Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ച് വയസുള്ള കുട്ടിയടക്കം 709 മരണങ്ങളുമായി ഇന്നലെ ബ്രിട്ടനിലെ ആകെ മരണസംഖ്യ 4313 ആയി ഉയർന്നു; ഇറ്റലിക്കും സ്പെയിനിനും അമേരിക്കക്കും ഒപ്പം പിന്നിൽ മരണസംഖ്യയിൽ നാലാമതെത്തിയ ബ്രിട്ടനെ കാക്കാൻ ആർക്ക് കഴിയും..? ഇതുവരെ പരിശോധിക്കാൻ പോലും കഴിയാതെ ആയിരങ്ങൾ തളർന്ന് വീഴുന്നു; മരണത്തിലേക്കുള്ള പാസായി മാറി വെന്റിലേറ്ററുകൾ

അഞ്ച് വയസുള്ള കുട്ടിയടക്കം 709 മരണങ്ങളുമായി ഇന്നലെ ബ്രിട്ടനിലെ ആകെ മരണസംഖ്യ 4313 ആയി ഉയർന്നു; ഇറ്റലിക്കും സ്പെയിനിനും അമേരിക്കക്കും ഒപ്പം പിന്നിൽ മരണസംഖ്യയിൽ നാലാമതെത്തിയ ബ്രിട്ടനെ കാക്കാൻ ആർക്ക് കഴിയും..? ഇതുവരെ പരിശോധിക്കാൻ പോലും കഴിയാതെ ആയിരങ്ങൾ തളർന്ന് വീഴുന്നു; മരണത്തിലേക്കുള്ള പാസായി മാറി വെന്റിലേറ്ററുകൾ

സ്വന്തം ലേഖകൻ

കൊറോണ ബാധിച്ചുള്ള ബ്രിട്ടനിലെ മരണങ്ങൾ ദിവസം തോറും പെരുകിപ്പെരുകി വരുന്നുവെന്ന പേടിപ്പെടുത്തുന്ന കണക്കുകളാണ് ഇന്നലെയും പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം 24 മണിക്കൂറുകൾക്കിടെ അഞ്ച് വയസുള്ള കുട്ടിയടക്കം 709 മരണങ്ങളാണ് ബ്രിട്ടനിലുണ്ടായിരിക്കുന്നത്. ഇത് വഴി രാജ്യത്തെ മൊത്തം കൊറോണ മരണങ്ങൾ 4313 ആയി ഉയർന്നിട്ടുമുണ്ട്.ഇത്തരത്തിൽ ഇറ്റലിക്കും സ്പെയിനിനും അമേരിക്കക്കും ഒപ്പം പിന്നിൽ മരണസംഖ്യയിൽ നാലാമതെത്തിയ ബ്രിട്ടനെ കാക്കാൻ ആർക്ക് കഴിയും..? എന്ന ആശങ്ക നിറഞ്ഞ ചോദ്യമാണ് ഏവരുടെയും മനസിലുയരുന്നത്.

ഇതുവരെ പരിശോധിക്കാൻ പോലും കഴിയാതെ ആയിരങ്ങൾ തളർന്ന് വീഴുന്ന അവസ്ഥയാണ് രാജ്യത്തുള്ളത്. അതിനിടെ മരണത്തിലേക്കുള്ള പാസായി വെന്റിലേറ്ററുകൾ മാറുന്ന ഭീതിദമായ അവസ്ഥയുമേറി വരുകയാണ്.ഇന്നലെ മരിച്ചവരുടെ കൂട്ടത്തിലുള്ള അഞ്ച് വയസുള്ള കുട്ടി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ ഇരയായാണ് മാറിയിരിക്കുന്നത്.ഔദ്യോഗിക കണക്കുകൾ പ്രകാരം രാജ്യത്തെ മൊത്തം കൊറോണ രോഗികളുടെ എണ്ണം 41,903 ആണെങ്കിലും യഥാർത്ഥത്തിൽ മില്യൺ കണക്കിന് പേർക്ക് കൊറോണ ബാധിച്ചുവെന്ന് ഗവൺമെന്റ് സയന്റിസ്റ്റുകൾ പോലും സമ്മതിച്ച സ്ഥിതിക്ക് വരാനിരിക്കുന്ന ദുരന്തം ഭാവനയിൽ കാണാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്.

വൈറസ് ബാധയുടെ നിരക്ക് നിലവിൽ ' സ്റ്റബിലൈസ്' അവസ്ഥയിലെത്തിയിരിക്കുന്നുവെന്നാണ് ഇന്നലെ കൊറോണയെക്കുറിച്ചുള്ള നമ്പർ 10ലെ പതിവ് ബ്രീഫിംഗിനിടെ എൻഎച്ച്എസ് ഇംഗ്ലണ്ട് നാഷണൽ ഡയറക്ടറായ സ്റ്റീഫൻ പോവിസ് എടുത്ത് കാട്ടിയിരിക്കുന്നത്. അതായത് പുതിയ കൊറോണ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായിക്കൊണ്ടിരിക്കുന്നത് ആശ്വാസകരമാണെന്നാണ് അദ്ദേഹം എടുത്ത് കാട്ടുന്നത്.എന്നാൽ രാജ്യത്തുള്ള ഓരോരുത്തരും ലോക്ക്ഡൗൺ നിയമങ്ങൾ കർക്കശമായി പാലിക്കണമെന്നും ആരും വീക്കെൻഡിലെ തെളിഞ്ഞ കാലാവസ്ഥ കണ്ട് ഭ്രമിച്ച് പാർക്കുകളിലേക്കും ബീച്ചുകളിലേക്കും മറ്റ് തുറന്ന സ്ഥലങ്ങളിലേക്കും കൂട്ടത്തോടെ ഒഴുകിയെത്തി സോഷ്യൽ ഡിസ്റ്റൻസിങ് നിയമങ്ങൾ തെറ്റിച്ച് രോഗവ്യാപനം വർധിപ്പിക്കരുതെന്നും പോവിസ് കടുത്ത നിർദ്ദേശമേകുന്നു.

ലോക്ക്ഡൗണിന്റെ ഭാഗമായി സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കുന്നതിന്റെ ഗുണം കണ്ട് തുടങ്ങിയെന്നും അതിന്റെ ഭാഗമായിട്ടാണ് കൊറോണ ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കുറവ് കണ്ട് തുടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. നിലവിൽ മിഡ്ലാൻഡ്സിലാണ് പുതിയ കൊറോണ കേസുകളുടെ വർധനവിൽ റെക്കോർഡുണ്ടായിരിക്കുന്നതെന്നാണ് കാബിനറ്റ് ഓഫീസ് മിനിസ്റ്ററായ മൈക്കൽ ഗോവ് എടുത്ത് കാട്ടുന്നത്. ഇവിടെ ഇക്കാര്യത്തിൽ 47 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്. എന്നാൽ യോർക്ക്ഷെയറിലും നോർത്ത് ഈസ്റ്റിലും പുതിയ കേസുകളുടെ കാര്യത്തിൽ 35 ശതമാനമാണ് വർധനവുള്ളത്.

സ്‌കോട്ട്ലൻഡിലെ കൊറോണ മരണങ്ങൽ 46ൽ നിന്നും 218 ആയും വെയിൽസിലേത് 13ൽ നിന്നും 154 ആയും നോർത്തേൺ അയർലണ്ടിലേത് എട്ടിൽ നിന്നും 56 ആയുമാണ് വർധിച്ചിരിക്കുന്നത്.രാജ്യത്തെ വെന്റിലേറ്ററുകളുടെ ക്ഷാമം പരിഹരിക്കുന്നതിന് ത്വരിതനടപടികൾ സ്വീകരിച്ച് വരുന്നുവെന്നും ഗോവ് വെളിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ജർമനി, സ്വിറ്റ്സർലണ്ട്, എന്നിവിടങ്ങളിൽ നിന്നും വെന്റിലേറ്ററുകൾ വാങ്ങിയതിന് പുറമെ ഇന്നലെ 300 പുതിയ വെന്റിലേറ്ററുകൾ ചൈനയിൽ നിന്നുമെത്തിയിട്ടുണ്ടെന്നും ഗോവ് വെളിപ്പെടുത്തുന്നു.ഈ നിർണായക ഘട്ടത്തിൽ സഹായം ചെയ്ത ചൈനീസ് ഗവൺമെന്റിന് നന്ദി രേഖപ്പെടുത്താനും ഗോവ് മറന്നിട്ടില്ല.

കൊറോണ ബാധിതർക്കായി കൂടുതൽ വെന്റിലേറ്ററുകൾ ലഭ്യമാക്കുന്നതിനായി അവയുടെ നിർമ്മാണം ത്വരിതപ്പെടുത്താൻ ഡൈസൻ, റോൾസ് റോയ്സ് എന്നീ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗോവ് വെളിപ്പെടുത്തുന്നു. രാജ്യം അതിന്റെ ചരിത്രത്തിൽ ഇതുവരെ നേരിടാത്ത വിധത്തിലുള്ള വെല്ലുവിളിയെ നേരിടുന്ന വേളയിൽ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് എതിരാളികളായ മറ്റ് രാഷ്ട്രീയപാർട്ടികളോട് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അപേക്ഷിച്ചിട്ടുണ്ട്. കൊറോണയെ തുരത്താനായി ഗവൺെമന്റിനൊപ്പം അണിചേരുമെന്നാണ് ലേബർ നേതാവ് സർ കെയിർ സ്ടാർമർ ബോറിസിന്റെ നിർദ്ദേശത്തോട് പ്രതികരിച്ചിരിക്കുന്നത്.

തനിക്കും കൊറോണ വൈറസ് ബാധിച്ച് കിടക്കേണ്ടി വന്നുവെന്ന് ബോറിസിന്റെ ഗർഭിണിയായി ഭാര്യ കാരി സൈമണ്ട്(31)വെളിപ്പെടുത്തിയിട്ടുണ്ട്. ബോറിസും കൊറോണ ബാധിച്ച് ദിവസങ്ങളായി ഐസൊലേഷനിൽ കഴിയുകയാണ്. വീടുകളിൽ തന്നെ തുടരാൻ മിനിസ്റ്റർമാർ ജനത്തോട് ആവർത്തിച്ച് നിർദ്ദേശിച്ചിട്ടും തെളിഞ്ഞ കാലാവസ്ഥയാൽ പ്രലോഭിതരായി നിരവധി പേർ ഇന്നലെയും യുകെയിലെ പാർക്കുകളിലേക്കും ബീച്ചുകളിലേക്കും കൂട്ടത്തോടെ എത്തിയത് കടുത്ത ആശങ്ക ജനിപ്പിച്ചിരുന്നു. പലയിടങ്ങളിലും ഇത്തരക്കാരെ പിരിച്ച് വിടാൻ പൊലീസ് രംഗത്തിറങ്ങേണ്ടിയും വന്നിരുന്നു.

അതിനിടെ കൊറോണ ബാധിച്ച് ഇന്റൻസീവ് കെയറിലാകുന്ന രോഗികളുടെ എണ്ണത്തിൽ ബ്രിട്ടനിൽ 50 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്. ഈ ഒരു അവസരത്തിൽ മറ്റ് രോഗങ്ങൾ ബാധിച്ച് ഗുരുതരമായാൽ പോലും സാധിക്കുമെങ്കിൽ എ ആൻഡ് ഇകളിലേക്ക് പോകരുതെന്നാണ് വാട്ട്ഫോർഡ് ജനറൽ ഹോസ്പിറ്റൽ രോഗികളോട് മുന്നറിയിപ്പേകിയിരിക്കുന്നത്. രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗണിൽ മെയ്‌ അവസാനത്തോടെ ഇളവുകൾ അനുവദിക്കാനാവുമെന്നും അപ്പോഴേക്കും വൈറസ് ബാധയെ ഏതാണ്ട് വരുതിയിൽ വരുത്താൻ സാധിക്കുമെന്നുമാണ് ഗവൺമെന്റിന്റെ മുതിർന്ന സയന്റിഫിക് എക്സ്പർട്ടായ നെയിൽ ഫെർഗുസൻ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP