളിൽ പ്രവേശിക്കാവുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉള്ള നിയന്ത്രണവും ഉപഭോക്താക്കളുടെ എണ്ണം കുറയുവാൻ കാരണമായിട്ടുണ്ട്.

ഈ പോസ്റ്റ് വന്നതിനു ശേഷം അനാവശ്യമായി ഭക്ഷ്യവസ്തുക്കൾ സംഭരണം നടത്തി അവ ഉപയോഗശൂന്യമാക്കിയ ഷോപ്പുകൾക്ക് നേരെ ജനരോഷം ഉയർന്നിട്ടുണ്ട്. ഇത്തരക്കാർക്ക് കനത്ത പിഴശിക്ഷ വിധിക്കണമെന്നാണ് മിക്കവരും ട്വീറ്റ് ചെയ്തത്. കടയുടമകൾ അത്യാഗ്രഹം കാണിച്ചില്ലായിരുന്നെങ്കിൽ ഏതെങ്കിലും അത്യാവശ്യക്കാർക്ക് ഈ ഭക്ഷണം ഉപകാരപ്രദമായേനേ എന്നും പലരും ചൂണ്ടിക്കാണിക്കുന്നു.

ആരോഗ്യമുള്ളവരും ചെറുപ്പക്കരും സൂപ്പർമാർക്കറ്റുകൾ സന്ദർശിക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. വീട്ടിൽ ഉള്ള ഭക്ഷണം കൊണ്ട് ഈ കൊറോണാക്കാലത്ത് തൃപ്തിപ്പെടണമെന്നും പറയുന്നു. എന്നാൽ ഓൺലൈൻ ഓർഡറുകൾ ഒരാഴ്‌ച്ചയിൽ ഒരാൾക്ക് ഒരു തവണമാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. ചില സാധനങ്ങൾ ആഴ്‌ച്ചയിൽ രണ്ട് വീതവും. ജനങ്ങൾ അന്തമില്ലാതെ ഭക്ഷണസാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിനെതീരെ മാർക്ക് ആൻഡ് സ്‌പെൻസറിന്റെ മുൻ ചെയർമാൻ ലോർഡ് റോസ് രംഗത്ത് വന്നിരുന്നു. ഈ കൊറോണക്കാലത്ത് ഉള്ള ഭക്ഷണം സൂക്ഷിച്ച് കൈകാര്യം ചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ധാരാളം വാങ്ങി സൂക്ഷിച്ച് അവയൊക്കെ ഉപയോഗശൂന്യമാക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതുവരെ ബ്രിട്ടനിലെ രോഗബാധിതരുടെ എണ്ണം 17,609 ആയിട്ടുണ്ട്. എന്നാൽ ഇത് യഥാർത്ഥ കണക്കല്ലെന്നും യഥാർത്ഥ കണക്ക് ഇതിനേക്കാൾ വളരെ കൂടുതലായിരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്നവരെ മാത്രമേ ഇപ്പോൾ പരിശോധനക്ക് വിധേയരാക്കുന്നുള്ളു എന്നതിനാൽ ഈ കണക്കിൽ കൃത്യത തീരെ കുറവായിരിക്കും എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്.

ഇന്നലെ ലോക്ക്ഡൗൺ കൂടുതൽ കർക്കശമായി നടപ്പിലാക്കാൻ നിരത്തിലിറങ്ങിയ നിയമപാലകർക്ക് വിമർശനങ്ങൾ ഒട്ടേറെ ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും അവർ അത് ഇനിയും തുടരുമെന്നാണ് അറിയുന്നത്.നിരോധനം ലംഘിച്ച് പുറത്തിറങ്ങുന്നവർക്ക് പിഴ ഈടാക്കാൻ തുടങ്ങിക്കഴിഞ്ഞു. ആദ്യത്തെ നിയമലംഘനത്തിന് 60 പൗണ്ടും പിന്നീടുള്ളതിന് 120 പൗണ്ടും വീതമായിരിക്കും പിഴ. എന്നാൽ വീണ്ടും വീണ്ടും നിയമലംഘനം തുടരുകയാണെങ്കിൽ പിഴ 1000 പൗണ്ട് വരെ ഉയരും. അതുകൂടാതെ ഇത്തരക്കാരെ അറസ്റ്റ് ചെയ്യുവാനുള്ള അധികാരവും പൊലീസിന് നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP