Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

938 പേരുടെ ജീവൻ എടുത്ത് ഇന്നലെ ബ്രിട്ടൻ റെക്കോർഡ് ഇട്ടെങ്കിലും ആശ്വാസത്തിന്റെ പൊൻകിരണങ്ങൾ തെളിഞ്ഞെന്ന് സർക്കാർ;ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ്; ലോക്ക്ഡൗൺ ഉടനെയെങ്ങും അവസാനിക്കില്ലെന്ന സൂചനയും പുറത്ത്; ബോറിസിന്റെ നില മെച്ചപ്പെടുന്നു

938 പേരുടെ ജീവൻ എടുത്ത് ഇന്നലെ ബ്രിട്ടൻ റെക്കോർഡ് ഇട്ടെങ്കിലും ആശ്വാസത്തിന്റെ പൊൻകിരണങ്ങൾ തെളിഞ്ഞെന്ന് സർക്കാർ;ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിൽ നേരിയ കുറവ്; ലോക്ക്ഡൗൺ ഉടനെയെങ്ങും അവസാനിക്കില്ലെന്ന സൂചനയും പുറത്ത്; ബോറിസിന്റെ നില മെച്ചപ്പെടുന്നു

സ്വന്തം ലേഖകൻ

യുകെയിൽ മരണം വിതച്ച് നിർദയം വിളയാടുന്ന കൊറോണയെന്ന മഹാവ്യാധിക്കെതിരായുള്ള പോരാട്ടങ്ങളിൽ നേരിയ വിജയം കണ്ട് തുടങ്ങിയെന്ന ആശാവഹമായ റിപ്പോർട്ട് പുറത്ത് വന്നു. ഇത് പ്രകാരം റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കൊറോണ കേസുകളിൽ കുതിച്ച് ചാട്ടം കുറഞ്ഞുവെന്നാണ് സർക്കാർ പറയുന്നത്. ഇന്നലെ രാജ്യത്തുകൊറോണ ബാധിച്ച് 938 പേർ മരിച്ച് റെക്കോർഡ് ഇട്ടെങ്കിലും ആശുപത്രികളിലെത്തുന്ന കോവിഡ്-19 രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ആശ്വാസത്തിന്റെ പൊൻകിരണങ്ങൾ തെളിയാൻ തുടങ്ങിയതിന്റെ സൂചനയാണെന്നാണ് അധികൃതർ എടുത്ത് കാട്ടുന്നത്.

കോവിഡ്-19നെതിരെയുള്ള പോരാട്ടത്തിനായി യുകെയിൽ ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ പോലുള്ള കടുത്ത നിയന്ത്രണങ്ങൾ ഫലം കണ്ട് തുടങ്ങിയെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്നും അതിനാൽ ലോക്ക്ഡൗൺ ഉടനെയൊന്നും വേണ്ടെന്ന് വയ്ക്കില്ലെന്നുമാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ കൊറോണ ബാധിച്ച് ആശുപത്രിയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില മെച്ചപ്പെടുന്നുവെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്.ഏറ്റവും പുതിയ പ്രവണതകളെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ രോഗം സാവധാനം നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കുന്നുവെന്നാണ് വ്യക്തമാവുന്നതെന്നാണ് ഗവൺമെന്റ് ഡെപ്യൂട്ടി ചീഫ് സയന്റിഫിക് അഡൈ്വസറായ പ്രഫ. ഏയ്ജെല മാക്ലീൻ എടുത്ത് കാട്ടുന്നത്.

എന്നാൽ കൊറോണ മരണങ്ങളുടെ കാര്യത്തിൽ ഇറ്റലിയിലുണ്ടായ പ്രതിദിന റെക്കോർഡായ 919മരണങ്ങളെ കവച്ച് വച്ചാണ് ഇന്നലെ ബ്രിട്ടനിൽ 938 കൊറോണ മരണങ്ങളുണ്ടായിരിക്കുന്നതെന്നത് ആരെയും ഞെട്ടിപ്പിക്കുന്നു. ചൊവ്വാഴ്ച രാജ്യത്ത് 786 പേർ മരിച്ചതിൽ നിന്നുമുയർന്നാണ് ഇന്നലെ 938 എന്ന റെക്കോർഡിലെത്തിയിരിക്കുന്നത്. ഇക്കാരണത്താൽ അടുത്ത തിങ്കളാഴ്ച ലോക്ക്ഡൗൺ മൂന്നാഴ്ച തികയുന്ന വേളയിൽ അത് അവസാനിപ്പിക്കാൻ ഡൗണിങ് സ്ട്രീറ്റ് പരിഗണിക്കുന്നേയില്ലെന്നും വ്യക്തമായിട്ടുണ്ട്.ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ഗുണം ചെയ്തതിനാലാണ് ആശുപത്രികളിലെത്തുന്ന പുതിയ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായിരിക്കുന്നതെന്നാണ് ഏയ്ജെല ആവർത്തിക്കുന്നത്.

ഇതിനെ തുടർന്ന് വരാനിരിക്കുന്ന ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ വൈറസ് വ്യാപനത്തെ വൻ തോതിൽ കുറയ്ക്കാനാവുമെന്ന പ്രതീക്ഷയും ഏയ്ജെല പ്രകടിപ്പിക്കുന്നു. എന്നാൽ യുകെയിൽ കൊറോണ മൂർധന്യത്തിലെത്തുന്നതിനെ തുടർന്ന് ഇന്നലത്തെ റെക്കോർഡ് മരണസംഖ്യ വരും ദിവസങ്ങളിൽ ആവർത്തിക്കാനോ അല്ലെങ്കിൽ അതിനെ മറി കടക്കാനോ സാധ്യതയുണ്ടെന്ന ഞെട്ടിപ്പിക്കുന്ന പ്രവചനങ്ങളും പുറത്ത് വന്നിട്ടുണ്ട്. കൊറോണ ബാധിച്ച് ബ്രിട്ടനിൽ മരിച്ചിരിക്കുന്നവരുടെ ആകെ എണ്ണം 7097 ആയാണ് വർധിച്ചിരിക്കുന്നത്. കൊറോണ പൊട്ടിപ്പുറപ്പെട്ട ചൈനയിലേതിനേക്കാൾ ആളുകൾ യുകെയിൽ മരിച്ചിരിക്കുന്നുവെന്ന് ചുരുക്കം.

ഇന്നലെ മാത്രം 5491 പുതിയ കൊറോണ കേസുകൾ യുകെയിൽ റിപ്പോർട്ട് ചെയ്തുവെന്നാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് പറയുന്നത്. ഇതോടെ ഫെബ്രുവരിയിൽ കൊറോണ യുകെയിൽ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 60,733 പേരായി വർധിച്ചിട്ടുണ്ട്. എന്നാൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗികളുടെ ദൈനദിന വർധനവിൽ ഇന്നലെ കുറവ് രേഖപ്പെടുത്തിയത് ആശാവഹമാണെന്നാണ് ഗവൺമെന്റ് പറയുന്നത്. കൂടാതെ കോവിഡ്-19 ടെസ്റ്റുകളുടെ എണ്ണത്തിലും കാര്യമായ പുരോഗതി കൈവരുത്താൻ സാധിച്ചിട്ടുണ്ട്.

ഇത് പ്രകാരം ചൊവ്വാഴ്ച 9740 പേരെയാണ് കോവിഡ്-19 ടെസ്റ്റിന് വിധേയരാക്കിയിരുന്നതെങ്കിൽ ഇന്നലെ ഏതാണ്ട് 13,000 പേരെയാണ് ടെസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു ദിവസത്തിനുള്ളിൽ ഏതാണ്ട് 3000 പേരെ കൂടുതലായി ടെസ്റ്റ് ചെയ്തുവെന്ന് ചുരുക്കം. മാർച്ച് 27നായിരുന്നു ഇറ്റലിയിൽ റെക്കോർഡ് മരണസംഖ്യയായ 919 രേഖപ്പെടുത്തിയിരുന്നത്. സ്പെയിനിൽ റെക്കോർഡായ 950 മരണങ്ങൾ ഏപ്രിൽ രണ്ടിനായിരുന്നു. എന്നാൽ ലോകത്തിൽ ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്കയിലെ മൊത്തം രോഗബാധിതർ നാല് ലക്ഷത്തിലധികമാണ്. കൊറോണയുടെ ദൈനംദിന മരണത്തിൽ റെക്കോർഡിട്ടിരിക്കുന്നതും അമേരിക്കയാണ്. ചൊവ്വാഴ്ച ഇവിടെ മരിച്ചിരിക്കുന്ന 1799 പേരാണ്.

കൊറൊണ അധികരിച്ച് ഇന്റൻസീവ് കെയർ യൂണിറ്റിൽ കഴിയുന്ന ബോറിസിന്റെ നില മെച്ചപ്പെട്ട് വരുന്നുവെന്നും അദ്ദേഹം ട്രീറ്റ്മെന്റുകളോട് നന്നായി പ്രതികരിക്കുന്നുവെന്ന ആശാവഹമായ റിപ്പോർട്ടുംഅതിനിടെ പുറത്ത് വന്നിട്ടുണ്ട്. ഇദ്ദേഹത്തിന്റെ കടുത്ത പനി കുറയാൻ തുടങ്ങിയിട്ടുമുണ്ട്. ബോറിസിന് ശ്വസനസഹായികളുടെ പിന്തുണയില്ലാതെ ശ്വസിക്കാൻ സാധിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വക്താവ് പറയുന്നത്. വെന്റിലേറ്ററിന്റെ സഹായമില്ലാതെയാണ് ബോറിസ് ഐസിയുവിൽ കഴിയുന്നത്.

ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലാണ് അദ്ദേഹം കഴിയുന്നത്. ഔദ്യോഗിക കർത്തവ്യങ്ങളൊന്നും ഫോണിലൂടെ പോലും ബോറിസ് നിർവഹിക്കുന്നില്ലെങ്കിലും തന്റെ എയ്ഡുകളുമായി അദ്ദേഹം ബന്ധപ്പെടാറുണ്ടെന്നാണ് നമ്പർ 10 പറയുന്നത്. എന്നാൽ വൈറസിനോട് പൊരുതി നല്ല ക്ഷീണം സംഭവിച്ചിരിക്കുന്നതിനാൽ അദ്ദേഹത്തിൻ പ്രധാനമന്ത്രി പദത്തിലെക്ക് തിരിച്ചെത്തുന്നതിന് മുമ്പ് ആഴ്ചകളോളം വിശ്രമം നിർബന്ധമായിരിക്കുമെന്ന ആശങ്ക ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP