Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആശുപത്രി ജീവനക്കാർക്ക് വേണ്ടി കൈയടിക്കാൻ സകല ബ്രിട്ടീഷുകാരും ബാൽക്കണിയിൽ എത്തി; യുകെ ദുരന്തത്തെ നേരിടുമ്പോൾ എല്ലാവുരം ഒരുമിച്ചത് രണ്ടാം തവണ; രോഗക്കിടക്കയിൽ കൈയടിക്കൊപ്പം ചേർന്ന് ബോറിസ് ജോൺസനും

ആശുപത്രി ജീവനക്കാർക്ക് വേണ്ടി കൈയടിക്കാൻ സകല ബ്രിട്ടീഷുകാരും ബാൽക്കണിയിൽ എത്തി; യുകെ ദുരന്തത്തെ നേരിടുമ്പോൾ എല്ലാവുരം ഒരുമിച്ചത് രണ്ടാം തവണ; രോഗക്കിടക്കയിൽ കൈയടിക്കൊപ്പം ചേർന്ന് ബോറിസ് ജോൺസനും

സ്വന്തം ലേഖകൻ

യുകെയിൽ കൊറോണ മരണം വിതച്ച് താണ്ഡവമാടുന്നത് തുടരുമ്പോൾ ഇതിനെ ചെറുക്കാനായി രോഗികളെ സ്വന്തം ജീവൻ പണയം വച്ച് ശുശ്രൂഷിക്കുകയും ചികിത്സിക്കുകയും ചെയ്യുന്ന എൻഎച്ച്എസ് ജീവനക്കാർക്ക് ഒന്ന് ചേർന്ന് ആദരവ് പ്രകടിപ്പിച്ച് രാജ്യത്തുള്ള ഏവരും രംഗത്തെത്തി. ഹെൽത്ത് കെയർ വർക്കർമാർക്ക് വേണ്ടി ഇന്നലെ സകല ബ്രിട്ടീഷുകാരും കൈയടിക്കാനായി ബാൽക്കണിയിലും മറ്റും അണിനിരന്നിരുന്നു. രോഗക്കിടക്കയിൽ നിന്ന് കൈയടിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബോറിസ് ജോൺസനും രംഗത്തെത്തിയിരുന്നു. കൊറോണ ബാധക്കിടയിൽ രാജ്യം ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ എൻഎച്ച്എസ് ജീവനക്കാരെ ആദരിക്കുന്നതിനായി ഒരുമിച്ച് കൈയടിക്കാൻ അണിനിരന്നിരിക്കുന്നത്.

ഇന്നലെ വൈകുന്നേരമാണ് ക്ലാപ്പ് ഫോർ കെയറേർസ് ക്യാമ്പയിൻ നടന്നത്. ജീവൻ പണയം വച്ച് കൊറോണ രോഗികൾക്ക് വേണ്ടി രാപ്പകൽ പ്രവർത്തിക്കുന്ന എൻഎച്ച്എസ് ജീവനക്കാരെ ആദരിക്കുന്നതിനും നന്ദി രേഖപ്പെടുത്തുന്നതിനുമായി ഓൺലൈനിൽ ലോഞ്ച് ചെയ്ത ഈ ക്യാമ്പയിന് ഇതിന് മുമ്പത്തെ പോലെ ഇന്നലെയും നല്ല ജനപിന്തുണയാണ് ലഭിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ പ്രാവശ്യത്തേതിൽ നിന്നും വ്യത്യസ്തമായി ഇന്നലെ ഈ ക്യാമ്പയിൻ സൂപ്പർമാർക്കറ്റുകളിലേക്കും മറ്റ് നിർണായകമായ വ്യവസായസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി അവിടങ്ങളിലെ ജീവനക്കാരും ഇന്നലെ ഐക്യദാർഢ്യം പ്രകടിപ്പിച്ച് തങ്ങളുടെ ജോലി സ്ഥലങ്ങളിൽ നിന്നും ആരോഗ്യ പ്രവർത്തകരെ മാനിച്ച് കൈയടിച്ചിരുന്നു.

ആളുകൾ ജനാലക്കരികിലും ബാൽക്കണിയിലും പോയി കൈയടിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനായി ആ സമയത്ത് ഐടിവിയും ബിബിസിയും തങ്ങളുടെ പ്രോഗ്രാമുകൾ നിർത്തി വച്ചാണ് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നത്. കൊറോണക്കിടെയും ജോലി ചെയ്യുന്ന ടീച്ചർമാർ, പോസ്റ്റൽ വർക്കർമാർ, തുടങ്ങിയവരും ഈ ക്യാമ്പയിനിൽ പങ്കെടുത്തുകൊണ്ട് ഇന്നലെ രാത്രി എട്ട് മണിക്ക് കൈയടിച്ചിരുന്നു. കൊറോണക്കെതിരെ ആത്മാർത്ഥമായി പോരാടുന്ന എൻഎച്ച്എസ് ജീവനക്കാരെ പിന്തുണച്ച് കൊണ്ട് പലരും കൈയടിക്കിടെ ശബ്ദമുയർത്തി ആർപ്പ് വിളിച്ചിരുന്നു.

മുമ്പെങ്ങുമില്ലാത്ത വിധത്തിൽ എൻഎച്ച്എസ് ജീവനക്കാരുടെ ആവശ്യം വർധിച്ചിരിക്കുന്ന പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്നും അതിനാൽ അവരോട് നന്ദി പ്രകടിപ്പിച്ചേ മതിയാവൂ എന്നും ക്ലാപ്പ് ഫോർ കെയറേർസ് ക്യാമ്പയിൻ സംഘാടകർ ആഹ്വാനം ചെയ്തിരുന്നു.കഴിഞ്ഞ പ്രാവശ്യത്തെ ക്യാമ്പയിനിൽ ചെയ്തത് പോലെ രാജ്യത്തെ സുപ്രധാന ബിൽഡിംഗുകളും ലാൻഡ് മാർക്കുകളും എൻഎച്ച്എസിന്റെ പരമ്പരാഗത നീലനിറത്തിലുള്ള ലൈറ്റിനാൽ അലങ്കരിച്ചിരുന്നു. വെംബ്ലി സ്റ്റേഡിയത്തിന്റെ ആർച്ചുകളടക്കമുള്ള ഇത്തരത്തിൽ ലൈറ്റപ്പ് ചെയ്തിരുന്നു.

എൻഎച്ച്എസ് ജീവനക്കാർക്ക് നന്ദി രേഖപ്പെടുത്തി കെൻസിങ്ടൺ പാലസ് പ്രത്യേക പ്രസ്താവന ഇന്നലെ പുറത്തിറക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ പ്രാവശ്യത്തെ ക്യാമ്പയിനിൽ വില്യം-കേയ്റ്റ് ദമ്പതികളുടെ സന്തതികളായ ജോർജ് , ഷാർലറ്റ് ,ലൂയീസ് അടക്കമുള്ള രാജകുടുംബാംഗങ്ങൾ വരെ ആരോഗ്യ പ്രവർത്തകരെ കൈയടിച്ച് പ്രോത്സാഹിപ്പിക്കാൻ രംഗത്തിറങ്ങിയ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇപ്രാവശ്യത്തെ ക്യാമ്പയിനിന്റെ ഭാഗമായി വില്യം രാജകുമാരനും കേയ്റ്റും എൻഎച്ച്എസിലെ ഡോക്ടർമാരെയും നഴ്സുമാരെയും ഫോണിൽ കൂടി വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന്റെ ചിത്രങ്ങൾ പുറത്ത് വരുകയും ചെയ്തിരുന്നു.സ്റ്റാഫോർഡ്ഷെയറിലെ ക്യൂൻസ് ഹോസ്പിറ്റൽ ബർട്ടണിലെ ജീവനക്കാരുമായാണ് ഇരുവരും ഫോണിൽ സംസാരിച്ചത്.കൊറോണ തങ്ങളുടെ പ്രഫഷണൽ- വ്യക്തിജീവിതങ്ങളിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് എൻഎച്ച്എസ് ജീവനക്കാർ രാജകീയ ദമ്പതിമാരോട് വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP