Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമേരിക്ക പ്രതീക്ഷിക്കുന്നത് രണ്ടുലക്ഷം പേരുടെ വരെ മരണം; ദശലക്ഷക്കണക്കിന് ആളുകൾ രോഗികളാകും; ആദ്യത്തെ ആത്മവിശ്വാസം നഷ്ടപ്പെട്ട ലോക പൊലീസ് ഒടുവിൽ യാഥാർത്ഥ്യ ബോധത്തോടെയുള്ള കണക്ക് പുറത്തുവിടുമ്പോൾ ഞെട്ടിത്തരിച്ച് ലോകം

അമേരിക്ക പ്രതീക്ഷിക്കുന്നത് രണ്ടുലക്ഷം പേരുടെ വരെ മരണം; ദശലക്ഷക്കണക്കിന് ആളുകൾ രോഗികളാകും; ആദ്യത്തെ ആത്മവിശ്വാസം നഷ്ടപ്പെട്ട ലോക പൊലീസ് ഒടുവിൽ യാഥാർത്ഥ്യ ബോധത്തോടെയുള്ള കണക്ക് പുറത്തുവിടുമ്പോൾ ഞെട്ടിത്തരിച്ച് ലോകം

സ്വന്തം ലേഖകൻ

മൂന്നാം ലോകരാഷ്ട്രങ്ങളെ കണ്ണുരുട്ടി പേടിപ്പിക്കുന്ന തന്ത്രം കൊറോണയ്ക്ക് മുന്നിൽ ചെലവാകില്ലെന്ന് മനസ്സിലായതോടെ പത്തിതാഴ്‌ത്തി സത്യാവസ്ഥ തുറന്നു പറയുകയാണ് ലോക പൊലീസ്. അമേരിക്കയിലെ പ്രമുഖ പകർച്ചവ്യാധി വിദഗ്ദൻ ഡോ. ആന്റണി ഫോസി പറയുന്നത് അമേരിക്കയിൽ കോവിഡ് മരണനിരക്ക് 100,000 ത്തിനും 200,000 ത്തിനും ഇടയിൽ വരെ എത്താമെന്നാണ്. ദശക്ഷക്കണക്കിന് ആളുകൾക്ക് രോഗം പിടിപെട്ടേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. സോഷ്യൽ ഡിസ്റ്റൻസിങ് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ നീക്കം ചെയ്യുവാൻ സർക്കാർ ആലോചിക്കുന്നതിനിടയിൽ, കഴിഞ്ഞ ഞായറാഴ്‌ച്ച സി എൻ എന്നിനു നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

141,732 പേർക്ക് രോഗബാധയുമായി അമേരിക്ക മുന്നേറുന്ന സമയത്താണ് പ്രശസ്തനായ പകർച്ചവ്യാധി വിദഗ്ദന്റെ അഭിപ്രായം പുറത്ത് വരുന്നത്. അമേരിക്കയ്ക്ക് ആകെപ്പാടെ ഉണ്ടായിരുന്ന ചെറിയ പ്രതീക്ഷകൂടി നശിക്കുകയാണ് ഇതോടെ. പരിശോധന കൂടുതൽ വ്യാപകമാക്കണമെന്നും, പരിശോധനയിൽ രോഗവ്യാപനം ഗുരുതരമല്ലെന്ന് തെളിയുന്ന പ്രദേശങ്ങളിൽ മാത്രമേ നിയന്ത്രണങ്ങളിൽ അയവ് വരുത്താവു എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമിതവിശ്വാസത്തിന്റെ ദന്തഗോപുരത്തിൽ നിന്നുമിറങ്ങാൻ ഡൊണാൾഡ് ട്രംപിനെ പ്രേരിപ്പിച്ചത് ഈ അഭിപ്രായം കൂടിയാണെന്നാണ് കരുതപ്പെടുന്നത്. കൊറോണ പൊട്ടിപ്പുറപ്പെട്ടതിൽ പിന്നെ ഇതാദ്യമായാണ് ട്രംപ് യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങളെ സമീപിക്കുന്നത്. നേരത്തേ ഈസ്റ്ററിന് അമേരിക്ക വീണ്ടും ഉയർത്തെഴുന്നേൽക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് ഇപ്പോൾ ലോക്ക്ഡൗൺ വീണ്ടും ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. ഏറ്റവുമധികം രോഗബാധിതരുള്ള ന്യൂയോർക്ക് ഉൾപ്പടെ മൂന്ന് സംസ്ഥാനങ്ങളിൽ സമ്പൂർണ്ണ ക്വാറന്റൈൻ നടപ്പാക്കാനും ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു.

രാജ്യത്തിലെ കൊറോണ ബാധയുടെ എപ്പിസെന്ററായി മാറിയ ന്യൂയോർക്കിൽ നിന്നാണ് പുതിയതായി രേഖപ്പെടുത്തിയ കൊറോണാബാധിതരുടെ 56 ശതമാനവും വരുന്നത്. ഡെറ്റ്‌റോയിറ്റ്, ഷിക്കാഗോ, ലോസ് ആഞ്ചലസ്, ന്യൂ ഓർലിയോൺ, ബോസ്റ്റൺ എന്നിവിടങ്ങളും കൊറോണയുടെ ഹോട്ട്സ്പോട്ടുകളായി മാറിക്കൊണ്ടിരിക്കുന്നു എന്നാണ് ഏറ്റവും ഒടുവിൽ കിട്ടിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തിലെ എല്ലാ മേഖലകളും ഒരുപോലെ അപകട സാദ്ധ്യതയുള്ളതാണെന്ന് വൈറ്റ്ഹൗസ് വക്താവ് ഇന്നലെ മുന്നറിയിപ്പ് നൽകുകയുമുണ്ടായി. എല്ലാ മെട്രോ നഗരങ്ങളും ന്യൂയോർക്കിന് തുല്യമായ രോഗവ്യാപനത്തിന് സാധ്യതയുള്ളവയാണെന്ന് വൈറ്റ്ഹൗസിലെ കൊറോണാ വൈറസ് റെസ്‌പോൺസ് കോഓർഡിനേറ്റർ ഡോ, ഡെബോറാ ബ്രിക്‌സ് ഇന്നലെ പ്രസ്താവിച്ചിരുന്നു. രോഗബാധിത പ്രദേശങ്ങളിലേക്ക് വെന്റിലേറ്റർ ഉൾപ്പടെയുള്ള ജീവൻ രക്ഷാ ഉപകരണങ്ങൾ എത്തിക്കുന്നതിൽ കഠിനാദ്ധ്വാനം ചെയ്യുകയാണ് ഭരണകൂടമെന്നും അവർ വെളിപ്പെടുത്തി.

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ എപിഡെമിയോളജി റിസർച്ച് വിഭാഗം തലവൻ ഡോ, ജോൺ ബ്രൂക്ക്‌സ് പറയുന്നത് അമേരിക്കയിലെ ഒരു ഭൂവിഭാഗവും കൊറോണാ ഭീതിക്ക് പുറത്തല്ല എന്നാണ്. എത്രയും പെട്ടെന്ന് പ്രതിരോധ നടപടികൾ എടുത്തില്ലെങ്കിൽ കാര്യങ്ങൾ പോവുക സർവ്വനാശത്തിലേക്കായിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ പ്രതിസന്ധിയെ നേരിടാൻ തയ്യാറാകാതെ ഇരുന്നാൽ മറ്റുള്ളിടങ്ങളിലെ രോഗവ്യാപനം ഒരുപക്ഷെ ന്യൂയോർക്കിലേതിനേക്കാൾ ഭീകരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ന്യൂയോർക്കിനും സിയാറ്റലിനും ശേഷം 2622 രോഗബാധിതരും 31 മരണങ്ങളുമായി ഡെറ്റ്‌റോയിറ്റാണ് രോഗവ്യാപനത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇതിനു പുറമെ 2613 രോഗികളും 28 മരണങ്ങളും സ്ഥിരീകരിച്ച ഷിക്കാഗോ, 4257 രോഗബാധിതരും 44 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട ബോസ്റ്റൺ, 1818 രോഗബാധിതരും 32 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ട ലോസ് ആഞ്ചലസ്, 1300 രോഗബാധിതർ ഉള്ള, ഇതുവരെ 70 മരണങ്ങൾ സ്ഥിരീകരിച്ച ന്യൂ ഓർലിയോൺ എന്നീ സംസ്ഥാനങ്ങളാണ് കൊറോണയുടെ അടുത്ത ഹോട്ട്‌സ്പോട്ടുകളായി കണക്കാക്കുന്നത്. ഈ ഹോട്ട്‌സ്പോട്ടുകൾ യു എസ് സൈന്യത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോൾ.

ന്യൂയോർക്ക് ഉൾപ്പടെയുള്ള, രോഗബാധ ഗുരുതരമായ ഇടങ്ങളിൽ സമ്പൂർണ്ണ ക്വാറന്റൈൻ നടപ്പാക്കാൻ ഇടയുണ്ട് എന്ന പ്രസ്താവനക്കെതിരെ ന്യൂയോക്ക് ഗവർണർ ആൻഡ്രൂ കുവോമോ രംഗത്തെത്തിയിട്ടുണ്ട്, അത്തരമൊരു നീക്കം ഗുണം ചെയ്യില്ലെന്നു മാത്രമല്ല, ദോഷമുണ്ടാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല അത് അമേരിക്കയുടെ അടിസ്ഥാന തത്ത്വങ്ങൾക്ക് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാണീക്കുന്നു. ഇതിനെ തുടർന്ന് സമ്പൂർണ്ണ ക്വാറന്റൈൻ നിർദ്ദേശം തത്ക്കാലത്തേക്ക് മാറ്റിവെച്ചതായാണ് അറിയുന്നത്. അതിനു പകരമായി ഇന്നലെ സി ഡി സി ന്യൂയോർക്ക് ഉൾപ്പടെയുള്ള ഗുരുതര രോഗബാധയുള്ളയിടങ്ങളിലേക്കുള്ള ചില യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

അതിയായ ആത്മവിശ്വാസത്തോടെ കൊറോണയ്ക്ക് മുന്നിൽ നെഞ്ചുവിരിച്ചു നിന്ന അമേരിക്കയുടെ ഈ കീഴടങ്ങൽ ലോക രാഷ്ട്രങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP